Thursday, February 26, 2009

ശങ്കുണ്ണിമാമ

ശങ്കുണ്ണിമാമയെ ഞാനെന്നു തൊട്ടാണ് കാണാന്‍ തുടങ്ങിയതെന്നെനിക്കോര്‍മ്മയില്ല .  

'എന്‍റെ വേണ്ടപ്പെട്ട കുട്ട്യല്ലേ ആ പോണത്', എന്ന് അമ്മമ്മ ഇടയ്ക്കൊക്കെ ഇടവഴിയില്‍ക്കൂടി നടന്നു പോകുന്ന ശങ്കുണ്ണിമാമയെ പറ്റി പറയാറുള്ളത് ഓര്‍മ്മയുണ്ട്. പണ്ട് - കൂട്ടുകുടുംബമായി താമസിക്കുന്ന കാലത്ത് - അമ്മമ്മയും മുത്തശ്ശിയും കൂട്ടരും ഒരു ഭാഗത്തും, കേശവന്‍ മാമയും ഭാര്യയും മക്കളും അനുജന്‍മാരും വേറൊരു ഭാഗത്തും ആയിരുന്നുവത്രേ. അതായത് - ഒരു അടുക്കളയില്‍ തന്നെ രണ്ടു വെപ്പ്. 

(അന്ന് ഒന്നിനും ത്രാണിയില്ലാത്ത - ബുദ്ധി മുഴുവനായും വികസിക്കാത്ത - ശങ്കുണ്ണി മാമ, ഏട്ടന്‍ കേശവന്‍ മാമയുടെ തണലിലായിരുന്നു.)

ചുരുക്കി പറഞ്ഞാല്‍ ഒരു വീട്ടില്‍ രണ്ടു ഭാഗം പിരിഞ്ഞുള്ള ജീവിതം. പിന്നെ, മുത്തശ്ശിയും അമ്മമ്മയും മറ്റും കേശവന്‍മാമയ്ക്കും കുടുംബത്തിനും ആരുമല്ലാതായി. അമ്മയില്ലാത്ത കുട്ടികളെ - കേശവന്‍, ശങ്കുണ്ണി, രാഘവന്‍ - മുത്തശ്ശി ചെറുപ്പത്തില്‍ നോക്കി വളര്‍ത്തിയിട്ടുണ്ടെങ്കിലും. 

ശങ്കുണ്ണി മാമയെപ്പറ്റി പറയുന്നതിന് മുന്‍പ്, ജ്യേഷ്ഠന്‍ കേശവന്‍ മാമയെക്കുറിച്ചു അല്‍പ്പം പറയട്ടെ: 

എന്തിനും പോന്ന, ചങ്കൂറ്റമുള്ള, ഒരു സ്ത്രീയായിരുന്നു കേശവന്‍ മാമയുടെ ഭാര്യ. ആണുങ്ങളുടെ ശബ്ദം അവര്‍ക്ക് - ആ ചങ്കൂറ്റത്തിനു - ഒന്ന് കൂടി ഗാംഭീര്യം കൂട്ടി. റെയില്‍വേയില്‍ നല്ല ഒരു ഉദ്യോഗസ്ഥനായി കയറിയതാണ് കേശവന്‍ മാമ. സമ്പാദിച്ചു കൂട്ടിയതെല്ലാം ഭാര്യയുടെ പേരിലാക്കിയിരുന്നു. പെന്‍ഷന്‍ പറ്റി വരേണ്ട സമയമാകുമ്പോഴേക്കും ഭാര്യയും മക്കളും കൂടി ഒരു നല്ല ദിവസം നോക്കി തന്തയെ പുറത്താക്കി. കേശവന്‍ മാമക്ക്‌ സ്വന്തം വീട്ടില്‍ കാലു കുത്താന്‍ വയ്യാതായി.


പിന്നെ, കേശവന്‍ മാമ, ജ്യേഷ്ഠന്‍ അപ്പു മാമയുടെ കൂടെ കുംഭകോണത്തും, വകയില്‍ ഒരു പെങ്ങളുടെ കൂടെ കുഴല്‍ മന്ദത്തും കഴിച്ചു കൂട്ടി. പിന്നീട്, ഭാര്യയും, മക്കളും സ്ഥലം വിറ്റ് നാട് വിട്ടതറിഞ്ഞപ്പോള്‍, കേശവന്‍ മാമ, അമ്പലങ്ങളുടെ നാടായ ഞങ്ങളുടെയവിടെ വീണ്ടും എത്തി. വിധി വൈപരീത്യം എന്ന് പറയാതെ വയ്യ, ഭാര്യ വിറ്റ - കേശവന്‍ മാമയുടെ സ്വന്തമായിരുന്ന പറമ്പില്‍ - (പറമ്പും വീടും മേടിച്ചത് പണ്ട് തേങ്ങ പറക്കി കൂട്ടാന്‍ വന്നിരുന്ന, തന്‍റെ ആശ്രിതനായിരുന്ന, സെയ്തലവി മാപ്പിള), മാപ്പിള പണിത ലോഡ്ജില്‍ ആയി ജീവിതം. ഒറ്റ മുറി. മൂത്രമൊഴിക്കണമെങ്കിലും മറ്റും വയസ്സ് കാലത്ത് താഴെ ഇറങ്ങി വരണം - വളഞ്ഞ മരക്കോണി വഴി. പീടിക മുറികളുടെ മേലെയാണ് ലോഡ്ജ്.

നേരം വെളുക്കുന്നതിനു മുന്‍പ്, ഒരു കാലത്ത് തന്‍റെ തന്നെയായിരുന്ന വിശാലമായ പറമ്പില്‍ വേണം പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍! പിന്നെ, കുളി, ഞങ്ങളുടെ തൊട്ടടുത്തുള്ള അമ്പലക്കുളത്തില്‍.

ദോശയുണ്ടാക്കുന്നതിനിടയില്‍, കെഴക്ക്‌ പുറത്തെ ജനാലയില്‍ക്കൂടി പുറത്തേയ്ക്ക് കണ്ണോടിച്ച അമ്മയാണ് പറഞ്ഞത്, "ഇത് നോക്കൂന്നേ അമ്മേ, നമ്മടെ കേശവന്‍ മാമയല്ലേ ആ പോണത്?"

ദോശ കഴിക്കുകയായിരുന്ന അമ്മമ്മ, ഇരിക്കുന്ന പലക നീക്കി ചാടിയെണീ റ്റു. "കഷ്ടം, ചെക്കന്‍ പകുതിയായി", അമ്മമ്മ പറഞ്ഞു. (68 വയസ്സുള്ള ആളെയാണ് 'ചെക്കന്‍' എന്ന് പ്രായത്തില്‍ താഴെയായതിനാല്‍ അമ്മമ്മ വിളിക്കുന്നത്‌). കുറെ കാലമായി കാണാത്ത, കണ്ടാലും മുഖം തിരിഞ്ഞു നടന്നിരുന്ന പെങ്ങളും ആങ്ങളയും തമ്മിലുള്ള ബന്ധം പുതുക്കാന്‍ ഈ കുളി ഒരു നിമിത്തമായി എന്ന് പറയാം. അമ്മമ്മയുടെ കുളി കഴിഞ്ഞു വരുന്ന നേരത്തായിരിക്കും മിക്കവാറും കേശവന്‍ മാമ കുളിക്കാന്‍ പോകുന്നത്. വഴിവക്കിലെ കുശലം പറച്ചിലിന് ശേഷം, പിന്നെ കുളി കഴിഞ്ഞു വരുമ്പോള്‍ കേശവന്‍ മാമ വീട്ടില്‍ നിത്യ സന്ദര്‍ശകനായി.

രാവിലെ, ഞങ്ങള്‍ക്കൊക്കെ മുത്തച്ഛന്റെ ഊഴം കഴിഞ്ഞു കിട്ടാറുള്ള മൊരിഞ്ഞ ദോശ, കേശവന്‍ മാമയുടെ കഴിക്കലും കൂടി കഴിഞ്ഞേ കിട്ടൂ എന്നായി. അമ്മ, ഓരോരുത്തര്‍ക്കായാണ് ദോശ ഉണ്ടാക്കിത്തരിക. 

എന്നും ഭസ്മവും, ചന്ദനവും തൊടാനെന്ന ഭാവത്തില്‍ ചായകുടിയുടെ സമയത്ത് കൃത്യമായി എത്തുന്ന കേശവന്‍ മാമയെ, ഞാനും അനിയത്തിയും ആരും കാണാതെ ഗോഷ്ഠി കാണിക്കും. അഞ്ചാം പുരയിലേക്ക്‌ ദോശ കഴിക്കാന്‍ പോകുന്ന പോക്കില്‍ ഞങ്ങളോട്, "ഹാ, എന്താടാ", അല്ലെങ്കില്‍, "എങ്ങിനെയുണ്‍ടെടി പഠിപ്പ്", എന്ന് ചോദിക്കും. അത് വെറുമൊരു ഭംഗി വാക്കിനായിരുന്നു; ജാളൃതയൊളിപ്പിക്കാന്‍. പണ്ടത്തെ, പ്രതാപിയായ ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍, തന്‍റെ ഗതികേടിനെപ്പറ്റി ഓര്‍ത്തിരിക്കാം. പുതിയ തലമുറയുടെ മുന്‍പില്‍ ചെറുതായിപ്പോകുന്ന പോലെ തോന്നിയിരിക്കാം.

കുട്ടികളായ ഞങ്ങള്‍ക്ക്, പണ്ടത്തെ ബന്ധം പറഞ്ഞു വരുന്നതൊന്നും ദഹിച്ചില്ല. ഞങ്ങള്‍ക്ക് മൊരിഞ്ഞ ദോശ കിട്ടുന്നത് വൈകിപ്പോയി, കുറഞ്ഞു പോയി എന്നതായിരുന്നു വിഷയം.

ഞങ്ങളുടെ അമര്‍ഷം മൂത്തപ്പോള്‍, അമ്മമ്മ സ്വന്തം ദോശയുടെ പങ്ക് - കഴിക്കുന്ന പങ്ക് - കുറച്ചു. ആ പങ്കില്‍ നിന്നല്ലേ കേശവന്‍ മാമയ്ക്ക് കൊടുക്കുന്നതെന്ന് തെളിയിക്കാനാണാഗ്രഹിച്ചതെന്നു തോന്നുന്നു. "എന്‍റെ ദോശേടെ പങ്കാ ഓന് കൊടുക്കുന്നത്, അതോണ്ടാര്‍ക്കാ ചേതം?", അമ്മമ്മ പറയും. അപ്പോള്‍ അമ്മയ്ക്ക് ദേഷ്യം വരും, "ജാത്യാലുള്ളത് തൂത്താല്‍ പോകില്ല! ഈ വിശേഷം കൊണ്ടാണ്‌ തറവാട് ഛിദ്രിച്ചു നാനാ വിധായത്." അമ്മ തുടര്‍ന്നു, "പണ്ട് കൂട്ടുകുടുംബായി കഴിയണ കാലത്ത് ചോറ് വാര്‍ക്കുമ്പോള്‍ ചിലര്‍ക്ക് വേണ്ടി വററ് ചാടി ച്ചിരുന്നതും, ചിലര്‍ക്ക് വെറും കഞ്ഞി വെള്ളം മാത്രം കൊടുത്തിരുന്നതും ഓര്‍മ്മല്യെ? പോര്മ തന്നെ, പോര്മ! അല്ലാ, അമ്മടെ ദോശ വേണോ പ്പോ കേശവന്‍ മാമക്ക്‌ കൊടുക്കാന്‍?". 

ഇതൊന്നും, കേശവന്‍ മാമ അറിയാതെ നടക്കുന്ന സംഭാഷണ ങ്ങളാണ്. എന്തായാലും, പ്രാതല്‍ കഴിച്ചു പോകുമ്പോള്‍, അമ്മയോടായി ഒരു ജാള്യതയോടെ പറയും, "കുട്ട്യേ, നീയിന്നു എനിക്ക് രാവിലത്തെ ചായടെ കാശ് ലാഭിച്ചു തന്നു".

അമ്മയുടെ കണ്ണ് നിറയും. എന്നിട്ട് കേശവന്‍ മാമ പോയിക്കഴിഞ്ഞാല്‍ പറയും, "നല്ലപ്പം കാലത്ത് എന്തൊക്കെ തന്നിരിക്കുന്നൂ! ഇതാണ്, 'ആക്കിച്ചമച്ചതും ഈശ്വരന്‍, ആക്കം കുറച്ചതും ഈശ്വരന്‍' എന്ന് പഴമക്കാര്‍ പറയുന്നത്. 

കേശവന്‍ മാമ വീട്ടില്‍ അടുത്തപ്പോഴാണ്, എന്നും ദൂരെ നിന്ന് മാത്രം ഞാന്‍ കണ്ടിട്ടുള ശങ്കുണ്ണി മാമ വീട്ടില്‍ വരാന്‍ തുടങ്ങിയത്. ചെറുപ്പം തൊട്ടേ, അനിയന്‍ രാഘവന്‍ മാമയുടെ കൂടെ ആനക്കരയിലാണ് താമസം. അവിടെ പരമസുഖമാണ് എന്നാണു പറയുക. 

"നല്ല തണ്ടും തടീള്ള ഒരുത്തനെ നീ ഇങ്ങനാക്കീലോ ന്‍റെ ഗുരുവായൂരപ്പാ!", എന്ന് അമ്മമ്മ, കാലിന്‍ മേല്‍ കാലും കയറ്റി വെച്ച് നിലത്തിരുന്നു വെറ്റില മുറുക്കുമ്പോള്‍ ഇടയ്ക്കു പറയുന്നത് കേള്‍ക്കാം. ('ഗുരുവായൂരപ്പാ' എന്ന് പറയുമ്പോഴേക്കും, കയറ്റി വെച്ച കാല്‍ താഴെ നിലത്തു ഇറക്കി വെച്ചിരിക്കും. ഈശ്വര നാമം ഉച്ചരിക്കുമ്പോള്‍, അമ്മമ്മ, കസേരയിലോ, കാലിന്‍ മേല്‍ കാല്‌ കയറ്റി വെച്ചോ ഇരിക്കാറില്ല).

മനസ്സിലായില്ലേ, ശങ്കുണ്ണി മാമക്ക്‌ എന്തോ ഒരു പൊട്ടത്തരമുണ്ട്; ബുദ്ധിക്ക് എന്തോ തകരാറുണ്ട്. 

അമ്മമ്മ തുടര്‍ന്നു, "എന്നാല്‍ ഓന്റെ കാര്യത്തിനു ഇങ്ങനെ വല്ലതും ണ്ടോന്ന് തോന്ന്വോ? അനാഥ പെന്‍ഷന്‍ എണ്ണി വാങ്ങുമ്പോള്‍ ഓന്‍ ഇങ്ങനെ തകരാറുള്ള ഒരുത്തനാണെന്നു പറയ്വോ?ആ ശിപായി ചങ്കരന് കൃത്യായിട്ടല്ലേ ഓന്‍ രണ്ടു റു പ്യടെ കാശ് കൊടുക്ക്വാ?".

ഇങ്ങനെയൊക്കെ അമ്മമ്മ പറയുന്നത് ഞാന്‍ കേള്‍ക്കാറുണ്ട്. 

"ആ ചെക്കനിരുന്നു പഠിക്കുന്നത് അമ്മ ല്യാണ്ടാക്കും" - എന്നെപ്പറ്റിയാണ് അമ്മ, അമ്മമ്മയോടു പറയുന്നത്. 

"ഹേയ്! ഓനെന്തിനാപ്പോ ഇത് ശ്രദ്ധിക്കുന്നത്? പഠിക്കുന്നവര്‍ക്ക് ഇതൊന്നും ചെവീല് കേറില്യ" - അമ്മമ്മ മറുപടി പറയും.
 

ഞാന്‍, മുന്നില്‍ പുസ്തകം വെറുതെ തുറന്നു വെച്ച് സുഖമായി കേള്‍ക്കുന്ന ആ കഥ അങ്ങിനെ അവസാനിക്കും.

സുരേഷ് (6.3.09)

(തുടരും)

Thursday, February 19, 2009

ഒരു സ്വര്‍ണ്ണമാലയും ഗുരുവായൂരപ്പനും

നാലും കൂട്ടി മുറുക്കുന്ന അമ്മമ്മ നെറ്റിയില്‍ വലതു കൈ കണ്ണിനു ഒരു മറ പോലെ വെച്ച് ദൂരേക്ക്‌ നോക്കി ചോദിച്ചു, "ആ വരണത് കുഞ്ഞുകുട്ട്യല്ലേ?".  

"എവടെ നോക്കീട്ടാ അമ്മ പറയണത്?" അമ്മ ചോദിച്ചു.  

"നീ അങ്ങട്ട് നോക്ക്, ആ ആലിന്‍ ചോട്ടിലിക്ക്".  

"അമ്മടെ കാഴ്ചയ്ക്ക് ഒരു തകരാറൂം ഇല്യല്ലോ , എപ്പോ നോക്ക്യാലും ദൂരത്തയ്ക്ക് കാഴ്ച്ചല്യാന്നെ അമ്മ പറയൂ."  

"നെന്നോട് ഞാന്‍ എന്‍റെ കാഴ്ച്ചടെ കാര്യല്ലല്ലോ ചോയ്ച്ചത്‌. ആ വരണതാരാന്നല്ലേ?".  

അമ്മമ്മയുടെ രസച്ചരട് പൊട്ടി. എന്‍റെ അമ്മയും അമ്മമ്മയും തമ്മിലുള്ള സംഭാഷണങ്ങള്‍ ഇങ്ങനെ ചിലപ്പോള്‍ സംവാദങ്ങളില്‍ ചെന്നവസാനിക്കും. ഇന്നിപ്പോ, കുഞ്ഞുകുട്ട്യോപ്പോള്‍ എത്തിയതിനാല്‍ ആ സംവാദം കൂടുതല്‍ പുരോഗതി പ്രാപിച്ചില്ല.  

കുഞ്ഞുകുട്ട്യോപ്പോള്‍ കോയമ്പത്തൂരില്‍ നിന്നും വരുന്ന വഴിയാണ്. ഞങ്ങളുടെ നാട്ടിലേയ്ക്ക് വരുമ്പോള്‍ ഗുരുവായൂരില്‍ തൊഴുതിട്ട് വരിക പതിവാണ്. കൂടെ മകളുടെ മോനും ഉണ്ട്.  

"ഇവന്‍ സ്കൂളില്‍ പോണില്ലേ, എന്താ പ്പോ ഇവന് കുടിക്കാന്‍ കൊടുക്കുക?" അമ്മമ്മ, അമ്മയോട് സംഭാരം എടുക്കാന്‍ പറഞ്ഞു. അമ്മയുടെ പിറകെ കുഞ്ഞുകുട്ട്യോപ്പോള്‍ തിടുക്കത്തില്‍ നടന്നു.  

"എന്താപ്പോ ഇവള് ഇരിക്കൂം കൂടി ചെയ്യാതെ തെരക്കിട്ടു പോണത്?", അമ്മമ്മയ്ക്ക് ഓപ്പോളുടെ ആ പോക്ക് അത്ര രസിച്ചില്ല എന്ന് തോന്നുന്നു.  

"കുട്ടി ഇവടെ ഇരുന്നോളൂ, സംഭാരം ഇപ്പൊ കൊണ്ടു വരും. നെന്‍റെ പേരു ഞാന്‍ മറന്നു."  

കുട്ടി പേരൊന്നും പറയാതെ മുറ്റത്തിറങ്ങി. അകത്തു പോയ അമ്മ സംഭാരവും കൊണ്ടു വന്നു.  

"അമ്മേ, കുഞ്ഞുകുട്ട്യോപ്പോള്‍ ഗുരുവായൂര്‍ന്നു നിധീം കൊണ്ടാത്രേ വന്നിട്ടുള്ളത്!"  

"നിധ്യോ? എന്ത് നിധ്യെ അവള്‍ക്കു കിട്ട്യേത്‌?"  

ഓപ്പോള്‍ രംഗത്തെത്തി. "കുട്ട്യേട്ത്ത്യെ , നിധ്യോന്നൂല്യ, പറയുമ്പോ ന്‍റെ തടി വെറയ്ക്കണു".  

സാധാരണ ജലദോഷം ഉള്ള ഒരാള്‍ ഒരു ചെമ്പ് പാത്രത്തിനുള്ളില്‍ തലയിട്ടു സംസാരിക്കുമ്പോഴുള്ള മുഴക്കം പോലെയാണ് അവരുടെ ശബ്ദം. ഒരിയ്ക്കല്‍ കേട്ടവര്‍ പിന്നെ ആ ശബ്ദം മറക്കില്ല എന്ന് തോന്നും.  

"നീയ്യ്‌ കാര്യം പറയ്" അമ്മമ്മ പറഞ്ഞു.  

"ഞാനും, ഉണ്ണീം കൂടി തൊഴുതു ഗുരുവായൂര്‍ കെഴക്കെ നട കടന്നു പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ക്ക് പോവേര്‍ന്നു. മഞ്ജുളാല്‍ കഴിഞ്ഞ തിരിവില്‍ എത്ത്യപ്പോ താഴെ മണ്ണില്‍ ഒരു തിളക്കം. ഉടനെ കുട്ട്യോട് കൊട താഴത്തിടാന്‍ പറഞ്ഞു." 

"അതെന്തേ, കൊട ഇടാന്‍ പറഞ്ഞത്?" അമ്മമ്മ അക്ഷമയായി.  

"കുട്ട്യേട്ത്ത്യെ നെലത്ത് ഒരു തെളക്കം ന്ന് പറഞ്ഞില്യേ?"  

കുട്ടി മുറ്റത്ത്‌ നിന്നും കയറി വന്നു പറഞ്ഞു, " ഈ അമ്മമ്മ, ന്‍റെ കയ്യിന്നു കൊട നിലത്തു വീണാല്‍, ' അത് നീ കേടു വരുത്തും' ന്ന് പറഞ്ഞു തല്ലും. ഇന്നു കൊട നിലത്തിടാത്തതിനു തല്ലി."  

ഞങ്ങള്‍ എല്ലാവരും പൊട്ടിച്ചിരിച്ചു, അമ്മമ്മയൊഴികെ.  

"നീയ്യ്‌ കൊട ഇടാന്‍ പറഞ്ഞതെന്തെന്ന് പറയ്യ്" അമ്മമ്മ വീണ്ടും.  

"കുട്ട്യേട്ത്ത്യെ, ഒന്നങ്ങട് കൊടുത്തപ്പോ അവന്‍ കൊട താഴെട്ടു. കൊട വീണത്‌ എടുക്കാനാണെന്ന ഭാവത്തില്‍ ഞാനാ സാധനം മണ്ണില്‍ നിന്നെടുത്തു."  

അവര്‍ ചെറിയ മണി പേഴ്സ് തുറന്ന് ഒരു കടലാസ്സു പൊതിയെടുത്തു. ഞങ്ങള്‍ എല്ലാവരും ചുറ്റും കൂടി.  

"ഇതു സ്വര്‍ണ്ണം തന്ന്യല്ലേ?" അവര്‍ അമ്മയോട് ചോദിച്ചു.  

നനഞ്ഞ മണ്ണ് പറ്റിപ്പിടിച്ച ഒരു സ്വര്‍ണ്ണനിറമുള്ള മാല! 

അമ്മ മാല പരിശോധിച്ചു. "ഇതു സ്വര്‍ണ്ണം തന്ന്യാ. ഒരു രണ്ടു-രണ്ടര പവന്‍ ണ്ടാവും."  

അമ്മമ്മ പറഞ്ഞു, "ന്നാലും ന്‍റെ കുഞ്ഞുകുട്ട്യേ നീയീ കടുപ്പം കാണി ച്ചൂലോ! അതിന്‍റെ ഒടമസ്സന് തിരിച്ചു കൊടുക്കാര്‍ന്നില്യെ?" 

"ഇതെപ്പോ നന്നായത്. ഞാനാര്‍ക്കാന്നിച്ചിട്ട ഇതു കൊടുക്കാ?"  

"ദേവസ്വത്തില് ഏല്‍പ്പിച്ചാ മതി. അവര് അത് വേണ്ട രീതീല് കൈകാര്യം ചെയ്തോളും." അമ്മ പറഞ്ഞു. "പോയോര്‍ക്ക് എത്ര വിഷമണ്ടാവും. അവടെ ഏല്‍പ്പിക്കണ്ടതായിരുന്നു."  

കുഞ്ഞുകുട്ട്യോപ്പോള്ടെ മുഖം വിവര്‍ണ്ണമായി. അവര്‍ ഒരു പക്ഷെ അമ്മമ്മയും, അമ്മയും, ഇങ്ങനെ പ്രതികരിയ്ക്കും എന്ന് കരുതിയില്ല എന്ന് തോന്നുന്നു. അവര്‍ ഒരു വഴി കണ്ടെത്തിയ പോലെ പറഞ്ഞു:  

"ഇതെനിയ്ക്ക് ഗുരുവായൂരപ്പന്‍ തന്നതാ. അതോണ്ടല്ലേ എനിയ്ക്ക് കാണിച്ചു തന്നത്. നൂറു കണക്കിന് ആളുകള് വഴി നടക്കണ സ്ഥലല്ലേ? എന്തെ എനിയ്ക്ക് കിട്ട്യേത്‌? കുണഠിതം തോന്നണ്ട കാര്യല്യ." അവര്‍ പറഞ്ഞു നിര്‍ത്തി.  

"നെനക്ക് ഇതു കിട്ടീട്ടു വേണോ കഴിയാന്‍?" അമ്മമ്മ ചോദിച്ചു.  

(അമ്മമ്മയുടെ അമ്മയുടെ (മുത്തശ്ശിയുടെ) അനിയത്തിയുടെ മകളാണ് കുഞ്ഞുകുട്ട്യോപ്പോള്‍. പണ്ട് വളരെ കഷ്ടപ്പെട്ട് കഴിഞ്ഞിരുന്നവരാണ്. കുഞ്ഞുകുട്ട്യോപ്പോള്ടെ മകള്‍ സാവിത്രി ചേച്ചീടെ കല്യാണം കഴിഞ്ഞതോടെ അവരുടെ കുടുംബം ഒരു കര കയറി. കോയമ്പത്തൂരിലെ ഒരു വല്യേ ബസ്സ് മുതലാളിയാണ് കല്യാണം കഴിച്ചത്. ആള്‍ മലയാളി ആണെങ്കിലും ജനിച്ചതും വളര്‍ന്നതുമൊക്കെ കോയമ്പത്തൂരിലാണ്. കല്യാണം കഴിഞ്ഞതോടെ നാട്ടിലെ സ്ഥലമൊക്കെ വിറ്റ് അവര്‍ കോയമ്പത്തൂരില്‍ സ്ഥിര താമസമാക്കി. സാവിത്രി ചേച്ചീടെ അനിയന്‍ രാഘവേട്ടന്‍ അവിടത്തെ ഒരു ബസ്സിലെ കണ്ടക്ടര്‍ ആണ്. ഇപ്പൊ സ്ഥിതി മെച്ചപ്പെട്ടതിനാലാണ് അമ്മമ്മ അങ്ങിനെ ചോദിച്ചത് എന്ന് തോന്നുന്നു. മുന്‍പ് ധനസ്ഥിതി മോശമായ കാലത്തായിരുന്നെങ്കില്‍ ന്യായീകരിക്കാമായിരുന്നൂ എന്നാണോ? അറിയില്ല. ഉപ്പില്ല, മുളകില്ല, വെളിച്ചെണ്ണല്യ, എന്നൊക്കെ പറഞ്ഞു സാവിത്രി ചേച്ചിയെ സന്ധ്യാ നേരത്ത് ഞങ്ങളുടെ വീട്ടിലേയ്ക്ക്‌ പറഞ്ഞയക്കുമായിരുന്നത്രേ ഓപ്പോള്‍ പണ്ട് - കഷ്ടപ്പാടിന്റെ കാലത്ത്.)

ദൂരെ വഴിക്ക് നിന്നു വരുന്നതിനാല്‍ സാധാരണ രണ്ടു-നാല് ദിവസം പാര്‍ത്തിട്ടെ അവര്‍ തിരിച്ചു പോകാറുള്ളൂ. ഇത്തവണ നീരസം കൊണ്ടോ എന്തോ, പിറ്റേ ദിവസം തന്നെ പോകയാണെന്നു പറഞ്ഞു കോയമ്പത്തൂരിലെയ്ക്ക് പോയി. പിന്നെ കുറേക്കാലത്തേക്ക് കത്തും വിവരവുമൊന്നുമില്ലായിരുന്നു - പിന്നീട് നാലോ-അഞ്ചോ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ കണ്ടു മുട്ടുന്നത് വരെ.

സ്കൂളില്‍ പഠിക്കയായിരുന്ന ഞാന്‍ കോളേജിലെത്തി. കൂട്ടുകാരുടെയൊപ്പം ഗുരുവായൂര്‍ ഏകാദശി ദിവസം അമ്പല പരിസരത്ത് കാഴ്ചകള്‍ കണ്ടു നടക്കുകയായിരുന്നു. തിരക്കിനിടയില്‍ ആ മുഴങ്ങുന്ന ശബ്ദം ഞാന്‍ കേട്ടു - കുഞ്ഞുകുട്ട്യോപ്പോള്‍!

അവര്‍ ആരോടെന്നില്ലാതെ, "ഈ കുട്ടി എവടെ പോയി? ഇപ്പൊ ഉണ്ടായിരുന്നതാണല്ലോ ഇവടെ? ഇതു വല്യേ അതിശയം തന്നെ" എന്നൊക്കെ പറയുന്നതു കേട്ടു. 

കുളിച്ച് ഈറന്‍ വേഷമാണ്. വല്ലാതെ വയസ്സായ പോലെ. ഈറന്‍ വേഷത്തില്‍ അമ്പലത്തില്‍ തൊഴാന്‍ പോകയാണെന്നും മനസ്സിലായി. കോളേജിലെ കൂട്ടുകാരോട് ഇതെന്‍റെ ബന്ധുവാണെന്നോ, അമ്മയുടെ ഓപ്പോള്‍ ആണെന്നോ പറയാന്‍ ഒരു വിഷമം തോന്നി. 

പെട്ടെന്നാണ് ഓര്‍ത്തത്‌. അവര്‍ സാവിത്രി ചേച്ചീടെ മകനെ തിരക്കില്‍ കൈ വിട്ടു പോയതിനാല്‍ തിരയുകയായിരിക്കുമോ? എനിക്ക് വല്ലാത്ത കുറ്റ ബോധം തോന്നി. ഛെ, എന്ത് പറ്റി എന്ന് ചോദിയ്ക്കണ്ടതായിരുന്നു. ഒരു പക്ഷെ കണ്ടാല്‍ എന്നെ തിരിച്ചറിയുമോ? എന്നാലും പറഞ്ഞാല്‍ അറിയാതിരിയ്ക്കുമോ? എന്‍റെ മനസ്സാക്ഷി എന്നെ കുറ്റപ്പെടുത്തി.

പെട്ടെന്ന് തന്നെ ഞാന്‍ കൂട്ടുകാരോട് അവര്‍ ആരായിരുന്നെന്നും, എന്തോ ആപത്തില്‍ പെട്ടിരിയ്ക്കയാണെന്നു തോന്നുന്നു എന്നും പറഞ്ഞു. ഞങ്ങള്‍ അവിടെ, ആ തിരക്കില്‍, കുറെയേറെ നേരം തിരഞ്ഞു. വല്ലാത്ത വിഷമത്തോടെ ഹോസ്റ്റലിലെയ്ക്ക് തിരിച്ചു.

പിറ്റേന്ന് ശനിയാഴ്ച. വൈകുന്നേരത്തോടെ വീടെത്തി. ഞാന്‍ ഒരു തരം മന:സ്സാക്ഷിക്കുത്തനുഭവിക്കുന്നുണ്ടായിരുന്നു. വല്ലാത്ത ഒരു തെറ്റാണ് ഞാന്‍ ചെയ്തത്. ഒരു ചെറിയ സഹായം ഞാന്‍ ചെയ്തിരുന്നെങ്കില്‍ അവര്‍ ആ തിരക്കില്‍... എന്‍റെ കണ്ണുകള്‍ നിറഞ്ഞു.

"എന്താടാ നെനക്ക് പനിയ്ക്കുന്നു ണ്ടോ? എന്താ ഇങ്ങനെ കൂനിപ്പിടിച്ചിരിക്കുന്നത്?" അമ്മമ്മ വന്നു നെറ്റിയിലും കഴുത്തിലും കൈ വെച്ച് നോക്കി.  

വിവരം പറയണം; അമ്മമ്മയോടു തെറ്റ് ഏറ്റു പറയാം. ഞാന്‍ "അമ്മമ്മേ" എന്ന് വിളിയ്ക്കലും, ഒപ്പം തന്നെ പടിയ്ക്കല്‍ നിന്നു "കുട്ട്യേട്ത്ത്യെ" എന്ന വിളിയും കേട്ടു. 

ഇതാ കുഞ്ഞുകുട്ട്യോപ്പോള്‍ കയറി വരുന്നു! ഒറ്റയ്ക്കാണ്. 

ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. ഒപ്പം മനസ്സു പറഞ്ഞു: നീ എന്ത് കുറ്റം ചെയ്തു? വീണ്ടും ദുഷ്ചിന്തകള്‍ തലയ്ക്കുള്ളില്‍ മൂളിപ്പറന്നു നടക്കുന്നു. നീ അവരെ ആപത്തു സമയത്തു സഹായിച്ചില്ല. ഒരു സാധാരണ മാനുഷിക ധര്‍മ്മം അനുഷ്ഠിച്ചില്ല.

"എത്ര കാലായി നീയീ വഴിയ്ക്കൊക്കെ വന്നിട്ട്? ഞങ്ങളെയൊക്കെ മറന്ന്വോ നീയ്യ്‌?" 
അമ്മമ്മ ചോദിച്ചു. "എന്തെ കൂടെ കുട്ടി വന്നില്യെ? അവന്‍പ്പോ നല്ലോണം വലുതായീണ്ടാവൂലോ?". 

എന്‍റെ തലയ്ക്കു പെരുപ്പ് കയറി. ഈശ്വര! എന്താണ് ഇനി കേള്‍ക്കാന്‍ പോകുന്നത്? കുട്ടിയെ ഏകാദശി തിരക്കില്‍ കാണാതെ പോയെന്നോ? അവിടെ മുഴുവന്‍ തിരഞ്ഞു നടന്നെന്നോ? ഞാന്‍ ഇതു വരെ വീട്ടില്‍ ഒന്നും മിണ്ടിയിട്ടില്ല. എന്നെ ചെറുപ്പം മുതല്‍ ഈശ്വര കഥകകളും, നല്ല മാര്‍ഗ്ഗത്തില്‍ ചരിക്കണമെന്നൊക്കെ പറഞ്ഞു പഠിപ്പിച്ചത് ഇങ്ങനെ ആപത്തു കാലത്തു ഒരാളെ - അതും ഇവിടെ, സ്വന്തം ചോരയില്‍ പെട്ട ഒരാളെ - കണ്ടിട്ടും, കാണാതെ, അറിയാത്ത ഭാവത്തില്‍ നില്‍ക്കാനായിരുന്നോ?

"ഇല്യ, അവന്‍ വന്നില്യ." ഓപ്പോള്‍ പറഞ്ഞു. ഞാന്‍ അതൊരുവട്ടം കൂടി കേള്‍ക്കാന്‍ ആഗ്രഹിച്ചു?

"അപ്പൊ ഇന്നലെ തിരഞ്ഞു നടന്നിരുന്നതോ?" ആ ചോദ്യം തൊണ്ടയില്‍ കുരുങ്ങി.  

"അവന് പരീക്ഷയാണ്‌".  

ഞാന്‍ വീണ്ടും തെയ്യാറെടുത്തു. പക്ഷെ ചോദിയ്ക്കേണ്ടി വന്നില്ല.  

"നീയെന്താ വല്ലാതെ?" അമ്മമ്മ ചോദിച്ചു.  

"ഒന്നും പറയണ്ട എന്‍റെ കുട്ട്യേട്ത്ത്യെ. ഒക്കെ പോയി".  

"എന്താ ഓപ്പോളേ? എന്ത് പറ്റി?" അമ്മ ചോദിച്ചു.  

ഞാന്‍ മെല്ലെ അവിടെ നിന്നും എണീറ്റു. അപ്പോള്‍ ആ കുട്ടി വന്നില്ല എന്ന് വെറുതെ പറഞ്ഞതാണ്. സംഭവം അത് തന്നെ.
 
"ഞാന്‍ മിനിഞ്ഞാന്ന് ഗുരുവായൂരിലെത്തി. കുളിച്ച് തൊഴാന്‍ കൊറേ കാലായി ഒരാഗ്രഹം. ചൊവ്വല്ലൂരടുത്തുള്ള ഒരു തള്ളേം പേരക്കുട്ടീം കൂട്ടിനുണ്ടായിരുന്നു. അവരും കോയമ്പത്തൂര്‍ന്ന് കൂടെണ്ടായിര്‍ന്നു ബസ്സില്‍. ഞാനൊറ്റയ്ക്കല്ലേ. നല്ലൊരു കൂട്ടായി.

"പണ്ടത്തെ പോല്യല്ല, നടക്കാനൊന്നും വയ്യ. കുളിക്കണ കടവിലൊക്കെ നല്ല വഴുക്കല്‍. ഒരു വിധം ആ കുട്ടിടെ കയ്യ് പിടിച്ചാ വെള്ളത്തില്‍ ഇറങ്ങീത്‌. മുങ്ങുമ്പോ ഊരിപ്പോയാലോ എന്ന് കരുതി മാല ഊരി ആ കുട്ടിടെ കയ്യില്‍ കൊടുത്തു.
 
"കുളിച്ച് ഈറനോടെ തൊഴാം ന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടായിരുന്നു. കുളക്കടവുന്നു ഒരു വിധം കേറി. നല്ല തെരക്കാവുന്നതിനു മുന്നേ തൊഴുതു കടക്കണം. ഭഗവതി അമ്പലത്തിന്‍റെ തിരിവില് വെച്ച് എനിക്ക് കൂട്ടം തെറ്റി. ഇത്തിരി അങ്ങട് നടന്നപ്പഴാണ് മാല ഞാന്‍ ആ കുട്ടിടെ കയ്യിന്ന്‌ തിരിച്ചു മേടിച്ചില്യാന്നു ഓര്‍ത്തത്‌. ആ ചുറ്റുവട്ടം മുഴോനും ഞാന്‍ അരിച്ചു പെറുക്കി നടന്നു".

എന്‍റെ ശ്വാസം നേരെ വീണു. ഈശ്വര!  

അവര്‍ തുടര്‍ന്നു, "ദേവസ്വം ഓഫീസില്‍ പോയി മൈക്കിലൂടെ വിളിച്ചു പറയിച്ചു. കാര്യണ്ടായീല്യ കുട്ട്യേട്ത്ത്യെ. മാല പോയി. കഴിഞ്ഞ കൊല്ലം സാവിത്രിടെ ഭര്‍ത്താവ് പഴേത് മാറ്റി പുതുക്കി പണിതതേര്‍ ന്നു. കഷ്ടി അഞ്ച് പവന്‍ ണ്ടാര്‍ന്നു. പറഞ്ഞിട്ടെന്താ കാര്യം".
അമ്മമ്മ പെട്ടെന്ന് പൊട്ടിച്ചിരിച്ചു. ഞങ്ങള്‍ എന്താണെന്ന് ചോദിയ്ക്കുന്നതിനു മുന്‍‌പേ അമ്മമ്മ ഇത്തിരി പരിഹാസത്തോടെ പറഞ്ഞു.  

"ഇതിന് മുന്‍പ് നീയ്യ്‌ ഒരു മാല ഗുരുവായൂരപ്പന്‍ തന്നതാണെന്ന് പറഞ്ഞു ഇവടെ വന്നതോര്‍മ്മല്യെ? ഇന്നിപ്പോ ഒട്ടും കുണഠിതം തോന്നണ്ട കാര്യല്യ. അത് ഗുരുവായൂരപ്പന്‍ അങ്ങട് പലിശ സഹിതം തിരിച്ചെടുത്തൂന്ന് കരുത്യാ മതി."  

കുഞ്ഞുകുട്ട്യോപ്പോള്‍ കണ്ണീര്‍ വാര്‍ക്കുന്നുണ്ടായിരുന്നു. "ശര്യാ, എനിക്ക് കിട്ട്യേ ശിക്ഷയാ".  

"കുഞ്ഞുകുട്ട്യെ, ആരാന്‍റെ മൊതല് നമ്മള് ആഗ്രഹിക്കാന്‍ പാടില്യ. അത് കളഞ്ഞു കിട്ടീതായാലും നമ്മള് കയ്യില് വെക്കരുത്. അതൊരു വല്യേ ശിക്ഷ്യന്ന്യ".  

അമ്മയോട് സന്ധ്യാ ദീപം കൊളുത്താന്‍ പറഞ്ഞു അമ്മമ്മ കാലും മുഖവും കഴുകാനായി എണീറ്റു പോയി. 

കുഞ്ഞുകുട്ട്യോപ്പോള്‍ ദൂരേയ്ക്ക് കണ്ണും നട്ടിരിയ്ക്കുന്നത് കണ്ടു.  
 
സുരേഷ് (20.02.09)


Friday, February 13, 2009

അച്ഛന്‍റെ മുത്തച്ഛന്‍ (ഭാഗം മൂന്ന്)

('അച്ഛന്‍റെ മുത്തച്ഛന്‍' ഒന്നും രണ്ടും ഭാഗം വായിക്കുക)  

ജപിച്ചൂതല്‍, ചരട് കെട്ടിക്കൊടുക്കല്‍ എന്നിങ്ങനെയുള്ള കര്‍മ്മങ്ങളും നിത്യേനയെന്നോണം ഉണ്ടായിരിക്കും മുത്തച്ഛന്. മനയ്ക്കലെ കാര്യസ്ഥന്‍ കൂടിയായിരുന്നു അദ്ദേഹം. വലിയ മനയ്ക്കലെ കാര്യങ്ങള്‍ നോക്കാന്‍ രണ്ടു-മൂന്നു കാര്യസ്ഥന്‍മാരുണ്ട്. അവരുടെയൊക്കെ വല്യേ കാര്യസ്ഥനാണ് മുത്തച്ഛന്‍. തേങ്ങാ-നേന്ത്രക്കുല മോഷണങ്ങള്‍ ഇടയ്ക്ക് പതിവായിരുന്നു മനയ്ക്കലെ പറമ്പില്‍. അത് ചിലപ്പോള്‍ ഈ കുട്ടിക്കാര്യസ്ഥന്‍മാര്‍ തന്നെ ഒപ്പിക്കും. അതിനാലാണ് വല്യേ നമ്പൂതിരി, കാര്യസ്ഥന്‍മാരുടെ മേലെ മുത്തച്ഛനെ കൊണ്ടു വന്നത്. വല്യേ കാര്യസ്ഥന്‍ കള്ളത്തരം കണ്ടു പിടിക്കുമെന്നതിനാലും, പിന്നെ ഒരു മന്ത്രവാദി തങ്ങളുടെ ചെയ്തികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന ഭയത്താലും മോഷണം തീരെയില്ലാതായി.  

രാത്രിയിലെ കടശാരങ്ങളെല്ലാം കഴിഞ്ഞു മുത്തച്ഛന്‍ മനയ്ക്കല്‍ പടിപ്പുര മുറിയിലാണ് ഉറക്കം പതിവ്‌. അവധി ദിവസങ്ങളില്‍ അച്ഛനെയും കൂടെ കൊണ്ട്‌ പോകും. രാത്രിയില്‍ പറമ്പില്‍ നിന്നും നായ്ക്കളുടെ ബഹളമോ, മറ്റു ശബ്ദമോ കേട്ടാല്‍ ചൂരലുമെടുത്ത്‌ മുത്തച്ഛന്‍ പുറത്തിറങ്ങും. മനപ്പറമ്പ് ഏക്കര്‍ കണക്കിനുണ്ട്. ഒരു വട്ടം ചുറ്റി വരാന്‍ സമയമേറെയെടുക്കും.  

അച്ഛന്‍ കൂടെയുറങ്ങാന്‍ ചെന്ന രാത്രി - മുത്തച്ഛന്റെ കഥകളും കേട്ട് രസിച്ചിരിക്കുന്ന നേരത്താണ് പറമ്പിന്റെ ഒരു മൂലയില്‍ നിന്നും ബഹളം കേള്‍ക്കുന്നത്. നല്ല മഴയും പെയ്യുന്നു. കുറ്റാക്കൂരിരുട്ട്.  

"കുട്ടി ഇവടെ കെടന്നോളൂ, മുത്തച്ഛന്‍ എന്താ ആ ബഹളംന്ന് നോക്കീട്ട് വരട്ടെ", എന്ന് പറഞ്ഞു ഇറങ്ങാന്‍ പുറപ്പെട്ടു. "നെനക്ക് പേടീണ്ടോ?" എന്നും ചോദിച്ചു. 'മന്ത്രവാദീടെ കൊച്ചുമോന് പേടിയോ?', അച്ഛന്‍ മനസ്സില്‍ വിചാരിച്ചു. "ഇല്ല" എന്നും പറഞ്ഞു. "എന്തായാലും നീ ഈ ചൂരല്‍ തൊട്ടു കെടന്നോ, ഞാനിതാ വരുന്നു", എന്ന് പറഞ്ഞു ചൂരല്‍ കിടയ്ക്കയിലിട്ടു കൊടുത്തു മുത്തച്ഛന്‍ പുറത്തിറങ്ങി.  

മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണ അച്ഛന്‍റെ കാലുകള്‍ ആരോ പിടിച്ചു വലിക്കുന്ന പോലെ തോന്നി. ഒരു മയക്കത്തില്‍ സ്വപ്നം കണ്ടതാണോ? അല്ല, സത്യമാണ് ആരോ കാലുകള്‍ പിടിച്ചു വലിക്കുന്നുണ്ട്. "മു..ത്ത.." മുഴുവനും വിളിക്കാനാവുന്നില്ല. വിളി തൊണ്ടയില്‍ കുടുങ്ങി. ശരീരം വിയര്‍ത്തു കുളിക്കയാണ്. 'മന്ത്രവാദീടെ കൊച്ചുമോന് പേടിയോ?'. വേഗം ചൂരല്‍ തപ്പി; കയ്യില്‍ കിട്ടുകയും ചെയ്തു. ചൂരല്‍ തൊട്ട നിമിഷം കാലിലെ പിടി അയഞ്ഞു. അച്ഛന്‍ ധൈര്യമവലംബിച്ച് ചൂരലുമെടുത്ത്‌ എണീറ്റ്‌ നിന്നു. ആരുമില്ല. അപ്പോഴേക്കും മുത്തച്ഛന്‍ എത്തി.  

"എന്താ, നീ ഇതു വരെ ഉറങ്ങില്യെ?". അച്ഛന്‍ സംഭവം പറഞ്ഞു. മുത്തച്ഛന്‍ ഒന്നിരുത്തി മൂളി, എന്നിട്ട് പറഞ്ഞു. "എനിക്ക് തോന്നി,  അത് കൊണ്ടാണ് ഞാന്‍ ചൂരല്‍ കയ്യില്‍ തന്നത്. മുറ്റത്തെ മാവിന്റെ ചോട്ടില്‍ ആള് നിക്കണത് ഞാന്‍ കണ്ടിരിക്കുണൂ. പറഞ്ഞാ നീയ്യ്‌ പേടിക്കും ന്ന് കരുതീട്ടെ, നെന്നെ ഒന്നും ചെയ്യില്യ. എന്‍റെ കുട്ട്യല്ലേ നീയ്യ്‌."  

"ആരായിരുന്നു" അച്ഛന്‍ ചോദിച്ചു. "അതൊന്നും ആലോചിച്ച് നീയ്യ്‌ ബേജാര്‍ ആവണ്ട; നെന്നെ ആരും ഒന്നും ചെയ്യില്യ. അതൊന്നു കളിപ്പിക്കാന്‍ വേണ്ടി ചെയ്തതാ.. ചൂരല് തൊടാണ്ടെ കെടന്നില്യെ." അന്ന് രാത്രി മുത്തച്ഛന്‍ ഒരു ചരട് ജപിച്ചു അച്ഛന്‍റെ കയ്യില്‍ കെട്ടി കൊടുത്തു.  

ചില ദിവസങ്ങളില്‍ മുത്തച്ഛന്‍ വീട്ടിലായിരിക്കും ഉറക്കം. പ്രത്യേകിച്ചും വല്ല ബാധയൊഴിപ്പിക്കലോ, പൂജയോ, മറ്റോ കഴിഞ്ഞു വരുന്ന രാത്രികളില്‍. പുലര്‍ച്ചെ മുത്തച്ഛന്‍ മാത്രമെ ഉമ്മറത്തെ വാതില്‍ തുറക്കാവൂ എന്ന് അത്തരം രാത്രികളില്‍ പ്രത്യേകം പറഞ്ഞു വയ്ക്കും. കാരണം, പശുവിന്‍റെയോ, കാളയുടെയോ വേഷം പൂണ്ട ഒടിയന്മാരെ അദ്ദേഹം മന്ത്ര ശക്തിയാല്‍ മുറ്റത്തെ തെങ്ങില്‍ രാത്രി കെട്ടിയിടും. പിറ്റേന്ന് രാവിലെ തുണിയൊന്നുമില്ലാതെ പിറന്ന പടി നില്ക്കുന്ന 'ഒടിയന്‍ വേഷം' കെട്ടിയ മനുഷ്യരെ വീട്ടിലുള്ളവര്‍ കാണേണ്ട എന്ന് കരുതിയാണ് അതി രാവിലെ മുത്തച്ഛന്‍ തന്നെ ആദ്യം പുറത്തിറങ്ങിയാല്‍ മതി എന്ന് വീട്ടില്‍ പറഞ്ഞു വെയ്ക്കുന്നത്.

ഇങ്ങനെ തടവിലാക്കിയ 'ഒടിയന്‍' മനുഷ്യന്‍മാര്‍ തെറ്റ് കുറ്റങ്ങള്‍ ഏറ്റു പറഞ്ഞ്
ഇനി ഇത്തരം വേലകള്‍ ആവര്‍ത്തിക്കില്ല എന്ന് പറഞ്ഞ് പോകും. ആണ്ടറുതികള്‍ക്ക് ഇവര്‍ 'കാഴ്ച' കളുമായി വരും - മത്തങ്ങ, കുമ്പളങ്ങ, വെള്ളരി, പടവലം, നേന്ത്രക്കുല, എന്നിങ്ങനെ കായ്കറികള്‍ കാഴ്ച വെക്കും. 

മുത്തച്ഛന്റെ ഖ്യാതി നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വന്നു. മരുന്നും, മന്ത്രവും, ജപവുമായി അദ്ദേഹം നാടിന്‍റെ ജീവനാഡിയായി ഓടി നടന്നു. കല്യാണം തുടങ്ങി എന്ത് അടിയന്തരമായാലും അദ്ദേഹം വേണമെന്നായി. അത്യാവശ്യം മരുന്ന് കുറിച്ചു കൊടുക്കാനും അറിയാമായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖം ബാധിച്ച്‌ മുത്തച്ഛന്‍ ഇഹലോകവാസം വെടിഞ്ഞപ്പോള്‍ ആയിരങ്ങള്‍ അശ്രുപൂജ നടത്തി. നഷ്ടം താങ്ങാനാവാത്തതായിരുന്നു. അച്ഛന്‍ ജോലി കിട്ടി ദൂരെയെവിടെയോ ആയിരുന്നു. അച്ഛന്‌ ജോലി കിട്ടി യാത്ര പറയുന്ന നേരത്ത് ഒരിക്കലും ഈറനണിയാത്ത മുത്തച്ഛന്റെ കണ്ണുകള്‍ കലങ്ങിയിരിക്കുന്നത് അച്ഛന്‍ കണ്ടു. ഒന്നും പറയുകയുണ്ടായില്ല മുത്തച്ഛന്‍ . അച്ഛന്‍റെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു. ആ അനുഗ്രഹമാണത്രെ അച്ഛനെ എന്നും തുണച്ചിട്ടുള്ളത്.

എന്‍റെ അച്ഛന്‍റെ മുത്തച്ഛന്റെ മുഖമോ രൂപമോ സങ്കല്‍പ്പിക്കാനാവുന്നില്ല എനിക്ക്. എങ്കിലും ഇത്രയും കഥകള്‍ അച്ഛന്‍ പറഞ്ഞ് തന്നറിഞ്ഞു. എന്നോ എവിടെയോ വെച്ച് ഞാനും മുത്തച്ഛന്റെയൊപ്പം കൈ പിടിച്ചു നടന്നിരുന്നതായി തോന്നുന്നു.   എനിക്ക്, എന്‍റെ അച്ഛനിലൂടെ കഥകള്‍ കേള്‍ക്കാന്‍ അവസരം ലഭിക്കുകയുമുണ്ടായി. ആ കാണാത്ത മുത്തച്ഛന്റെ സ്മരണകള്‍ അയവിറക്കാന്‍ എനിക്കായി എങ്കില്‍ അത് തന്നെയാണ് ഞാന്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ അര്‍പ്പിക്കുന്ന സ്നേഹപ്പൂക്കള്‍! ഒപ്പം ഒരു കാലഘട്ടത്തിന്റെ ചൂടും ചൂരും പകര്‍ന്ന് തന്ന അച്ഛന് മുന്നിലും ഈ മകന്‍റെ സ്നേഹപൂജ!

സുരേഷ് (16.02.09)

Friday, February 6, 2009

അച്ഛന്‍റെ മുത്തച്ഛന്‍ (ഭാഗം രണ്ട്)

(അച്ഛന്‍റെ മുത്തച്ഛന്‍ ഒന്നാം ഭാഗം വായിക്കുക)

സന്ധ്യയായാല്‍ പെണ്‍ കിടാങ്ങള്‍ക്കു വിളക്ക് കൊളുത്തി പുറത്തു കാണിക്കാന്‍ വയ്യാതായിരിക്കുന്നു. മേല്‍കഴുകി വന്ന് ഭസ്മവും തൊട്ട് അവര്‍ - കന്യകമാര്‍ - സന്ധ്യാ ദീപവുമായി മുറ്റത്തും തുളസിത്തറയിലും കൂവ്വളചോട്ടിലും വിളക്ക് വെക്കാനിറങ്ങിയാല്‍ അദൃശ്യ ഗന്ധര്‍വ്വന്‍റെ സാന്നിദ്ധ്യം! ഗന്ധര്‍വ്വ സംഗീതത്തില്‍ അവര്‍ ആകൃഷ്ടരായി, അവരറിയാതെ കരിങ്കൂവ്വളച്ചോട്ടിലും സര്‍പ്പക്കാവുകളിലും അടുത്തുള്ള ആലിന്‍ ചോട്ടിലും ബോധരഹിതരായി വീണു കിടന്നു. ചുണ്ടത്തും കവിളുകളിലും മാറിടങ്ങളിലും ഗന്ധര്‍വ്വ മുദ്ര പതിഞ്ഞു കിടക്കുന്നു. 

തറവാട്ടില്‍ പിറന്ന കന്യകമാര്‍ക്ക് സന്ധ്യാ സമയങ്ങളില്‍ അമ്പലത്തില്‍ പോകാന്‍ കഴിയാതെ വന്നിരിക്കുന്നു. ത്രിസന്ധ്യാ നേരങ്ങളില്‍ പേരറിയാത്ത പൂക്കളുടെ പരിമളം പരന്നു നടന്നു. പെണ്‍ കിടാങ്ങള്‍ - സുന്ദരികള്‍ - ഗന്ധര്‍വ്വന്‍റെ പാട്ടുകള്‍ കേള്‍ക്കാറുണ്ടത്രെ. അവര്‍ ലഹരികയറിയ കണ്ണുകളാല്‍ മന്ദസ്മിതം തൂകി; പ്രേമപരവശരായി. അന്തരീക്ഷത്തില്‍ മാദകഗന്ധം തങ്ങി നിന്നു. മുടിയിഴകളില്‍ സുഗന്ധ പുഷ്പങ്ങള്‍. ഗന്ധര്‍വ്വ സ്പര്‍ശമേറ്റ തരുണികള്‍ അഭൌമ സൌന്ദര്യത്തിനുടമകളായി. നാള്‍ക്കു നാള്‍ അവര്‍ തേജോമയികളായി. അവരുടെ ജ്വലിക്കുന്ന സൌന്ദര്യം വല്ലാത്ത ഒരു കാന്തിക വലയം സൃഷ്ടിച്ചു. എവിടെയ്ക്കോ ആകൃഷ്ടരായി അവര്‍ സന്ധ്യാ നേരങ്ങളില്‍ വീടിറങ്ങി നടക്കാന്‍ തുടങ്ങി. അവര്‍ ഇടയ്ക്ക് ആണുങ്ങളുടെ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങി. തറവാട്ടില്‍ കാരണവന്മാരുടെയും മുത്തശ്ശി മാരുടെയും നേര്‍ക്ക്‌ കയര്‍ത്തു സംസാരിക്കാന്‍ തുടങ്ങി.

കൂടാതെ ഗര്‍ഭിണികള്‍ക്ക് ഗന്ധര്‍വ്വ പീഡ! ഗന്ധര്‍വ്വ പ്രീതിക്കായി വണ്ണാന്‍മാരെ വരുത്തി ഗന്ധര്‍വ്വന്‍ പാട്ടു കഴിപ്പിച്ചു.

എല്ലാവര്‍ക്കും ആധിയായി. ഗന്ധര്‍വ്വന്‍ കൂടിയവരെ പിന്നെ കല്യാണം കഴിച്ചയക്കാന്‍ ബുദ്ധിമുട്ടാണ്. കുടുംബത്തിനു ഭാരമായി അവര്‍ ജീവിതാവസാനം വരെ കഴിയേണ്ടി വരും. ഉടനടി പരിഹാരം കണ്ടെത്തണം. എല്ലാവരും മുത്തച്ഛന്‍ തന്നെ ശരണം എന്ന് പറഞ്ഞെത്തി.  

ഗന്ധര്‍വ്വന്‍റെ സഞ്ചാര മാര്‍ഗ്ഗങ്ങള്‍ മുത്തച്ഛന്‍ അന്വേഷിക്കാന്‍ തുടങ്ങി. മുക്കൂട്ടയ്ക്കല്‍ - മൂന്നും കൂടിയ വഴിയില്‍ - മുളങ്കാടിന്റെ ചൂളം വിളിയില്‍ ഗന്ധര്‍വ്വ ഗാനത്തിന്‍റെ ശ്രുതി ചേരുന്നു.  സന്ധ്യാ നേരങ്ങളില്‍ വീണയും വേണുവും മൃദംഗവും മുഴങ്ങുന്നു. 

ഒരു നാള്‍ രാത്രി മുളംകാടിനടുത്തു വൃത്തം വരച്ച്, നടുക്കില്‍ കത്തി കുത്തി നിര്‍ത്തി ഗന്ധര്‍വ്വനെ തളച്ചു. പിറ്റേന്ന് വിശേഷാല്‍ പൂജയും, ആവാഹിക്കുന്ന ചടങ്ങുകളും നടന്നു. മണ്ണില്‍ നിന്നും കത്തിയെടുത്തപ്പോള്‍, കത്തി കുത്തി നിന്ന ഭാഗത്ത് ചോര പൊടിഞ്ഞു. കത്തിയില്‍ തറച്ചു നിര്‍ത്തിയ നേരം തൊട്ട് പുലരുന്നത്‌ വരെ ഗന്ധര്‍വ്വന്‍റെ തേങ്ങല്‍ മുത്തച്ഛന്‍ കേട്ടിരുന്നുവത്രേ. മരപ്പാവയില്‍ ആണിയടിച്ച് ഗന്ധര്‍വ്വനെ ദൂരെയെവിടെയോ കുടിയിരുത്തി.

(കേട്ടറിഞ്ഞ കഥയാണ്‌. തെറ്റ്-കുറ്റങ്ങള്‍ പൊറുക്കുമല്ലോ)
സുരേഷ് (7.2.09)

അച്ഛന്‍റെ മുത്തച്ഛന്‍

(അച്ഛന്‍ പണ്ടു പറഞ്ഞു തന്ന ഒരു കഥയാണ്‌)

അച്ഛന്‍റെ മുത്തച്ഛന്‍ ഒരു നല്ല മന്ത്രവാദിയായിരുന്നു; ഒപ്പം ഒരു ചെറു വൈദ്യനും. അത്യാവശ്യത്തിനു ചില ഒറ്റമൂലികളും മരുന്നുകളും കുറിച്ചു കൊടുക്കാന്‍ അറിയുമായിരുന്നു.

വെള്ളിയാഴ്ച്ച ദിവസം ഒരു ബാധയോഴിപ്പിക്കാലോ, കരിങ്കുട്ടി പൂജയോ, ഭദ്രകാളി പൂജയോ കാണും. അങ്ങിനെ ഒരു ദിവസം കുറച്ചു ദൂരെ പെരുമ്പടപ്പില്‍ ഒരു പൂജ കഴിഞ്ഞു വീട്ടിലേയ്ക്ക്‌ മടങ്ങുവാനൊരുക്കമായി. പരികര്‍മ്മി നന്നായി "പ്രസാദം" (കള്ള്) കഴിച്ചതിനാല്‍ നടക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു. കൂടെ വരേണ്ട, അവിടെത്തന്നെ കിടന്നുറങ്ങി പിറ്റേന്ന് വന്നാല്‍ മതി എന്ന് പറഞ്ഞു മുത്തച്ഛന്‍ പുറപ്പെടാനൊരുങ്ങി. പൂജയ്ക്കായി അറുത്ത കോഴിയുടെ കറിയും ഭക്ഷണവും കഴിക്കാന്‍ നിന്നില്ല; എന്നാല്‍ പൊതിഞ്ഞു കെട്ടിത്തരാന്‍ ആ വീട്ടുകാരോട് പറഞ്ഞു. തന്‍റെ വരവും കാത്തു വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക്‌ വേണ്ടിയാണ്. ഒരു കയ്യില്‍ ചൂട്ടും, മറുകയ്യില്‍ ഒരു ചൂരലും, തോളത്തു പൊക്കണത്തില്‍ ഭക്ഷണം, മറ്റു പൂജാ സാമഗ്രികള്‍ എന്നിവയുമായി അദ്ദേഹം പുറപ്പെട്ടു.

ആ വീട്ടുകാര്‍ ഒന്നടങ്കം പറഞ്ഞു, "അവിടുന്ന് ഇന്നിനി ഈ പാതിരാത്രിയ്ക്കു പോണ്ടാ; പോരാത്തതിന് വെള്ളിയാഴ്ചയും".

"ഹേയ്യ്, എനിക്ക് പോണം കുട്ട്യോള് കാത്തിരിക്കും".

അകത്തു ചെന്ന കള്ളിന്‍റെ ലഹരിയില്‍, ചുണ്ടില്‍ നിന്നുതിര്‍ന്നു വീഴുന്ന ശ്ലോകങ്ങളുടെ അര്‍ത്ഥം ഗ്രഹിച്ച്, ഏകാന്തതയുടെ കൂട്ടും പിടിച്ചു അദ്ദേഹമങ്ങിനെ നടക്കുകയാണ്.

(1940 കളിലെ സംഭവമാണ് ഞാന്‍ വിവരിക്കുന്നത്. ആ കാലഘട്ടം നാം മനസ്സില്‍ ഓര്‍ക്കണം).

കുണ്ടനിടവഴികളും, ആള്‍പ്പാര്‍പ്പില്ലാത്ത നീണ്ട വയല്‍നിരകളും, പൊന്തക്കാടുകളും, പൊട്ടക്കുളങ്ങളും, ഒടുവില്‍ കുട്ടിച്ചാത്തന്റെ ഇടിഞ്ഞു പൊളിഞ്ഞ അമ്പലവും കടന്ന് വേണം ഈ അര്‍ദ്ധരാതിക്ക് ഒരു ചൂട്ടിന്‍റെ സഹായത്താല്‍ വീടെത്താന്‍. ഒരു ചൂട്ട് കത്തിക്കഴിയാറാവുമ്പോള്‍ മാറ്റിക്കത്തിക്കാന്‍ വേറെയൊന്നെടുത്തിട്ടുമില്ല.നടക്കാന്‍ തുടങ്ങിയിട്ട് ഏകദേശം ഒന്നൊന്നര മണിക്കൂറായി. ചൂട്ട് എപ്പോഴോ കെട്ടിരിക്കുന്നു. കറുത്ത വാവാണെങ്കിലും, നടന്നു പരിചയമുള്ള വഴികളും, നാട്ടു വെളിച്ചവും ബുദ്ധിമുട്ടില്ലാതെ നടക്കാന്‍ സഹായിച്ചു.

മൂങ്ങകളുടെ മൂളലും, കാലന്‍ കോഴികളുടെ "ഹൂ വാ.." വിളികളും, കുറുക്കന്മാരുടെയും, നായ്ക്കളുടെയും ഓരിയിടലും രാത്രിക്ക് ഗാംഭീര്യം കൂട്ടി. പാട വരമ്പുകളില്‍ ചീവീടുകളും, മണ്ണട്ടകളും സംഗീതം പൊഴിച്ചു. പാമ്പുകളുടെ വായില്‍പ്പെട്ട തവളകളുടെ ദയനീയ രോദനം ഒറ്റപ്പെട്ട തേങ്ങലുകളായി.

ഒരു മനുഷ്യന്‍ നടന്നു താണ്ടിയ ഈ വഴിക്കിടയില്‍ ഒരാളെ പോലും കണ്ടു മുട്ടിയിട്ടില്ല. അല്ലെങ്കില്‍ തന്നെ ഈ നേരത്ത് ആര് വഴി നടക്കാന്‍? വീട്ടില്‍ കാത്തിരിക്കുന്ന കുട്ടികള്‍ക്ക്‌ പ്രത്യേക വിഭവം അപ്പോള്‍ തന്നെ കൊടുക്കണം എന്നതാണോ ഈ വഴിയായ വഴിയൊക്കെ ഒറ്റയ്ക്ക് നടക്കാന്‍ പ്രേരിപ്പിച്ചത്?

കുട്ടിച്ചാത്തന്റെ അമ്പലം കഴിഞ്ഞാല്‍ പിന്നെ ഒരു നാഴിക കൂടിയേയുള്ളൂ വീടെത്താന്‍. ഇനി ഒരു നീണ്ട ഇടവഴിയാണ്. രണ്ടു വശവും മാട്ടം മാടി നിര്‍ത്തിയിട്ടുള്ള ഇടവഴിയിലൂടെ രണ്ടു പേര്‍ക്ക് കഷ്ടിച്ച് അങ്ങോട്ടുമിങ്ങോട്ടും കടന്ന് പോകാം. മാട്ടത്തിനു പത്തുമുപ്പത്‌ അടി ഉയരമുണ്ട്. വഴിയില്‍ ആരോ നില്‍ക്കുന്നതായി തോന്നി. അകത്തു ചെന്ന കള്ളിന്‍റെ ലഹരിയില്‍ തോന്നിയതാണോ? അല്ല! ആ രൂപം വളരുകയാണ്. വളര്‍ന്നു വലുതായി. മാട്ടത്തിന്റെ മുകള്‍ അറ്റത്ത്‌ തല...കാലുകള്‍ നിലത്തു തൊടുന്നുവോ ഇല്ലയോ എന്ന് സംശയം. വഴി മുടക്കി നില്‍ക്കുക തന്നെയാണ്. അറിയാവുന്ന ശ്ലോകങ്ങളും മന്ത്രങ്ങളും വിറയലായി പുറത്തു വന്നു. ഇതാദ്യമായാണ് ഒരാള്‍ വഴി മുടക്കുന്നത്. തന്നോടു കളിക്കുന്നത് ചില്ലറക്കാരനല്ലെന്നു മുത്തച്ഛന്‍ മനസ്സിലാക്കി. വഴി മാറാന്‍ ഭാവവുമില്ല. മനസ്സു മന്ത്രിച്ചു: മനസ്സിലായില്ലേ ആകാശ ഗന്ധര്‍വ്വനാണ്. സംഗതി കുഴപ്പമാണ്. തന്നെ തൊടാതെ, ഉപദ്രവിക്കാനായി അടുത്ത് വരാത്തത് കയ്യിലിരിക്കുന്ന 'ഇറച്ചി' കാരണമാണെന്നും മനസ്സിലായി. മുന്നോട്ട് പോവുക അസാദ്ധ്യം. തിരിച്ചു നടക്കാം, ജീവന്‍ രക്ഷിക്കണം. ഏതെങ്കിലും നിമിഷം ഇറച്ചിപ്പൊതി ഭാണ്ഡം കയ്യില്‍ നിന്നും വീണാല്‍ ഗന്ധര്‍വ്വന്‍ തന്‍റെ കഥ കഴിക്കും.

തിരിഞ്ഞു നടക്കാന്‍ തീരുമാനിച്ചു. അതാ, പിന്നില്‍ നിന്നും ഒരു മെതിയടി ശബ്ദം! അടുത്ത് വരികയാണ്. അസാദ്ധ്യ ഉയരം. ഒരൊത്ത മനുഷ്യന്‍. വെള്ള മുണ്ടും, വെള്ള തലേക്കെട്ടും, കയ്യില്‍ ഒരു ചൂരലും പിടിച്ചു വേഗത്തിലാണ് നടത്തം. തനിക്ക് മുന്നോട്ടും പിന്നോട്ടും നടക്കാന്‍ വയ്യാത്ത അവസ്ഥ. പിന്നില്‍ നിന്നു വരുന്നയാളും സാധാരണക്കാരനല്ല. തന്‍റെ വഴി മുന്നോട്ടു തന്നെ.

"നടന്നോളിന്‍, ഞമ്മക്ക്‌ തെരക്കുണ്ട്. പിന്നില് ഞമ്മളുണ്ട്". ആ രൂപം പറഞ്ഞു.

മുന്നില്‍ നില്‍ക്കുന്ന ആകാശഗന്ധര്‍വ്വനെപ്പറ്റി പറഞ്ഞു കൊടുക്കാനുള്ള നേരമില്ല. ചൂരല്‍ വീശലിന്റെയും, മെതിയടിയൊച്ചയുടെയും അകമ്പടിയോടെ മുത്തച്ഛന്‍ നടന്നു - അല്ല - ഓടി. സമീപത്തെത്തിയപ്പോഴേക്കും ഇരു മാട്ടങ്ങളിലുമായി കാലൂന്നി നില്‍ക്കുകയാണ്‌ ഗന്ധര്‍വ്വന്‍. ആ കാലുകള്‍ക്കിടയിലൂടെ തന്നെ ഓടി....പിന്നില്‍ ചൂരല്‍ വീശലും, മെതിയടി ശബ്ദവും....വീട്ടു പടിക്കല്‍ നിന്നിട്ടാണ്‌ ശ്വാസം നേരെ വീണത്‌. പിന്നില്‍ ചൂരല്‍ വീശലില്ല, മെതിയടി ശബ്ദമില്ല! തിരിഞ്ഞു നോക്കി. ആരുമില്ല. എല്ലാം ഒരു മായയോ?

ഏതൊരു ശക്തിയുടെ മുന്നിലും നാം മടിച്ചു നിന്നാല്‍ അവര്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്നു. ധൈര്യസമേതം മുന്നേറിയാല്‍ നാം അവരെ നിഷ്പ്രഭരാക്കുന്നു. മുത്തച്ഛന്റെ ഉപബോധമനസ്സ് സൃഷ്‌ടിച്ച ഒരു രൂപമായിരുന്നു ആ വെള്ള രൂപവും, ചൂരല്‍ വീശലും, മെതിയടി ശബ്ദവും. അത് ഗന്ധര്‍വ്വനെ മറി കടന്ന് മുന്നോട്ടു പോകാന്‍ സഹായിച്ചു. അല്ല, മുത്തച്ഛന്റെ ഏതോ മണ്‍മറഞ്ഞ ഒരു സുഹൃത്ത് തന്‍റെ രക്ഷയ്ക്കെത്തിയെന്നും പറയപ്പെടുന്നു.

സുരേഷ് (6.2.09)