എന്‍റെ ഗ്രാമം
ഉമ്മറത്തിരുന്നു നോക്കിയാല്‍ തൊട്ടു മുന്നില്‍ കിടക്കുന്നത് പാടമാണ് - നോക്കെത്താ ദൂരത്തോളം!
അങ്ങകലെ പാടം മുറിച്ചു പോകുന്ന വെളുത്ത രൂപം മനയ്ക്കലെ നമ്പൂരിയായിരിക്കണം. നാട്ടിലെ ഒട്ടുമിക്ക അമ്പലങ്ങളിലും പൂജ കഴിഞ്ഞു പോകുന്നതാണ്. ഗ്രാമത്തിലെ ശിവക്ഷേത്രം, പെരിണ്ടിരി അയ്യപ്പന്‍റെ അമ്പലം, വേട്ടെയ്ക്കൊരുമകന്‍ ക്ഷേത്രം, പിന്നെ ദൂരെ കണ്ണേലെ അമ്പലം - അതിരാവിലെ പൂജ തുടങ്ങി ഒരു പതിനൊന്നു മണിയോടെ തരിച്ചു പോകുന്നത് കാണാറുണ്ട്.
ഈ പാടശേഖരത്തിന്‍റെ മാറില്‍ ഞങ്ങള്‍ - കുട്ടികള്‍ - കളിയ്ക്കാത്ത കളികളൊന്നുമില്ല. കുറ്റിയും കോലും കളി, സൂര്യപ്പന്തു കളി (ഓലപ്പന്ത് എറിഞ്ഞു മേല്‍ കൊള്ളിക്കുന്ന കളി - ചില വിരുതന്മാര്‍ നല്ല കനമുള്ള കല്ലും ഉള്ളില്‍ പൊതിഞ്ഞു വെച്ചിട്ടുണ്ടാവും), കബഡി കളി, ചെറിയ മെച്ചിങ്ങയുടെ നടുവില്‍ നല്ല നീളമുള്ള പച്ച ഈര്‍ക്കില കുത്തി ഉയരത്തില്‍ ആകാശത്തേക്ക് വിടുക - അതങ്ങനെ ഒരു റോക്കറ്റ് പോലെ പറന്നു ദൂരെ..ദൂരെ.. - മാനവും, ഭൂമിയും കളി, കൊച്ചം കുത്തിക്കളി, കണ്ണ് കെട്ടിക്കളി, തൂപ്പ് വെച്ച് കളി, ഇങ്ങനെ ഇങ്ങനെ അനേകം കളികള്‍.
മഴക്കാലത്ത് പാടത്തിന്റെ പ്രകൃതി മാറും - പരസഹസ്രം ചീവിടുകളുടെയും, മണ്ണട്ടകളുടെയും, പോക്കാച്ചിത്തവളകളുടെയും സംഗീത നിശ, അവയ്ക്ക് മിന്നാമിന്നിക്കൂട്ടങ്ങളുടെ നൃത്തച്ചുവടുകള്‍ അകമ്പടിയായിട്ടുണ്ടാവും. ഏറ്റുമീന്‍ കയറുന്നത് പിടിക്കാന്‍ ടോര്‍ച്ചും പെട്രോമാക്സുമായി കുട്ടികളുടെയും വലിയവരുടെയും തിക്കും തിരക്കും....ഹാ! ആ പുതുമഴയുടെ ഗന്ധം എന്‍റെ നാസാരന്ധ്രങ്ങളില്‍ പുളയ്ക്കുന്നു. പുതുമഴയ്ക്ക് പൊങ്ങുന്ന പൊടിയുടെ ഗന്ധം അറിഞ്ഞു നാഗങ്ങള്‍ മാളം വിട്ടു പുറത്ത് വരുമത്രേ...അതിനാല്‍ ആ ഗന്ധം പൊങ്ങുമ്പോള്‍ മുറ്റത്തിറങ്ങി നടക്കരുതെന്നു അമ്മമ്മ പറയാറുണ്ട്.
പാടത്തെ ഒരു പ്രധാന സംഭവം കൂടിയുണ്ട്: ചുമലില്‍ കാലിച്ചാക്കും, തലയില്‍ പെട്രോമാക്സും ഏന്തി ഒരാള്‍ മുന്നില്‍. പിന്നിലുള്ളയാള്‍, ആ വെളിച്ചം കണ്ടു അന്തിച്ചു നില്‍ക്കുന്ന തവളകളെ ഒന്നൊന്നായി പിടിച്ചു ചാക്കിലിടും. "എല്ലാത്തിനേം പിടിച്ചു കൊണ്ടോവട്ടെ, വെറുതെയല്ല കൊതൂന്റെ ശല്യം കൂടിക്കൂടി വരണത്" - അമ്മമ്മ പറയുന്നത് കേള്‍ക്കാം. തവളകളുടെ കാല് സായിപ്പന്മാര്‍ക്ക് വേണ്ടി വിദേശത്തെയ്ക്ക് കയറ്റി അയക്കാനാണത്രെ! ഞാന്‍, ആ കാലിച്ചാക്കിനുള്ളില്‍ കിടന്നു പിടയുന്ന തവളകളുടെ വെപ്രാളം ആലോചിച്ചു വെമ്പല്‍ കൊള്ളും. "കലി കാലം", മുറുക്കാന്‍ ഒന്ന് നീട്ടിത്തുപ്പി കിണ്ടിയില്‍ നിന്നും വെള്ളമെടുത്തു കുല്‍ക്കുഴിഞ്ഞു അമ്മമ്മ വടക്കേ മുറിയിലേക്ക് കിടക്കാന്‍ പോകും.
എല്ലാവരും കിടന്നു കഴിഞ്ഞാല്‍ ഞാനങ്ങിനെ ജനലഴികളും പിടിച്ചു പാടത്തേയ്ക്ക് നോക്കി നില്‍ക്കും. ഒരു വല്ലാത്ത അനുഭവമാണത് - പകല്‍ മുഴുവനും ആളുകള്‍ നിറഞ്ഞ ആ പ്രദേശം, ഇപ്പോള്‍ ഒരു വല്ലാത്ത മയക്കത്തിലായിരിക്കും. വേനല്‍ക്കാലത്ത് നിലാവുള്ള രാത്രികളില്‍ നിഴലുകള്‍ ആള്‍മാറാട്ടം നടത്തിക്കളിക്കും...ആരൊക്കെയോ അവിടെ വന്നു ഒരു നാടക രംഗത്തെ അനുസ്മരിപ്പിക്കും വിധം അഭിനയിച്ചു പോകും. പാലപ്പൂവിന്റെ ഗന്ധം അലസമായി ഒഴുകി വരും. അത് നമ്മെ ഒരു മാസ്മരലോകത്തെയ്ക്ക് പിടിച്ചുയര്‍ത്തും. "...ആരിലുമാരിലുമവയുടെ സൌരഭം ആളിപ്പടരുമൊരുന്മാദം..." വയലാര്‍ പാടിയിട്ടുണ്ട്.
പെട്ടെന്നായിരിക്കും തിമര്‍ത്തു പെയ്യുന്ന ഒരു മഴയുടെ വരവ്. മുറ്റത്തെ ഒളോര്‍ മാവില്‍നിന്നും 'ധിം' 'ധിം' എന്നിങ്ങനെ മാങ്ങയുടെ വീഴ്ച ഏതോ ഒരു താളത്തെ ഓര്‍മ്മിപ്പിക്കും. ഉണങ്ങി നില്‍ക്കുന്ന തെങ്ങോലകളും, മടലുകളും, ഒരു സീല്‍ക്കാരത്തോടെ നിലം പതിക്കും. "അപ്പൊത്തന്നെ പുറത്തിറങ്ങി മാങ്ങ പെറുക്ക്യെടുത്തില്യെങ്കില്‍ ഒരെണ്ണം കിട്ടില്യട്ടോ ന്‍റെ കുട്ടീ" - അമ്മ, പിറ്റേന്ന് ഒരു മാങ്ങാ പോലും കിട്ടാതെ നിരാശനായി വരുന്ന എന്നോട് പറയും.
"മനയ്ക്കലെ മിറ്റടിക്കാന്‍ പോണ കാളി മടീലിട്ടു കൊണ്ടോയീട്ട്ണ്ടാവും" - അമ്മമ്മ പിന്താങ്ങും.
നമ്മള്‍ കാലത്ത് നേരത്തെ എണീറ്റില്ലെങ്കില്‍ തലേ ദിവസം രാത്രിയില്‍ വീണ മാങ്ങകള്‍ ഒന്നും തന്നെ കാണില്ല - എല്ലാം ആരെങ്കിലും കൊണ്ടു
പോയിട്ടുണ്ടാവും.
(തുടരും) സുരേഷ് (6Jun10) http://shaivyam.blogspot.com
എന്തൊക്കെ മറന്നാലും - എന്‍റെ ഗ്രാമവും, പിന്നെ ആ കുട്ടിക്കാലവും...ഒന്നിങ്ങു തിരിച്ചു കിട്ടിയിരുന്നെങ്കില്‍?
ReplyDeleteനല്ല ഓര്‍മകള്‍ തിരിച്ചുകിട്ടില്ലെന്നറിയാം എന്നാലും ചിലപ്പോഴൊക്കെ മോഹിച്ചു പോവും ആ കാലത്തിലേക്ക് തന്നെ തിരിച്ചു പോയെങ്കില്‍ എന്ന്.
ReplyDelete------------------------------------
പിന്നെ കഴിയുന്നതും “തുടര്‍ച്ച” പോസ്റ്റുകള്‍ ഒഴിവാക്കിയാല്‍ നന്നാവും. ഇതില്‍ കൂടുതല്‍ ഒന്നുമില്ലല്ലോ ഇത്രയും കൂടി ഉള്ളൂ എങ്കില്‍ അത് ഈ പോസ്റ്റില്‍ തെന്ന കൊടുക്കാവുന്നതെയുള്ളൂ,,, എന്‍റെ ഒരു അഭിപ്രായം മാത്രമാണ്.
തിമര്‍ത്തു പെയ്യുന്ന ഒരു മഴ, ഓര്‍മ്മകളുടെ ഉമ്മറപ്പടിയില്‍ ഇരുന്ന് കാണാന്‍ കഴിയുക.
ReplyDeleteപണ്ട് ആ ഉമ്മറപ്പടിയിലിരുന്ന് കണ്ട മഴയേക്കാള്‍ എത്ര കൌതുകം, അല്ലേ സുരേഷ്.
സത്യത്തിന്‍റെ മഹാത്ഭുതങ്ങളുടെ മുന്നില്‍, എന്‍റെ ഗ്രാമവും ഓര്‍മ്മയും ഗൃഹാതുരത്വം എന്ന് പുച്ഛിച്ച് വ്യാഖ്യാനിക്കുന്ന നിരൂപകരെ പേടിയോടെ കണ്ടില്ലെന്ന് നടിക്കുക.:)