Showing posts with label stories. Show all posts
Showing posts with label stories. Show all posts

Monday, June 7, 2010

എന്‍റെ ഗ്രാമം - 2

"ഉണ്ണ്യേ..." - മാസത്തിലെ ആദ്യത്തെ ശനിയാഴ്ച ഉച്ചയോടെ ഒരു ദയനീയമായ വിളി പടിക്കല്‍ നിന്നും കേള്‍ക്കാം. ചുണ്ടത്തും, കൈവിരലുകളിലും പാണ്ടുള്ള ഒരു ഭിക്ഷക്കാരന്‍. കാവി വസ്ത്രവും, വലിയ മണികളുള്ള രുദ്രാക്ഷ മാലയും. ഒരു പങ്കപ്പാടോടെ, ഭയ-ഭക്തി-ബഹുമാന പുരസ്സരം വലതു കൈ വായ്ക്കു മുകളില്‍ പൊത്തി പടിക്കല്‍ തന്നെ നില്‍ക്കും. സാധാരണ വരുന്ന ഭിക്ഷക്കാരില്‍ നിന്നും എന്തോ ഒരു പ്രത്യേകത അയാളില്‍ കാണാം.

അമ്മ, ആ വിളി കേട്ടാല്‍, അടുക്കളയില്‍ നിന്നും ഓടി വരും. "വന്നോളൂ, ഒക്കെ കാലായിരിക്കുണൂ".

എന്നോട് പറമ്പില്‍ നിന്നും നല്ലൊരു നാക്കില വെട്ടിക്കൊണ്ടു വരാന്‍ പറയും. അയാള്‍ക്ക്‌ കൈ കഴുകാനായി അമ്മ കിണ്ടിയില്‍ വെള്ളം എടുത്തു വെയ്ക്കും. പിന്നെയും അയാള്‍ മടിച്ചു നില്‍ക്കും.

അമ്മ ഒന്നുകൂടി പറയും, "വന്നോളൂ, ഒക്കെ കാലായിരിക്കുണൂ".

ഊണ് കഴിയ്ക്കുന്നതിന് മുന്‍പ് ചില കര്‍മ്മങ്ങള്‍ കാണാം ഇനി:

ആദ്യം, നാക്കില വെള്ളമൊഴിച്ച് അയാള്‍ തന്നെ കഴുകും - നമ്മള്‍ കഴുകി കൊടുത്തതാണെങ്കിലും - പിന്നെ വിളമ്പിക്കൊടുത്ത ഭക്ഷണം - ചോറ്, സാമ്പാര്‍, ഉപ്പേരി, പപ്പടം - ഇവയില്‍ നിന്നെല്ലാം ഓരോ നുള്ള് നുള്ളി, കിണ്ടിയില്‍ നിന്നും വെള്ളമെടുത്ത് ഇലയ്ക്ക് ചുറ്റും മൂന്നു വട്ടം ചുഴറ്റി, നാക്കിലയുടെ മൂലയ്ക്ക് നിലത്തു വെയ്ക്കും. "ഭൂമി ദേവിയ്ക്കാണെന്ന് സങ്കല്പം" - വീണ്ടും ആ ദയനീയ സ്വരം.

പിന്നെ, ഇലയില്‍ നോക്കി വിഷണ്ണനായി ഇരിയ്ക്കും. അമ്മ പറയും, "ന്നാ കഴിക്കാന്‍ തൊടങ്ങിക്കോളൂ", പക്ഷെ അയാള്‍ അങ്ങിനെ തന്നെ ഇരിയ്ക്കും.

"ങ്ങട്ട് പോരെ, നീയവ്ടുന്നു", അമ്മ എന്നെ വിളിക്കും. ഇടയ്ക്ക് എന്തെങ്കിലും വേണോ എന്ന് ചോദിയ്ക്കാന്‍ അമ്മ ചെന്നാല്‍ പറയും, "ഒന്നും വേണ്ട ഉണ്ണ്യേ, ഇതന്നെ ധാരാളല്ലേ".

പിന്നെ ഇല ചുരുട്ടി, ദൂരെ കളഞ്ഞു, പറമ്പിന്റെ ഒരു മൂലയ്ക്ക് പോയി കൈ കഴുകി കിണ്ടി കമഴ്ത്തി വെയ്ക്കും.

ഒരു പതിനഞ്ചു മിനിട്ട് വിശ്രമം. പിന്നെ ഭാണ്ഡവും, വടിയും എടുത്ത്, "ഉണ്ണ്യേ..." എന്ന നീട്ടി വിളി. അമ്മ അഞ്ചിന്റെ ഒരു നോട്ടുമായി ചെല്ലും.

"ദൈവങ്ങളെ, ഈ വീടിനും, വീട്ടുകാര്‍ക്കും, കാലാകാലങ്ങളില്‍ വേണ്ടതെല്ലാം കൊടുത്തോളണെ...." എന്നിങ്ങനെ ഒരു നീട്ടിവിളിയോടെ പടിയിറങ്ങും.

അമ്മയുടെ കണ്ണുകള്‍ നിറയും. "നല്ല നിലയില്‍ ജീവിച്ച ആരോ ആയിരിന്നിരിക്കണം. മക്കളും, കുട്ട്യോളൊക്കെ ഉണ്ടോ ആവ്വോ".

ഞങ്ങളുടെ ഗ്രാമത്തില്‍ അയാള്‍ മറ്റു വീടുകള്‍ കയറി ഭിക്ഷ യാചിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല.

ഞാന്‍ കോളേജ് അവസാന വര്‍ഷം പഠിക്കുന്ന കാലത്തൊന്നും അയാള്‍ വന്നതായി ഓര്‍മ്മയില്ല. എന്നാലും മാസത്തിലെ ആദ്യ ശനിയാഴ്ചകളില്‍ അമ്മ ചെറിയ ഒരു തെയ്യാറെടുപ്പോടെ ഭക്ഷണം വെച്ചിരുന്നോ എന്നത് എന്‍റെ ഒരു തോന്നലായിരുന്നോ? പിന്നെപ്പിനെ അത് മറന്ന ഒരു കഥാ പാത്രമായി മാറി. എന്നാലും, പേരറിയാത്ത, ഏത് നാട്ടില്‍ നിന്നും വരുന്നു എന്നറിയാതെ, ആരാണെന്നറിയാതെ, വീട്ടില്‍ നിറഞ്ഞു നിന്നിരുന്ന ഒരു അംഗമായിരുന്നു അയാള്‍.

**********

"പച്ചക്കറി-പച്ചമുളക്-വേപ്പില-കിഴങ്ങ്-വെണ്ടയ്ക്ക-വഴുതിനങ്ങ..."

ഒരീണത്തില്‍ അങ്ങിനെ ഇടവഴിയിലൂടെ വിളിച്ചുപറഞ്ഞു പോകുന്നത് മറ്റാരുമല്ല - വെളിയങ്കോട് കടപ്പുറത്ത് നിന്നു വന്നിരുന്ന അവുതളക്കുട്ടി മാപ്പിള. അയാള്‍ വെറും ഒരു പച്ചക്കറി വില്‍പ്പനക്കാരനായിരുന്നില്ല, മുത്തച്ഛന്റെ ഒരു നല്ല സുഹൃത്തും ആയിരുന്നു.

"പണിക്കരേ", എന്ന വിളി പടിക്കല്‍ നിന്നു കേട്ടാല്‍ അമ്മമ്മ പറയും, "ആ..ചങ്ങാതി വരണുണ്ട്. പച്ചക്കറിയൊക്കെത്തിരി സഹായ വിലയ്ക്ക് തരാന്‍ പറയോണ്ട്".

മുത്തച്ഛന്‍ പറയും, "ചങ്ങാത്യോട് എനിയ്ക്ക് അതൊന്നും പറയാന്‍ പറ്റില്യ, പാവം, ആ കടപ്പൊറത്തുന്നു ഏറ്റിക്കൊണ്ടരണതാണ്‌".

നീണ്ടു മെലിഞ്ഞ ദേഹം. നരച്ച പൊടി മീശ. വിയര്‍പ്പൊഴുകി കുതിര്‍ന്ന ബനിയന്‍. "കുട്ട്യേ, ഈ കൊട്ട്യോന്നു പിടിക്കീന്‍".

എന്‍റെ സഹായത്താല്‍ ആ കുട്ട ഇറക്കി വെക്കും. "ചെക്കാ, പെരടി വേലങ്ങണ്ടട", അമ്മമ്മ പറയും. "അമ്മെ, ങ്ങള് ബിചാരിക്കണ പോലെ അത്ര കനോന്നൂല്യ".

"എന്താപ്പോ ചൂട്? കടപ്പൊറത്ത് ഇതൊന്നുല്ല ചൂട്ന്‍റെ കുട്ട്യേ. ത്തിരി ബെള്ളം എടുക്കിന്‍".

അമ്മ നല്ല ചായയും കഴിക്കാന്‍ എന്തെങ്കിലും ആയി ഇത്തിരി കഴിഞ്ഞാല്‍ എത്തും.

"ഈ കുട്ടിടെ കൈപ്പുണ്ണ്യം - അതാണ്‌ ങ്ങടെ ബീടിന്റെ ഐശ്വര്യം, കേട്ടാ പണിക്കരേ". അമ്മയെ ചൂണ്ടി മാപ്പിള പറയും. "ഇമ്മാതിരി ചായ ഇബുടുന്നന്നെ കിട്ടൂ".

"മോളെട് ത്തോളിന്‍ എന്താ ബേണ്ടത്‌ച്ചാ, ബെല്യോന്നും നോക്കണ്ട".

ചായ കുടിക്കലും, പിന്നെ മുത്തച്ഛന്റെ വെറ്റില മുറുക്ക് സല്‍ക്കാരവും കഴിഞ്ഞാല്‍ മാപ്പിള മെല്ലെ പറയും:

"എത്ര കാലാ ഈ കൊട്ടേം ചൊമന്നു നടക്കാന്നൊരു പിടുത്തല്യ - പടശ്ശോന്‍ കനിയണ ബരെ, ല്ലേ?"

ആ കുട്ടയും ഏറ്റി അതിന്റെ ഭാരം താങ്ങാനാവാതെ വേച്ചു വേച്ചു പോകുന്ന ആ രൂപം എന്‍റെ സ്മൃതി മണ്ഡപത്തില്‍ മായാതെ കിടക്കുന്നു.

***************

ഉച്ച സമയങ്ങളില്‍ ഊണൊക്കെ കഴിഞ്ഞു ഉമ്മറത്തിരുന്നു മുതിര്‍ന്നവര്‍ വെടിവട്ടം പറയുന്നൊരു ഏര്‍പ്പാടുണ്ട്‌. ഞങ്ങള്‍, കുട്ടികള്‍, തായം കളിയിലോ, പുള്ളി വെച്ച് കളിയിലോ മറ്റോ മുഴുകിയിരിക്കുകയായിരിക്കും. ചില ദിവസങ്ങളില്‍ തൊട്ടടുത്ത വീടുകളില്‍ നിന്നും അമ്മമാരോ, അമ്മമ്മമാരോ ഈ വെടിവട്ടത്തില്‍ പങ്കു ചേരും.

അത്തരം സന്ദര്‍ഭങ്ങളില്‍ സ്ഥിരമായി ഉണ്ണിമായിമ്മ വന്നു ചേരും. കഞ്ഞി പിഴിഞ്ഞ് നീലം മുക്കിയ മുണ്ടും, വെളുത്ത ബ്ലൌസും.

"കുട്ട്യോളെ, കടലാസ്സില് എന്താ വര്‍ത്തമാനം?".

പത്രക്കടലാസ്സിലെ വിശേഷങ്ങള്‍ ആണ് ചോദിക്കുന്നത്. കളിയിലെ വിരസത തീര്‍ക്കാന്‍ ഇടയ്ക്ക് ഞങ്ങള്‍ ഈ 'വയസ്സന്‍ ക്ലബ്ബി'ല്‍ കൂടും. അങ്ങിനെ ഒരു തമാശക്കായി പത്രത്തിലെ ചില വാര്‍ത്തകള്‍ക്ക് പൊടിപ്പും തൊങ്ങലും, മെമ്പൊടികളുമൊക്കെ ചേര്‍ത്ത് വായിക്കാന്‍ തുടങ്ങും:

"ഹോ, ഇത് കണ്ടോ?", എന്ന് ആശ്ചര്യ ഭാവത്തോടെ ഉറക്കെ പറയുമ്പോള്‍, പാവം ഉണ്ണിമായിമ്മ,"അയ്യോയ്യോ , എന്തെ പറ്റീത്?"എന്ന് ചോദിക്കും.

"ഇത് കണ്ട്വോ ഉണ്ണിമയമ്മേ, കോഴിക്കോട്ട് കമ്പോളത്തില്‍ മൊളകിന്‍റെ വില കുത്തനെ ഇടിഞ്ഞു മൂന്നു പേര്‍ക്ക് പരിക്ക്!"

"ഹെന്തിനെപ്പോ ഈ പഹയര് അതിന്റെ ചോട്ടില് പോയി നിന്നത്, ഇടിഞ്ഞു വീഴണടത്തൊക്കെ?" ഉണ്ണിമായമ്മ ഒരല്‍പം നീരസത്തോടെ പരിക്ക് പറ്റി എന്ന് പറയുന്നവരെ കുറ്റം ചാര്‍ത്തും.

ഞങ്ങള്‍ അതിന്റെ ഒരു ലഹരിയില്‍, "ഇത് കണ്ടോ?", "അയ്യോ അതെന്തേ?" എന്നവര്‍ ദയനീയമായി ചോദിക്കും.

"ഇത് നമ്മുടെ അടുത്താണ്, പൊന്നാനിയില്‍! കൊപ്രയുടെ വിലയിടിഞ്ഞ് അഞ്ചു പേരെ കാണാതായി!"

"അയ്യോ, തെരയുന്നുണ്ടോ ആ കാണാതായോരെ? ആര്‍ക്കു പോയി, അവരുടെ കുടുമ്മത്തിനു പോയി, അല്ലാതെന്താ? ഇതൊന്നും കേട്ടിട്ട് ഒരു സമാധാനം കിട്ട്‌ണില്യാ മക്കളെ, ഞാന്‍ പോട്ടെ".

അവര്‍ എന്തോ ഇടിയുന്നതും, പരിക്ക്, എന്നൊക്കെയോ കേള്‍ക്കുന്നുള്ളൂ. ഞങ്ങളും അപ്പോഴത്തെ ഒരു തമാശയ്ക്ക് വേണ്ടി മാത്രം പറയുന്നതാണ്.

"ഉണ്ണിമയമ്മ പൂവ്വല്ലേ, ശരിയ്ക്കു കേള്‍ക്കു, ഞങ്ങള്‍ എന്താ വായിച്ചതെന്ന്" - ഞങ്ങള്‍ വായിച്ച വിവരം വീണ്ടും സാവധാനത്തില്‍ പറയും. അപ്പോഴാണ്‌ അവര്‍ക്ക് അമളി മനസ്സിലാവുക. ആ തൊണ്ണ്‍ കാട്ടി ഒരു ചിരി ചിരിയ്ക്കും, എന്നിട്ട്, "ഹ ഹ അതെപ്പോ നന്നായത്,കുട്ട്യോള് എന്നെ കള്യാക്കീതാണല്ലേ" എന്നൊരു കമന്റും പാസ്സാക്കും.

സുരേഷ് (12Jun10)
http://shaivyam.blogspot.com

Sunday, June 6, 2010

എന്‍റെ ഗ്രാമം

എന്‍റെ ഗ്രാമം

ഉമ്മറത്തിരുന്നു നോക്കിയാല്‍ തൊട്ടു മുന്നില്‍ കിടക്കുന്നത് പാടമാണ് - നോക്കെത്താ ദൂരത്തോളം!

അങ്ങകലെ പാടം മുറിച്ചു പോകുന്ന വെളുത്ത രൂപം മനയ്ക്കലെ നമ്പൂരിയായിരിക്കണം. നാട്ടിലെ ഒട്ടുമിക്ക അമ്പലങ്ങളിലും പൂജ കഴിഞ്ഞു പോകുന്നതാണ്. ഗ്രാമത്തിലെ ശിവക്ഷേത്രം, പെരിണ്ടിരി അയ്യപ്പന്‍റെ അമ്പലം, വേട്ടെയ്ക്കൊരുമകന്‍ ക്ഷേത്രം, പിന്നെ ദൂരെ കണ്ണേലെ അമ്പലം - അതിരാവിലെ പൂജ തുടങ്ങി ഒരു പതിനൊന്നു മണിയോടെ തരിച്ചു പോകുന്നത് കാണാറുണ്ട്‌.

ഈ പാടശേഖരത്തിന്‍റെ മാറില്‍ ഞങ്ങള്‍ - കുട്ടികള്‍ - കളിയ്ക്കാത്ത കളികളൊന്നുമില്ല. കുറ്റിയും കോലും കളി, സൂര്യപ്പന്തു കളി (ഓലപ്പന്ത്‌ എറിഞ്ഞു മേല്‍ കൊള്ളിക്കുന്ന കളി - ചില വിരുതന്മാര്‍ നല്ല കനമുള്ള കല്ലും ഉള്ളില്‍ പൊതിഞ്ഞു വെച്ചിട്ടുണ്ടാവും), കബഡി കളി, ചെറിയ മെച്ചിങ്ങയുടെ നടുവില്‍ നല്ല നീളമുള്ള പച്ച ഈര്‍ക്കില കുത്തി ഉയരത്തില്‍ ആകാശത്തേക്ക് വിടുക - അതങ്ങനെ ഒരു റോക്കറ്റ് പോലെ പറന്നു ദൂരെ..ദൂരെ.. - മാനവും, ഭൂമിയും കളി, കൊച്ചം കുത്തിക്കളി, കണ്ണ് കെട്ടിക്കളി, തൂപ്പ് വെച്ച് കളി, ഇങ്ങനെ ഇങ്ങനെ അനേകം കളികള്‍.

മഴക്കാലത്ത് പാടത്തിന്റെ പ്രകൃതി മാറും - പരസഹസ്രം ചീവിടുകളുടെയും, മണ്ണട്ടകളുടെയും, പോക്കാച്ചിത്തവളകളുടെയും സംഗീത നിശ, അവയ്ക്ക് മിന്നാമിന്നിക്കൂട്ടങ്ങളുടെ നൃത്തച്ചുവടുകള്‍ അകമ്പടിയായിട്ടുണ്ടാവും. ഏറ്റുമീന്‍ കയറുന്നത് പിടിക്കാന്‍ ടോര്‍ച്ചും പെട്രോമാക്സുമായി കുട്ടികളുടെയും വലിയവരുടെയും തിക്കും തിരക്കും....ഹാ! ആ പുതുമഴയുടെ ഗന്ധം എന്‍റെ നാസാരന്ധ്രങ്ങളില്‍ പുളയ്ക്കുന്നു. പുതുമഴയ്ക്ക് പൊങ്ങുന്ന പൊടിയുടെ ഗന്ധം അറിഞ്ഞു നാഗങ്ങള്‍ മാളം വിട്ടു പുറത്ത് വരുമത്രേ...അതിനാല്‍ ആ ഗന്ധം പൊങ്ങുമ്പോള്‍ മുറ്റത്തിറങ്ങി നടക്കരുതെന്നു അമ്മമ്മ പറയാറുണ്ട്‌.

പാടത്തെ ഒരു പ്രധാന സംഭവം കൂടിയുണ്ട്: ചുമലില്‍ കാലിച്ചാക്കും, തലയില്‍ പെട്രോമാക്സും ഏന്തി ഒരാള്‍ മുന്നില്‍. പിന്നിലുള്ളയാള്‍, ആ വെളിച്ചം കണ്ടു അന്തിച്ചു നില്‍ക്കുന്ന തവളകളെ ഒന്നൊന്നായി പിടിച്ചു ചാക്കിലിടും. "എല്ലാത്തിനേം പിടിച്ചു കൊണ്ടോവട്ടെ, വെറുതെയല്ല കൊതൂന്റെ ശല്യം കൂടിക്കൂടി വരണത്" - അമ്മമ്മ പറയുന്നത് കേള്‍ക്കാം. തവളകളുടെ കാല്‌ സായിപ്പന്മാര്‍ക്ക് വേണ്ടി വിദേശത്തെയ്ക്ക് കയറ്റി അയക്കാനാണത്രെ! ഞാന്‍, ആ കാലിച്ചാക്കിനുള്ളില്‍ കിടന്നു പിടയുന്ന തവളകളുടെ വെപ്രാളം ആലോചിച്ചു വെമ്പല്‍ കൊള്ളും. "കലി കാലം", മുറുക്കാന്‍ ഒന്ന് നീട്ടിത്തുപ്പി കിണ്ടിയില്‍ നിന്നും വെള്ളമെടുത്തു കുല്‍ക്കുഴിഞ്ഞു അമ്മമ്മ വടക്കേ മുറിയിലേക്ക് കിടക്കാന്‍ പോകും.

എല്ലാവരും കിടന്നു കഴിഞ്ഞാല്‍ ഞാനങ്ങിനെ ജനലഴികളും പിടിച്ചു പാടത്തേയ്ക്ക് നോക്കി നില്‍ക്കും. ഒരു വല്ലാത്ത അനുഭവമാണത് - പകല്‍ മുഴുവനും ആളുകള്‍ നിറഞ്ഞ ആ പ്രദേശം, ഇപ്പോള്‍ ഒരു വല്ലാത്ത മയക്കത്തിലായിരിക്കും. വേനല്‍ക്കാലത്ത് നിലാവുള്ള രാത്രികളില്‍ നിഴലുകള്‍ ആള്‍മാറാട്ടം നടത്തിക്കളിക്കും...ആരൊക്കെയോ അവിടെ വന്നു ഒരു നാടക രംഗത്തെ അനുസ്മരിപ്പിക്കും വിധം അഭിനയിച്ചു പോകും. പാലപ്പൂവിന്റെ ഗന്ധം അലസമായി ഒഴുകി വരും. അത് നമ്മെ ഒരു മാസ്മരലോകത്തെയ്ക്ക് പിടിച്ചുയര്‍ത്തും. "...ആരിലുമാരിലുമവയുടെ സൌരഭം ആളിപ്പടരുമൊരുന്മാദം..." വയലാര്‍ പാടിയിട്ടുണ്ട്.

പെട്ടെന്നായിരിക്കും തിമര്‍ത്തു പെയ്യുന്ന ഒരു മഴയുടെ വരവ്. മുറ്റത്തെ ഒളോര്‍ മാവില്‍നിന്നും 'ധിം' 'ധിം' എന്നിങ്ങനെ മാങ്ങയുടെ വീഴ്ച ഏതോ ഒരു താളത്തെ ഓര്‍മ്മിപ്പിക്കും. ഉണങ്ങി നില്‍ക്കുന്ന തെങ്ങോലകളും, മടലുകളും, ഒരു സീല്‍ക്കാരത്തോടെ നിലം പതിക്കും. "അപ്പൊത്തന്നെ പുറത്തിറങ്ങി മാങ്ങ പെറുക്ക്യെടുത്തില്യെങ്കില്‍ ഒരെണ്ണം കിട്ടില്യട്ടോ ന്‍റെ കുട്ടീ" - അമ്മ, പിറ്റേന്ന് ഒരു മാങ്ങാ പോലും കിട്ടാതെ നിരാശനായി വരുന്ന എന്നോട് പറയും.

"മനയ്ക്കലെ മിറ്റടിക്കാന്‍ പോണ കാളി മടീലിട്ടു കൊണ്ടോയീട്ട്ണ്ടാവും" - അമ്മമ്മ പിന്താങ്ങും.

നമ്മള്‍ കാലത്ത് നേരത്തെ എണീറ്റില്ലെങ്കില്‍ തലേ ദിവസം രാത്രിയില്‍ വീണ മാങ്ങകള്‍ ഒന്നും തന്നെ കാണില്ല - എല്ലാം ആരെങ്കിലും കൊണ്ടു
പോയിട്ടുണ്ടാവും.

(തുടരും) സുരേഷ് (6Jun10) http://shaivyam.blogspot.com

Friday, March 5, 2010

വിചിത്രക്കാഴ്ചകള്‍ - 2

വിചിത്രക്കാഴ്ചകള്‍ - 2


ഒരു മിലിട്ടറി പരേഡിനെ അനുസ്മരിപ്പിക്കും വിധം അവ ചിട്ടയോടെ നടന്നു നീങ്ങി. അകലെയുള്ള ഒരു കൊച്ചു കുന്നും കടന്നു അവ അപ്രത്യക്ഷമായി. എന്‍റെ ശ്വാസം നേരെ വീണു എന്ന് തോന്നുമ്പോഴാണ് ആ ഭയാനകമായ അലര്‍ച്ച കേട്ടത്. എന്താണതെന്നു നോക്കുന്നതിനു മുന്‍പ് ഞാന്‍ ശ്രമിച്ചത് ഞങ്ങള്‍ പുറത്തേക്കു കടന്ന ചില്ല് വാതിലിനടുത്തെത്താനാണ്; പക്ഷെ വൈകിപ്പോയി. തിരിച്ച് അതെ മരച്ചുവട്ടില്‍ തന്നെ അഭയം തേടി. പിന്നെ ഞാന്‍ കണ്ട ദൃശ്യങ്ങള്‍ സിരകളെ മരവിപ്പിക്കുന്നതായിരുന്നു.

പത്തു പതിനഞ്ചു സിംഹങ്ങള്‍ - കുഞ്ചി രോമത്തോടെ കഴുത്തില്‍ നിന്നും ഇറങ്ങി ശരീരം മുഴുവനും തൂങ്ങിക്കിടക്കുന്ന നീളന്‍ രോമങ്ങള്‍. സാധാരണ സിംഹത്തിന്‍റെ ഒരു മൂന്നു മടങ്ങ്‌ വലുപ്പം. ഒരു കുട്ടിയാന പോലെ. നാം കണ്ടു പരിചയിച്ച ചെമ്പന്‍ രോമങ്ങള്‍ക്ക് പകരം കരിഞ്ഞ നിറമുള്ള രോമങ്ങള്‍. അവ, ഞാന്‍ നില്‍ക്കുന്ന മരത്തിനു മുന്നിലൂടെ നടന്നു നേരത്തെ സൂചിപ്പിച്ച പ്രതിമയുടെ അടുത്തെത്തി. ഏതോ ആജ്ഞ കേട്ട കണക്കെ അവ നിശ്ശബ്ദരായി. ഞാന്‍ ഞെട്ടിത്തരിച്ചു നില്‍ക്കയാണ്‌. എന്‍റെ ലക്‌ഷ്യം ഇപ്പോഴും ആ ചില്ല് വാതില്‍ തന്നെ. എങ്ങിനെയെങ്കിലും ഓടി അകത്തു കയറുക. എന്‍റെ സംഘത്തിലെ മറ്റു പേര്‍? ഇതാ, വാളും പരിചയുമേന്തിയ പ്രതിമയായിരുന്ന ആ യുവാവ് മന്ദം മന്ദം ചലിക്കുന്നു. അയാള്‍ അനങ്ങിത്തുടങ്ങിയ നിമിഷം മുതല്‍ ആ സിംഹങ്ങള്‍ ഒരു തരം ദീനരോദനം പുറപ്പെടുവിച്ചു. ഇപ്പോള്‍ ഓടിക്കയറാന്‍ ഒരു പഴുതുണ്ടാവുമോ? ആ സിംഹങ്ങള്‍ ആക്രമിക്കില്ല എന്നോ, ആ യുവാവ് എന്‍റെ രക്ഷകനോ ശിക്ഷകനോ ആവാമെന്നോ എന്‍റെ മനസ്സ് പറഞ്ഞു. അപ്പോഴും എന്‍റെ ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിഞ്ഞില്ല. ഞാന്‍ ഇനി എന്ത് ചെയ്യും? എന്‍റെ കൂടെ വന്നവര്‍ എവിടെ? ഇത് വരെ ജലപാനം കഴിച്ചിട്ടില്ല. എന്തോ ഒട്ടും വിശപ്പനുഭവപ്പെട്ടുമില്ല.

സന്ധ്യ മയങ്ങി, ഇരുട്ട് വ്യാപിച്ചു തുടങ്ങി. ആകാശത്ത് നക്ഷത്രങ്ങള്‍ക്ക് എന്തെന്നില്ലാത്ത ശോഭ. ചന്ദ്രിക ഉയര്‍ന്നു വരുന്നു. ഒരു പത്തു മടങ്ങ്‌ വലിപ്പമെങ്കിലും കാണും ഉയര്‍ന്നു വരുന്ന ചന്ദ്രബിംബത്തിന്. അയാള്‍ അടിവെച്ചടിവെച്ച് നടക്കുകയാണ്; ഒപ്പം ആ ഹിംസ്ര ജന്തുക്കളും. അവര്‍ വിപരീത ദിശയില്‍ നടക്കാന്‍ തുടങ്ങി. നടന്നു നടന്നു അപ്രത്യക്ഷരായി എന്ന് ഉറപ്പു വന്നപ്പോള്‍ ഞാന്‍ ഓടി. ലക്‌ഷ്യം ആ വാതില്‍ തന്നെ. പെട്ടെന്ന് ശക്തിയായി കാറ്റ് വീശാന്‍ തുടങ്ങി. അല്ല, നേരത്തെ പോയ ആ ചിറകു വെച്ച ജീവികള്‍ എല്ലാം കാക്കക്കൂട്ടങ്ങളെ പ്പോലെ ഞാന്‍ ലക്‌ഷ്യം വെച്ച വാതിലിനു മുന്നിലായി പറന്നിറങ്ങിയതായിരുന്നു. ദൈവമേ, എന്‍റെ ദുര്‍വ്വിധി! ഇനി അഭയം തേടാന്‍ ഇരുട്ട് മൂടിയ ഈ കുറ്റിക്കാട് മാത്രം. ഞാന്‍ അതിനുള്ളില്‍ കയറി. ഇതിനിടെ നല്ല നിലാവ് പരന്നു. പരസഹസ്രം ചീവിടുകളും മണ്ണട്ടകളും ശബ്ദിക്കുന്നു. അവിടമാകെ പൂക്കളുടെ ഗന്ധം. മറ്റൊരവസരത്തില്‍ ആയിരുന്നു എങ്കില്‍ ഇതെല്ലം ആസ്വദിക്കാന്‍ എത്ര സായം സന്ധ്യകളും രാപ്പകലുകളും ചിലവഴിക്കാന്‍ ഞാന്‍ വെമ്പല്‍ കൊള്ളുമായിരുന്നിരിക്കും! ഇന്ന്, ജീവന്‍ തന്നെ അപകടത്തില്‍പ്പെട്ടിരിക്കുമ്പോള്‍ ആര്‍ക്കാണ് ഈ സുന്ദര സായന്തനത്തെയും, മന്ദമാരുതന്‍റെ തലോടലിനെയും, സുഗന്ധപൂരിതമായ അന്തരീക്ഷത്തെയും നുകര്‍ന്നിരിക്കാന്‍ കഴിയുക?

ഇതിനിടെ ഞാന്‍ എപ്പോള്‍ അലറി പുറത്തേയ്ക്ക് ചാടി എന്നെനിക്കോര്‍മ്മയില്ല. ഒട്ടും പ്രതീക്ഷിക്കാത്തതിനാലോ, എന്തോ ആ ജീവികള്‍ ചിറകടിച്ചു പൊങ്ങി. അവ പൊങ്ങിയപ്പോള്‍ ബാക്കി നാല് പേരും ആ ജീവികളുടെ ചിറകുകള്‍ക്കിടയില്‍ എന്നെത്തന്നെ തുറിച്ചു നോക്കി നിസ്സഹായരായി കിടക്കുന്നു! ഞാന്‍ വീണ്ടും ആവുന്നത്ര ഉച്ചത്തില്‍ അലറി.

ആ അലര്‍ച്ചയോടെ ഞാന്‍ കട്ടിലില്‍ നിന്നും താഴെ വീണു... വിചിത്രാനുഭവങ്ങള്‍ കാഴ്ച വെച്ച ഒരു സ്വപ്നം!

സുരേഷ് (05Mar2010)

http://shaivyam.blogspot.com

Thursday, August 27, 2009

കൊച്ചു വാരിയര്‍

1994-ല്‍ ദുബായില്‍ സാമാന്യം തരക്കേടില്ലാത്ത ഒരു ടു ബെഡ് റൂം അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കാലം. ഞാനും, എന്നെക്കാള്‍ പത്തു വയസ്സ് മൂപ്പുള്ള രാമന്‍ മാഷും ഒരു മുറിയില്‍. മറ്റേ മുറിയില്‍ വാരിയര്‍ മാഷ് ഒറ്റയ്ക്കും.

വാരിയര്‍ ഞങ്ങളുടെ കൂടെ മെസ്സിലൊന്നും കൂടില്ല. എല്ലാം ഒറ്റയ്ക്കാണ്, എന്നാല്‍ സൌഹൃദത്തിനു ഒരു കുറവുമില്ല. രാമന്‍ മാഷേക്കള്‍ മൂത്തതായതിനാല്‍, പയ്യനായ ഞാന്‍ കൂടുതല്‍ ബഹുമാനവും വാരിയര്‍ക്കു കൊടുത്തിരുന്നു. തമാശകളും, കളിചിരിയും - week endല്‍ മറ്റു ബഹളങ്ങള്‍ക്കൊന്നും - ഒരതിര്‍ത്തി വിട്ടു വാരിയര്‍ ഞങ്ങളുടെ കൂടെ കൂടില്ല.

ഒരു ദിവസം പതിവിനു വിപരീതമായി എന്നോട് കുശലം പറഞ്ഞതിന് ശേഷം, "നാളെ എന്‍റെ അനിയന്‍ വരുന്നുണ്ട് നാട്ടില്‍ നിന്നും. വിസിറ്റ് വിസയിലാണ്. എവിടെയെങ്കിലും ഓപ്പണിംഗ് ഉണ്ടെങ്കില്‍ അറിയിക്കണം."

കൊച്ചു വാരിയര്‍ വന്നു. വലിയ വാരിയരും, കൊച്ചു വാരിയരും - അവര്‍ തമ്മില്‍ 14 വയസ്സിന്റെ വ്യത്യാസം ഉണ്ട്. അതിനാല്‍ തന്നെ സ്വതവേ ഗൌരവ സ്വഭാവക്കാരനായ വലിയ വാരിയരോട് ഭയങ്കര ബഹുമാനവും ഒരു ചെറിയ ഭയവും കാണിച്ചിരുന്നു കൊച്ചു. അതെ - അങ്ങനെ ഞങ്ങള്‍ കൊച്ചു-എന്നൊരു പേരും കൊടുത്തു.

കൊച്ചു എന്ത് തമാശയ്ക്കും കൂടും - വൈകുന്നേരം വാരിയര്‍ ജോലി കഴിഞ്ഞു വന്നു വീട്ടിലെത്തിയാല്‍, കൊച്ചു ഞങ്ങളെയൊന്നും കണ്ട പരിചയം ഭാവിക്കില്ല. പിന്നീട് അത്തരം പെരുമാറ്റം ഞങ്ങള്‍ക്ക് പരിചയവുമായി.


വാരിയരുടെ സിഗരറ്റ് പാക്കില്‍ നിന്നും ഒരെണ്ണം 'ഇസ്ക്കുക', വീക്ക്‌ എന്‍ഡില്‍ ഒരു പെഗ് കഴിക്കുക, എന്നതൊക്കെ ഒളിഞ്ഞും പാത്തും തുടര്‍ന്നു. വലിയ വാരിയര്‍ കൊച്ചുവിനെ ഞങ്ങളെ ഏല്‍പ്പിച്ച്‌ വെക്കേഷന് പോയ കാലമായിരുന്നു കൊച്ചുവിന്‍റെ സുവര്‍ണ്ണ കാലം.
ഒരു week endല്‍ കൊച്ചു മനസ്സ് തുറന്നു. വലിയ വാരിയരില്‍ നിന്ന് ഞങ്ങള്‍ അവരുടെ കുടുംബ പശ്ചാത്തലത്തിനെപ്പറ്റി ഒന്നും ഇത് വരെ അറിഞ്ഞിട്ടില്ല.


നാട്ടില്‍ പ്രശസ്തനായ ഒരു ജോത്സ്യനാണ്‌ ഈ വാരിയര്‍മാരുടെ അമ്മാവന്‍ വാരിയര്‍. കെങ്കേമന്‍. രാവിലെ മുതല്‍ വൈകും വരെ നിറയെ ജനങ്ങള്‍. പണം, പ്രശസ്തി - എല്ലാം വേണ്ടുവോളം. നാട്ടില്‍ നില്‍ക്കുന്ന കുടുംബത്തിലെ ഒരേയൊരു കണ്ണി കൊച്ചുവായിരുന്നു. അത് കൊണ്ട് തന്നെ കൊച്ചുവിനു, സ്കൂള്‍ പഠനത്തിന്‌ ശേഷം ഒരു വഴിയാവട്ടെ, തനിക്കൊരു പ്രശസ്തനായ പിന്‍ഗാമി ഉണ്ടാവട്ടെ എന്ന് കരുതി അമ്മാവന്‍ വാരിയര്‍ കൂടെ ഇരുത്തി പഠിപ്പിക്കാന്‍ തുടങ്ങി. പഠനം എവിടെയുമെത്താതെ കൊച്ചു, ദുബായില്‍ എത്തി. കൊച്ചുവിനെസ്സംബന്ധിച്ചിടത്തോളം അതൊക്കെ ഒരു പഴയ ഏര്‍പ്പാടാണ്.


ഒരു week endല്‍ ഒത്തു കൂടിയ ഞങ്ങള്‍ - സുഹൃത്തുക്കള്‍ - ഒന്നടങ്കം പറഞ്ഞു. ഇന്നത്തെ കാലത്ത് ഉപജീവനത്തിനായി നാട്ടില്‍ ഇതിലും നല്ല ഒരു തൊഴിലുണ്ടോ? വെറുതെ ഇവിടെ വന്നു കഷ്ടപ്പെടുന്നതെന്തിനു? കൊച്ചു അതൊന്നും ചെവിക്കൊണ്ടില്ല. നിങ്ങള്‍ പറ്റുമെങ്കില്‍ ഒരു ജോലി സംഘടിപ്പിച്ചു തരൂ എന്നായി.


ഞങ്ങള്‍ എല്ലാവരും ഉത്സാഹിച്ചു. കൊച്ചുവിനു ജോലിയും കിട്ടി. വെറും പത്താം ക്ലാസ്സുകാരന് കിട്ടാവുന്നതില്‍ വെച്ചേറ്റവും നല്ല ഒരു ജോലിയൊന്നുമല്ലായിരുന്നു. അതിരാവിലെ നാല് മണിക്ക് എണീറ്റ്‌ പോകണം എല്ലാ ദിവസവും. പണി സ്ഥലത്തെ പൊടിയും, അതിരാവിലത്തെ യാത്രയും, മറ്റും ആ സാധുവിന്‌ തീരെ പറ്റാതായി.
ശമ്പളം വളരെ കുറവ്. കഷ്ടപ്പാടോ അതി കഠിനം. അലര്‍ജി കാരണം തുമ്മലും ചീറ്റലും ആണ് എന്നും. എന്തായാലും എത്തിപ്പെട്ടില്ലേ, നോക്കാം എന്നായിരുന്നു കൊച്ചുവി ന്‍റെ നിലപാട്.



ഒരു ദിവസം ഫോണില്‍ ഒരല്‍പം കടുപ്പിച്ചു ആരോടോ വര്‍ത്തമാനം പറയുന്ന കൊച്ചു വല്ലാതെ വിഷണ്ണനായി കാണപ്പെട്ടു. ആരും ഇല്ലാത്ത സമയത്ത് എന്നോട് പറഞ്ഞു. നാട്ടിലടുത്തുള്ള ഒരു സ്ത്രീ, ഇവിടെ ഒരു നേഴ്സായി ജോലി നോക്കുന്നു. അമ്മാവന്‍ വാരിയരുടെ പ്രശസ്തി അറിയുന്ന അവര്‍ കൊച്ചുവിനെ ഒരു പ്രശ്ന പരിഹാരത്തിനായി വിളിക്കയാണ്. കാര്യം ഒന്ന് വിസ്തരിക്കാനായി അവര്‍ കൊച്ചുവിനെ അവരുടെ വീട്ടിലേയ്ക്ക്‌ ക്ഷണിക്കയാണ്. കൊച്ചുവിനു പോകാന്‍ മടിയായിട്ടൊന്നുമല്ല, പക്ഷെ ഏട്ടന്‍ വാരിയര്‍ അറിഞ്ഞാല്‍ സംഗതി പൊല്ലാപ്പാകും.


പ്രതീക്ഷിച്ച പോലെ തന്നെ സംഭവിക്കുകയും ചെയ്തു - ഒരു ദിവസം കൊച്ചുവിനെ വിളിച്ച ഫോണ്‍ വലിയ വാരിയരുടെ കയ്യിലാണ് കിട്ടിയത്. എന്തിനാണ് നിന്നെ ഒരു സ്ത്രീ വിളിക്കുന്നതെന്നും, എന്താണ് സംഭവമെന്നൊക്കെ ചോദിച്ചു അന്ന് ഞങ്ങളുടെ റൂമില്‍ വലിയ വാരിയര്‍ പരസ്യമായി തന്നെ കൊച്ചുവിനോട് ചൂടായി. ഞങ്ങളെ ചൂണ്ടി കൊച്ചുവിനോട് പറയുകയും ചെയ്തു. ഇവരൊക്കെ മാനം മര്യാദയായി താമസിക്കുന്നവരാണ്, നീ വേണ്ടാത്തതൊന്നും ക്ഷണിച്ചു വരുത്തേണ്ട എന്ന്.

ആ സ്ത്രീ വീണ്ടും വിളിച്ചു. കൊച്ചു പരിഭ്രമിച്ചു. എന്തായാലും കാര്യം അന്വേഷിക്കാന്‍ ഞാന്‍ പറഞ്ഞു. അപ്പോള്‍ സംഭവം ഇതാണ് - ആ നേഴ്സി ന്‍റെ ഭര്‍ത്താവ് കഴിഞ്ഞ ഒരു മാസമായി വീടുവിട്ടു പോയിരിക്കുന്നു. വേറെ എവിടെയോ എന്തോ ബന്ധമുള്ളത് പോലെ തോന്നുന്നു. കൊച്ചു വാരിയര്‍ എന്തെങ്കിലും ഒന്ന് ജപിച്ചു തരികയോ മറ്റോ ചെയ്തു ഒരു നിവൃത്തി ഉണ്ടാക്കി തരണം. ഒടുവില്‍ കൊച്ചു പുറപ്പെട്ടു വലിയ വാരിയര്‍ അറിയാതെ.

വലിയ വാരിയര്‍ ജോലിക്ക് പോകുന്നതിനു മുന്‍പ് ഒരു കെട്ട് ചന്ദനത്തിരി കത്തിക്കും - ഇഷ്ട ദൈവങ്ങള്‍ക്ക് മുന്‍പില്‍. കൊച്ചു, അതില്‍ നിന്നും ഒരു പിടി ചാരം വാരി, ന്യൂസ്‌ പേപ്പറില്‍ പൊതിഞ്ഞു യാത്രയായി. വൈകുന്നേരം, കൃത്യ സമയത്ത് തിരിച്ചെത്തുകയും ചെയ്തു.


നൂറു ദിര്‍ഹമിന്‍റെ രണ്ടു നോട്ടുകള്‍ കാണിച്ചു അതീവ സന്തോഷത്തോടെ കാര്യങ്ങള്‍ പറഞ്ഞു. അവിടെ ചെന്ന് 'ഭസ്മം' ജപിച്ചൂതി, ഭര്‍ത്താവിനെ മനസ്സില്‍ നല്ല വണ്ണം ധ്യാനിക്കാന്‍ പറഞ്ഞു ആ സ്ത്രീയുടെ കയ്യില്‍ കൊടുത്തു. ദക്ഷിണയായി ഇരുനൂറു ദിര്‍ഹവും കിട്ടി.
പല പ്രശസ്ത ജോത്സ്യര്‍ക്കും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ സ്ഥിരം മുറിയുണ്ട്. അവര്‍ അവിടെ വരുന്ന ദിവസങ്ങള്‍ പത്രങ്ങളില്‍ അറിയിക്കും. നല്ല ബുക്കിംഗ് ആണ്. ഞാന്‍ കൊച്ചുവിനോട് കാര്യങ്ങള്‍ പറഞ്ഞു. അതൊന്നും നമുക്ക് പറ്റില്ല എന്നായിരുന്നു കൊച്ചുവിന്‍റെ മറുപടി. അടുത്ത ആഴ്ച വിസ മാറാന്‍ പോകണം. നാട്ടില്‍ പോയാല്‍ തിരിച്ചു വരാന്‍ തോന്നില്ല.

പോകുന്നയന്നു വൈകീട്ട് ആ സ്ത്രീയുടെ കാള്‍ വന്നു - ഭസ്മം ജപിച്ചൂതി കൊടുത്തതിന്‍റെ മൂന്നാം ദിവസം ഭര്‍ത്താവ് തിരിച്ചു വന്നു. വാര്യര്യുടെ സിദ്ധി അപാരം തന്നെ. അവര്‍ പല സുഹൃത്തുക്കളോടും കൊച്ചു വാരിയരെപ്പറ്റി പറഞ്ഞിട്ടുണ്ട്. പലര്‍ക്കും പല വിധം ആവലാതികള്‍ ഉണ്ട്. തീര്‍ത്തു കൊടുക്കണം.

കൊച്ചു എയര്‍പോര്‍ട്ടില്‍ വെച്ച് എന്നോട് പറഞ്ഞു - ഞാന്‍ വരുന്നില്ല. എനിക്കിത്ര ശക്തിയുണ്ടെന്ന് ഞാനറിഞ്ഞില്ല - അയാള്‍ ത്രില്ലടിച്ചു നില്‍ക്കുകയായിരുന്നു.
പറഞ്ഞ പോലെ കൊച്ചു വന്നില്ല...
******************

വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ കണ്ടു - തടിച്ചു കുട്ടപ്പനായി, കട്ടി സ്വര്‍ണ്ണ ചങ്ങലയും, കൈ ചെയ്നും, കസവ് മുണ്ടും പുതച്ചു, ഒരു നീണ്ട നിര ജനങ്ങള്‍ക്ക്‌ ആശ്വാസത്തിന്‍റെ തണലായി നില്‍ക്കുന്ന കൊച്ചുവിനെ! സ്വന്തം കഴിവില്‍ വിശ്വസിച്ചു ജീവിതം കെട്ടിപ്പടുത്ത ആ മനുഷ്യനോടു എനിക്ക് വല്ലാത്ത ബഹുമാനം തോന്നി - ഒപ്പം ആ ഒരു പിടി ചന്ദനത്തിരി ചാരത്തിനോടും!


സുരേഷ് (27.Aug.09) http://shaivyam.blogspot.com