Thursday, June 25, 2009

പൊട്ടന്‍ വേലപ്പുവും ഭ്രാന്തത്തി കാളിയും

പൊട്ടന്‍ വേലപ്പു ശനിയാഴ്ചകള്‍ തോറുമാണ് ഞങ്ങളുടെ നാട്ടില്‍ വരിക. തോളില്‍ ഒരു വലിയ പൊക്കണം - അത് അരയ്ക്കു താഴെ വരെ നീണ്ടു കിടക്കും. മിക്കവാറും ഒരു നീല മുണ്ടായിരിക്കും ഉടുത്തിരിക്കുക - ശബരി മലയ്ക്ക് പോയി വന്നവര്‍ ദാനം ചെയ്തതായിരിക്കും. കുറുമ്പ് വിളിച്ചോതുന്ന കണ്ണുകള്‍. കീഴ്ത്താടി ഒട്ടുമില്ല, അതിനാല്‍ വായ ഏറെ താഴത്താണെന്ന് തോന്നും. കട്ട പിടിച്ചു കിടക്കുന്ന മുടി. നര വീണ താടി. "വേലപ്പൂന് കയിക്കാനെണ്ടെങ്ങിലും" (വേലപ്പൂന് കഴിക്കാനെന്തെങ്കിലും) - ഏതെങ്കിലും വീടിന്‍റെ പടി കയറുന്നതോടെ ഉറക്കെ വിളിച്ചോതും. കാലത്താണെങ്കില്‍ ചായയും പലഹാരവും; ഉച്ചയ്ക്ക് ഊണ്. പൈസയൊന്നും വേണ്ട.

കുട്ടികള്‍ക്ക് ചെറിയ കല്ലെടുത്തെറിഞ്ഞു പരിഹസിക്കാനും, വലിയവര്‍ക്ക് വില കുറഞ്ഞ ഫലിതം പറഞ്ഞു രസിക്കാനും ഉള്ള ഒരു പൊട്ടന്‍ കഥാപാത്രം. വാസ്തവത്തില്‍ എന്തായിരുന്നു വേലപ്പൂന്‍റെ പൊട്ടത്തരം? എനിക്ക് കണ്ടെത്താനായില്ല - ആ ഒരു ഇളിഭ്യന്‍ ചിരിയൊഴികെ! കണ്ണിറുക്കി എന്തോ നുണയുന്ന പോലെ ഒരു ചിരി.

വേലപ്പു പൊട്ടനാണെന്നും മറ്റും സ്ഥാപിച്ചെടുക്കാന്‍ തിടുക്കമുള്ളവര്‍ അവന്‍റെ അഭിമാനത്തെ ചോദ്യം ചെയ്യാന്‍ മിനക്കെട്ടാല്‍ മാത്രം വേലപ്പു സമ്മതിക്കാറില്ല. അത്തരം സന്ദര്‍ഭങ്ങള്‍ അവന്‍ പൊട്ടനല്ല എന്ന് എന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചു.

"എന്താ വേലപ്പ്വോ, നീയ്യ്‌ ഒരു കല്യാണോക്കെ കഴിച്ചിട്ട് വേണം എനിക്കൊരു കുട്ടിണ്ടായിക്കാണാന്‍". ആ വാചകത്തില്‍ പ്രതിധ്വനിക്കുന്ന വ്യംഗ്യം മനസ്സിലാക്കാനുള്ള ബുദ്ധി വേലപ്പൂനുണ്ടായിരുന്നു.

അവന്‍ തിരിച്ചടിച്ചു, ഒരല്‍പം ഈറയോടെ, "അങ്ങനെപ്പോ ങ്ങള് ന്‍റെ മംഗലം കയിഞ്ഞു ഉണ്ണിണ്ടായിക്കാണണ്ട. ങ്ങടെ ഉണ്ണി, ങ്ങടെ കെട്ട്യോളുടെ ബയറ്റി ണ്ടായാ മതി". കളിയാക്കിയ ആളുടെ മുഖമടച്ച് അവന്‍ കൊടുത്തു.

"ഫ, കടന്നു പോ ഇവിടന്നു".

വേലപ്പു പടിയിറങ്ങുമ്പോള്‍ തിരിഞ്ഞു നിന്ന് പറഞ്ഞു, "ങ്ങള് ബെടക്കാ".

മനുഷ്യ മനസ്സിന്‍റെ വികാര-വിചാര ധാരകള്‍ അവനില്‍ ഏറെ ഉണ്ടായിരുന്നിരിക്കണം; പക്ഷെ 'പൊട്ടന്‍' എന്നൊരു മുദ്ര പതിഞ്ഞതിനാല്‍ അവന്‍ ഒരു പൊട്ടനായി തന്നെ കഴിയാന്‍ വിധിക്കപ്പെട്ടു.

ഏറെ കോളിളക്കമുണ്ടാക്കിയായിരുന്നു മറ്റൊരു കഥാപാത്രത്തിന്‍റെ പ്രത്യക്ഷപ്പെടല്‍: പ്രാന്തത്തി കാളി. യൌവനം അതിന്‍റെ എല്ലാ സൌഭാഗ്യങ്ങളും തോട്ടനുഗ്രഹിച്ച ശരീരം. മുപ്പതില്‍ കൂടില്ല പ്രായം. ഇരു നിറം. നല്ല ശ്രീത്ത്വമുള്ള മുഖം. എന്തായിരുന്നു അവളുടെ ഭ്രാന്ത്? ഓരോ തലമുറയിലും ഒരാള്‍ അവിടെ ഭ്രാന്തനോ, ഭ്രാന്തത്തിയോ ആയി പിറക്കുമത്രേ. ഈ തലമുറയില്‍ കാളിക്കാണ് ആ ദുര്യോഗം. സാമാന്യബുദ്ധിയുള്ളവരിലും 'ഭ്രാന്ത്‌' അടിച്ചേല്‍പ്പിക്കുന്ന സമൂഹത്തിന്‍റെ കളിപ്പാട്ടമായി അവള്‍. വേലപ്പുവിന്റെ കാര്യം പറഞ്ഞ പോലെ, ഇവളിലും എനിക്കൊന്നും കണ്ടെത്താനായില്ല, ഒരു ചെമ്പരത്തിപ്പൂ സദാ ചൂടി നടക്കുന്നതൊഴിച്ചാല്‍! പക്ഷെ മഴക്കാലത്ത് തോട്ടില്‍ അവള്‍ കുളിക്കാനിറങ്ങും. നല്ല ആള്‍ സഞ്ചാരമുള്ള വഴിക്കിടയിലാണ് തോട്. അരുതാത്തത് കാണിച്ച്‌ ഒരു ശരീര പ്രദര്‍ശനം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെറ്റി. അവള്‍ മുഴുവന്‍ വേഷത്തോടെയും കൂടി മാറോളം വെള്ളത്തില്‍ അങ്ങനെ ഇരിക്കും: ആ ഇരിപ്പ് ചിലപ്പോള്‍ അതിരാവിലെ മുതല്‍ ഉച്ച തിരിയുന്നത് വരെ മിക്കവാറും കാണും. ചില മൂളിപ്പാട്ടും പാടി, സ്വയം അങ്ങിനെ രസിച്ചിരിക്കും. വീട്ടില്‍ നിന്നും ആരെങ്കിലും വന്നു അനുനയത്തില്‍ കൂട്ടിക്കൊണ്ടു പോകും, ചില ദിവസങ്ങളില്‍.


തന്‍റെ വീട്ടില്‍ സന്ധ്യ നേരത്ത് ആരോ സ്ഥിരയ്മായി പതിയിരിക്കുന്നു എന്നതായിരുന്നു കോളിളക്കത്തിന്റെ വിഷയം. ഓല കുത്തി മറച്ച കുളിമുറിയില്‍ കുളിക്കാന്‍ പോകുമ്പോള്‍, ആരൊക്കെയോ നോട്ടം വെക്കുന്നു. അവളുടെ തോന്നലാണോ? പരസ്യമായി തോട്ടില്‍ കുളിക്കുന്ന അവള്‍ക്കു, എന്താണിത്ര വിമ്മിഷ്ടം? നാട്ടുകാര്‍ - ചില ഏഷണിക്കാര്‍ - മൂക്കത്ത്‌ വിരല്‍ വെക്കും. "ഞാനേ, ആ പേരങ്ങട്‌ വിളിച്ചു പറയും, അറിയാത്തോരൊന്ന്വല്ല, ഈ നാട്ടിലെ ആള്‍ക്കാരെ ഞാന്‍. പെണ്ണും, പെടക്കോഴീം ആയിട്ട് കഴിയണോരാന്നു ഈ കാളി നോക്കില്യ. ഇനി കാണട്ടെ ഞാന്‍. കയ്യോടെ പിടിക്കും". അവള്‍ കത്തിജ്ജ്വലിക്കയാണ്.

"ഈ പെണ്ണിന് എളക്കം ത്തിരി കൂടുതലാന്ന തോന്നണേ. ഇവളെ നോക്കാന്‍ ആരാപ്പോ ഈ പോണത്?" ആള്‍ക്കൂട്ടത്തില്‍ ആരോ പറഞ്ഞു. അവള്‍ കേട്ടു.

"ആരാദ്‌ പറഞ്ഞത്? ഞാനും ഒരു പെണ്ണാ! ചെല നോട്ടോം, ഭാവോക്കെ എന്നെ ഒറ്റയ്ക്ക് കാണുമ്പോ നിങ്ങളാ ചെലര്... ഞാന്‍ പറയണോ?" പെട്ടെന്ന് പുരുഷാരം ഒഴിഞ്ഞു. അവരില്‍ ആരുടെയെങ്കിലും പേര് അവള്‍ പറഞ്ഞാല്‍? "കണ്ടില്യെ, ഒക്കെ ഓടിപ്പോയത്, പേടിത്തൂറികള്!".

ജനം ഒഴിഞ്ഞു, ഒരാളൊഴികെ - വേലപ്പു!

"ങ്ങ, വേലപ്പ്വേട്ടന്‍ ഇവടെ ണ്ടായിര്ന്ന്വോ?"

"ഇക്കാരേം പേടില്യ". അവന്‍ പറഞ്ഞു.

ഇനി പൊട്ടനെന്നും ഭ്രാന്തിയെന്നും മുദ്ര കുത്തിയവരുടെ ലോകം നാം കാണുന്നു. കാളി പെട്ടെന്ന് ലജ്ജാഭാരത്താല്‍ വിവശയായി. ഒരു നവ കാമുകന്‍റെ പരിവേഷം കൈ വന്നു വേലപ്പൂന്. ഇത്ര നേരം കത്തിജ്ജ്വലിച്ച കാളി നമ്രശിരസ്ക്കയായി. പൊക്കണവും, വടിയും താഴെയിട്ടു വേലപ്പു തെയ്യാറായി നിന്നു; എന്തിനും.

പൊട്ടനും, പ്രാന്തത്തിയും - അവരുടേതായ ഒരു ലോകം. പ്രേമമെന്ന ദിവ്യ വികാരം അവരിലും ഉടലെടുക്കാറില്ലേ? ഒരു പക്ഷെ വഞ്ചനയും ചതിയും കാണിക്കുന്ന സാധാരണ മനുഷ്യരേക്കാള്‍ ഉദാത്തമായിരുന്നിരിക്കണം അവരുടെ സ്നേഹം. കാളിയെ ആരോ ശല്യപ്പെടുത്തുന്നു എന്നത് വേലപ്പുവിനെ ഒരു പക്ഷെ ഉയര്‍ന്നു ചിന്തിയ്ക്കാന്‍ പ്രേരിപ്പിച്ചിരിയ്ക്കണം. സാമാന്യ ബുദ്ധിയുള്ളവര്‍ അവളെ ഇനിയും ശല്യപ്പെടുത്തുകയെ ഉള്ളൂ എന്നത് മനസ്സിലാക്കിക്കാണണം.

അവന്‍, അവളുടെ കൈ പിടിച്ചു. ഒരു മംഗള കര്‍മ്മത്തിന് സാക്ഷികളായി നിന്ന അദൃശ്യ ദേവി-ദേവന്മാര്‍ പുഷ്പ വൃഷ്ടി ചൊരിഞ്ഞിരിക്കണം. അവര്‍ നടന്നു...

ഞങ്ങളുടെ നാട്ടില്‍ നിന്നും രണ്ടു കഥാപാത്രങ്ങള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷരായി...

സുരേഷ് (21.Aug.09) http://shaivyam.blogspot.com

7 comments:

  1. Friends, I am proceeding on vacation...see you.

    I wish you all a very happy & pleasant time.

    Thank you.

    ReplyDelete
  2. മറ്റുള്ളവര്‍ കൊമാളിയാക്കിയ എത്രയോ നിഷ്കലന്കര്‍ നമുക്കിടയില്‍ ജീവിച്ചു മരിച്ചു...ഒരുപക്ഷെ അവരില്‍ ഒരാളാവം വേലുവും..

    ReplyDelete
  3. നന്നായിട്ടുണ്ട്...
    ആശംസകള്‍

    ReplyDelete
  4. കുട്ടികള്‍ക്ക് ചെറിയ കല്ലെടുത്തെറിഞ്ഞു പരിഹസിക്കാനും, വലിയവര്‍ക്ക് വില കുറഞ്ഞ ഫലിതം പറഞ്ഞു രസിക്കാനും ഉള്ള ഒരു പൊട്ടന്‍ കഥാപാത്രം

    കാണാറുണ്ട്‌ ഇങ്ങിനെ ചില പാവങ്ങളെ

    ReplyDelete
  5. a class one!
    continue your good work.
    best wishes.

    T P Joy

    ReplyDelete