വിചിത്രക്കാഴ്ചകള്‍
യാത്രയ്ക്ക് പുറപ്പെടും മുന്‍പ് സംഘത്തലവന്‍ ഒരു വട്ടം കൂടി ചോദിച്ചു: "എല്ലാവരും ഒരുക്കമല്ലേ? ആര്‍ക്കെങ്കിലും പിന്‍വാങ്ങണമെന്ന് തോന്നുകയാണെങ്കില്‍ ഇപ്പോള്‍ പറയാം". ആരും ഒന്നും പറഞ്ഞില്ല. എന്‍റെ മനസ്സ് സ്വസ്ഥമായിരുന്നില്ല, എന്തോ!
"വരുവിന്‍", ഒന്നാമന്‍ - ഞങ്ങളുടെ സംഘത്തലവന്‍ - വിളിച്ചു. ഇത് വരെ കടന്നു വന്ന വഴിയും മറ്റും മാറുന്നു. അപ്രതീക്ഷിതമായി പേമാരിയോ, കൊടുങ്കാറ്റോ, കാട്ടു തീയോ, വന്യ മൃഗങ്ങളുടെ ആക്രമണമോ ഉണ്ടായേക്കാം! ഒന്നാമന്‍ ഒന്ന് കൂടി അടിവരയിട്ടു പറഞ്ഞു. ഇതെല്ലം യാത്രയ്ക്ക് മുന്‍പ് പലവുരു കേട്ട് പഴകിയതാണ്. പക്ഷെ ഇപ്പോള്‍ കേള്‍ക്കുമ്പോള്‍...ഇല്ല പോകുക തന്നെ.
കൂട്ടത്തില്‍ പ്രായം ചെന്ന രണ്ടാമന്‍ സ്വകാര്യത്തില്‍ പറഞ്ഞു, "മനോവീര്യം കെടുത്താനാണോ, അതോ കൂടുതല്‍ പകര്‍ന്നു തരാ നാണൊ ഈ വാക്കുകള്‍ ഉപകരിക്കുക?"
"പറയുമ്പോള്‍ അതിന്‍റെ ഏറ്റവും കാഠിന്യത്തില്‍ പറയുക എന്നതത്രേ പ്രമാണം!" - മൂന്നാമന്‍ പറഞ്ഞു.
ഞങ്ങള്‍ ഇറക്കം ഇറങ്ങാന്‍ തുടങ്ങി.....ആ മലയുടെ പള്ള തുരന്ന് വന്ന ആ ഗുഹാമുഖത്തെയ്ക്ക് എത്താനായി രണ്ടു മണിക്കൂറില്‍ കൂടുതല്‍ എടുത്തിരിക്കണം.. പറഞ്ഞ പോലെ ഒന്നും സംഭവിച്ചില്ല; ഇടയ്ക്ക് ചെറിയ വന്യജീവികളെ കണ്ടതൊഴിച്ചാല്‍. അഞ്ചാമനായ ഈ ഞാന്‍ തിരിഞ്ഞു നോക്കി. അതൊരു നന്ദി പ്രകാശനമായിരുന്നോ?
അഞ്ച് ദിവസം മുന്‍പ് പട്ടണത്തില്‍ നിന്നും പുലര്‍ച്ചെ പുറപ്പെട്ട ഞങ്ങള്‍, ജീപ്പ് മാത്രം പോകുന്ന കുണ്ടും കുഴിയും നിറഞ്ഞ, അഗാധ ഗര്‍ത്തങ്ങള്‍ വഴി പാര്‍ക്കുന്ന ഹെയര്‍പിന്‍ വളവുകളും തിരിവുകളും നിറഞ്ഞ വഴി താണ്ടി സൂര്യാസ്തമനത്തിനു ശേഷമായിരിക്കണം അങ്ങേമലയുടെ താഴ്വാരത്തിലെത്തിയത്. വാച്ചും, സെല്‍ ഫോണും, വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചു. നല്ല ഒരു ടോര്‍ച്ചും, വടക്കുനോക്കി യന്ത്രവും ഞാന്‍ കരുതി വെച്ചിരുന്നു. ഇത്തരം യാത്രയ്ക്കിടയിലും ഇവ ഒഴിവാക്കപ്പെടെണ്ടതല്ല.പതിനഞ്ചു ദിവസത്തെ ഹോളിഡേയില്‍ ആയിരിക്കും ("untraceable") എന്ന് CEO യ്ക്ക് SMS മാത്രം അയച്ചു. വിശദീകരിക്കപ്പെടെണ്ടതല്ല ഇത്തരം കാര്യങ്ങള്‍.
അന്ന് - അഞ്ച് ദിവസം മുന്‍പ് - യാത്രക്ക് പുറപ്പെടുന്നതിനു മുന്‍പായി പ്രത്യേകിച്ച് ഒരുക്കങ്ങളൊന്നും ഇല്ലായിരുന്നു. ഏതോ പുരാതനമായ ഒരു ഗുഹ താണ്ടി ഒരു വലിയ മലയുടെ പള്ളയിലൂടെയുള്ള യാത്ര എന്ന് മാത്രമേ കരുതിയിരുന്നുള്ളൂ. ആ ഗുഹയില്‍ പ്രവേശിക്കുന്നതിന് മുന്‍പായി ഞാന്‍ പ്രതീക്ഷിച്ചതെന്തായിരുന്നു? കുനിഞ്ഞും നിരങ്ങിയും നൂഴുന്ന ഒരു യാത്ര? പുനര്‍ജ്ജനി നൂഴുന്ന വാര്‍ത്തകള്‍ ഉപബോധ മനസ്സില്‍ അത്തരം ഒരു ചിത്രം തീര്‍ത്തിരിക്കണം. എന്‍റെ സങ്കല്‍പ്പങ്ങളെല്ലാം വെറുതെ...
അകത്തു കടന്ന ഉടനെ ഇത്തിരി നേരം അന്ധകാരം തന്നെയായിരുന്നു. മിഴികള്‍ അടച്ചു തുറന്നു രണ്ടു മൂന്നു നിമിഷങ്ങള്‍ക്കകം മുന്‍പില്‍ കുത്തനെ ഇറങ്ങാനുള്ള വെണ്ണക്കല്‍ പടവുകള്‍. ഒന്നും ആലോചിക്കാനും ചോദിക്കാനും നേരമില്ല. മുന്‍പേ പോയവന്റെ പിറകെ നടക്കുക - അതായിരുന്നു നിയമം. ഒന്നാമന്‍ ബഹു ദൂരം എത്തിയിരിക്കണം. എന്‍റെ പ്രായക്കാരനും സിറ്റിയില്‍ ഒരു പ്രമുഖ ബാങ്കിന്റെ സീനിയര്‍ മേനെജരുമായ നാലാമന്‍ പറഞ്ഞു: നമുക്കിത്തിരി നേരം ഇരിക്കാം. കാറിലും ലിഫ്ടിലും മാത്രം സഞ്ചരിക്കുന്ന നമുക്ക് ഇത്തിരി നേരം പടികള്‍ ഇറങ്ങാനോ കയറാനോ വയ്യാതായിരിക്കുന്നു. കാടുകളും മേടുകളും താണ്ടി പാടവും പറമ്പും കയറിയിറങ്ങി കുളം കലക്കി കൂത്താടി നടന്നിരുന്ന ഒരു ബാല്യം...കൌമാരം...ഞാന്‍ കരച്ചിലിന്റെ വക്കത്തെത്തി. ഈ നേരം ഒന്നും ഓര്‍മ്മിപ്പിക്കല്ലേ..മനസ്സ് തളരാന്‍ പാടില്ല..തളര്‍ച്ചയല്ലെടോ, കരുത്തു പകരും ആ ഓര്‍മ്മകള്‍...
ആ ഗുഹാന്തരീക്ഷത്തെപ്പറ്റി.... പടവുകള്‍ ഇറങ്ങിയതിനു ശേഷം വൃത്താകൃതിയില്‍ മിനുസമുള്ള കല്ലുകള്‍ പാകിയ ഒരു മണ്ഡപം. അവിടെത്തന്നെ ഇരുന്നു. കിടന്നു എന്ന് പറയുകയാവും ശരി. ഇറങ്ങി വന്ന പടവുകള്‍..എണ്ണാന്‍ കഴിയുന്നില്ല..ഗുഹ എന്നൊക്കെ പറഞ്ഞപ്പോള്‍ എന്‍റെ ഒരു സങ്കല്പം ...അത് പാടെ തകര്‍ന്നു. ഇതേതോ ഭൂമിക്കടിയിലെ കൊട്ടാരം തന്നെ. മണ്ഡപം ഭംഗിയായി ഒരുക്കി വച്ചിരിക്കുന്നു. പ്രഭയേറിയ ദീപങ്ങള്‍... സ്വര്‍ണ്ണവും കാവിയും കലര്‍ന്ന ഒരു തരം വെളിച്ചം. ഇവിടെ ഇങ്ങനെ എത്ര നേരം?
എപ്പോഴോ വീണ്ടും നടക്കാന്‍ തുടങ്ങി, യാന്ത്രികമായി. നടത്തം തുടര്‍ന്ന് ഒരു പൊയ്കയ്ക്ക് മുന്നിലൂടെ കടന്നു പോകയാണ്. കുട്ടിക്കാലത്ത് അമ്പലക്കുളത്തിന് അരികില്‍ കൂടി പോകുമ്പോള്‍ കുളക്കടവിലേക്ക് - പ്രത്യേകിച്ചും സ്ത്രീകളുടെ കടവിലേക്ക് - നോക്കരുതെന്ന ഒരു അലിഖിത നിയമം ഉണ്ടായിരുന്നു. ഇന്ന് ഈ പൊയ്കയിലേക്ക് കണ്ണുകള്‍ അറിയാതെ ചെല്ലുമ്പോള്‍.. അപ്സരസ്സുകള്‍ ആണോ? വേണ്ട - നാലാമന്‍ പറഞ്ഞു, പ്രായം കഴിഞ്ഞു പോയിരിക്കുന്നു. എടൊ, ജോണ്‍ കീട്സ് (John Keats) പറഞ്ഞതെന്താണ് - A thing of beauty is a joy for ever. സ്ത്രീകള്‍ മാത്രമേ ഉള്ളൂ. ബീച്ചുകളിലെ കുളി പോലെ ബിക്കിനിയും മറ്റുമല്ല - ഒരു പടി കൂടി മുന്നോട്ടു - നഗ്നരായിത്തന്നെ, നനഞ്ഞ ഒറ്റ മുണ്ടില്‍ പൊതിഞ്ഞ അരയ്ക്കു കീഴ്ഭാഗം! എന്നാല്‍ അവര്‍ ഒട്ടും ബോധവതികള്ളല്ല തങ്ങളുടെ ചുറ്റു പാടുകളെപ്പറ്റി എന്ന് തീര്‍ത്തും ഞങ്ങള്‍ക്ക് ബോധ്യമായി.
നാം മാത്രമായിരുന്നു ഈ യാത്രയില്‍ എങ്കില്‍, ഇവിടെ ഒരു ആശ്രമമോ, പര്‍ണ്ണശാലയോ പണിതു....മതി...നിര്‍ത്തൂ ഞാന്‍ പറഞ്ഞു. നമുക്കൊരു ലക്‌ഷ്യം: അത് ഈ ഗുഹയ്ക്ക് അപ്പുറമെത്തുക. നടത്തം തുടര്‍ന്ന് ഞങ്ങള്‍ ഒരു തളത്തിലെത്തി. സ്വര്‍ണ്ണവും കാവിയും കലര്‍ന്ന വെളിച്ചം നിറഞ്ഞ ഒരു വലിയ മുറി. ഒരു താലത്തില്‍ പാനീയങ്ങളും പഴവര്‍ഗ്ഗങ്ങളും. നാല് മൂലയിലും ജീവനുണ്ടെന്നു തോന്നുന്ന പീലി വിടര്‍ത്തി നില്‍ക്കുന്ന മയിലുകള്‍. ചുമരുകളില്‍ മഹാ കാവ്യങ്ങള്‍ ഉറങ്ങുന്ന ചിത്രങ്ങള്‍..അവ ഒരു വലിയ കഥ പറയുകയാണ്. എന്നാല്‍ അതിലെ കഥാപാത്രങ്ങള്‍ക്കൊക്കെ -മനുഷ്യരൂപങ്ങള്‍ക്ക് പ്രത്യേകിച്ച് - ദിവ്യത്വം ചാര്‍ത്തിക്കൊടുത്ത പോലെ. പൊയ്കയില്‍ കണ്ടവര്‍ ഒരു ദൂരക്കാഴ്ചയായിരുന്നു. യാത്രയ്ക്കിടയില്‍, ഞങ്ങളുടെ മുന്‍പേ പോയ മൂന്നു പേരും, ഞങ്ങള്‍ രണ്ടു പേരും ഒഴിച്ചാല്‍ ഇത് വരെയും ഒരു ജീവനുള്ള വസ്തുവിനെ കണ്ടിട്ടില്ല തൊട്ടു മുന്‍പില്‍. പൊയ്കയിലെ കാഴ്ച ഒരു മായയായിരുന്നോ? ആള്‍പ്പെരുമാറ്റം ഉള്ളതായി തോന്നുന്നില്ല. എന്നാല്‍ ആര് കൊണ്ട് വെച്ചു ഇതെല്ലം? നോക്കൂ, ആ മയിലിന്റെ കണ്ണുകള്‍ അനങ്ങിയത് കണ്ടോ? ഇല്ല - ഞാന്‍ നാലാമാനോട് പറഞ്ഞു. തനിക്കു തോന്നിയതാകും എന്ന് പറയാന്‍ തുടങ്ങിയ ഞാനും കണ്ടു ആ കണ്ണുകള്‍ ഇളകി മിന്നിയത്!
പക്ഷെ, ഞാനിപ്പോള്‍ നാല് മയിലുകലെയല്ല കാണുന്നത്! നാല് തരുണീ രത്നങ്ങളെ! ബ്രഹ്മാവ് തീര്‍ത്ത നാല് വെണ്ണക്കല്‍ പ്രതിമകള്‍! അല്ല, ജീവനുള്ള നാല് അതി സുന്ദരികളായ പെണ്‍കിടാങ്ങള്‍!! ഞാനൊരു കവിയായിരുന്നെങ്കില്‍ വര്‍ണ്ണിക്കാമായിരുന്നു ഈ കാഴ്ച്ചയെ! നാലാമന്‍ എഴുന്നേറ്റു നില്‍ക്കയാണ്! അയാള്‍ അര്‍ദ്ധബോധാവസ്ഥയിലാണെന്ന് എനിക്ക് തോന്നി. ഞാന്‍ പിടിച്ചു നിര്‍ത്തിയില്ലായിരുന്നെങ്കില്‍ അയാള്‍, ആ കന്യകമാരില്‍ - സൌന്ദര്യത്തിന്റെ കാര്യത്തില്‍ തമ്മില്‍ താരതമ്യം ചെയ്യാന്‍ അസാധ്യമാണെന്നിരിക്കിലും - ഏറ്റവും സൌന്ദര്യമുള്ള വലതു വശത്ത് നില്‍ക്കുന്നവളെ പുണര്‍ന്നേനെ! എന്നാല്‍ അവര്‍ പ്രതിമകള്‍ തന്നെയാണോ എന്ന് വീണ്ടും തോന്നിപ്പോയി - ഒരു അനക്കമോ ഇമ വെട്ടലോ പോലും കാണായ്കയാല്‍. ഞങ്ങള്‍ രണ്ടു പേര്‍ മുന്നിലുണ്ടെന്നത് തന്നെ അവര്‍ അറിയുന്നതില്ല, പ്രതിമകള്‍ തന്നെ എന്ന് തീര്‍ച്ചപ്പെടുത്തുകയായിരുന്നു ...അപ്പോഴാണ് അവളുടെ തന്നെ - ആ വലതു വശത്ത് നില്‍ക്കുന്ന കന്യകയുടെ - മാറിലെ പട്ടുചേല താഴെക്കൂര്‍ന്നു വീണത്! ദേവ, ദേവ! ഭൂമിയില്‍ ഇങ്ങനെയൊരു സൌന്ദര്യമോ! ഇത് ഭൂലോകമല്ല തന്നെ എന്ന് പറയേണ്ടിയിരിക്കുന്നു. പരിമിതമായ അലങ്കാര പ്രയോഗങ്ങള്‍ക്കിവിടെ സ്ഥാനമില്ല. ആ പട്ടുചേല എടുക്കാനായി അവള്‍ ഇപ്പോള്‍ കുനിയുമല്ലോ എന്നത് വെറുതെ ഒരു ആഗ്രഹം മാത്രമായി! അപ്പോള്‍ ജീവനുണ്ടോ ഇല്ലയോ? ആ മിഴികള്‍ അനങ്ങുന്നില്ല! ഞങ്ങള്‍ക്ക് നിന്നിടത്തു നിന്ന് അനങ്ങാന്‍ കഴിയാത്ത ഒരവസ്ഥ - അതനുഭവിച്ചറിയുക തന്നെ വേണം. പിന്നെ ഞങ്ങള്‍ പ്രതിമകളായി. ഞങ്ങളെ അവര്‍ നാല് പേര്‍ തൊട്ടു നോക്കുന്നതും, ഏതോ ഒരു പരിശോധന വസ്തു എന്ന പോലെ തുറിച്ചു നോക്കുന്നതും കണ്ടു. അവരുടെ ആ നോട്ടം, മുന്‍പ് കണ്ട തരുണീ മണികളുടെ കണ്ണുകളില്‍ നിന്നും വ്യത്യസ്തമായി ചോരയൂറ്റിക്കുടിക്കുന്ന യക്ഷികളുടെ കണ്ണുകളില്‍ നിന്നും വരുന്നതാണെന്ന ഒരു തോന്നല്‍ ഭീതി പടര്‍ത്തി. എത്ര നേരം ആ നിന്ന നില്‍പ്പില്‍ ഞങ്ങള്‍ നിന്നു എന്നറിയില്ല.
ഒന്നാമന്‍ വന്നു ഞങ്ങളെ കുലുക്കി ഉണര്‍ത്തുമ്പോള്‍ ഞങ്ങള്‍ ആ ഒറ്റ നില്‍പ്പില്‍ത്തന്നെയായിരുന്നു എന്ന തിരിച്ചറിവും ഉണ്ടായി. അവിടെ മയിലുകളോ, തരുണീമണികളോ, ദീപ പ്രഭയോ, ഒന്നും കണ്ടില്ല. ഞങ്ങളുടെ അമ്പരപ്പ് ഒന്നാമന്‍ കണ്ടില്ലെന്ന മട്ടില്‍ വേഗം നടക്കാന്‍ പറഞ്ഞു.
നടക്കുന്നതിനിടയില്‍ ഇടതു വശത്തായി ഒരു വലിയ കതകിന്‍റെ അത്രയും പോന്ന പ്രകൃതി ഭംഗി ചാലിച്ചെടുത്ത ഒരു ചിത്രം കണ്ടു. പച്ചപ്പ് മാത്രം ..കൊച്ചു കുന്നുകളും മേടുകളും...നോക്കെത്താത്ത അത്രയും ദൂരം...കണ്ടാസ്വദിക്കുന്ന നേരം ഏതോ ഒരു ജീവി അകലെക്കൂടി കടന്നു പോയപ്പോഴാണ് അത് ചിത്രമല്ലെന്നും ചില്ല് വെച്ച ഒരു വാതിലാണെന്നും തിരിച്ചറിഞ്ഞത്. നമ്മുടെ വിശ്രമം ഇന്നവിടെയാകട്ടെ, ഒന്നാമന്‍ പറഞ്ഞു; ഒപ്പം ആ കതകു തുറക്കലും കഴിഞ്ഞു. ആഹാ! പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭൂതി. ശുദ്ധ വായു..ഒരായിരം പനിനീര്‍ പൂക്കള്‍ അവിടമാകെ ചാലിച്ച് കുടഞ്ഞ പോലെ...തണുത്ത അന്തരീക്ഷം...ഞാന്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ കുന്നുകളും മേടുകളും താണ്ടി ഓടി നടന്നു. ഞങ്ങള്‍ പുറത്തു കടന്ന കതകിനു ഒരു നൂറു വാര അകലെയായി കറുത്ത ഒരു പ്രതിമ കണ്ടു. ഗംഭീരനായ ഒരു യോദ്ധാവിന്റെ. വാളും പരിചയും ഏന്തി, തികഞ്ഞ പ്രൌഡിയോടെ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പ്രതിമ. ജീവനുള്ള മനുഷ്യനെ ഏതോ മഹര്‍ഷിമാര്‍ അപ്പോള്‍ ശപിച്ചു പ്രതിമയാക്കിയതാണെന്ന നിഗമനമായിരുന്നു എന്‍റെയുള്ളില്‍.
സന്ധ്യയാകാന്‍ ഇനി അധിക നേരമില്ല. രാത്രി വിശ്രമിക്കാനായി താവളങ്ങളൊന്നും അവിടെ കണ്ടില്ല. ആകാശത്ത് കുംകുമ നിറം. തണുപ്പ് കൂടി വരുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു തരം നിര്‍വൃതി. അകലെ, വളരെയകലെ വെള്ളം മാത്രം; നോക്കെത്താത്ത ദൂരത്തോളം കണ്ണാടിത്തിളക്കം. ആകാശവും ആ തിളക്കവും കൂടിച്ചേര്‍ന്നു നില്‍ക്കുന്നു. ഞാന്‍ ഒരു കൊച്ചു കുന്നിന്‍റെ മുകളില്‍ നിന്നാ കാഴ്ച എന്‍റെ ഹൃദയത്തില്‍ കോരി നിറയ്ക്കുകയായിരുന്നു...അപ്പോഴാണ് ഭൂമിക്കടിയില്‍ നിന്നും പാറ്റകള്‍ പൊടിഞ്ഞു വരുന്ന പോലെ കുറച്ചകലെയായി വരിവരിയായി കുന്നുകയറി വരുന്ന ആ വിചിത്ര ജീവികളെ കണ്ടത്. എന്‍റെ കൂട്ടത്തിലെ ആരെയും കാണാനില്ല. നിലവിളിക്കാനായി ശബ്ദം പൊങ്ങുന്നില്ല. ഉടനടി ഒളിക്കണം. തൊട്ടടുത്ത ഒരു പേരറിയാ മരത്തിന്‍റെ പിറകില്‍ നിന്നു. ഈശ്വര! കാഴ്ചയില്‍ കുട്ടിക്കുതിരകളെപ്പോലെ....പക്ഷെ മുതുകില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന രണ്ടു ചിറകുകള്‍ പോലെയുള്ളവ നടത്തത്തില്‍ രണ്ടു വശത്തേക്കും ചലിപ്പിക്കുന്നുണ്ടവ.
(തുടരും)
സുരേഷ് (26Feb2010)
http://shaivyam.blogspot.com
വായിച്ചു നോക്കൂ എന്ന് പറയാനുള്ള ധൈര്യം പോര
ReplyDeleteവായിച്ചു നോക്കൂ എന്നു ധൈര്യമായി പറഞ്ഞോള്ളൂ.
ReplyDeleteThank you, dear friend.
ReplyDeletefantastic one!
ReplyDeletewarm regards
joy eac