Saturday, March 7, 2009

ശങ്കുണ്ണിമാമ (ഭാഗം രണ്ട്)

മിക്കവാറും സന്ധ്യ മയങ്ങുന്ന നേരത്തായിരിക്കും ശങ്കുണ്ണി മാമയുടെ വരവ്; അല്ലെങ്കില്‍ അതിരാവിലെ. രാവിലെ വരുന്നത് ഞങ്ങള്‍ക്കാര്‍ക്കും - പ്രത്യേകിച്ച് കുട്ടികള്‍ക്ക് - ഇഷ്ടമല്ല. അമ്മ ചോദിക്കുന്നത് കേള്‍ക്കാം, "ന്‍റെ ശങ്കുണ്ണി മാമേ, ആ കണ്ണിലെ ഒന്ന് കളഞ്ഞ് മുഖം കഴുകി പൊറപ്പെടാര്‍ന്നില്യെ?". ആ കണ്ണില്‍ ഉറഞ്ഞു കൂടിയ മഞ്ഞ പീളയാണ് വിഷയം. അതിരാവിലെ മച്ച് (പൂജാമുറി) അടിച്ച്‌ തുടച്ച് വിളക്കില്‍ തിരിയിടുന്ന അമ്മമ്മ - (അമ്മമ്മ വീട്ടില്‍ ചെയ്യുന്ന ഏക പണി) - രംഗപ്രവേശം ചെയ്യും."ആളുകളെക്കൊണ്ട് അതുമിതും പറയിക്കണാ ശങ്കുണ്യേ?."

സംസാരിക്കുമ്പോള്‍ കുറച്ചു വിക്കലുള്ള ശങ്കുണ്ണി മാമ പറയും, "ഇ...ഇ...ഇ.ല്യ ഓപ്ലെ, ഞാന്‍ അമ്മുട്ട്യേമ്മടോട്ന്നു നേരത്തെ എണീറ്റ്‌ നടക്കാന്‍ തൊടങ്ങീതാ." (ശങ്കുണ്ണി മാമ വഴിയായ വഴിയൊക്കെ നടന്നാണ് വരിക. ബസ്സില്‍ കയറാന്‍ അറിയില്ല; കയറി പരിചയമില്ല.) ശങ്കുണ്ണി മാമ, ഞങ്ങളാരും കാണാത്ത, കേള്‍ക്കാത്ത, ഏതോ നാടിനെപ്പറ്റിയും, വീട്ടുകാരെപ്പറ്റിയും ആണ് പറയുന്നത്. പക്ഷെ, അമ്മമ്മക്ക് ഓരോ പേരും, വീടും, നാടും അറിയാം. "നീയ്യപ്പോ ഒരു നാല് മണിയ്ക്കെങ്കിലും നടക്കാന്‍ തുടങ്ങിണ്ടാവും... എന്നാലേ ഈ നേരത്തിനിവിടെ എത്തൂ. വല്ല നായ്ക്കളും മണ്ട്യെത്താഞ്ഞത് ഭാഗ്യം!" 

അപ്പോള്‍, ശങ്കുണ്ണി മാമ, വലിയ വളഞ്ഞ കാലന്‍ കുട ഉയര്‍ത്തി പറയും, "ഓ...ഓ..പ്ലേ, കൊടല്യെ കയ്യില്, പി...പി..ന്നെന്താ?" അതിരാവിലെ ഈ നാടകം കണ്ട്‌ നുണത്തം കയറിയ മുത്തച്ഛന്‍, ശങ്കുണ്ണി മാമയെ കളിയാക്കി പറയും, "ആ അപ്പൊ പണിക്കര്‍ക്ക് കൊട, നായേത്തല്ലാനാ?". അമ്മമ്മ, പേരെടുത്ത് 'ശങ്കുണ്ണി' എന്നാണു വിളിക്കുന്നതെങ്കിലും, വളരെ വയസ്സിനു മൂത്ത മുത്തച്ഛന്‍ ആദരവോടെ, 'പണിക്കരെ' എന്നാണു വിളിക്കുക. കണ്ടാല്‍ ഒരു പ്രാകൃതനെപ്പോലെ തോന്നും ശങ്കുണ്ണി മാമ വരുന്ന വരവ് കണ്ടാല്‍. തോളില്‍ ഒരു ചെറിയ ഭാണ്ഡമുണ്‍ടാവും.

"ന്‍റെ ദൈവമേ, നെന്നെ കണ്ടാല്‍ വല്ലോരും... മണ്ണാന്‍റെ ഭാണ്ഡം പോലെണ്ടല്ലോ", അമ്മമ്മ ശങ്കുണ്ണി മാമയെ നോക്കി പറയും. അത് ഒട്ടൊക്കെ ശരിയായിരുന്നു താനും. ആ ഭാണ്ഡം 'വെളുത്തേടത്ത്' അലക്കാന്‍ കൊടുക്കാനുള്ളതാണ്. പെന്‍ഷന്‍ മേടിക്കാന്‍ ഇവിടെ, ഞങ്ങളുടെ നാട്ടില്‍, വരണം. അപ്പോള്‍ ഇവിടെ അലക്കാന്‍ കൊടുക്കും. (അലക്കിത്തേച്ചതേ ധരിക്കൂ, ആളിങ്ങനെയൊക്കെ ആണെങ്കിലും). പിന്നെ, അടുത്ത വരവിനെ അലക്കാന്‍ കൊടുത്തത് മേടിയ്ക്കൂ. ഷേവ് ചെയ്യാത്തതിനാല്‍ നല്ല മുറ്റി വളര്‍ന്ന മീശയും, താടിയും...അന്ന് ചെറുതായി മീശ മുളയ്ക്കാന്‍ തുടങ്ങിയിരുന്ന ഞാന്‍ മനസ്സില്‍ പറയും, "ഈ 'പിരി' ഇത്തിരി ലൂസുള്ള ആള്‍ക്ക് ദൈവം നല്ല മീശേം താടീം കൊടുത്തു. കോളേജില്‍ ചേര്‍ന്ന എനിക്ക് മാത്രം എന്താണ് ഇത്ര സമൃദ്ധമായി ഇല്ലാത്തത്?" - മനസ്സില്‍ ആദ്യമായി എനിയ്ക്ക് ശങ്കുണ്ണി മാമയോടു അസൂയ തോന്നി!

"പണിയ്ക്കാള് കൊടേം ഭാണ്ടോക്കേയായിട്ടു ഇങ്ങട്  കേറുന്നത് അട്യെന്‍ ആ തെങ്ങിന്‍റെ ചോട്ടിലിക്ക് അടിച്ചു കൂട്ടീട്ടു തിരിയുമ്പളാ കണ്ടത്‌; ആള് പേടിക്കാന്‍ ഇനി വല്ലതും വേണോ?" - മുറ്റമടിക്കുന്ന കൊമ്മ, ശങ്കുണ്ണി മാമയുടെ വരവിനെപ്പറ്റി പറയുകയാണ്‌.

(തുടരും) സുരേഷ് (12.3.09)

4 comments:

  1. തുടരട്ടേ...

    ReplyDelete
  2. തുടരുക.
    നിഷ്ക്കളങ്കരായ പഴയ മനുഷ്യരുടെ ചിത്രങ്ങളൊക്കെ മിഴിവുറ്റതാകുന്നു.
    കഴിഞ്ഞ കാല ഓര്‍മ്മകള്‍ പെയ്യട്ടെ.:)

    ReplyDelete
  3. പ്രിയപ്പെട്ട ശ്രീ, വായനയ്ക്ക് നന്ദി. ഞാന്‍ തുടരുന്നൂ..

    ReplyDelete
  4. വേണു മാഷേ, ആ ചിത്രങ്ങള്‍ കൂടുതല്‍ മിഴിവുറ്റതാക്കാന്‍ ഈ പ്രോത്സാഹനം ഏറെ സഹായിക്കും, തീര്‍ച്ച. നന്ദി.
    തുടരുന്നൂ...

    ReplyDelete