Monday, June 7, 2010

എന്‍റെ ഗ്രാമം - 2

"ഉണ്ണ്യേ..." - മാസത്തിലെ ആദ്യത്തെ ശനിയാഴ്ച ഉച്ചയോടെ ഒരു ദയനീയമായ വിളി പടിക്കല്‍ നിന്നും കേള്‍ക്കാം. ചുണ്ടത്തും, കൈവിരലുകളിലും പാണ്ടുള്ള ഒരു ഭിക്ഷക്കാരന്‍. കാവി വസ്ത്രവും, വലിയ മണികളുള്ള രുദ്രാക്ഷ മാലയും. ഒരു പങ്കപ്പാടോടെ, ഭയ-ഭക്തി-ബഹുമാന പുരസ്സരം വലതു കൈ വായ്ക്കു മുകളില്‍ പൊത്തി പടിക്കല്‍ തന്നെ നില്‍ക്കും. സാധാരണ വരുന്ന ഭിക്ഷക്കാരില്‍ നിന്നും എന്തോ ഒരു പ്രത്യേകത അയാളില്‍ കാണാം.

അമ്മ, ആ വിളി കേട്ടാല്‍, അടുക്കളയില്‍ നിന്നും ഓടി വരും. "വന്നോളൂ, ഒക്കെ കാലായിരിക്കുണൂ".

എന്നോട് പറമ്പില്‍ നിന്നും നല്ലൊരു നാക്കില വെട്ടിക്കൊണ്ടു വരാന്‍ പറയും. അയാള്‍ക്ക്‌ കൈ കഴുകാനായി അമ്മ കിണ്ടിയില്‍ വെള്ളം എടുത്തു വെയ്ക്കും. പിന്നെയും അയാള്‍ മടിച്ചു നില്‍ക്കും.

അമ്മ ഒന്നുകൂടി പറയും, "വന്നോളൂ, ഒക്കെ കാലായിരിക്കുണൂ".

ഊണ് കഴിയ്ക്കുന്നതിന് മുന്‍പ് ചില കര്‍മ്മങ്ങള്‍ കാണാം ഇനി:

ആദ്യം, നാക്കില വെള്ളമൊഴിച്ച് അയാള്‍ തന്നെ കഴുകും - നമ്മള്‍ കഴുകി കൊടുത്തതാണെങ്കിലും - പിന്നെ വിളമ്പിക്കൊടുത്ത ഭക്ഷണം - ചോറ്, സാമ്പാര്‍, ഉപ്പേരി, പപ്പടം - ഇവയില്‍ നിന്നെല്ലാം ഓരോ നുള്ള് നുള്ളി, കിണ്ടിയില്‍ നിന്നും വെള്ളമെടുത്ത് ഇലയ്ക്ക് ചുറ്റും മൂന്നു വട്ടം ചുഴറ്റി, നാക്കിലയുടെ മൂലയ്ക്ക് നിലത്തു വെയ്ക്കും. "ഭൂമി ദേവിയ്ക്കാണെന്ന് സങ്കല്പം" - വീണ്ടും ആ ദയനീയ സ്വരം.

പിന്നെ, ഇലയില്‍ നോക്കി വിഷണ്ണനായി ഇരിയ്ക്കും. അമ്മ പറയും, "ന്നാ കഴിക്കാന്‍ തൊടങ്ങിക്കോളൂ", പക്ഷെ അയാള്‍ അങ്ങിനെ തന്നെ ഇരിയ്ക്കും.

"ങ്ങട്ട് പോരെ, നീയവ്ടുന്നു", അമ്മ എന്നെ വിളിക്കും. ഇടയ്ക്ക് എന്തെങ്കിലും വേണോ എന്ന് ചോദിയ്ക്കാന്‍ അമ്മ ചെന്നാല്‍ പറയും, "ഒന്നും വേണ്ട ഉണ്ണ്യേ, ഇതന്നെ ധാരാളല്ലേ".

പിന്നെ ഇല ചുരുട്ടി, ദൂരെ കളഞ്ഞു, പറമ്പിന്റെ ഒരു മൂലയ്ക്ക് പോയി കൈ കഴുകി കിണ്ടി കമഴ്ത്തി വെയ്ക്കും.

ഒരു പതിനഞ്ചു മിനിട്ട് വിശ്രമം. പിന്നെ ഭാണ്ഡവും, വടിയും എടുത്ത്, "ഉണ്ണ്യേ..." എന്ന നീട്ടി വിളി. അമ്മ അഞ്ചിന്റെ ഒരു നോട്ടുമായി ചെല്ലും.

"ദൈവങ്ങളെ, ഈ വീടിനും, വീട്ടുകാര്‍ക്കും, കാലാകാലങ്ങളില്‍ വേണ്ടതെല്ലാം കൊടുത്തോളണെ...." എന്നിങ്ങനെ ഒരു നീട്ടിവിളിയോടെ പടിയിറങ്ങും.

അമ്മയുടെ കണ്ണുകള്‍ നിറയും. "നല്ല നിലയില്‍ ജീവിച്ച ആരോ ആയിരിന്നിരിക്കണം. മക്കളും, കുട്ട്യോളൊക്കെ ഉണ്ടോ ആവ്വോ".

ഞങ്ങളുടെ ഗ്രാമത്തില്‍ അയാള്‍ മറ്റു വീടുകള്‍ കയറി ഭിക്ഷ യാചിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല.

ഞാന്‍ കോളേജ് അവസാന വര്‍ഷം പഠിക്കുന്ന കാലത്തൊന്നും അയാള്‍ വന്നതായി ഓര്‍മ്മയില്ല. എന്നാലും മാസത്തിലെ ആദ്യ ശനിയാഴ്ചകളില്‍ അമ്മ ചെറിയ ഒരു തെയ്യാറെടുപ്പോടെ ഭക്ഷണം വെച്ചിരുന്നോ എന്നത് എന്‍റെ ഒരു തോന്നലായിരുന്നോ? പിന്നെപ്പിനെ അത് മറന്ന ഒരു കഥാ പാത്രമായി മാറി. എന്നാലും, പേരറിയാത്ത, ഏത് നാട്ടില്‍ നിന്നും വരുന്നു എന്നറിയാതെ, ആരാണെന്നറിയാതെ, വീട്ടില്‍ നിറഞ്ഞു നിന്നിരുന്ന ഒരു അംഗമായിരുന്നു അയാള്‍.

**********

"പച്ചക്കറി-പച്ചമുളക്-വേപ്പില-കിഴങ്ങ്-വെണ്ടയ്ക്ക-വഴുതിനങ്ങ..."

ഒരീണത്തില്‍ അങ്ങിനെ ഇടവഴിയിലൂടെ വിളിച്ചുപറഞ്ഞു പോകുന്നത് മറ്റാരുമല്ല - വെളിയങ്കോട് കടപ്പുറത്ത് നിന്നു വന്നിരുന്ന അവുതളക്കുട്ടി മാപ്പിള. അയാള്‍ വെറും ഒരു പച്ചക്കറി വില്‍പ്പനക്കാരനായിരുന്നില്ല, മുത്തച്ഛന്റെ ഒരു നല്ല സുഹൃത്തും ആയിരുന്നു.

"പണിക്കരേ", എന്ന വിളി പടിക്കല്‍ നിന്നു കേട്ടാല്‍ അമ്മമ്മ പറയും, "ആ..ചങ്ങാതി വരണുണ്ട്. പച്ചക്കറിയൊക്കെത്തിരി സഹായ വിലയ്ക്ക് തരാന്‍ പറയോണ്ട്".

മുത്തച്ഛന്‍ പറയും, "ചങ്ങാത്യോട് എനിയ്ക്ക് അതൊന്നും പറയാന്‍ പറ്റില്യ, പാവം, ആ കടപ്പൊറത്തുന്നു ഏറ്റിക്കൊണ്ടരണതാണ്‌".

നീണ്ടു മെലിഞ്ഞ ദേഹം. നരച്ച പൊടി മീശ. വിയര്‍പ്പൊഴുകി കുതിര്‍ന്ന ബനിയന്‍. "കുട്ട്യേ, ഈ കൊട്ട്യോന്നു പിടിക്കീന്‍".

എന്‍റെ സഹായത്താല്‍ ആ കുട്ട ഇറക്കി വെക്കും. "ചെക്കാ, പെരടി വേലങ്ങണ്ടട", അമ്മമ്മ പറയും. "അമ്മെ, ങ്ങള് ബിചാരിക്കണ പോലെ അത്ര കനോന്നൂല്യ".

"എന്താപ്പോ ചൂട്? കടപ്പൊറത്ത് ഇതൊന്നുല്ല ചൂട്ന്‍റെ കുട്ട്യേ. ത്തിരി ബെള്ളം എടുക്കിന്‍".

അമ്മ നല്ല ചായയും കഴിക്കാന്‍ എന്തെങ്കിലും ആയി ഇത്തിരി കഴിഞ്ഞാല്‍ എത്തും.

"ഈ കുട്ടിടെ കൈപ്പുണ്ണ്യം - അതാണ്‌ ങ്ങടെ ബീടിന്റെ ഐശ്വര്യം, കേട്ടാ പണിക്കരേ". അമ്മയെ ചൂണ്ടി മാപ്പിള പറയും. "ഇമ്മാതിരി ചായ ഇബുടുന്നന്നെ കിട്ടൂ".

"മോളെട് ത്തോളിന്‍ എന്താ ബേണ്ടത്‌ച്ചാ, ബെല്യോന്നും നോക്കണ്ട".

ചായ കുടിക്കലും, പിന്നെ മുത്തച്ഛന്റെ വെറ്റില മുറുക്ക് സല്‍ക്കാരവും കഴിഞ്ഞാല്‍ മാപ്പിള മെല്ലെ പറയും:

"എത്ര കാലാ ഈ കൊട്ടേം ചൊമന്നു നടക്കാന്നൊരു പിടുത്തല്യ - പടശ്ശോന്‍ കനിയണ ബരെ, ല്ലേ?"

ആ കുട്ടയും ഏറ്റി അതിന്റെ ഭാരം താങ്ങാനാവാതെ വേച്ചു വേച്ചു പോകുന്ന ആ രൂപം എന്‍റെ സ്മൃതി മണ്ഡപത്തില്‍ മായാതെ കിടക്കുന്നു.

***************

ഉച്ച സമയങ്ങളില്‍ ഊണൊക്കെ കഴിഞ്ഞു ഉമ്മറത്തിരുന്നു മുതിര്‍ന്നവര്‍ വെടിവട്ടം പറയുന്നൊരു ഏര്‍പ്പാടുണ്ട്‌. ഞങ്ങള്‍, കുട്ടികള്‍, തായം കളിയിലോ, പുള്ളി വെച്ച് കളിയിലോ മറ്റോ മുഴുകിയിരിക്കുകയായിരിക്കും. ചില ദിവസങ്ങളില്‍ തൊട്ടടുത്ത വീടുകളില്‍ നിന്നും അമ്മമാരോ, അമ്മമ്മമാരോ ഈ വെടിവട്ടത്തില്‍ പങ്കു ചേരും.

അത്തരം സന്ദര്‍ഭങ്ങളില്‍ സ്ഥിരമായി ഉണ്ണിമായിമ്മ വന്നു ചേരും. കഞ്ഞി പിഴിഞ്ഞ് നീലം മുക്കിയ മുണ്ടും, വെളുത്ത ബ്ലൌസും.

"കുട്ട്യോളെ, കടലാസ്സില് എന്താ വര്‍ത്തമാനം?".

പത്രക്കടലാസ്സിലെ വിശേഷങ്ങള്‍ ആണ് ചോദിക്കുന്നത്. കളിയിലെ വിരസത തീര്‍ക്കാന്‍ ഇടയ്ക്ക് ഞങ്ങള്‍ ഈ 'വയസ്സന്‍ ക്ലബ്ബി'ല്‍ കൂടും. അങ്ങിനെ ഒരു തമാശക്കായി പത്രത്തിലെ ചില വാര്‍ത്തകള്‍ക്ക് പൊടിപ്പും തൊങ്ങലും, മെമ്പൊടികളുമൊക്കെ ചേര്‍ത്ത് വായിക്കാന്‍ തുടങ്ങും:

"ഹോ, ഇത് കണ്ടോ?", എന്ന് ആശ്ചര്യ ഭാവത്തോടെ ഉറക്കെ പറയുമ്പോള്‍, പാവം ഉണ്ണിമായിമ്മ,"അയ്യോയ്യോ , എന്തെ പറ്റീത്?"എന്ന് ചോദിക്കും.

"ഇത് കണ്ട്വോ ഉണ്ണിമയമ്മേ, കോഴിക്കോട്ട് കമ്പോളത്തില്‍ മൊളകിന്‍റെ വില കുത്തനെ ഇടിഞ്ഞു മൂന്നു പേര്‍ക്ക് പരിക്ക്!"

"ഹെന്തിനെപ്പോ ഈ പഹയര് അതിന്റെ ചോട്ടില് പോയി നിന്നത്, ഇടിഞ്ഞു വീഴണടത്തൊക്കെ?" ഉണ്ണിമായമ്മ ഒരല്‍പം നീരസത്തോടെ പരിക്ക് പറ്റി എന്ന് പറയുന്നവരെ കുറ്റം ചാര്‍ത്തും.

ഞങ്ങള്‍ അതിന്റെ ഒരു ലഹരിയില്‍, "ഇത് കണ്ടോ?", "അയ്യോ അതെന്തേ?" എന്നവര്‍ ദയനീയമായി ചോദിക്കും.

"ഇത് നമ്മുടെ അടുത്താണ്, പൊന്നാനിയില്‍! കൊപ്രയുടെ വിലയിടിഞ്ഞ് അഞ്ചു പേരെ കാണാതായി!"

"അയ്യോ, തെരയുന്നുണ്ടോ ആ കാണാതായോരെ? ആര്‍ക്കു പോയി, അവരുടെ കുടുമ്മത്തിനു പോയി, അല്ലാതെന്താ? ഇതൊന്നും കേട്ടിട്ട് ഒരു സമാധാനം കിട്ട്‌ണില്യാ മക്കളെ, ഞാന്‍ പോട്ടെ".

അവര്‍ എന്തോ ഇടിയുന്നതും, പരിക്ക്, എന്നൊക്കെയോ കേള്‍ക്കുന്നുള്ളൂ. ഞങ്ങളും അപ്പോഴത്തെ ഒരു തമാശയ്ക്ക് വേണ്ടി മാത്രം പറയുന്നതാണ്.

"ഉണ്ണിമയമ്മ പൂവ്വല്ലേ, ശരിയ്ക്കു കേള്‍ക്കു, ഞങ്ങള്‍ എന്താ വായിച്ചതെന്ന്" - ഞങ്ങള്‍ വായിച്ച വിവരം വീണ്ടും സാവധാനത്തില്‍ പറയും. അപ്പോഴാണ്‌ അവര്‍ക്ക് അമളി മനസ്സിലാവുക. ആ തൊണ്ണ്‍ കാട്ടി ഒരു ചിരി ചിരിയ്ക്കും, എന്നിട്ട്, "ഹ ഹ അതെപ്പോ നന്നായത്,കുട്ട്യോള് എന്നെ കള്യാക്കീതാണല്ലേ" എന്നൊരു കമന്റും പാസ്സാക്കും.

സുരേഷ് (12Jun10)
http://shaivyam.blogspot.com

2 comments:

  1. ആ കുട്ടയും ഏറ്റി അതിന്റെ ഭാരം താങ്ങാനാവാതെ വേച്ചു വേച്ചു പോകുന്ന ആ രൂപം എന്‍റെ സ്മൃതി മണ്ഡപത്തില്‍ മായാതെ കിടക്കുന്നു.

    ചില മുഖങ്ങള്‍ എത്രകാലം കഴിഞ്ഞാലും നമ്മുടെ മനസ്സില്‍ നിന്നും മാഞ്ഞു പോവില്ല. രണ്ടാം ഭാഗവും നന്നായി തന്നെ എഴുതി.
    പിന്നെ ബ്ലോഗിനു വന്ന മാറ്റം നന്നായിട്ടുണ്ട്.

    ReplyDelete