'എന്‍റെ വേണ്ടപ്പെട്ട കുട്ട്യല്ലേ ആ പോണത്', എന്ന് അമ്മമ്മ ഇടയ്ക്കൊക്കെ ഇടവഴിയില്‍ക്കൂടി നടന്നു പോകുന്ന ശങ്കുണ്ണിമാമയെ പറ്റി പറയാറുള്ളത് ഓര്‍മ്മയുണ്ട്. പണ്ട് - കൂട്ടുകുടുംബമായി താമസിക്കുന്ന കാലത്ത് - അമ്മമ്മയും മുത്തശ്ശിയും കൂട്ടരും ഒരു ഭാഗത്തും, കേശവന്‍ മാമയും ഭാര്യയും മക്കളും അനുജന്‍മാരും വേറൊരു ഭാഗത്തും ആയിരുന്നുവത്രേ. അതായത് - ഒരു അടുക്കളയില്‍ തന്നെ രണ്ടു വെപ്പ്.
(അന്ന് ഒന്നിനും ത്രാണിയില്ലാത്ത - ബുദ്ധി മുഴുവനായും വികസിക്കാത്ത - ശങ്കുണ്ണി മാമ, ഏട്ടന്‍ കേശവന്‍ മാമയുടെ തണലിലായിരുന്നു.)
ചുരുക്കി പറഞ്ഞാല്‍ ഒരു വീട്ടില്‍ രണ്ടു ഭാഗം പിരിഞ്ഞുള്ള ജീവിതം. പിന്നെ, മുത്തശ്ശിയും അമ്മമ്മയും മറ്റും കേശവന്‍മാമയ്ക്കും കുടുംബത്തിനും ആരുമല്ലാതായി. അമ്മയില്ലാത്ത കുട്ടികളെ - കേശവന്‍, ശങ്കുണ്ണി, രാഘവന്‍ - മുത്തശ്ശി ചെറുപ്പത്തില്‍ നോക്കി വളര്‍ത്തിയിട്ടുണ്ടെങ്കിലും.
ശങ്കുണ്ണി മാമയെപ്പറ്റി പറയുന്നതിന് മുന്‍പ്, ജ്യേഷ്ഠന്‍ കേശവന്‍ മാമയെക്കുറിച്ചു അല്‍പ്പം പറയട്ടെ:
എന്തിനും പോന്ന, ചങ്കൂറ്റമുള്ള, ഒരു സ്ത്രീയായിരുന്നു കേശവന്‍ മാമയുടെ ഭാര്യ. ആണുങ്ങളുടെ ശബ്ദം അവര്‍ക്ക് - ആ ചങ്കൂറ്റത്തിനു - ഒന്ന് കൂടി ഗാംഭീര്യം കൂട്ടി. റെയില്‍വേയില്‍ നല്ല ഒരു ഉദ്യോഗസ്ഥനായി കയറിയതാണ് കേശവന്‍ മാമ. സമ്പാദിച്ചു കൂട്ടിയതെല്ലാം ഭാര്യയുടെ പേരിലാക്കിയിരുന്നു. പെന്‍ഷന്‍ പറ്റി വരേണ്ട സമയമാകുമ്പോഴേക്കും ഭാര്യയും മക്കളും കൂടി ഒരു നല്ല ദിവസം നോക്കി തന്തയെ പുറത്താക്കി. കേശവന്‍ മാമക്ക് സ്വന്തം വീട്ടില്‍ കാലു കുത്താന്‍ വയ്യാതായി.
പിന്നെ, കേശവന്‍ മാമ, ജ്യേഷ്ഠന്‍ അപ്പു മാമയുടെ കൂടെ കുംഭകോണത്തും, വകയില്‍ ഒരു പെങ്ങളുടെ കൂടെ കുഴല്‍ മന്ദത്തും കഴിച്ചു കൂട്ടി. പിന്നീട്, ഭാര്യയും, മക്കളും സ്ഥലം വിറ്റ് നാട് വിട്ടതറിഞ്ഞപ്പോള്‍, കേശവന്‍ മാമ, അമ്പലങ്ങളുടെ നാടായ ഞങ്ങളുടെയവിടെ വീണ്ടും എത്തി. വിധി വൈപരീത്യം എന്ന് പറയാതെ വയ്യ, ഭാര്യ വിറ്റ - കേശവന്‍ മാമയുടെ സ്വന്തമായിരുന്ന പറമ്പില്‍ - (പറമ്പും വീടും മേടിച്ചത് പണ്ട് തേങ്ങ പറക്കി കൂട്ടാന്‍ വന്നിരുന്ന, തന്‍റെ ആശ്രിതനായിരുന്ന, സെയ്തലവി മാപ്പിള), മാപ്പിള പണിത ലോഡ്ജില്‍ ആയി ജീവിതം. ഒറ്റ മുറി. മൂത്രമൊഴിക്കണമെങ്കിലും മറ്റും വയസ്സ് കാലത്ത് താഴെ ഇറങ്ങി വരണം - വളഞ്ഞ മരക്കോണി വഴി. പീടിക മുറികളുടെ മേലെയാണ് ലോഡ്ജ്.
നേരം വെളുക്കുന്നതിനു മുന്‍പ്, ഒരു കാലത്ത് തന്‍റെ തന്നെയായിരുന്ന വിശാലമായ പറമ്പില്‍ വേണം പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍! പിന്നെ, കുളി, ഞങ്ങളുടെ തൊട്ടടുത്തുള്ള അമ്പലക്കുളത്തില്‍.
ദോശയുണ്ടാക്കുന്നതിനിടയില്‍, കെഴക്ക് പുറത്തെ ജനാലയില്‍ക്കൂടി പുറത്തേയ്ക്ക് കണ്ണോടിച്ച അമ്മയാണ് പറഞ്ഞത്, "ഇത് നോക്കൂന്നേ അമ്മേ, നമ്മടെ കേശവന്‍ മാമയല്ലേ ആ പോണത്?"
ദോശ കഴിക്കുകയായിരുന്ന അമ്മമ്മ, ഇരിക്കുന്ന പലക നീക്കി ചാടിയെണീ റ്റു. "കഷ്ടം, ചെക്കന്‍ പകുതിയായി", അമ്മമ്മ പറഞ്ഞു. (68 വയസ്സുള്ള ആളെയാണ് 'ചെക്കന്‍' എന്ന് പ്രായത്തില്‍ താഴെയായതിനാല്‍ അമ്മമ്മ വിളിക്കുന്നത്). കുറെ കാലമായി കാണാത്ത, കണ്ടാലും മുഖം തിരിഞ്ഞു നടന്നിരുന്ന പെങ്ങളും ആങ്ങളയും തമ്മിലുള്ള ബന്ധം പുതുക്കാന്‍ ഈ കുളി ഒരു നിമിത്തമായി എന്ന് പറയാം. അമ്മമ്മയുടെ കുളി കഴിഞ്ഞു വരുന്ന നേരത്തായിരിക്കും മിക്കവാറും കേശവന്‍ മാമ കുളിക്കാന്‍ പോകുന്നത്. വഴിവക്കിലെ കുശലം പറച്ചിലിന് ശേഷം, പിന്നെ കുളി കഴിഞ്ഞു വരുമ്പോള്‍ കേശവന്‍ മാമ വീട്ടില്‍ നിത്യ സന്ദര്‍ശകനായി.
രാവിലെ, ഞങ്ങള്‍ക്കൊക്കെ മുത്തച്ഛന്റെ ഊഴം കഴിഞ്ഞു കിട്ടാറുള്ള മൊരിഞ്ഞ ദോശ, കേശവന്‍ മാമയുടെ കഴിക്കലും കൂടി കഴിഞ്ഞേ കിട്ടൂ എന്നായി. അമ്മ, ഓരോരുത്തര്‍ക്കായാണ് ദോശ ഉണ്ടാക്കിത്തരിക.
എന്നും ഭസ്മവും, ചന്ദനവും തൊടാനെന്ന ഭാവത്തില്‍ ചായകുടിയുടെ സമയത്ത് കൃത്യമായി എത്തുന്ന കേശവന്‍ മാമയെ, ഞാനും അനിയത്തിയും ആരും കാണാതെ ഗോഷ്ഠി കാണിക്കും. അഞ്ചാം പുരയിലേക്ക് ദോശ കഴിക്കാന്‍ പോകുന്ന പോക്കില്‍ ഞങ്ങളോട്, "ഹാ, എന്താടാ", അല്ലെങ്കില്‍, "എങ്ങിനെയുണ്‍ടെടി പഠിപ്പ്", എന്ന് ചോദിക്കും. അത് വെറുമൊരു ഭംഗി വാക്കിനായിരുന്നു; ജാളൃതയൊളിപ്പിക്കാന്‍. പണ്ടത്തെ, പ്രതാപിയായ ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍, തന്‍റെ ഗതികേടിനെപ്പറ്റി ഓര്‍ത്തിരിക്കാം. പുതിയ തലമുറയുടെ മുന്‍പില്‍ ചെറുതായിപ്പോകുന്ന പോലെ തോന്നിയിരിക്കാം.
കുട്ടികളായ ഞങ്ങള്‍ക്ക്, പണ്ടത്തെ ബന്ധം പറഞ്ഞു വരുന്നതൊന്നും ദഹിച്ചില്ല. ഞങ്ങള്‍ക്ക് മൊരിഞ്ഞ ദോശ കിട്ടുന്നത് വൈകിപ്പോയി, കുറഞ്ഞു പോയി എന്നതായിരുന്നു വിഷയം.
ഞങ്ങളുടെ അമര്‍ഷം മൂത്തപ്പോള്‍, അമ്മമ്മ സ്വന്തം ദോശയുടെ പങ്ക് - കഴിക്കുന്ന പങ്ക് - കുറച്ചു. ആ പങ്കില്‍ നിന്നല്ലേ കേശവന്‍ മാമയ്ക്ക് കൊടുക്കുന്നതെന്ന് തെളിയിക്കാനാണാഗ്രഹിച്ചതെന്നു തോന്നുന്നു. "എന്‍റെ ദോശേടെ പങ്കാ ഓന് കൊടുക്കുന്നത്, അതോണ്ടാര്‍ക്കാ ചേതം?", അമ്മമ്മ പറയും. അപ്പോള്‍ അമ്മയ്ക്ക് ദേഷ്യം വരും, "ജാത്യാലുള്ളത് തൂത്താല്‍ പോകില്ല! ഈ വിശേഷം കൊണ്ടാണ് തറവാട് ഛിദ്രിച്ചു നാനാ വിധായത്." അമ്മ തുടര്‍ന്നു, "പണ്ട് കൂട്ടുകുടുംബായി കഴിയണ കാലത്ത് ചോറ് വാര്‍ക്കുമ്പോള്‍ ചിലര്‍ക്ക് വേണ്ടി വററ് ചാടി ച്ചിരുന്നതും, ചിലര്‍ക്ക് വെറും കഞ്ഞി വെള്ളം മാത്രം കൊടുത്തിരുന്നതും ഓര്‍മ്മല്യെ? പോര്മ തന്നെ, പോര്മ! അല്ലാ, അമ്മടെ ദോശ വേണോ പ്പോ കേശവന്‍ മാമക്ക് കൊടുക്കാന്‍?".
ഇതൊന്നും, കേശവന്‍ മാമ അറിയാതെ നടക്കുന്ന സംഭാഷണ ങ്ങളാണ്. എന്തായാലും, പ്രാതല്‍ കഴിച്ചു പോകുമ്പോള്‍, അമ്മയോടായി ഒരു ജാള്യതയോടെ പറയും, "കുട്ട്യേ, നീയിന്നു എനിക്ക് രാവിലത്തെ ചായടെ കാശ് ലാഭിച്ചു തന്നു".
അമ്മയുടെ കണ്ണ് നിറയും. എന്നിട്ട് കേശവന്‍ മാമ പോയിക്കഴിഞ്ഞാല്‍ പറയും, "നല്ലപ്പം കാലത്ത് എന്തൊക്കെ തന്നിരിക്കുന്നൂ! ഇതാണ്, 'ആക്കിച്ചമച്ചതും ഈശ്വരന്‍, ആക്കം കുറച്ചതും ഈശ്വരന്‍' എന്ന് പഴമക്കാര്‍ പറയുന്നത്.
കേശവന്‍ മാമ വീട്ടില്‍ അടുത്തപ്പോഴാണ്, എന്നും ദൂരെ നിന്ന് മാത്രം ഞാന്‍ കണ്ടിട്ടുള ശങ്കുണ്ണി മാമ വീട്ടില്‍ വരാന്‍ തുടങ്ങിയത്. ചെറുപ്പം തൊട്ടേ, അനിയന്‍ രാഘവന്‍ മാമയുടെ കൂടെ ആനക്കരയിലാണ് താമസം. അവിടെ പരമസുഖമാണ് എന്നാണു പറയുക.
"നല്ല തണ്ടും തടീള്ള ഒരുത്തനെ നീ ഇങ്ങനാക്കീലോ ന്‍റെ ഗുരുവായൂരപ്പാ!", എന്ന് അമ്മമ്മ, കാലിന്‍ മേല്‍ കാലും കയറ്റി വെച്ച് നിലത്തിരുന്നു വെറ്റില മുറുക്കുമ്പോള്‍ ഇടയ്ക്കു പറയുന്നത് കേള്‍ക്കാം. ('ഗുരുവായൂരപ്പാ' എന്ന് പറയുമ്പോഴേക്കും, കയറ്റി വെച്ച കാല്‍ താഴെ നിലത്തു ഇറക്കി വെച്ചിരിക്കും. ഈശ്വര നാമം ഉച്ചരിക്കുമ്പോള്‍, അമ്മമ്മ, കസേരയിലോ, കാലിന്‍ മേല്‍ കാല് കയറ്റി വെച്ചോ ഇരിക്കാറില്ല).
മനസ്സിലായില്ലേ, ശങ്കുണ്ണി മാമക്ക് എന്തോ ഒരു പൊട്ടത്തരമുണ്ട്; ബുദ്ധിക്ക് എന്തോ തകരാറുണ്ട്.
അമ്മമ്മ തുടര്‍ന്നു, "എന്നാല്‍ ഓന്റെ കാര്യത്തിനു ഇങ്ങനെ വല്ലതും ണ്ടോന്ന് തോന്ന്വോ? അനാഥ പെന്‍ഷന്‍ എണ്ണി വാങ്ങുമ്പോള്‍ ഓന്‍ ഇങ്ങനെ തകരാറുള്ള ഒരുത്തനാണെന്നു പറയ്വോ?ആ ശിപായി ചങ്കരന് കൃത്യായിട്ടല്ലേ ഓന്‍ രണ്ടു റു പ്യടെ കാശ് കൊടുക്ക്വാ?".
ഇങ്ങനെയൊക്കെ അമ്മമ്മ പറയുന്നത് ഞാന്‍ കേള്‍ക്കാറുണ്ട്.
"ആ ചെക്കനിരുന്നു പഠിക്കുന്നത് അമ്മ ല്യാണ്ടാക്കും" - എന്നെപ്പറ്റിയാണ് അമ്മ, അമ്മമ്മയോടു പറയുന്നത്.
"ഹേയ്! ഓനെന്തിനാപ്പോ ഇത് ശ്രദ്ധിക്കുന്നത്? പഠിക്കുന്നവര്‍ക്ക് ഇതൊന്നും ചെവീല് കേറില്യ" - അമ്മമ്മ മറുപടി പറയും.
ഞാന്‍, മുന്നില്‍ പുസ്തകം വെറുതെ തുറന്നു വെച്ച് സുഖമായി കേള്‍ക്കുന്ന ആ കഥ അങ്ങിനെ അവസാനിക്കും.
സുരേഷ് (6.3.09)
(തുടരും)
വീണ്ടും, ഒരു വട്ടം കൂടി ഓര്‍മ്മച്ചെപ്പ് തുറക്കയാണ്. എത്ര കാലം കഴിഞ്ഞാലും ഓര്‍മ്മ വറ്റാത്ത ആ പഴയ ഉമ്മറത്തെക്കും, കഥാ പാത്രങ്ങളിലെയ്ക്കും തിരിച്ചു പോകയാണ്. കുറച്ചു അധികം എഴുതാനുള്ളതിനാല്‍ 4-5 ഭാഗമായി പോസ്റ്റ് ചെയ്യേണ്ടി വരും. വായനയ്ക്ക് നന്ദി.
ReplyDeleteഓര്മ്മക്കുറിപ്പ് നന്നായിട്ടുണ്ട് മാഷേ... തുടരൂ
ReplyDeleteനന്ദി
ReplyDelete