മിക്കവാറും മണ്ഡല മാസകാലാരംഭത്തിലാണ് സ്വാമിയാര്‍ എവിടെനിന്നെന്നില്ലാതെ അമ്പല പരിസരത്ത് പ്രത്യക്ഷപ്പെടുക.(പിന്നെ അടുത്ത കൊല്ലം ഇതേ കാലത്തായിരിക്കും നാം കാണുക.) പ്രായം എണ്പതിനോടടുത്തു കാണും. തോളിറങ്ങി ജട പിണഞ്ഞ മുടി അഞ്ചാറു ഇഴകളായി കിടക്കുന്നു. നീണ്ട താടി. വെള്ള മുണ്ട് ചുറ്റി, ഒരു വെള്ളത്തോര്‍ത്തു പുതച്ചേ സ്വാമിയെ ഞാന്‍ കണ്ടിട്ടുള്ളു.
മേലെ ആല്‍ത്തറയില്‍ പ്രഭാത വേളകളിലും സന്ധ്യാ സമയങ്ങളിലും ധ്യാനനിരതനായി കാണാം. അയ്യപ്പന്മാരുടെ ഭജനകളിലും, ഭിക്ഷകളിലും മറ്റും സ്വാമിയാര്‍ പങ്കെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഗ്രന്ഥങ്ങള്‍ നോക്കി വലിയ ഉച്ചത്തിലല്ലാതെ പാരായണം ചെയ്യുന്നത് കേള്‍ക്കാം. ഈ മണ്ഡല മാസക്കാലയളവില്‍ ഒരിക്കല്‍ മാത്രം വീടുകളില്‍ - നായര്‍ ഭവനങ്ങളിലും, ഇല്ലങ്ങളിലും - ഭിക്ഷ ചോദിച്ചു വരും. അദ്ദേഹത്തിന് ഭിക്ഷ കൊടുക്കുന്നത് പരമ പുണ്യമാണെന്നാണ് അമ്മമ്മ പറയാറുള്ളത്.
മൂന്ന് വിരലുകള്‍ കൂട്ടിതൊട്ട ഭസ്മക്കുറി ആ വിശാലമായ നെറ്റിയില്‍ എപ്പോഴും തെളിഞ്ഞു കാണാം. പ്രൌഡി വിളിച്ചോതുന്ന മുഖം. ആരോടും അധികം സംസാരിക്കില്ല. ഒരു പുഞ്ചിരി ആ മുഖത്ത് ഒളിഞ്ഞിരിയ്ക്കുനത് കാണാം. അയ്യപ്പന്‍ വിളക്കും, പന്തീരായിരവും കഴിഞ്ഞു, മകരവിളക്കിന് പോകുന്ന അയ്യപ്പന്മാര്‍ കെട്ടുനിറച്ച് യാത്രയാകുന്നതോടെ സ്വാമിയാരും അപ്രത്യക്ഷനാവും.
ഒരു കുളിരും, തണുപ്പും, ഈറന്‍ കാറ്റും വന്നു നമ്മെ തൊട്ടു 'ഇതാ പ്രകൃതി മാറുന്നു' എന്ന് വിളിച്ചോതുമ്പോള്‍, സ്വാമിയാരുടെ പ്രത്യക്ഷപ്പെടല്‍ പ്രകൃതിയുടെ മറ്റൊരു കൃത്യമായ മുറയാണോ എന്ന് തോന്നിപ്പോകും!
വൈകുന്നേരങ്ങളില്‍, ഞങ്ങള്‍ - കുട്ടികള്‍ - കുളം കലക്കി മറിഞ്ഞു സന്ധ്യയോടെ വീടണയും. പിന്നെ, ഈറന്‍ മാറി, ഭജനയ്ക്കായി അമ്പലത്തിലെത്തും. ഈ നേരത്താണ് മേലെ ആല്‍ത്തറയില്‍ ഇരിക്കുന്ന സ്വാമിയാരെ ഞാന്‍ ശ്രദ്ധിക്കുക. ഇരുട്ട് പരക്കുന്നതോടെ അദ്ദേഹം ആല്‍ത്തറയില്‍ നിന്നും എണീറ്റ് മേലെ വേട്ടെയ്ക്കൊരു മകന്‍ ക്ഷേത്രത്തിന്‍റെ വിശാലമായ മുറ്റത്ത് ഒരു കോണില്‍ മാനത്ത് ദൃഷ്ടി പതിപ്പിച്ചിരിക്കുന്നതു കാണാം. ഇത്ര ശ്രദ്ധയോടെ ആകാശം നോക്കിയിരിക്കുന്നത് കണ്ടാല്‍ നക്ഷത്രമെണ്ണുകയാണോ എന്ന് തോന്നും.
ഒരു പതിനാലുകാരന്‍ എങ്ങിനെ സ്വാമിയരെ ചെന്നു കാണും, എന്ത് ചോദിക്കും. ഓര്‍മ്മ വെച്ച നാള്‍ തൊട്ടു എല്ലാ വര്‍ഷവും കാണുന്ന സ്വാമിയാരെ ഒന്നടുത്തറിയണം, ഞാനുറച്ചു. പക്ഷെ എന്ത് ചോദിക്കും, എങ്ങിനെ തുടങ്ങും, അറിയില്ല. ആ മുഖത്തെ ഗൌരവവും, ചൈതന്യവും, എന്നെ അധീരനാക്കി. എന്നാല്‍ ആ ഒളിഞ്ഞു കിടക്കുന്ന പുഞ്ചിരി എനിക്ക് ധൈര്യം പകര്‍ന്നു തന്നു.
ഒരു വൈകുന്നേരം ധൈര്യമവലംബിച്ചു ഞാന്‍ തെല്ലകലെ...ഒരു പത്തു പടി താഴെ ഇരുന്നു. അദ്ദേഹം മേലെ ആല്‍ത്തറയില്‍ ഇരിക്കുകയാണ്. ഓരോ പടികള്‍ ഇടയ്ക്ക് കയറി ഒരു രണ്ടു-മൂന്നു പടി അടുത്തായെത്തി. അദ്ദേഹം ഗ്രന്ഥ പാരായണം നിര്‍ത്തി. മെല്ലെ ഇരുട്ട് പരക്കാന്‍ തുടങ്ങി. ഇതു തന്നെ അവസരം; ഞാനടുത്തെത്തി മുരടനക്കി.
"എന്താ കുട്ടി?", പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം എന്നോട് ചോദിച്ചു.
"ഒന്നൂല്യ", ഞാന്‍ വിനയപുരസ്സരം പറഞ്ഞു.
"എന്താ അറിയണ്ടത്?", എന്‍റെ മനസ്സു വായിച്ച പോലെ അദ്ദേഹം ചോദിച്ചു.
എന്റെ ചുണ്ടില്‍ പുഞ്ചിരി പൊടിഞ്ഞു. മനസ്സില്‍ കരുതി, മറ്റുള്ളവരുടെ മനസ്സു വായിക്കുമോ. അങ്ങനെ ആദ്യത്തെ ചോദ്യവും എന്നില്‍ നിന്നും ഞാനറിയാതെ പുറത്തു വന്നു:
"സ്വാമി, ദിവ്യനാണോ?"
അദ്ദേഹം പതിയെ ചിരിച്ചു. "ഞാനോ, ഒരു സാധാരണ മനുഷ്യന്‍..ദിവ്യത്വമൊന്നുമില്ല".
ആള്‍ കുഴപ്പമില്ല, ആശ്വാസം.
"പിന്നെയെങ്ങനെ എന്റെ മനസ്സു വായിച്ചു? അങ്ങയെ കുറിച്ചു അറിഞ്ഞാല്‍ കൊള്ളാം."
"ആട്ടെ, കുട്ടിയെവിടെത്ത്യാ?"
ഞാന്‍ വീടും, അമ്മമ്മയുടെ പേരും പറഞ്ഞു.
(അമ്മമ്മ നാട്ടിലെ ഒരു അറിയപ്പെടുന്ന വ്യക്തിയാണ്).
"ഞാനറിയും, ആ പാടത്തിന്റെ കരയ്ക്കലെ വീടല്ലേ?"
എനിക്ക് സന്തോഷം തോന്നി.
"സ്വാമിയാര്‍, ഈ മണ്ഡലക്കാലം കഴിഞ്ഞാല്‍ എവിടെ പോകുന്നു? പിന്നെ അടുത്ത കൊല്ലം ഇവിടെ വരുന്നതു വരെ എവിടെയാണ്?", ഞാന്‍ അമിത സ്വാതന്ത്ര്യം കാണിക്കയാണോ?
"എന്നോടിത് വരെ ആരും ചോദിയ്ക്കാത്ത ഒരു കാര്യമാണ്. കുട്ടിയെ എനിക്കിഷ്ടമായി; ആട്ടെ നാളെ നേരത്തെ വരിക, ന്ന് ശ്ശി വൈകി".
ഞാന്‍ സമ്മതിച്ചു.
പിറ്റേന്ന് ഞാന്‍ നേരത്തെയെത്തി. ആല്‍മരച്ചില്ലകളില്‍ കിളികള്‍ ചേക്കേറുന്നു. ശരണം വിളികളാല്‍ അന്തരീക്ഷം മുഖരിതമാകുന്നു. അദ്ദേഹം അവിടെത്തന്നെ; മേലെ അമ്പലമുറ്റത്ത് ഒരൊഴിഞ്ഞ കോണില്‍.
എനിക്ക് അവിലും, ശര്‍ക്കരയും തന്നു. "ഇതൊക്കെയാണെന്റെ ആഹാരം. ജീവന്‍ കിടക്കാന്‍ ഇതു മതി."
"എന്നെക്കുറിച്ചറിയാന്‍...ഒന്നുമില്ല കുഞ്ഞേ...എന്നാലും പറയാം."
"മകരവിളക്ക് തൊഴാന്‍ അയ്യപ്പന്‍മാര്‍ കെട്ട് നിറച്ചു യാത്രയാകുന്നതോടെ ഞാനും ഇവിടന്നു തിരിയ്ക്കും. പിന്നെ അമ്പലങ്ങളില്‍ രാത്രി കഴിച്ചു കൂട്ടി ഒരു നാലഞ്ച് ദിവസത്തിനുള്ളില്‍ എന്‍റെ വാസസ്ഥലത്തെത്തും - കിഴക്ക് ഒരു മലയുടെ മേലാണ് - ഒരു ചെറിയ ആശ്രമം. ഒന്നുമില്ല; ഒരു കൊച്ചു കുടിലും പിന്നെ കൂട്ടിനായി ആ താഴ്വാരത്തെ കുറച്ചു ജീവികളും - മയില്‍, കുരങ്ങന്‍, കൊച്ചു പക്ഷികള്‍ എന്നിവ. അടുത്തൊരു നീര്‍ച്ചാലുണ്ട് - ഒരിക്കലും വറ്റാത്ത നീര്‍ച്ചാല്‍ - ഭഗവാന്‍റെ സ്നേഹം പോലെ നിര്‍മ്മലം, പവിത്രം. കൊല്ലത്തിലെ ബാക്കി കാലം അവിടെ കഴിച്ചു കൂട്ടും. ഇതിനിടെ യാത്രകള്‍ - ചിലപ്പോള്‍ ദൂര യാത്രകള്‍ - നടത്തും. കാശി, രാമേശ്വരം, തിരുപ്പതി, കാളീഘട്ട്, ബേലൂര്‍ മഠം, താരകേശ്വര്‍...ഇങ്ങനെ അമ്പലങ്ങളായ അമ്പലങ്ങളൊക്കെ കാണും.
"ആശ്രമത്തില്‍, മല കയറി ചിലര്‍ വര്‍ഷ കാലത്തു അഭയം തേടും - കാട്ടുവാസികളാണ്.
നമ്മെക്കാള്‍ ശുദ്ധര്‍; നുണ പറയാനറിയാത്തവര്‍.
"മനുഷ്യന്‍ എന്തിനാണ് ജന്മമെടുക്കുന്നത്? പുണ്യവും പാപവും പേറണം. നാമറിയാതെ ചെയ്യുന്ന ചില കര്‍മ്മങ്ങള്‍ പാപങ്ങളായി ഭവിക്കാറുണ്ട്. ഏറെ ദൂരം ചെല്ലുമ്പോള്‍ അവ പാപങ്ങള്‍ ആയിരുന്നു എന്ന തിരിച്ചറിവ് മതി; ആ പാപമകലും. ചെറുപ്പത്തിന്റെ തിളപ്പില്‍ മനുഷ്യന്‍ സ്വയം മറക്കും. എല്ലാം ശരിയാണെന്ന് തോന്നും. തിരിച്ചറിവെന്ന അവസ്ഥ വരണം. കാലം തെളിയിക്കാത്തതായി ഒന്നുമില്ല. സത്യമേ എന്നും ജയിക്കൂ; ഇത്തിരി വൈകിയാണെങ്കില്‍ കൂടി."
ഞാന്‍ എന്തെന്നില്ലാതെ വിയര്‍ത്തു. എനിക്ക് മുഴുവനും മനസ്സിലാവാത്തതാണോ? അദ്ദേഹം തുടരുകയാണ്:
"മനുഷ്യന്‍ എന്തിനായാണ് പരാക്രമം കാണിക്കുന്നത്? നാമെന്തിനാണ് സ്വാര്‍ത്ഥ മതികളായിപ്പോകുന്നത്? പ്രകൃതിയില്‍ വേണ്ടതെല്ലാം ആവശ്യത്തിനുണ്ട്. പിന്നെ, "എന്‍റെ മാത്രം" എന്ന ചിന്ത വന്നാല്‍ സഹജീവികള്‍ - ദുര്‍ബ്ബലര്‍ - എന്ത് ചെയ്യും? പ്രകൃതി എന്ന് വെച്ചാല്‍ മനുഷ്യന്‍ മാത്രമല്ല. പക്ഷിമൃഗാദികളും, വൃക്ഷലതാദികളും, പുല്ലും, പൂവും, പുഴുവും, ഉറുമ്പും, പാമ്പും, തേളും, എല്ലാമെല്ലാം അടങ്ങുന്നതാണ്. നമ്മെ സൃഷ്‌ടിച്ച ഈശ്വരന്‍ തന്നെയാണ് അവര്‍ക്കും ജന്മമേകിയത്. ഭയം തോന്നുമ്പോഴാണോ നാം ഈശ്വരനെ ഉപാസിക്കേണ്ടത്? എപ്പോഴും ഈശ്വര പ്രാര്‍ത്ഥന വേണം. അത് - പ്രാര്‍ത്ഥന - വെറും കാര്യ സാദ്ധ്യത്തിനായാവരുത്. ഭക്തി ഒരു നിഷ്ഠയായിരിക്കണം, കാട്ടിക്കൂട്ടലാവരുത്. ശരണം വിളികള്‍ മുഴങ്ങേണ്ടത് മനസ്സിനുള്ളില്ലാവണം; പുറത്തു ആള്‍ക്കാര്‍ കേള്‍ക്കാന്‍ വേണ്ടി ശരണം വിളിച്ചിട്ട് കാര്യമില്ല. മൌന പ്രാര്‍ത്ഥനയും ദൈവം കേള്‍ക്കും. നമ്മുടെ ജന്മം കൊണ്ടു ഒരു അര്‍ത്ഥമുണ്ടാകേണം. നാലാളറിയിച്ച് ഞാനും ധര്‍മ്മം കൊടുത്തു എന്ന് തെളിയിക്കുന്നതില്‍ അര്‍ത്ഥമില്ല."
ഞാന്‍ കേള്‍ക്കുന്നുണ്ട്. എന്നാലും മുഴുവനും മനസ്സിലാകുന്നില്ല. മേലെ ആകാശത്തില്‍ ഇടയ്ക്കിടയ്ക്ക് ചെറിയ മിന്നല്‍പ്പിണരുകള്‍. ഒരു തണുത്ത കാറ്റടിക്കാന്‍ തുടങ്ങി. ആലിലകള്‍ ഇളകി മറിയുന്നു. എന്‍റെ മുന്നില്‍ സ്വാമിയാര്‍ ഒരു ഹിമാലയമായി വളര്‍ന്നു.
"കുട്ടി എന്താ ആലോചിക്കുന്നത്? വന്നതും, കണ്ടതും, അബദ്ധമായി എന്നുണ്ടോ?" സ്വാമിയാര്‍ ചോദിച്ചു.
"ഏയ്, അങ്ങന്യൊന്നും ഇല്യാ, സ്വാമിയെ മനസ്സിലാക്കാന്‍ ഞാനിനിയും വലുതാവേണം എന്ന് തോന്നുന്നു"
"മതി, ഇത്ര മതി, ഇതു തന്നെയാണ് തിരിച്ചറിവ്" അദ്ദേഹം പറഞ്ഞു. "ഇതും കൂടി കേള്‍ക്കുക, എന്നിട്ട് വീട്ടില്‍ പൊയ്ക്കൊള്ളു."
"കുട്ടിയെപ്പോലെ, എനിക്കും നിറമാര്‍ന്ന ഒരു ബാല്യവും, കൌമാരവും, ഒക്കെ ഉണ്ടായിരുന്നു. പ്രണയമുണ്ടായിരുന്നു; സ്നേഹം പകര്‍ന്ന് തന്ന ഒരു കുഞ്ഞു പാവാടക്കാരിയുണ്ടായിരുന്നു എല്ലാമെല്ലാം വേണ്ടുവോളം..."
സ്വാമിയാര്‍ തുടര്‍ന്നു: "സ്നേഹം ദിവ്യമായ ഒരു ഔഷധമാണല്ലോ. കയ്പ്പും, ചവര്‍പ്പും, മധുരവും, നമുക്കാസ്വദിക്കാനാവണം. കേവലം, മധുരം മാത്രം പ്രതീക്ഷിക്കരുത്. പക്ഷെ, ഞാന്‍ നേരത്തെ പറഞ്ഞ പോലെ നാം ഇളം പ്രായത്തില്‍ അരുതാത്തതിലെയ്ക്കെടുത്തു ചാടും. അനുഭവസ്ഥര്‍ പറയുന്നതു ചെവിക്കൊള്ളില്ല..."
സ്വാമിയാര്‍ എന്താണ് പറഞ്ഞു വരുന്നതു? അദ്ദേഹം പ്രണയിച്ചിരുന്നോ? വിവാഹം കഴിച്ചിരുന്നോ? വിരക്തി തോന്നി സംന്യസിച്ചതാണോ? എങ്ങിനെ ചോദിക്കും.
പൊടുന്നനെ ആര്‍ത്തിരമ്പി മഴ വന്നു; ആടിയുലഞ്ഞൊരു കാറ്റും. ദീപസ്തംഭത്തിലെ തിരികള്‍ കെട്ടു.
"പൊയ്ക്കോളൂ, കുട്ടി പൊയ്ക്കോളൂ" സ്വാമിയാര്‍ പറഞ്ഞു.
"ഞാന്‍ നാളെ വരാം. അങ്ങെനിക്കു കുറെ ഉപദേശങ്ങള്‍ തന്നു."
"പൊയ്ക്കോളൂ, നന്നായി വരും."
കൂട്ടുകാരുടെയിടയില്‍ സ്വാമിയാരെക്കണ്ട വിവരം പറയാന്‍ കൊതിയായി. ആരും അടുത്ത് ചെല്ലാത്ത സ്വാമിയാരുടെ മനസ്സു കേട്ട ഞാന്‍ മതില്‍ക്കെട്ടും കടന്ന്, പടികളിറങ്ങി ഓടി.
നാളെ കേള്‍ക്കാന്‍ പോകുന്ന തത്ത്വോപദേശങ്ങള്‍, അനുഭവങ്ങള്‍, തീര്‍ത്ഥയാത്രാ വിവരണങ്ങള്‍ - ഞാന്‍ കോള്‍മയിര്‍ കൊണ്ടു. സാധാരണ ചെറു ബാല്യക്കാര്‍ ചെല്ലാന്‍ മടിക്കുന്നെടത്ത് ഞാന്‍ ഇറങ്ങി ചെന്നിരിക്കുന്നു. ഭീതിയോടെ കണ്ടിരുന്ന ഒരു വ്യക്തി, നിര്‍മ്മല സ്നേഹത്തിന്റെ ഉറവയാണെന്ന് കണ്ടെത്തി ഞാന്‍!
അയ്യപ്പന്‍ വിളക്ക് കഴിഞ്ഞിട്ടില്ല! 'പന്തീരായിരം' കഴിഞ്ഞിട്ടില്ല!! അയ്യപ്പന്‍മാര്‍ മകരവിളക്കിനായി കെട്ടു നിറച്ചു പോയിട്ടുമില്ല!!! ഇതെന്തു സംഭവിച്ചു? പതിവു തെറ്റിച്ചു സ്വാമിയാര്‍ യാത്രയായിരിക്കുന്നു!
മഞ്ഞും തണുപ്പും പോയ പോലെ! പ്രകൃതി പെട്ടെന്ന് മാറിയോ? സ്വാമിയാര്‍ പോയതിനാല്‍ പ്രകൃതിയും പരിഭവിച്ചുവോ?
ഞാനാണോ തെറ്റുകാരന്‍?
അടുത്ത മണ്ഡല കാലത്തിനായി ഞാന്‍ കാത്തിരുന്നു....!
മഞ്ഞും തണുപ്പും കുളിരും ഈറന്‍ കാറ്റുമായി പ്രകൃതി വീണ്ടും വന്നു...അദ്ദേഹം വന്നില്ല ..പിന്നീടൊരിക്കലും!
(സുരേഷ്) 16.01.09
"മനുഷ്യന്‍ എന്തിനായാണ് പരാക്രമം കാണിക്കുന്നത്? നാമെന്തിനാണ് സ്വാര്‍ത്ഥ മതികളായിപ്പോകുന്നത്? പ്രകൃതിയില്‍ വേണ്ടതെല്ലാം ആവശ്യത്തിനുണ്ട്. പിന്നെ, "എന്‍റെ മാത്രം" എന്ന ചിന്ത വന്നാല്‍ സഹജീവികള്‍ - ദുര്‍ബ്ബലര്‍ - എന്ത് ചെയ്യും? പ്രകൃതി എന്ന് വെച്ചാല്‍ മനുഷ്യന്‍ മാത്രമല്ല. പക്ഷിമൃഗാദികളും, വൃക്ഷലതാദികളും, പുല്ലും, പൂവും, പുഴുവും, ഉറുമ്പും, പാമ്പും, തേളും, എല്ലാമെല്ലാം അടങ്ങുന്നതാണ്. നമ്മെ സൃഷ്‌ടിച്ച ഈശ്വരന്‍ തന്നെയാണ് അവര്‍ക്കും ജന്മമേകിയത്. ഭയം തോന്നുമ്പോഴാണോ നാം ഈശ്വരനെ ഉപാസിക്കേണ്ടത്? എപ്പോഴും ഈശ്വര പ്രാര്‍ത്ഥന വേണം. അത് - പ്രാര്‍ത്ഥന - വെറും കാര്യ സാദ്ധ്യത്തിനായാവരുത്. ഭക്തി ഒരു നിഷ്ഠയായിരിക്കണം, കാട്ടിക്കൂട്ടലാവരുത്. ശരണം വിളികള്‍ മുഴങ്ങേണ്ടത് മനസ്സിനുള്ളില്ലാവണം; പുറത്തു ആള്‍ക്കാര്‍ കേള്‍ക്കാന്‍ വേണ്ടി ശരണം വിളിച്ചിട്ട് കാര്യമില്ല. മൌന പ്രാര്‍ത്ഥനയും ദൈവം കേള്‍ക്കും. നമ്മുടെ ജന്മം കൊണ്ടു ഒരു അര്‍ത്ഥമുണ്ടാകേണം. നാലാളറിയിച്ച് ഞാനും ധര്‍മ്മം കൊടുത്തു എന്ന് തെളിയിക്കുന്നതില്‍ അര്‍ത്ഥമില്ല."
ReplyDelete-----------------------------------------------
പൊടുന്നനെ ആര്‍ത്തിരമ്പി മഴ വന്നു; ആടിയുലഞ്ഞൊരു കാറ്റും. ദീപസ്തംഭത്തിലെ തിരികള്‍ കെട്ടു.....
-----------------------------------------------
എനിക്കും നിറമാര്‍ന്ന ഒരു ബാല്യവും, കൌമാരവും, ഒക്കെ ഉണ്ടായിരുന്നു. പ്രണയമുണ്ടായിരുന്നു; സ്നേഹം പകര്‍ന്ന് തന്ന ഒരു കുഞ്ഞു പാവാടക്കാരിയുണ്ടായിരുന്നു എല്ലാമെല്ലാം വേണ്ടുവോളം..."
നന്ദി മാഷെ ,ഏറെ ഇഷ്ട്ടപ്പെട്ടു.... നല്ലൊരു വായനയ്ക്ക് അവസരം തന്നതിന്...നന്ദി.
ശ്രീ മുള്ളൂക്കാരന്‍, നന്ദി. ഒരു നന്ദിയില്‍ ഒതുക്കാവുന്നതല്ല എന്‍റെ മറുപടി. താങ്കളുടെ ബ്ലോഗ് സൈറ്റ് http://indradhanuss.blogspot.com ഏറെ സഹായിച്ചു.
ReplyDeleteഒരു കുളിരും, തണുപ്പും, ഈറന്‍ കാറ്റും വന്നു നമ്മെ തൊട്ടു 'ഇതാ പ്രകൃതി മാറുന്നു' എന്ന് വിളിച്ചോതുമ്പോള്‍, സ്വാമിയാരുടെ പ്രത്യക്ഷപ്പെടല്‍
ReplyDeleteഅയ്യപ്പന്‍ വിളക്ക് കഴിഞ്ഞിട്ടില്ല! 'പന്തീരായിരം' കഴിഞ്ഞിട്ടില്ല!! അയ്യപ്പന്‍മാര്‍ മകരവിളക്കിനായി കെട്ടു നിറച്ചു പോയിട്ടുമില്ല!!! ഇതെന്തു സംഭവിച്ചു? പതിവു തെറ്റിച്ചു സ്വാമിയാര്‍ യാത്രയായിരിക്കുന്നു!
ഞാനും അടിവരയിടുന്നു നന്നായിട്ടുണ്ട്
അനുമോദനങ്ങൾ
വരവൂരാ, നന്ദിയുണ്ട്.
ReplyDeleteകുട്ടിക്കലത്തിലെക്കുള്ള തിരിഞ്ഞു നോട്ടമോ, അയവിറക്കലൊ. എന്തായാലും വളരെ നന്നായിരിക്കുന്നു.
ReplyDeleteആ കുട്ടി ഞാനാണോന്നു പോലും തോന്നിപോയി!
ഒരായിരം ആശംസകള്‍ .
ഇനിയും ഒരുപാടു പ്രതീക്ഷിക്കട്ടെ ......
സ്നേഹത്തോടെ
സതീഷ്
(vu2wsm)
സതീഷ്, ആശംസകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. സ്നേഹപൂര്‍വ്വം.. സുരേഷ്
ReplyDeleteഇതും നന്നായെഴുതിയിരിക്കുന്നു സുരേഷ്. ഓര്‍മ്മകളുടെ തിരകളിലെ ചില മുഖങ്ങള്‍. സ്വാമിയാരൊരു പക്ഷേ തിരിച്ചറിവിന്‍റെ മഹാ സത്യമായി മാറിയതാകും. തുടരുക. :)
ReplyDelete'ഓര്‍മ്മകളുടെ തിരകള്‍' എന്നെഴുതിയത് ഇനിയും ആ തിരപ്പുറത്ത് തോണിയിറക്കണമെന്നു പറയുന്ന പോലെ തോന്നി. സന്തോഷം. നന്ദി രേഖപ്പെടുത്തുന്നു.
ReplyDelete