(അച്ഛന്‍റെ മുത്തച്ഛന്‍ ഒന്നാം ഭാഗം വായിക്കുക)
സന്ധ്യയായാല്‍ പെണ്‍ കിടാങ്ങള്‍ക്കു വിളക്ക് കൊളുത്തി പുറത്തു കാണിക്കാന്‍ വയ്യാതായിരിക്കുന്നു. മേല്‍കഴുകി വന്ന് ഭസ്മവും തൊട്ട് അവര്‍ - കന്യകമാര്‍ - സന്ധ്യാ ദീപവുമായി മുറ്റത്തും തുളസിത്തറയിലും കൂവ്വളചോട്ടിലും വിളക്ക് വെക്കാനിറങ്ങിയാല്‍ അദൃശ്യ ഗന്ധര്‍വ്വന്‍റെ സാന്നിദ്ധ്യം! ഗന്ധര്‍വ്വ സംഗീതത്തില്‍ അവര്‍ ആകൃഷ്ടരായി, അവരറിയാതെ കരിങ്കൂവ്വളച്ചോട്ടിലും സര്‍പ്പക്കാവുകളിലും അടുത്തുള്ള ആലിന്‍ ചോട്ടിലും ബോധരഹിതരായി വീണു കിടന്നു. ചുണ്ടത്തും കവിളുകളിലും മാറിടങ്ങളിലും ഗന്ധര്‍വ്വ മുദ്ര പതിഞ്ഞു കിടക്കുന്നു.
തറവാട്ടില്‍ പിറന്ന കന്യകമാര്‍ക്ക് സന്ധ്യാ സമയങ്ങളില്‍ അമ്പലത്തില്‍ പോകാന്‍ കഴിയാതെ വന്നിരിക്കുന്നു. ത്രിസന്ധ്യാ നേരങ്ങളില്‍ പേരറിയാത്ത പൂക്കളുടെ പരിമളം പരന്നു നടന്നു. പെണ്‍ കിടാങ്ങള്‍ - സുന്ദരികള്‍ - ഗന്ധര്‍വ്വന്‍റെ പാട്ടുകള്‍ കേള്‍ക്കാറുണ്ടത്രെ. അവര്‍ ലഹരികയറിയ കണ്ണുകളാല്‍ മന്ദസ്മിതം തൂകി; പ്രേമപരവശരായി. അന്തരീക്ഷത്തില്‍ മാദകഗന്ധം തങ്ങി നിന്നു. മുടിയിഴകളില്‍ സുഗന്ധ പുഷ്പങ്ങള്‍. ഗന്ധര്‍വ്വ സ്പര്‍ശമേറ്റ തരുണികള്‍ അഭൌമ സൌന്ദര്യത്തിനുടമകളായി. നാള്‍ക്കു നാള്‍ അവര്‍ തേജോമയികളായി. അവരുടെ ജ്വലിക്കുന്ന സൌന്ദര്യം വല്ലാത്ത ഒരു കാന്തിക വലയം സൃഷ്ടിച്ചു. എവിടെയ്ക്കോ ആകൃഷ്ടരായി അവര്‍ സന്ധ്യാ നേരങ്ങളില്‍ വീടിറങ്ങി നടക്കാന്‍ തുടങ്ങി. അവര്‍ ഇടയ്ക്ക് ആണുങ്ങളുടെ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങി. തറവാട്ടില്‍ കാരണവന്മാരുടെയും മുത്തശ്ശി മാരുടെയും നേര്‍ക്ക് കയര്‍ത്തു സംസാരിക്കാന്‍ തുടങ്ങി.
കൂടാതെ ഗര്‍ഭിണികള്‍ക്ക് ഗന്ധര്‍വ്വ പീഡ! ഗന്ധര്‍വ്വ പ്രീതിക്കായി വണ്ണാന്‍മാരെ വരുത്തി ഗന്ധര്‍വ്വന്‍ പാട്ടു കഴിപ്പിച്ചു.
എല്ലാവര്‍ക്കും ആധിയായി. ഗന്ധര്‍വ്വന്‍ കൂടിയവരെ പിന്നെ കല്യാണം കഴിച്ചയക്കാന്‍ ബുദ്ധിമുട്ടാണ്. കുടുംബത്തിനു ഭാരമായി അവര്‍ ജീവിതാവസാനം വരെ കഴിയേണ്ടി വരും. ഉടനടി പരിഹാരം കണ്ടെത്തണം. എല്ലാവരും മുത്തച്ഛന്‍ തന്നെ ശരണം എന്ന് പറഞ്ഞെത്തി.
ഗന്ധര്‍വ്വന്‍റെ സഞ്ചാര മാര്‍ഗ്ഗങ്ങള്‍ മുത്തച്ഛന്‍ അന്വേഷിക്കാന്‍ തുടങ്ങി. മുക്കൂട്ടയ്ക്കല്‍ - മൂന്നും കൂടിയ വഴിയില്‍ - മുളങ്കാടിന്റെ ചൂളം വിളിയില്‍ ഗന്ധര്‍വ്വ ഗാനത്തിന്‍റെ ശ്രുതി ചേരുന്നു. സന്ധ്യാ നേരങ്ങളില്‍ വീണയും വേണുവും മൃദംഗവും മുഴങ്ങുന്നു.
ഒരു നാള്‍ രാത്രി മുളംകാടിനടുത്തു വൃത്തം വരച്ച്, നടുക്കില്‍ കത്തി കുത്തി നിര്‍ത്തി ഗന്ധര്‍വ്വനെ തളച്ചു. പിറ്റേന്ന് വിശേഷാല്‍ പൂജയും, ആവാഹിക്കുന്ന ചടങ്ങുകളും നടന്നു. മണ്ണില്‍ നിന്നും കത്തിയെടുത്തപ്പോള്‍, കത്തി കുത്തി നിന്ന ഭാഗത്ത് ചോര പൊടിഞ്ഞു. കത്തിയില്‍ തറച്ചു നിര്‍ത്തിയ നേരം തൊട്ട് പുലരുന്നത് വരെ ഗന്ധര്‍വ്വന്‍റെ തേങ്ങല്‍ മുത്തച്ഛന്‍ കേട്ടിരുന്നുവത്രേ. മരപ്പാവയില്‍ ആണിയടിച്ച് ഗന്ധര്‍വ്വനെ ദൂരെയെവിടെയോ കുടിയിരുത്തി.
(കേട്ടറിഞ്ഞ കഥയാണ്. തെറ്റ്-കുറ്റങ്ങള്‍ പൊറുക്കുമല്ലോ)
സുരേഷ് (7.2.09)
ത്രിസന്ധ്യാ നേരങ്ങളില്‍ പേരറിയാത്ത പൂക്കളുടെ പരിമളം പരന്നു നടന്നു. പെണ്‍ കിടാങ്ങള്‍ - സുന്ദരികള്‍ - ഗന്ധര്‍വ്വന്‍റെ പാട്ടുകള്‍ കേള്‍ക്കാറുണ്ടത്രെ. അവര്‍ ലഹരികയറിയ കണ്ണുകളാല്‍ മന്ദസ്മിതം തൂകി; പ്രേമപരവശരായി. അന്തരീക്ഷത്തില്‍ മാദകഗന്ധം തങ്ങി നിന്നു. മുടിയിഴകളില്‍ സുഗന്ധ പുഷ്പങ്ങള്‍. ഗന്ധര്‍വ്വ സ്പര്‍ശമേറ്റ തരുണികള്‍ അഭൌമ സൌന്ദര്യത്തിനുടമകളായി. നാള്‍ക്കു നാള്‍ അവര്‍ തേജോമയികളായി. അവരുടെ ജ്വലിക്കുന്ന സൌന്ദര്യം വല്ലാത്ത ഒരു കാന്തിക വലയം സൃഷ്ടിച്ചു. ... i like it... thank u
ReplyDeleteThank you.
ReplyDelete