Friday, March 20, 2009

ശങ്കുണ്ണിമാമ (അവസാന ഭാഗം)

പുറത്തു മഴ തകര്‍ക്കുകയാണ്. മുറ്റത്ത്‌ ആടിയുലയുന്ന തെച്ചിയും, മന്ദാരവും. ജനലില്‍ക്കൂടി പുറത്തേക്കു നോക്കിയപ്പോള്‍ പെരിണ്ടിരി അമ്പലത്തിലെ വിളക്ക് കാണാം...മണ്ഡപത്തില്‍ ആരോ തെളിയിച്ച ദീപസ്തംഭത്തില്‍. ഈ കാറ്റിലും അത് കെടാതെ കത്തുന്നു! ആലിലകള്‍ വിറച്ചു മാറി നില്‍ക്കുമ്പോള്‍ ഇടയ്ക്കു വിളക്ക് തെളിഞ്ഞു കാണാം...ഇടയ്ക്കു കാണാതാവും. മറ്റൊരാലില വടക്കേ മുറിയില്‍ കിടന്നു വിറയ്ക്കുകയാണ്. കഴിഞ്ഞ കൊല്ലം മഴക്കാലത്ത് ആരോ നാട് കടത്തിയ പൂച്ചക്കുട്ടിക്ക് വാതില്‍ തുറന്നു കൊടുത്തപ്പോള്‍ അതിന്‍റെ മുഖത്ത് കണ്ട അതേ ദൈന്യ ഭാവമാണോ ശങ്കുണ്ണി മാമയുടെ മുഖത്തും ഉമ്മറത്തേക്ക് കയറുമ്പോള്‍ തെളിഞ്ഞു കണ്ടത്? ആ പൂച്ചക്കുട്ടിയും ഒരനാഥനായിരുന്നു..എല്ലാവരും ഉണ്ടായിട്ടും അനാഥനായ ശങ്കുണ്ണി മാമയെപ്പോലെ. 


അമ്മമ്മ ഭസ്മം തൊട്ടു കൊടുത്തു; പിന്നെ ചൂട് കട്ടന്‍ കാപ്പിയും. കിടന്നു വിറയ്ക്കുകയാണ്. തുള്ളപ്പനി. 


"എന്താ പണിക്കരെ പറ്റീത്?", മുത്തച്ഛന്‍ അകത്തു കയറാതെ വാതില്‍ക്കല്‍ നിന്ന് ചോദിച്ചു. ശങ്കുണ്ണി മാമ ഒന്നും പറഞ്ഞില്ല. മറുപടിയായി ചുടുകണ്ണീര്‍ ഉന്തിയ കവിളെല്ലുകളിലൂടെ ഉരുണ്ട്‌ വീണു. 'ആരോരുമില്ലാത്ത ഞാന്‍...നന്ദിയുണ്ട്..' എന്ന് മന്ത്രിക്കയാണോ ആവോ? 


"കാലിന്‍റെ മുട്ടില്‍ റാന്തലിന്റെ കുപ്പിയാണ് തറച്ചിട്ടുള്ളത്; കാലിനടിയില്‍ മുള്ളും", അമ്മ പറഞ്ഞു. 


ഒരു വിറയലോടെ ശങ്കുണ്ണി മാമ പറഞ്ഞു, "ഓ...ഓ...പ്ലേ ന്‍റെ പണസ്സഞ്ചി". ഞങ്ങള്‍ നനഞ്ഞു കുതിര്‍ന്ന ഭാണ്ഡം പരിശോധിച്ചു. സഞ്ചിയുണ്ട്; കളഞ്ഞു പോയിട്ടില്ല. നൂറിന്‍റെ നാല് നോട്ടും കുറെ ചില്ലറയും. നോട്ട് നന്നായി നനഞ്ഞിട്ടുണ്ട്; അത് അമ്മ പാത്യമ്പുറത്ത് ഉണങ്ങാനിട്ടു. കഞ്ഞി കുടിച്ച് കഷായവും കഴിച്ച് ആള്‍ മയക്കത്തിലായി. പിന്നെ ഉറക്കത്തില്‍ പിച്ചും പേയും പറയുന്നത് കേട്ടു.


കാക്കകള്‍ അലസമായി കരയുന്നു. മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു. കൊമ്മ, തലയില്‍ മുണ്ടിട്ട്, ഒടഞ്ഞിയും പിടിച്ച് കയറി വരുന്നു. മുറ്റമടിക്കാനുള്ള പുറപ്പാടിലാണ്. അപ്പോഴാണ്‌ എനിക്ക് തലേ ദിവസത്തെ സംഭവം ഓര്‍മ്മ വന്നത്. ഞാന്‍ വടക്കേ അകത്തേക്കോടി; ശങ്കുണ്ണി മാമയില്ല! അമ്മയോട് ചോദിക്കാന്‍ വേണ്ടി അടുക്കളയിലേക്ക് നടന്നപ്പോള്‍, അഞ്ചാം പുരയിലിരുന്ന് ദോശ കഴിക്കുകയാണ് ശങ്കുണ്ണി മാമ. ഞാന്‍ ചോദിച്ചു, "ഈ പനിക്കണ ആളെന്തിനാ ദോശ കഴിക്കണത്, പൊട്യരിക്കഞ്ഞി കുടിച്ചാല്‍ പോരെ?".


അമ്മ പറഞ്ഞു, "പറഞ്ഞാല്‍ കേള്‍ക്കണ്ടെ. ഒക്കെ മാറീത്രേ! കൊടുക്കാതിരുന്നാ നമ്മക്കിഷ്ടല്യാണ്ട്യാന്നാ പറയാ. കഴിച്ചോട്ടെ".  


"എന്താ, പന്യൊക്കെ മാറ്യ്വൊ?", ഞാന്‍ ചോദിച്ചു. "പ...പ...ന്യൊന്നൂല്യ കുട്ട്യേ, മഴ കൊണ്ടതിന്റെ വിറയലാര്‍ന്നു." ശങ്കുണ്ണി മാമ തൊണ്ണ് കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാന്‍ അവസാനമായി ശങ്കുണ്ണി മാമയെ കണ്ടത് അന്നായിരിക്കണം.

XXXXXXXXXXXXXXXXXXXXX

ഞാന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അച്ഛന്‍റെ ജോലി സ്ഥലത്ത് എത്തി. അവിടെ പ്രൊഫഷണല്‍ കോഴ്സിനു ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങി.  


ഒരു ദിവസം നാട്ടില്‍ നിന്നും കത്ത് വന്നത് ശങ്കുണ്ണി മാമയുടെ മരണ വിവരം അറിയിച്ചായിരുന്നു. ഞാനോര്‍ത്തു - ആരും കരഞ്ഞിട്ടുണ്ടാവില്ല, അമ്മമ്മയും അമ്മയും ഒഴികെ. എനിക്കാകെ വിഷമമായി. 


വിശദമായി പിന്നീടറിഞ്ഞു ആ അനാഥ ജീവിതത്തിന്‍റെ അവസാന നാളുകള്‍:  
ഒരു ദിവസം രണ്ടു മൂന്നു പേര്‍ ശങ്കുണ്ണി മാമയെ താങ്ങിക്കൊണ്ട് വന്നു വീട്ടില്‍ കിടത്തി. ചന്തയില്‍ പപ്പടക്കാരന്റെ പീടികക്കോലായില്‍ പനിച്ചു വിറച്ചു ബോധമില്ലാതെ കിടക്കുന്നത് കണ്ട്‌, വേണ്ടപ്പെട്ടവരായി ഞങ്ങളുണ്ടെന്നു ആരൊക്കെയോ പറഞ്ഞു കൊടുത്തതനുസരിച്ചു കൊണ്ട് വന്നതാണ്. അമ്മ ആകെ പരിഭ്രാന്തിയിലായി. അമ്മമ്മ നിലവിളിയും കൂക്കുവിളിയുമായി. മുത്തച്ഛന്‍ ക്ഷോഭം ലേശവുമില്ലാതെ നോക്കി നിന്നു, എന്ത് ചെയ്യണമെന്നറിയാതെ. കാരണവരായ മൂത്ത അമ്മാവന്‍റെ അനുമതി തേടാതെ നിവൃത്തിയില്ല; കാരണം ശങ്കുണ്ണി മാമയുടെ കിടപ്പ് കണ്ടിട്ട് അത്ര പന്തിയല്ല എന്ന് തോന്നി. ഒരനാഥ ജീവന്‍ - എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ പോലീസും കോടതിയും.


ഒരനാഥ ജീവന് വിലയുണ്ടോ ഇല്ലയോ എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങള്‍...  


അമ്മമ്മ കൊണ്ടുവന്നവരോട് ആജ്ഞാപിച്ചു, "അതേയ്‌, എടുത്തു കൊണ്ടോവാ ഇവടുന്ന്! ഓന്‍റെ അച്ഛന്‍റെ വീട്ടില്‍‌ - മനയ്ക്കല് - കൊണ്ട് പോയി കിടത്തിക്കോ. ഇവടെ കേസിനും കൂട്ടത്തിനൊന്നും നടക്കാന്‍ ആളില്യ".  


അമ്മമ്മയുടെ ആജ്ഞാശക്തിക്ക് മുന്‍പില്‍ വഴിയൊന്നുമില്ലാതെ അവര്‍ ശങ്കുണ്ണി മാമയെ "അച്ഛന്‍റെ" വീട്ടിലേക്കെടുത്തു. (എനിക്ക് ചെറുപ്പം മുതല്‍ക്കു പിടി കിട്ടാത്ത ഒരു വലിയ ചോദ്യത്തിനുത്തരം കിട്ടി: അപ്പോള്‍ മനയ്ക്കലെ ഒരു നൊസ്സന്‍ നമ്പൂതിരിയുടെ നേരമ്പോക്കാണ് ശങ്കുണ്ണി മാമ!).  


പിന്നെ എല്ലാം കഴിഞ്ഞു. അയിത്തവും ശുദ്ധവും നോക്കി നടന്നിരുന്ന ഒരു തറവാടിന്റെ സന്തതി ഏതോ വഴിപോക്കരുടെ കയ്യില്‍ നിന്നും വെള്ളം മേടിച്ചിറക്കി 'അച്ഛന്‍റെ' വീട്ടിലെത്താതെ പകുതി വഴിയില്‍ വെച്ച് പരലോകം പൂകി. പിന്നെ ഞാന്‍ കത്ത് വായിച്ചില്ല.  


എന്‍റെ ശരീരം വിറയ്ക്കുകയായിരുന്നു. മനയ്ക്കലെ കുട്ടികള്‍ എന്‍റെ കൂട്ടുകാരായിരുന്നു. അന്നീ കഥയറിഞ്ഞിരുന്നെങ്കില്‍...? എങ്കില്‍? ഒരു കൌമാര പ്രായക്കാരനായ ഞാന്‍ എന്ത് ചെയ്യുമായിരുന്നു? അറിയില്ല ശങ്കുണ്ണി മാമേ. ആര്‍ക്കും വേണ്ടാതെ, ഒരു നാടോടിയായി അലഞ്ഞു തിരിഞ്ഞു അവസാനം വഴിയില്‍ വെച്ച് ജീവിതം തീര്‍ന്ന അങ്ങേയ്ക്ക് വേണ്ടി നിയമപരമായി എന്തെങ്കിലും ചെയ്യാന്‍ 'ചിത്തഭ്രമം' സംഭവിക്കാത്ത ഞങ്ങള്‍ക്കാര്‍ക്കും ഒന്നും കഴിഞ്ഞില്ല!  


ശങ്കുണ്ണി മാമേ, തൊണ്ണ് കാട്ടി ചിരിച്ച്‌, തോളില്‍ ഭാണ്ടവും പേറി, അറിയാത്ത, കേള്‍ക്കാത്ത നാട്ടിലെ വര്‍ത്തമാനങ്ങളുമായി എന്നിനി വരും? ഒരു ചിത്രം ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു - എന്‍റെ കൌമാര-യൌവനാരംഭത്തിലെ സ്മൃതികള്‍ അയവിറക്കാനായി......


സുരേഷ് (20.3.09)

7 comments:

  1. ശങ്കുണ്ണി മാമയുടെ ഓര്‍മ്മകള്‍...അവ അവസാനിക്കുന്നില്ല...എങ്കിലും കഥയവസാനിപ്പിക്കുന്നു.

    ReplyDelete
  2. സുരേഷ്,
    ശങ്കുണ്ണി മാമയുടെ കഥ തീര്‍ന്നത്(അന്ത്യം.അയിത്തവും ശുദ്ധവും നോക്കി നടന്നിരുന്ന സന്തതി ഏതോ വഴിപോക്കരുടെ കയ്യില്‍ നിന്നും വെള്ളം മേടിച്ചിറക്കി അന്ത്യ ശ്വാസം.)ശരിക്കും മനസ്സില്‍ തട്ടി. ഇതേ കഥാപാത്രങ്ങളേ ജീവിതത്തില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളതിനാലാകാം മനസ്സിലാക്കാന്‍ പ്രയാസമില്ലായിരുന്നു.
    ജീവിക്കാന്‍ മറന്നു പോയെന്നൊക്കെ തോന്നി പോകുന്ന ശങ്കുണ്ണിമാമയെപോലുള്ളവര്‍ ഇന്നും തോളില്‍ ഭാണ്ടവും പേറി, അറിയാത്ത, കേള്‍ക്കാത്ത നാട്ടിലെ വര്‍ത്തമാനങ്ങളുമായി എവിടെയൊക്കെയോ ജീവിച്ചിരിക്കുന്നു.
    താങ്കള്‍ ലളിതമായി അനുഭവം അനുഭവിപ്പിച്ചു.
    ഇനിയും എഴുതൂ. ആശംസകള്‍.:)

    ReplyDelete
  3. ആ ഒരു ശങ്കുണ്ണിമാമയുടെ കഥ തീര്‍ന്നെങ്കിലും, അതുപോലെ എനിയുമെത്രയോ ശങ്കുണ്ണിമാമമാരുണ്ട് നമ്മുടെ ചുറ്റും, ആര്‍ക്കൊക്കെയോ വേണ്ടി ജീവിച്ചു്, ഇപ്പോ ആര്‍ക്കും വേണ്ടാതായവര്‍.

    ReplyDelete
  4. hiiii
    valare nalla ezhuthu.....ithu pole ethra shankunnimaama maaru undaavum nammude naattil....climax was really touching....

    അയിത്തവും ശുദ്ധവും നോക്കി നടന്നിരുന്ന ഒരു തറവാടിന്റെ സന്തതി ഏതോ വഴിപോക്കരുടെ കയ്യില്‍ നിന്ന് വെള്ളം മേടിച്ചിറക്കി 'അച്ഛന്‍റെ' വീട്ടിലെത്താതെ പകുതി വഴിയില്‍ വെച്ച് പരലോകം പൂകി......


    serikkum kannu niranju..............

    valare nostaalgic aanu thaankalude post........

    ReplyDelete
  5. really touching...enikkum ingane oru kadhapaathrathe ariyaam.."thanka "ennaanu peru...

    ReplyDelete
  6. Painful end.:(
    kadha parachil gambheeram.:)

    ReplyDelete
  7. Venuji/Typist/Kalyanikkutty/Manjuthulli/Sukanya

    Thanks for your sincere comments.

    ReplyDelete