Sunday, February 1, 2009

എങ്ങോ കളഞ്ഞു പോയ കൌമാരത്തിന്റെ മടിത്തട്ടില്‍

എങ്ങോ കളഞ്ഞു പോയ കൌമാരത്തിന്റെ മടിത്തട്ടില്‍ വീണ്ടും ഒരിക്കല്‍ കൂടി.

കണ്ണുകള്‍ പരതുകയാണ്‌: എവിടെ ആ നെല്ലിമരം? ആ വെളുത്ത മൂവാണ്ടന്‍ മാവ്? ആ അരിനെല്ലി? അണ്ടി ഉടമസ്ഥന് കൊടുത്ത് മാങ്ങ പെറുക്കി തിന്നിരുന്ന ആ കശുമാവിന്‍ ചോടെവിടെ? തിരുവാതിരയ്ക്ക് അയല്‍വീട്ടിലെ പാവാടക്കാരികള്‍ ആടാന്‍ വന്നിരുന്ന ഊഞ്ഞാല് കെട്ടിയിരുന്ന ആ ഒളോര്‍ മാവെവിടെ? ഞങ്ങള്‍ കുത്തി മറിച്ച് കലക്കിയിരുന്ന അമ്പലക്കുളമെവിടെ? അയ്യപ്പന്‍ വിളക്കിന്‍ ദിവസം എഴുന്നെള്ളിക്കാന്‍ പാലക്കൊമ്പ് തന്നിരുന്ന ആ പാല മരമെവിടെ? പുതുമഴയത്ത് ഏറ്റുമീന്‍ പിടിക്കാന്‍ തുരുത്തി വെച്ചിരുന്ന ആ കുഞ്ഞു തോടെവിടെ?

ഗ്രാമത്തിന്‍റെ ഭാഗമായിരുന്ന ഭ്രാന്തന്‍ കണാരനെവിടെ? കാലില്‍ മന്തുള്ള ആ ആര്യവൈദ്യന്‍ എവിടെ? ആഴ്ചയില്‍ മുറ തെറ്റാതെ അലക്കാന്‍ മേടിക്കാന്‍ വന്നിരുന്ന മണ്ണാത്തി ലക്ഷ്മി എവിടെ ? പുള്ളുവനും, പാണനും, വിഷു ഫലക്കാരനും എവിടെ? വിഷുപ്പക്ഷി എവിടെ? ഓണക്കിളികള്‍ എവിടെ? പൂ പറിക്കാന്‍ പൂവട്ടിയുമായി 'പൂവേ വിളി' പാടി നടന്നിരുന്ന കുട്ടികളെവിടെ? മുറവും കൊമ്പ് മുറവുമായി, വട്ടിയും കുട്ടയുമായി വന്നിരുന്ന കുടുമ കെട്ടിയ ആ വയസ്സന്‍ പറയന്‍ കുഞ്ചു എവിടെ?

ഉണക്ക മീനുമായി മുക്കാടിയില്‍ നിന്നും വന്നിരുന്ന ബീവാത്തുമ്മ എവിടെ? "പച്ചക്കറി പച്ചമുളക് വേപ്പില നാരങ്ങ ..." വിളിച്ചു പറഞ്ഞു വന്നിരുന്ന അവുതളക്കുട്ടി മാപ്പിള എവിടെ?

പാലപ്പെട്ടിയിലും, വട്ടെക്കാട്ടും, കണ്ണേലും അമ്പലങ്ങളില്‍ താലമെടുക്കാന്‍ വന്നിരുന്ന പെണ്‍കിടാങ്ങള്‍ എവിടെ?

പാടം പൂട്ടാന്‍ വന്നിരുന്ന പൂട്ടുകാരന്‍ അറുമുഖന്‍? പോത്തുകള്‍? ഞാറു നടുമ്പോള്‍ പാടിയിരുന്ന "ലപ്പോ പറഞ്ഞല്ലോ കുഞ്ഞു ഉണ്ണൂലി..." എന്ന വടക്കന്‍ പാട്ടുകള്‍? ആരാണ് തമ്മില്‍ കേമികള്‍ എന്ന് മത്സരിച്ചു പാടിയിരുന്ന കാളി, കൊമ്മ, അയ്യ - എവിടെ എല്ലാവരും?

ഒന്നും കണ്ടില്ല!

വെള്ളിലക്കാടുകളും പുല്ലാനിപ്പടര്‍പ്പും കാട്ടുകൈതക്കൂട്ടങ്ങളും കണ്ടില്ല. കാക്കപ്പൂവും, തുമ്പപ്പൂവും മഷിയിട്ടു നോക്കിയാല്‍ പോലും കാണാനില്ല.

ഇടവഴികളും, ഇടവഴികളിലൂടെ ഒഴുകിയെത്തിയിരുന്ന കൊച്ചു നീര്‍ച്ചാലുകളും, അവയ്ക്കരികത്തായി ഭൂമിക്കടിയില്‍നിന്നും തിളച്ചുവരുന്ന കുഞ്ഞു നീരുറവകളും കണ്ടില്ല.

മാവിന്‍ ചുവട്ടിലും, കശുമാവിന്‍ ചുവട്ടിലുമൊന്നും കുട്ടികളില്ല. ഒരു കൊച്ചു കാറ്റടിച്ചാല്‍ വീഴുന്ന മാമ്പഴം പെറുക്കാന്‍ ആരെയും കണ്ടില്ല.

പൂക്കളങ്ങളില്‍ പ്ലാസ്റ്റിക് പൂവും, ചായക്കൂട്ടുകളും നിറഞ്ഞിരിക്കുന്നു. ചെമ്മണ്ണ് കുഴച്ച് ഭംഗിയില്‍ ഉണ്ടാക്കി അരിമാവും തുളസിപ്പൂവും ചൂടി നില്ക്കുന്ന മണ്ണിന്റെ മാവേലിയെ കണ്ടില്ല; പകരം മരം കൊണ്ടുണ്ടാക്കിയ മാവേലിയെ കണ്ടു.

ഊര് തെണ്ടലും ആണ്ടിയൂട്ടും കണ്ടില്ല.

പക്ഷെ കണ്ടു: മൊബൈല്‍ ഫോണില്‍ എസ്സെമ്മെസ്സും എമ്മെമ്മേസ്സും അയച്ചു കളിക്കുന്ന കുട്ടികളെ. ടിവിയില്‍ കണ്ണും നട്ടു കൂനിക്കൂടി ക്രിക്കറ്റ് മാച്ച് കാണുന്ന കുട്ടികളെ...ഒരു പുതു തലമുറ വളരുകയാണ്.

പണ്ടാരോ നട്ട ഒരു കുഞ്ഞു തൈ വളര്‍ന്ന് വലുതായി ഇന്നു നാമതിന്റെ തണലില്‍ ഇരിക്കുന്നു. നന്മയുടെ വിത്തുകള്‍ വിതയ്ക്കൂ വരും തലമുറയ്ക്കായി! അവര്‍ക്കായി നടൂ ഒരു കുഞ്ഞു തൈ! അവര്‍ക്കും തണലില്‍ ഇരിക്കേണ്ടേ?

സുരേഷ് (3.2.09)

3 comments:

  1. സുരേഷ്, എല്ലാം വായിക്കുന്നുണ്ട്. തുടരുക.:)

    ReplyDelete
  2. hi,
    Please check this link. Somebody stolen ur post.
    http://sameer-illikkal.mywebdunia.com/2009/11/24/1259070060000.html

    ReplyDelete