Sunday, February 1, 2009

ഒരു 'ചെറുതി'ന്‍റെ കഥ

"അമ്മേ, ഏട്ടനും ഏടത്യമ്മിം മോനും ഓണത്തിനു വരുണൂ ന്ന്", അമ്മാവന്‍റെ കത്ത് വായിച്ച്‌ അമ്മ ഉറക്കെ അമ്മമ്മയോടു പറയുകയാണ്‌.

മോളില്‍ (മുകളില്‍) നീറ്റടയ്ക്ക എടുക്കുകയായിരുന്ന അമ്മമ്മ പെട്ടെന്ന് താഴെയെത്തി.

"അപ്പൊ, അത്തം, ചിത്ര, ചോതി, .....ഇന്ന് തൃക്കേട്ട. ശനിയാഴ്ച രാവിലത്തെ ബസ്സിനുണ്ടാവും.
നീയാ നെന്ത്രക്കൊല്യൊക്കെ ഒന്നുകൂടി നോക്ക് പഴുക്കില്യെന്നു."

"നാശം, ഈ ഓണത്തിന്റെ എടെലൊരു പരീക്ഷ", അപ്പു പിറു പിറുത്തു.

അവന്‍ പരീക്ഷയ്ക്ക് പഠിയ്ക്കയാണ്.അമ്മാവനും അമ്മായിയും മണിക്കുട്ടനും ഓണത്തിനു വരുന്നു! (കഴിഞ്ഞ ഓണത്തിന് കണ്ടതാണ്). അവന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവര്‍ വരുമ്പോള്‍ കൊണ്ടുവരുന്ന തീറ്റ സാധനങ്ങള്‍ ഓര്‍ത്താല്‍ വായില്‍ കപ്പലോടിയ്ക്കാം; അതിലുമുപരിയായി, മണിക്കുട്ടനോടൊപ്പം കളിക്കാം. വെളുത്തു തുടുത്ത അവന്‍റെ മേനിയില്‍ ആ പുലിനഖ മാല കൂടിയാവുമ്പോള്‍ ഒരു അസ്സല്‍ സുന്ദരക്കുട്ടപ്പനായി. പട്ടണത്തില്‍ വളരുന്നവരേ തടിച്ചു കൊഴുത്തു വെളുത്തിരിയ്ക്കൂ? അറിയില്ല. എന്തായാലും അപ്പുവിനെ നോക്കി അമ്മമ്മ എല്ലാവരോടും, "ഓന്‍ പരോശാണ്, ഓന്റെ ശരീര പ്രകൃതി അങ്ങന്യാന്നാ തോന്നണത്", എന്ന് പറയുന്നതു പലപ്പോഴും അവന്‍ കേട്ടിരിയ്ക്കുന്നു.

(പലപ്പോഴും വിരുന്നുകാരുടെ വരവോ, ബന്ധുക്കളുടെ വരവോ അവന് സന്തോഷം പ്രദാനം ചെയ്തിരുന്നു എങ്കിലും, അവസാനം എല്ലാ വിഷയവും അവന്‍റെ വലിപ്പമില്ലായ്മയിലാണ് ചെന്നെത്തുക... ഉള്ളിന്റെയുള്ളില്‍ ഒരു ഭീതിയാണ്. ആര്‍ക്കും, എപ്പോഴും എടുത്തിടാവുന്ന ഒരു വിഷയം. അമ്മമ്മ പറയാറുള്ള പോലെ, "ചാഞ്ഞ മരത്തില്‍ ഓടിക്കേറാന്‍ എളുപ്പമാണല്ലോ".)

അപ്പുവിനെക്കാള്‍ നാല് വയസ്സിനു താഴെയാണ് മണിക്കുട്ടന്‍. പക്ഷെ, അവന്‍റെ വികൃതിക്ക് മുന്നിലും, അടിയുടെ മുന്നിലും ശരീര പ്രകൃതിയ്ക്ക് മുന്നിലും അപ്പു എന്നും തോറ്റിട്ടെയുള്ളൂ! എന്നാലും, അപ്പുവിന് അവനോട് ഒട്ടും ദേഷ്യമോ പകയോ ഇല്ലായിരുന്നു.

അവന്‍റെ വരവിനായി അപ്പു തയ്യാറെടുക്കും. തെങ്ങ് കേറാന്‍ വരുന്ന വേലായിടെയും ചക്കന്റെയും മക്കളോട് ആദ്യമേ തന്നെ പറഞ്ഞു വെയ്ക്കും:

"എടാ, മണിക്കുട്ടന്‍ വരുന്നുണ്ട് ഓണത്തിന്ന്. തെങ്ങ് കയറ്റത്തിനു വെട്ട്യേ ഓലെന്നു നല്ല മടല് വെട്ടി പറമ്പില്‍ 'വീട്' ഉണ്ടാക്കി കളിക്കണം. പിന്നെ, നല്ല മുട്ടിക്കുടിക്കുന്ന മാങ്ങന്ടെങ്ങില്‍ പറക്കി കൊണ്ടരണം. കപ്പലണ്ടീം ശര്‍ക്കരേം കൊണ്ട് മുട്ടായിണ്ടാക്കണം. മണ്ണില്‍ 'തത്തക്കൂട്' ഉണ്ടാക്കണം....." ഇങ്ങനെ പോകും അപ്പുവിന്‍റെ നിര്‍ദ്ദേശങ്ങള്‍.

ഓണത്തിന് മണിക്കുട്ടന്‍ ഉണ്ടാവുന്ന നാലഞ്ച് ദിവസങ്ങള്‍ ആഘോഷിക്കണം. പിന്നെ തന്‍റെയും കൂട്ടുകാരുടെയും നീന്തല്‍ അഭ്യാസങ്ങള്‍... മണിക്കുട്ടനെ കുളത്തില്‍ കൊണ്ട് പോകേണം. അവനെ കരയ്ക്കിരുത്താനെ പറ്റൂ.

മണിക്കുട്ടന്റെ പിന്നാലെ തന്‍റെ കളിക്കൂട്ടുകാര്‍ മുഴുവനും കൂടും; രാജനും, നാരായണനും, ഗോപിയും, മറ്റും. "എടൊ ദ് സ്വര്‍ണ്ണ മാല്യാടോ?", "ശരിക്കുള്ള പുലി നഖാ, പ്ലാസ്റ്റിക്കാ?", അവര്‍ ചോദ്യം തുടങ്ങും.

അപ്പു ഗമയില്‍ പറയും, "പ്ലാസ്റ്റിക് നെന്‍റെ കഴുത്തിലിട്ടോ, മണിക്കുട്ടന്റെ കഴുത്തിലെ ശരിക്കുള്ള പുലിനഖം തന്ന്യാ".

പാടത്തും, പറമ്പിലും അലഞ്ഞു നടന്ന് തന്‍റെയും കൂട്ടുകാരുടെയും കൂടെ പൂ പറിയ്ക്കാന്‍ വരാന്‍ അവന് വലിയ ആഗ്രഹമാണ്. എന്നാല്‍, അവന്‍റെ കാലില്‍ മുള്ള് കുത്താതെ, ഉറുമ്പ് കടിയേല്‍ക്കാതെ, പാടത്ത് വരമ്പില്‍ വീഴാതെ, ചളിയില്‍ ചവിട്ടാതെ, നോക്കി നടത്തേണ്ടത്‌ അപ്പുവിന്‍റെ ഉത്തരവാദിത്തമാണ്.

അങ്ങനെ അവനെയും കൊണ്ട് പുറത്തിറങ്ങുമ്പോള്‍ അമ്മായിയ്ക്ക്‌ ഭയങ്കര ആവലാതിയാണ്‌, "മോനേ നല്ലോണം നോക്കണം, ശ്രദ്ധിക്കണം, ചളിയില്‍ വീഴാതെ നോക്കണം....."

അമ്മാവന് അതൊന്നും ഒരു വിഷയമല്ല, "നീ പോയി വാടാ", മണിക്കുട്ടനോട് പറയും.

പിന്നെ അപ്പുവിനോടായി പറയും, "നീ അവള്‍ പറയുന്നതൊന്നും നോക്കണ്ട! കുട്ട്യോളായാല്‍ ചെലപ്പോ വീണൂന്നും, മുറി പറ്റീ ന്നൊക്കെ വരും. നന്നായി മുറി പറ്റീ ച്ചാ ഡോക്ടര്‍ടെ അടുത്ത് കൊണ്ടോവണം, അത്ര ന്നെ".

കളിയൊക്കെ കഴിഞ്ഞു വന്ന് വൈകുന്നേരങ്ങളില്‍ കിണറ്റിന്‍ കരയില്‍ മേല്‍ കഴുകുമ്പോള്‍ ചില ദിവസങ്ങളില്‍ സംസാര വിഷയം തന്നെക്കുറിച്ചായിരിക്കും.

"ഹൈസ്കൂള്‍ ക്ലാസ്സിലായി, ഓനിപ്പോഴും കളിച്ചു നടക്കണം ന്നേള്ളൂ. എന്നും ചെക്കമ്മാരോടൊപ്പം തെണ്ടിത്തിരിഞ്ഞു നടക്കാനേ എടള്ളൂ", അമ്മയാണ്.

ഇനിയാണ് അവനിഷ്ടമില്ലാത്ത വിഷയം വരിക.

അമ്മായി പറയും, "ഇവനെക്കണ്ടാല്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുകയാണെന്നെ തോന്നൂ. ഹൈസ്കൂള്‍ ക്ലാസ്സിലാണെന്നു പറയാന്‍ പ്രയാസം".

അമ്മ തുടങ്ങുകയായി. "ഒരു ഗ്ലാസ് പാല് കുടിക്കില്ല; കൂട്ടാന്‍ കൂട്ടുമ്പോ വെള്ളരിക്ക, മാങ്ങ, മത്തങ്ങ, കുമ്പളങ്ങ...ഇതിന്റ്യൊക്കെ കഷ്ണം മാറ്റി വെയ്ക്കും; തൊട്ടു നോക്കില്യ. എന്നുപ്പോ ഉരുളക്കിഴങ്ങും ഉള്ളീം കൊണ്ട് സാമ്പാറു ണ്ടാക്കാന്‍ കഴ്യോ? ഒരു പഴുത്ത മാങ്ങ തിന്നില്യ; ചക്കടെ വാസന കേട്ടൂട!".

അപ്പു രാത്രിയില്‍ അരണ്ട വെളിച്ചത്തില്‍ നിലക്കണ്ണാടിക്കു മുന്നില്‍ നിന്നു നോക്കും. കഴുത്തിലെ എല്ലുകള്‍ പൊങ്ങി നില്‍ക്കുന്നു; വാരിയെല്ലുകള്‍ എഴുന്നു നില്ക്കുന്നത് കാണാം; കാല് വിറകിന്‍ കൊള്ളി പോലെ. മണിക്കുട്ടന്റെ തോളും കഴുത്തും ഉരുണ്ട് മാംസം നിറഞ്ഞതാണ്‌. കണന്കാലുകള്‍ക്ക് നല്ല ഭംഗി. ട്രൌസര്‍ അവന്‍റെ കാലില്‍ ഇറുകി കിടക്കും. തന്‍റെ ട്രൌസറിന്റെ കാലുകള്‍ക്കിടയില്‍ കൂടി രണ്ടാളെക്കൂടി കേറ്റാം! താനെന്താണിങ്ങനെ? ഗ്രാമത്തിലെ കുട്ടികള്‍ കറുത്ത് കരിങ്കോള്ളി പോലെയായിരിക്കുമോ?

ചില അവധിക്കാലത്ത് അവനെ മണിക്കുട്ടന്‍ പട്ടണത്തിലേക്ക് ക്ഷണിക്കും. അപ്പുവിന് ആവേശം കയറും. വലിയ തിരക്കേറിയ വീഥികള്‍ കാണാം, കാഴ്ച ബംഗ്ലാവില്‍ പോകാം, വലിയ തിയറ്ററില്‍ സിനിമ കാണാം, തീവണ്ടി കാണാം....

എന്നാലും ഉള്ളിന്റെയുള്ളില്‍ ഒരു ജാള്യതയാണ്. അവിടെ എല്ലാ കുട്ടികളും തടിച്ചു കൊഴുത്തു വെളുത്തിരിക്കുന്നു. ഇതെന്താണിങ്ങനെ? ഇവര്‍ സ്ഥിരമായി, പാലും, പഴവും, ബിസ്കറ്റും, മറ്റും കഴിച്ചതിനാലാണോ ഇങ്ങനെ?
ഗ്രാമത്തിലെ കുട്ടികളെ ദൈവം ശിക്ഷിച്ചിരിക്കയാണോ?

മണിക്കുട്ടന്റെ അയല്‍ക്കാരായ കുട്ടികളോടൊപ്പം കളിക്കുന്ന നേരത്തായിരിക്കും അവരുടെ അമ്മമാര്‍ അവനോട് ചോദിക്കുക,

"ഇതാരാണ്?"

അവന്‍ പ്രസന്നതയോടെ പറയും, "ഏട്ടന്‍, നാട്ടില്‍ നിന്നു വെക്കേഷന് വന്നതാ".

"കുട്ടി ഏത് ക്ലാസ്സിലാ പഠിക്കുന്നത്; അഞ്ചിലോ, ആറിലോ?" .

അപ്പുവിന്‍റെ മുഖത്ത് വിഷാദഛായ പരക്കും. ദൈവമേ, ഇതിനൊരു മോചനമില്ലേ?

വൈകുന്നേരം തൊട്ടടുത്ത വീടുകളിലെ കുട്ടികളും മുതിര്‍ന്നവരും കൂടി സിനിമക്കു പോകുമ്പോഴായിരിക്കും ബാക്കി വിസ്താരണ. അമ്മായിയോടവര്‍ പറയും, "ഈ കുട്ടിയെ കണ്ടാല്‍ എന്താ ഇങ്ങനെ ചെറുതായിട്ടിരിക്കുന്നത്? ഹൈസ്കൂള്‍ ക്ലാസ്സിലാണെന്നു തോന്നില്ല."

അപ്പുവിന്‍റെ കണ്ണുകള്‍ നിറയും; മനം വേദന കൊണ്ട് വിങ്ങും. സിനിമ കണ്ടു എന്ന് വരുത്തും. വേഗം നാട്ടിലെത്തിയാല്‍ മതിയായിരുന്നു. തന്‍റെ കൂട്ടുകാരുടെയിടയില്‍ താന്‍ രാജാവാണ്‌. തന്‍റെ കൊച്ചു ഗ്രാമം എത്ര നല്ലതാണ്.

(ഗ്രാമത്തിന്റെ നിഷ്കളങ്കതയും, സൌകുമാര്യതയും തിരിച്ചറിയാന്‍ അവന്‍ വീണ്ടും വലുതാവേണ്ടാതായി വന്നു. പട്ടണത്തിന്റെ മോടിയും ഭംഗിയും താത്കാലികമാണെന്നും അത് മനസ്സിന് ഗ്രാമജീവിതത്തിന്റെ നൈര്‍മ്മല്യം തരുന്നില്ലെന്നും മനസ്സിലാക്കാന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടതായി വന്നു.)

പക്ഷെ കൌമാരജീവിതം ഗ്രാമത്തിലും അവന് ഏറെ മാനസിക പ്രശ്നങ്ങള്‍ നല്‍കിയോ?

വാരികകളില്‍ 'ജീവന്‍ ടോണി'ന്റെ പരസ്യം കാണുമ്പോള്‍ അവന്‍ ആശയോടെ നോക്കാന്‍ തുടങ്ങി. എന്തിനാണെല്ലാവരും തന്‍റെ ശരീരത്തെ കരുവാക്കുന്നത്? തന്‍റെ ഒരു ഗുണവും അവര്‍ കാണുന്നില്ലേ? സാമാന്യം നന്നായി കവിത ചൊല്ലും; പാട്ടു പാടും. ചെറുതായി എഴുത്ത് കുത്തുകള്‍ ഉണ്ട്. നന്നായി പഠിക്കുന്നുണ്ട്. ക്ലാസ്സില്‍ ഫസ്റ്റ് ആണെന്നതും ചിലപ്പോള്‍ തന്‍റെ ആകൃതിയെ പറ്റി പറയാന്‍ ഒരവസരം ഒരുക്കുകയായിരിക്കും.

ഉത്തരം കിട്ടാത്ത വലിയ കുട്ടികളെ ബഞ്ചില്‍ കയറ്റി നിര്‍ത്തിയിട്ട്‌ ടീച്ചര്‍മാര്‍ പറയും, "നോക്കട, ആ ചെറിയ കുട്ടിയെ കണ്ടു പഠിയ്ക്ക്".

അപ്പുവിന് അതൊരിക്കലും അഭിനന്ദനമായി തോന്നിയിട്ടില്ല; മറിച്ച് തികച്ചും അരോചകമായ ഒരു അഭിപ്രായ പ്രകടനം മാത്രം.

പീടികയില്‍ സാമാനം മേടിക്കാന്‍ ചെന്നാലും അവനൊരു മോചനമില്ല.

"എന്താ മോനേ വേണ്ടത്?".

കടക്കാരന്‍ അവനോട് ചോദിക്കും. അവന്‍ ദേഷ്യം കടിച്ചമര്‍ത്തും. മനസ്സില്‍ ശപിക്കും, "മോന്‍...!!"

ഗുരുവായൂരില്‍ തൊഴാനായി നാലഞ്ച് മാസം കൂടുമ്പോള്‍ അവനും പോകും. അമ്മമ്മ തിങ്കള്‍ ഭജനം തുടങ്ങിയിട്ട് കാലമേറെയായി. ബസ്സില്‍ 'പുരുഷന്മാര്'ടെ സീറ്റില്‍ അവന്‍ ഗമയില്‍ ഇരിക്കുമ്പോഴായിരിക്കും, "മോനേ, ഒന്നു നീങ്ങിയിരിക്കൂ. ഒരാള്‍ക്ക്‌ കൂടി സുഖമായിട്ടിരിക്കാമല്ലോ". രണ്ടാളുടെ സീറ്റില്‍ ഒരാള്‍ കൂടി തിക്കിത്തെരക്കി ഇരിക്കും.
കണ്ടക്ടര്‍ വന്നു 'ഹാഫ്' ടിക്കറ്റ് എന്ന് പറയുമ്പോള്‍ അവന്‍റെ മുഖം വല്ലാതെയാകും. ദൈവമേ, ഈ ശാപം എന്നാണ് വിട്ടൊഴിയുക?

"ദൈവമേ", ഗുരുവായൂരില്‍ മനസ്സുരുകി പ്രാര്‍ത്ഥിക്കും.
"എനിയ്ക്ക് നല്ല തടീം വണ്ണോം തരണേ; കളിയാക്കുന്നവരുടെ ശരീരം വിറകിന്‍ കൊള്ളി പോലെയാക്കണേ".

ആരും കാണാതെ അവന്‍ ഭണ്ടാരത്തില്‍ ഉദ്ദിഷ്ടകാര്യ സാധ്യത്തിനായി പൈസയിടും.

ആ കുഞ്ഞു മനസ്സിനെ പാകപ്പെടുത്തിയെടുക്കാന്‍ ആരും സഹായിച്ചില്ല. കളിയാക്കപ്പെട്ട ആ മനസ്സു ദുഃഖം മാത്രം പേറി നടന്നു. വെല്ലുവിളികളെ സ്വീകരിക്കാന്‍ പഠിക്കണമെന്ന് ആരും അവനുപദേശിച്ചു കൊടുത്തില്ല.

കുമ്പളങ്ങ, മത്തങ്ങ, വെള്ളരിക്ക, മാങ്ങ, ചക്ക....എല്ലാം അവന്‍ കഴിക്കാന്‍ തുടങ്ങി. എല്ലാ ദിവസവും ഒരു ഗ്ലാസ് പാലും. എന്നിട്ടും, അവന് പ്രകൃതിയും കാലവും കല്‍പ്പിച്ചു നല്കിയ ഉയരവും, വണ്ണവും, മാത്രമെ കൈ വന്നുള്ളൂ.

അവന്‍ ചിരിക്കാതെയായി. ആലോചന..ആലോചന..പ്രാര്‍ത്ഥന...വെളിപാടുണ്ടായോ?

വെളുത്തവരുടെ കറുത്ത മനസ്സവന്‍ തിരിച്ചറിഞ്ഞു. ഭംഗിയും സൌന്ദര്യവും വേണ്ടത് മനസ്സിനാണെന്നും, പ്രായമേറെ ചെല്ലുമ്പോള്‍ ജരാ-നരകള്‍ ബാധിക്കുന്നത് ശരീരത്തിനെയാണെന്നും, നല്ല മനസ്സ് എന്നും ജരാ-നരകള്‍ക്കതീതമാണെന്നും അവന്‍ മനസ്സിലാക്കി.

ഹൃദയത്തിന് സ്നേഹത്തിന്റെ ഭാഷ മനസ്സിലാക്കാനുള്ള വിശാലത മതിയെന്നും, അവിടെയാണ് സൌന്ദര്യം കുടി കൊള്ളുന്നതെന്നും അവന്‍ അറിഞ്ഞു.

വെല്ലുവിളിയുയര്‍ത്തിയവരെ അവന്‍ മനസ്സാ നമിച്ചു;തിരിച്ചറിവിലെയ്ക്കുള്ള വാതായനങ്ങള്‍ അവരാണ് തുറന്നു തന്നത്.

'ചെറുതാ'യി തന്നെ അവന്‍ വലുതായി...

സുരേഷ് (1.2.09)

No comments:

Post a Comment