"കൊമ്മേ, നീയ്യ് നെന്‍റെ പണി നോക്ക്യാ... ഓനെപ്പോ ആരും അങ്ങനെ ശിക്ഷിക്കാന്‍ വരണ്ടാ... ബുദ്ധില്യാത്ത കുട്ട്യാച്ചിട്ട്... ന്‍റെ നാവേ, ന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ടാ", അമ്മമ്മയ്ക്ക് കലി കയറി വരികയാണ്.
ശങ്കുണ്ണി മാമയുടെ നേരെ തിരിഞ്ഞു പറഞ്ഞു, " നീ പോയി പല്ല് തേച്ച് കുളിച്ചിട്ട് വാ. എന്നിട്ട് വേഗം കാപ്പി കുടിച്ചോ". "ഓ...ഓ... പ്ലേ ഞാന്‍ ചായപ്പീട്യെന്നു കുടിച്ചിരി യ്ക്കുണൂ". ശങ്കുണ്ണി മാമ പറഞ്ഞു. ഞങ്ങള്‍ക്ക് പൊട്ടിച്ചിരിയ്ക്കാനുള്ള വകയാണത്.
"താനാര്യാ ഈ നേര്യാക്കാന്‍ പോണത്?". മുത്തച്ഛന്‍, അമ്മമ്മയോടാണ്. ദേഷ്യം വരുമ്പോള്‍ മാത്രമേ മുത്തച്ഛന്‍, ഇരുത്തി 'ഉണ്ണിമായെ' എന്ന് അമ്മമ്മയെ വിളിയ്ക്കൂ. അല്ലെങ്കില്‍, 'താനെ'ന്നോ, 'എവിടെ', 'നോക്കൂ', എന്നൊക്കെയോ വിളിക്കൂ.
ശങ്കുണ്ണി മാമ കുളിക്കാനുള്ള പുറപ്പാടിലാണ്. "നീന്താനറിയൂച്ചാ എനിക്കിത്ര പേടില്യാ. പെരിണ്ടിരി കൊളം കണ്ടപ്പനെ കൊണ്ടോയ സ്ഥലമാണ്." അമ്മമ്മ മുങ്ങി മരിച്ച കണ്ടപ്പനെപ്പറ്റിയാണ് പറയുന്നത്.
കുളക്കടവില്‍ അഴിച്ചു വെച്ച മുണ്ടിനും, അടുത്തിരിക്കുന്ന സോപ്പിനും, രാവിലെ തൊട്ട് വൈകുന്നേരം വരെ ഉടമസ്ഥനില്ല എന്ന് മനസ്സിലാക്കിയപ്പോഴാണ് നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങിയത്. പിറ്റേ ദിവസം ആനക്കടവിന്‍റെ അടുത്ത് - ആരും നീന്തി ചെല്ലാത്ത കൂപ്പിന്‍റെയടുത്തു കണ്ടപ്പന്‍ പൊന്തി. വെള്ളം കുടിച്ച് ചീര്‍ത്ത ശരീരം... ഒന്നേ നോക്കാനായുള്ളൂ പലര്‍ക്കും. രാത്രി നല്ലോണം പൂശീര്‍ന്നുവത്രേ. "നീന്താനറിയും ന്ന് പറഞ്ഞിട്ട് എന്താ കാര്യം...കളളകത്ത് ചെന്നാ പിന്നെ...." അമ്മമ്മ പറഞ്ഞു നിര്‍ത്തി.
{ കുളത്തിന്‍റെ പടവ് അവിടെയവിടെ പൊട്ടിയിട്ടുണ്ട്. എനിക്ക് കാണാപ്പാഠമാണ് കുളം. തെക്കെക്കടവിലാണ് ഇറങ്ങുന്നതെന്ന് വെച്ചാല്‍ എട്ടാമത്തെ വരിയില്‍ ഒരു വെണ്ണക്കല്ലുണ്ട്. വേനല്‍ക്കാലത്ത് മാത്രമേ അത് കാണാനാവൂ - വെള്ളം വറ്റിയാല്‍. അതില്‍ ചവിട്ടിക്കുതിച്ചാല്‍ ചക്കന്‍ തന്തയുടെ ഓടയില്‍ നിന്നും ഉളി പോകുന്ന പോലെ പോകും നമ്മള്‍ വെള്ളത്തില്‍. (നീണ്ട ഓടയുടെ കുഴല്‍ ഊതി ഉളി മത്സ്യത്തി ന്‍റെ ശിരസ്സില്‍ തന്നെ തറപ്പിച്ചു മീന്‍ പിടിക്കാന്‍ മിടുക്കനായിരുന്നു ചക്കന്‍ തന്ത - ഞാന്‍ ജീവനോടെ കണ്ട കുടുമ കെട്ടിയ ഒരേയൊരു മനുഷ്യന്‍). പന്ത്രണ്ടു വരി പടി കഴിഞ്ഞാല്‍ പിന്നെ ചളിയാണ്. ചവിട്ടിയാല്‍ കാല് വലിച്ചെടുക്കാന്‍ പ്രയാസം. മറ്റു കുട്ടികളുമായി വെള്ളത്തില്‍ 'തൊട്ടു കളി' കളിയ്ക്കുന്ന സമയത്ത് പിടി കൊടുക്കാതിരിക്കാന്‍ ആഴത്തില്‍ താഴുമ്പോള്‍ എന്‍റെ കാല് താഴ്ന്നിട്ടുണ്ട് ചളിയില്‍. അപ്പോഴൊക്കെ കണ്ടപ്പന്‍ മുങ്ങി മരിച്ചതാണ് ഓര്‍മ്മ വരിക. കേള്‍വി കേട്ട വെട്ടുകാരനായിരുന്നു കണ്ടപ്പന്‍. തെങ്ങും, മറ്റു ചില വൃക്ഷങ്ങളും ചിലപ്പോള്‍ മുറിക്കേണ്ടതായി വരും. ചുറ്റു പാടും നില്‍ക്കുന്ന മരങ്ങള്‍ക്കോ, വാഴകള്‍ക്കോ, വീടിനോ, ഒന്നും കേടു പറ്റാതെ നമ്മളെ അതിശയിപ്പിച്ചും കൊണ്ട് മുറിഞ്ഞു വീഴുന്ന മരത്തെ വരച്ച് വരയില്‍ വീഴ്ത്തിയിരിക്കും. }
"അപ്പൊ, മീനാക്ഷി ജോലിക്ക് പോയാല്‍ പിന്നെ ആരാ അവിടെ കാര്യം നോക്ക്വാ? രാഘവന്‍ എന്താ ചെയ്വാ?". ഓ, ആനക്കരയിലെ കാര്യമാണ് അമ്മമ്മ ചോദിക്കുന്നത്. ശങ്കുണ്ണി മാമ അനാഥ പെന്‍ഷന്‍ വാങ്ങുന്നുണ്ടെങ്കിലും, അനിയന്‍ രാഘവന്‍ മാമയുടെ കൂടെ ആനക്കരയിലാണ് താമസം.
(ഈ പെന്‍ഷന്‍ നാട്ടിലെ ഏതോ ഒരു പ്രമാണി വളരെ ബുദ്ധിമുട്ടി ശരിയാക്കി കൊടുത്തതാണ്. അനാഥനാണെന്ന് സ്ഥാപിക്കാന്‍ വളരെ കഷ്ടപ്പെട്ടു. അലക്കാന്‍ കൊടുക്കാനും, പെന്‍ഷന്‍ വാങ്ങാനും മാത്രമേ ഞങ്ങളുടെ നാട്ടിലെത്തൂ. പതിവ് തെറ്റി നാട്ടില്‍ വന്നിട്ടുണ്ടെങ്കില്‍ ഞങ്ങളുടെ വീട് വഴിയോ, പരിസരത്തോ വരാതെ വളഞ്ഞ വഴിയിലൂടെ മാറി നടക്കും. നാട്ടില്‍ വന്നിട്ടുണ്ടായിരുന്നു എന്നും, ഇങ്ങോട്ടൊന്നു തിരിഞ്ഞു നോക്കിയില്ല എന്നും അമ്മമ്മക്ക് മനസ്സിലാകുമ്പോള്‍, അമ്മമ്മ പറയുന്നത് കേള്‍ക്കാം, "ഇവന്യൊക്കെ സ്നേഹിക്കണതിനു പകരം ....ന്‍റെ നാവേ... ന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട!")
അമ്മമ്മയുടെ ചോദ്യത്തിനുത്തരമായി പറയും: "കൂ... കൂരാനും, കാരിക്കും വെള്ളം കൊടുത്താല്‍ ഓ..ഓ, പ്ലേ . ., പണി കഴിഞ്ഞു". ഓ, ആനക്കരയിലെ കാളകളാണത്.
"അപ്പൊ, നീയ്യാ വെള്ളം കൊടുക്ക്വാ?"
"അതെ ഓ...ഓ...പ്ലേ. നല്ല ക...കനണ്ടാവും. രണ്ടു രണ്ടര കി...കിലോ ന്‍റെ പരുത്തിക്കുരൂം, പി...പിണ്ണാക്കും കൊടുക്കണം രാവിലെ".
അമ്മമ്മ സഹതാപത്തോടെ പറയും, "അപ്പൊ ന്‍റെ കുട്ട്യേ, നീ ഈ വല്യേ ചെമ്പും പൊന്തിച്ചു നടക്കണ്ടേ?". പിന്നെ സ്വരം മാറ്റി ഈര്‍ഷ്യയോടെ എങ്ങോട്ടെന്നില്ലാതെ പറയും, "എ...ടാ..!", അത് രാഘവമ്മാമയോടാണ്, "ബുദ്ധില്യാത്തോനാച്ചിട്ട് ഇതിനെക്കൊണ്ട് ഈ പണിയൊക്കെ ചെയ്യിക്കരുത്. മിണ്ടാപ്രാണീനേം, ഇവന്യൊക്കെ ഉപദ്രവിക്കുന്നത് പാപാടാ, ദ്രോഹീ!".
കുടുംബം പണ്ടേ ഛിദ്രിച്ചു നിന്നതിനാല്‍ പത്തുമുപ്പതു കൊല്ലമായി - വിവരങ്ങള്‍ ഇടയ്ക്കറിയുന്നതൊഴിച്ചാല്‍ - അമ്മമ്മ ആനക്കരയിലെക്കോ, ആനക്കരയില്‍ നിന്നും ആരെങ്കിലും ഇങ്ങോട്ടോ - ശങ്കുണ്ണി മാമ ഒഴികെ - വന്നിട്ടോ കണ്ടിട്ടോ ഇല്ല.
രാഘവന്‍ മാമയെ, അമ്മമ്മ ചീത്ത വിളിച്ചത് രസിച്ചതിനാലാവാം, എരിതീയില്‍ എണ്ണ ഒഴിക്കാനായി ശങ്കുണ്ണി മാമ തുടര്‍ന്നു, "പി..പി..ന്നോപ്ലെ, അടയ്ക്ക വെയിലത്തിടാനുണ്ടാവും. ഉച്ചക്ക് ഗോപന്‍റെ കുട്ട്യോള്‍ക്ക് സ്കൂളില്‍ ചോറ് കൊണ്ട് കൊടുക്കണം. ഇത്രേള്ളൂ ന്‍റെ പണി". എന്തോ ഒരു ഭാരം ഇറക്കി വെച്ച പോലെ ശങ്കുണ്ണി മാമ പറഞ്ഞു നിര്‍ത്തി.
അമ്മമ്മയുടെ ആവേശം തണുത്തിരിക്കുന്നു. താണ സ്വരത്തില്‍ ചോദിച്ചു, "എത്ര ദൂരണ്ട് സ്കൂളിലേക്ക്?".
"ഒ...ഒരൊന്നൊന്നര നാഴികണ്ടാവും".
"അപ്പൊ, ഈ വെയിലത്ത് നീയ്യ് അങ്ങട്ടും ഇങ്ങട്ടും കൂടി മൂന്നു നാഴിക്യോളം നടക്കണ്ടേ എന്നും?".
"ശനീം, ഞായറും വേണ്ടല്ലോ..ഓ...ഓ...പ്ലേ...പിന്നെ മഴക്കാലത്ത് വെയിലൂണ്ടാവില്യ" - പാവം, ശങ്കുണ്ണി മാമ! ഒരു പരമാര്‍ത്ഥം പറഞ്ഞതാണ്. പക്ഷെ, അമ്മമ്മ ചൊടിച്ചു കൊണ്ട് പറഞ്ഞു, "നെന്നോടൊക്കെ വര്‍ത്താനം പറയാന്‍ വരണ, ന്നെ വേണം പറയാന്‍". അമ്മമ്മയുടെ രസച്ചരട് പൊട്ടും. അങ്ങനെ ആ സംഭാഷണം അവിടെ പെട്ടെന്നവസാനിക്കും.
മുറ്റത്തേക്ക്, മുറുക്കിയത് തുപ്പാനെന്ന ഭാവത്തില്‍ അമ്മമ്മ എണീറ്റ് പോകും. എന്നിട്ട്, ആരും കാണാതെ വേഷ്ടിയുടെ കോന്തല കൊണ്ട് കണ്ണീരൊപ്പുകയായിരിക്കും. മൂക്ക് ചീറ്റി, കിണ്ടിയില്‍ നിന്നും വെള്ളമെടുത്ത് കയ്യും വായും ശുദ്ധമാക്കി, കിഴക്കോട്ടു അമ്പലത്തിന്‍റെ നേരെ നോക്കി പറയും: "ഇതിന്‍റെ ഗതി എന്താണാവോ എന്‍റെ ഈശ്വരന്‍മാരെ? വയസ്സായീല്യെ ചെക്കന്? അറുപത്തെട്ടു കഴിഞ്ഞു. നല്ലപ്പം കാലത്ത് ഒരു കല്യാണം കഴിപ്പിച്ചാ മത്യാര്‍ന്നൂന്ന് തോന്ന്വാണ് ഇപ്പൊ. വല്ലോരേം നോക്കാഞ്ഞത് അബദ്ധായി. ഉം... ഇനിപ്പോ ന്താ പറഞ്ഞിട്ട് കാര്യം".
"അതിനാരാപ്പോ ഈ മൂപ്പര്‍ക്ക് പെണ്ണ് കൊടുക്ക്വാ?", പാടത്ത് ആടിനെ കെട്ടി വരുന്ന വരവാണ് മുത്തച്ഛന്‍.
അത് കേട്ട് അമ്മമ്മ കത്തിജ്ജ്വലിയ്ക്കും: "എന്താ.. ഓന്‍ മനുഷ്യനല്ലേ, അല്ലെ? നിങ്ങളാച്ചെലര്‍ക്ക് ദൈവം കണ്ണ് തന്നിട്ടുള്ളത് കണ്ണ് തൊറന്നു കാണാനല്ലേ? ഓനെ, ഓനൊരു മനുഷ്യന്‍ തന്ന്യാണ്".
പറഞ്ഞത് ഏറിപ്പോയോ എന്ന് കുറ്റബോധം തോന്നിയോ; മുത്തച്ഛന്‍, വിഷണ്ണനായി, സ്വരം താഴ്ത്തി പറഞ്ഞു, "ഞാന്‍ പറഞ്ഞൂന്നെള്ളൂ, സത്യം സത്യല്ലാതാവോ? പണിയ്ക്കര്‍ക്ക് ഇനി പണ്ടായിരുന്നെങ്കിലും ആരെങ്കിലും പെണ്ണ് കൊടുക്ക്വോ?".
ആ ശണ്ഠ, അവിടെ, അങ്ങിനെ തീരും - ആരും ജയിക്കാതെ, ആരും തോല്‍ക്കാതെ...
സുരേഷ് (14.3.09)
(തുടരും)
ശങ്കുണ്ണി മാമ ഒരു വല്ലാത്ത കഥാപാത്രമായിരുന്നു. മനസ്സില്‍ നൊമ്പരമുണര്‍ത്തുന്ന വേദനകള്‍. ഒപ്പം ഞാന്‍, എന്‍റെ വേണ്ടപ്പെട്ടവരുടെ കൂടെ വളരെ കൊല്ലങ്ങള്‍ക്കു പിന്നില്‍ സഞ്ചരിക്കുകയാണ്. ഞാന്‍ തുടരുകയാണ്. വായനയ്ക്ക് നന്ദി.
ReplyDelete