ജപിച്ചൂതല്‍, ചരട് കെട്ടിക്കൊടുക്കല്‍ എന്നിങ്ങനെയുള്ള കര്‍മ്മങ്ങളും നിത്യേനയെന്നോണം ഉണ്ടായിരിക്കും മുത്തച്ഛന്. മനയ്ക്കലെ കാര്യസ്ഥന്‍ കൂടിയായിരുന്നു അദ്ദേഹം. വലിയ മനയ്ക്കലെ കാര്യങ്ങള്‍ നോക്കാന്‍ രണ്ടു-മൂന്നു കാര്യസ്ഥന്‍മാരുണ്ട്. അവരുടെയൊക്കെ വല്യേ കാര്യസ്ഥനാണ് മുത്തച്ഛന്‍. തേങ്ങാ-നേന്ത്രക്കുല മോഷണങ്ങള്‍ ഇടയ്ക്ക് പതിവായിരുന്നു മനയ്ക്കലെ പറമ്പില്‍. അത് ചിലപ്പോള്‍ ഈ കുട്ടിക്കാര്യസ്ഥന്‍മാര്‍ തന്നെ ഒപ്പിക്കും. അതിനാലാണ് വല്യേ നമ്പൂതിരി, കാര്യസ്ഥന്‍മാരുടെ മേലെ മുത്തച്ഛനെ കൊണ്ടു വന്നത്. വല്യേ കാര്യസ്ഥന്‍ കള്ളത്തരം കണ്ടു പിടിക്കുമെന്നതിനാലും, പിന്നെ ഒരു മന്ത്രവാദി തങ്ങളുടെ ചെയ്തികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന ഭയത്താലും മോഷണം തീരെയില്ലാതായി.
രാത്രിയിലെ കടശാരങ്ങളെല്ലാം കഴിഞ്ഞു മുത്തച്ഛന്‍ മനയ്ക്കല്‍ പടിപ്പുര മുറിയിലാണ് ഉറക്കം പതിവ്. അവധി ദിവസങ്ങളില്‍ അച്ഛനെയും കൂടെ കൊണ്ട് പോകും. രാത്രിയില്‍ പറമ്പില്‍ നിന്നും നായ്ക്കളുടെ ബഹളമോ, മറ്റു ശബ്ദമോ കേട്ടാല്‍ ചൂരലുമെടുത്ത് മുത്തച്ഛന്‍ പുറത്തിറങ്ങും. മനപ്പറമ്പ് ഏക്കര്‍ കണക്കിനുണ്ട്. ഒരു വട്ടം ചുറ്റി വരാന്‍ സമയമേറെയെടുക്കും.
അച്ഛന്‍ കൂടെയുറങ്ങാന്‍ ചെന്ന രാത്രി - മുത്തച്ഛന്റെ കഥകളും കേട്ട് രസിച്ചിരിക്കുന്ന നേരത്താണ് പറമ്പിന്റെ ഒരു മൂലയില്‍ നിന്നും ബഹളം കേള്‍ക്കുന്നത്. നല്ല മഴയും പെയ്യുന്നു. കുറ്റാക്കൂരിരുട്ട്.
"കുട്ടി ഇവടെ കെടന്നോളൂ, മുത്തച്ഛന്‍ എന്താ ആ ബഹളംന്ന് നോക്കീട്ട് വരട്ടെ", എന്ന് പറഞ്ഞു ഇറങ്ങാന്‍ പുറപ്പെട്ടു. "നെനക്ക് പേടീണ്ടോ?" എന്നും ചോദിച്ചു. 'മന്ത്രവാദീടെ കൊച്ചുമോന് പേടിയോ?', അച്ഛന്‍ മനസ്സില്‍ വിചാരിച്ചു. "ഇല്ല" എന്നും പറഞ്ഞു. "എന്തായാലും നീ ഈ ചൂരല്‍ തൊട്ടു കെടന്നോ, ഞാനിതാ വരുന്നു", എന്ന് പറഞ്ഞു ചൂരല്‍ കിടയ്ക്കയിലിട്ടു കൊടുത്തു മുത്തച്ഛന്‍ പുറത്തിറങ്ങി.
മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണ അച്ഛന്‍റെ കാലുകള്‍ ആരോ പിടിച്ചു വലിക്കുന്ന പോലെ തോന്നി. ഒരു മയക്കത്തില്‍ സ്വപ്നം കണ്ടതാണോ? അല്ല, സത്യമാണ് ആരോ കാലുകള്‍ പിടിച്ചു വലിക്കുന്നുണ്ട്. "മു..ത്ത.." മുഴുവനും വിളിക്കാനാവുന്നില്ല. വിളി തൊണ്ടയില്‍ കുടുങ്ങി. ശരീരം വിയര്‍ത്തു കുളിക്കയാണ്. 'മന്ത്രവാദീടെ കൊച്ചുമോന് പേടിയോ?'. വേഗം ചൂരല്‍ തപ്പി; കയ്യില്‍ കിട്ടുകയും ചെയ്തു. ചൂരല്‍ തൊട്ട നിമിഷം കാലിലെ പിടി അയഞ്ഞു. അച്ഛന്‍ ധൈര്യമവലംബിച്ച് ചൂരലുമെടുത്ത് എണീറ്റ് നിന്നു. ആരുമില്ല. അപ്പോഴേക്കും മുത്തച്ഛന്‍ എത്തി.
"എന്താ, നീ ഇതു വരെ ഉറങ്ങില്യെ?". അച്ഛന്‍ സംഭവം പറഞ്ഞു. മുത്തച്ഛന്‍ ഒന്നിരുത്തി മൂളി, എന്നിട്ട് പറഞ്ഞു. "എനിക്ക് തോന്നി, അത് കൊണ്ടാണ് ഞാന്‍ ചൂരല്‍ കയ്യില്‍ തന്നത്. മുറ്റത്തെ മാവിന്റെ ചോട്ടില്‍ ആള് നിക്കണത് ഞാന്‍ കണ്ടിരിക്കുണൂ. പറഞ്ഞാ നീയ്യ് പേടിക്കും ന്ന് കരുതീട്ടെ, നെന്നെ ഒന്നും ചെയ്യില്യ. എന്‍റെ കുട്ട്യല്ലേ നീയ്യ്."
"ആരായിരുന്നു" അച്ഛന്‍ ചോദിച്ചു. "അതൊന്നും ആലോചിച്ച് നീയ്യ് ബേജാര്‍ ആവണ്ട; നെന്നെ ആരും ഒന്നും ചെയ്യില്യ. അതൊന്നു കളിപ്പിക്കാന്‍ വേണ്ടി ചെയ്തതാ.. ചൂരല് തൊടാണ്ടെ കെടന്നില്യെ." അന്ന് രാത്രി മുത്തച്ഛന്‍ ഒരു ചരട് ജപിച്ചു അച്ഛന്‍റെ കയ്യില്‍ കെട്ടി കൊടുത്തു.
ചില ദിവസങ്ങളില്‍ മുത്തച്ഛന്‍ വീട്ടിലായിരിക്കും ഉറക്കം. പ്രത്യേകിച്ചും വല്ല ബാധയൊഴിപ്പിക്കലോ, പൂജയോ, മറ്റോ കഴിഞ്ഞു വരുന്ന രാത്രികളില്‍. പുലര്‍ച്ചെ മുത്തച്ഛന്‍ മാത്രമെ ഉമ്മറത്തെ വാതില്‍ തുറക്കാവൂ എന്ന് അത്തരം രാത്രികളില്‍ പ്രത്യേകം പറഞ്ഞു വയ്ക്കും. കാരണം, പശുവിന്‍റെയോ, കാളയുടെയോ വേഷം പൂണ്ട ഒടിയന്മാരെ അദ്ദേഹം മന്ത്ര ശക്തിയാല്‍ മുറ്റത്തെ തെങ്ങില്‍ രാത്രി കെട്ടിയിടും. പിറ്റേന്ന് രാവിലെ തുണിയൊന്നുമില്ലാതെ പിറന്ന പടി നില്ക്കുന്ന 'ഒടിയന്‍ വേഷം' കെട്ടിയ മനുഷ്യരെ വീട്ടിലുള്ളവര്‍ കാണേണ്ട എന്ന് കരുതിയാണ് അതി രാവിലെ മുത്തച്ഛന്‍ തന്നെ ആദ്യം പുറത്തിറങ്ങിയാല്‍ മതി എന്ന് വീട്ടില്‍ പറഞ്ഞു വെയ്ക്കുന്നത്.
ഇങ്ങനെ തടവിലാക്കിയ 'ഒടിയന്‍' മനുഷ്യന്‍മാര്‍ തെറ്റ് കുറ്റങ്ങള്‍ ഏറ്റു പറഞ്ഞ്
ഇനി ഇത്തരം വേലകള്‍ ആവര്‍ത്തിക്കില്ല എന്ന് പറഞ്ഞ് പോകും. ആണ്ടറുതികള്‍ക്ക് ഇവര്‍ 'കാഴ്ച' കളുമായി വരും - മത്തങ്ങ, കുമ്പളങ്ങ, വെള്ളരി, പടവലം, നേന്ത്രക്കുല, എന്നിങ്ങനെ കായ്കറികള്‍ കാഴ്ച വെക്കും.
മുത്തച്ഛന്റെ ഖ്യാതി നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വന്നു. മരുന്നും, മന്ത്രവും, ജപവുമായി അദ്ദേഹം നാടിന്‍റെ ജീവനാഡിയായി ഓടി നടന്നു. കല്യാണം തുടങ്ങി എന്ത് അടിയന്തരമായാലും അദ്ദേഹം വേണമെന്നായി. അത്യാവശ്യം മരുന്ന് കുറിച്ചു കൊടുക്കാനും അറിയാമായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖം ബാധിച്ച് മുത്തച്ഛന്‍ ഇഹലോകവാസം വെടിഞ്ഞപ്പോള്‍ ആയിരങ്ങള്‍ അശ്രുപൂജ നടത്തി. നഷ്ടം താങ്ങാനാവാത്തതായിരുന്നു. അച്ഛന്‍ ജോലി കിട്ടി ദൂരെയെവിടെയോ ആയിരുന്നു. അച്ഛന് ജോലി കിട്ടി യാത്ര പറയുന്ന നേരത്ത് ഒരിക്കലും ഈറനണിയാത്ത മുത്തച്ഛന്റെ കണ്ണുകള്‍ കലങ്ങിയിരിക്കുന്നത് അച്ഛന്‍ കണ്ടു. ഒന്നും പറയുകയുണ്ടായില്ല മുത്തച്ഛന്‍ . അച്ഛന്‍റെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു. ആ അനുഗ്രഹമാണത്രെ അച്ഛനെ എന്നും തുണച്ചിട്ടുള്ളത്.
എന്‍റെ അച്ഛന്‍റെ മുത്തച്ഛന്റെ മുഖമോ രൂപമോ സങ്കല്‍പ്പിക്കാനാവുന്നില്ല എനിക്ക്. എങ്കിലും ഇത്രയും കഥകള്‍ അച്ഛന്‍ പറഞ്ഞ് തന്നറിഞ്ഞു. എന്നോ എവിടെയോ വെച്ച് ഞാനും മുത്തച്ഛന്റെയൊപ്പം കൈ പിടിച്ചു നടന്നിരുന്നതായി തോന്നുന്നു. എനിക്ക്, എന്‍റെ അച്ഛനിലൂടെ കഥകള്‍ കേള്‍ക്കാന്‍ അവസരം ലഭിക്കുകയുമുണ്ടായി. ആ കാണാത്ത മുത്തച്ഛന്റെ സ്മരണകള്‍ അയവിറക്കാന്‍ എനിക്കായി എങ്കില്‍ അത് തന്നെയാണ് ഞാന്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ അര്‍പ്പിക്കുന്ന സ്നേഹപ്പൂക്കള്‍! ഒപ്പം ഒരു കാലഘട്ടത്തിന്റെ ചൂടും ചൂരും പകര്‍ന്ന് തന്ന അച്ഛന് മുന്നിലും ഈ മകന്‍റെ സ്നേഹപൂജ!
സുരേഷ് (16.02.09)