Saturday, April 25, 2009

രാവുണ്ണിയാര്‍


രാവുണ്ണിയാര്‍

"നല്ല മഴക്കോള്ണ്ട്. നാല് ദിവസായിട്ട് വെയില് കൊണ്ട് കെടക്കണ ഈ വെറകൊക്കെ നനഞ്ഞു നാശാവൂലോ ന്‍റെ ഈശ്വരന്മാരെ. കുട്ടാ, അമ്മമ്മടെ കുട്ട്യല്ലേ, പോയിട്ട് ആ കുഞ്ഞുണ്ണിടെ ചായപ്പീട്യേല് രാവുണ്ണിയാര് ഉണ്ടെകില്‍, അമ്മമ്മ അത്യാവശ്യായിട്ടു ഇത്രടം വരാന്‍ പറഞ്ഞൂന്ന് പറയ്".  

കുട്ടന്‍റെ രസച്ചരട് പൊട്ടി. കളി തിമര്‍ത്തു നടക്കുകയാണ്. എന്നാലും കുഞ്ഞുണ്ണിടെ പീടികയില്‍ പോകുക എന്ന് വെച്ചാല്‍ അവനിഷ്ടമാണ്. ചില്ലലമാരയില്‍ തന്നെ മാടി വിളിക്കയാണെന്ന് തോന്നും വാഴയിലയില്‍ നിരയായി ഇരിക്കുന്ന വെളുത്ത, തുമ്പിക്കൈ വണ്ണത്തിലുള്ള മുളങ്കുറ്റി പിട്ട് (പുട്ട്) കണ്ടാല്‍. വലിയ വീട്ടിലെ കുട്ടികള്‍ അവിടന്നൊന്നും കഴിക്കരുതെന്ന ഒരു വിലക്ക് മാത്രം അവനെ കൂടുതല്‍ നേരം നോക്കി വെള്ളമിറക്കുന്നതില്‍ നിന്നും എപ്പോഴും പിന്തിരിപ്പിക്കും.  

രാവുണ്ണിയാര് പീടിക മുറ്റത്ത് 'തായം' ഏറു കളിയില്‍ രസിച്ചിരിക്ക്യാണെന്ന് തോന്നി അവന്‌. ചപ്രത്തലയും, ക്ഷൌരം ചെയ്യാത്ത മുഖവും, ഒപ്പം ഒരിക്കലെങ്കിലും വെട്ടില്ലെന്ന വാശി പോലെ വളര്‍ത്തുന്ന കൈ-കാലുകളിലെ നഖവും. അവനത്ര ബോധിച്ചിട്ടില്ല അയാളെ. പക്ഷെ എല്ലാരും അയാളൊരു പാവമാണെന്ന് പറയുന്നത് കേള്‍ക്കാം. ബന്ധുക്കളോ, ശേഷക്കാരോ ആയി ആരുമില്ല എന്നൊക്കെ. എന്തെങ്കിലുമൊക്കെ സഹായം നാട്ടുകാര്‍ക്ക് ചെയ്തു കൊടുത്ത് ആരുടെയെങ്കിലും ഉമ്മറക്കോലായിലോ, ഏതെങ്കിലും പീടികത്തിണ്ണയിലോ രാത്രി കഴിച്ചു കൂട്ടും.

"അദെയ്, അമ്മമ്മ വിളിക്കണ്ണ്ട്". അവന്‍ പറഞ്ഞു. വരാമെന്നോ, അല്ലെന്നോ, എന്താണെന്ന് മനസ്സിലാക്കാന്‍ പറ്റാത്ത രീതിയില്‍ അയാള്‍ മുഖം ഒരു വശത്തേക്ക്‌ കോട്ടി, നീണ്ട നഖം കൊണ്ട് താടിരോമങ്ങള്‍ ചൊറിഞ്ഞ്, "ങേഹുംമ്വാ" എന്നോ മറ്റോ പറഞ്ഞു. അവന്‍ ബാക്കി കേള്‍ക്കാന്‍ നിന്നില്ല.

വിറക് അട്ടത്ത് കയറ്റി വെയ്ക്കാന്‍ അവനും കൂടി. ആറടി പൊക്കമുള്ള രാവുണ്ണിയാര് വിറകിന്‍ തണ്ട് പോലത്തെ കൈ നീട്ടിയാല്‍ എത്ര ദൂരത്തേക്കു വേണമെങ്കിലും എത്തും. "മുട്ടോളമെത്തും ഭുജാ മുസലങ്ങള്‍..." എന്ന് കവി "ബന്ധനസ്ഥനായ അനിരുദ്ധനി' ല്‍ വര്‍ണ്ണിയ്ക്കുന്നതാണ് രാവുണ്ണിയാരുടെ നീണ്ട കൈകള്‍ കണ്ടാല്‍ അവന്‌ ഓര്‍മ്മ വരിക. അധികം സംസാരിക്കാന്‍ ഇഷ്ടമില്ലെന്നു തോന്നും. ഭക്ഷണം കഴിക്കുന്ന നേരത്താണ് ഒന്ന് വായ തുറന്നു കാണുക. "ഇത്തിരി സാമ്പാര്‍", അല്ലെങ്കില്‍, "ഒരു പപ്പടം കൂടി തര്വോ" എന്നിങ്ങനെ അമ്മയോട് ചോദിക്കുന്നത് കേള്‍ക്കാം. സ്വതസിദ്ധമായ ശൈലിയില്‍ വലിയ ഉരുള ഉരുട്ടി അണ്ണാക്കിലേക്ക് തള്ളി വിടും. ഒരു കുന്നു ചോറ് വേണം. (നന്നായി ശാപ്പാട് കഴിക്കുന്നയാളെ നോക്കി "എന്താടോ രാവുണ്ണിയാരെപ്പോലെ" എന്ന് നാട്ടില്‍ ഒരു ചൊല്ലും വന്നു). അത്താഴത്തിനു ശേഷം ഒരു മുറിബീഡിയും വലിച്ച് ഉമ്മറത്ത്‌ ഒരു മൂലയില്‍ ഇരിക്കും. അമ്മമ്മ കൊടുക്കുന്ന മെത്തപ്പായില്‍ തലയിണയൊന്നും കൂടാതെ അയാള്‍ ചുരുണ്ടു കൂടും.

രാത്രി ഉമ്മറത്തെ വാതില്‍ അടയ്ക്കുന്നതിന് മുന്‍പ് അമ്മമ്മ ചോദിച്ചു, "നാളെ രാവിലെ ഇവടെത്തന്നെ ണ്ടാവില്യെ?". ഉണ്ടാവുമെന്നോ, ഇല്ലെന്നോ പറയാതെ, ഒരു മൂളലോ, ഒരു നീണ്ട കോട്ടുവായോ കേള്‍ക്കാം. അമ്മമ്മ ചോദിക്കുന്നതിനു കാരണമുണ്ട്: അയാള്‍ പെട്ടെന്ന് അപ്രത്യക്ഷനാകും. മിക്കവാറും രാവിലെയാണ് സ്ഥലം വിടുക. അതും നേരത്തെ എണീറ്റ്‌ പോകും. "ആ കൂവ്യൊക്കെ കെണറ്റിന്‍ കരെന്ന് പറയ്ക്കണം. തിരുവാതിരയാണ് വരുന്നത്. കൂവ്വപ്പൊടി പീട്യെന്നു വേടിച്ചാല്‍ നന്നാവില്ല." 

പിന്നെ എന്തോ ഓര്‍ത്തിട്ടെന്ന പോലെ, "നാളെ ഉച്ചയ്ക്ക് വറത്തരച്ചു മീങ്കൂട്ടാന്‍ വെയ്ക്കാം." എന്ന് പറഞ്ഞു. അമ്മമ്മ അവസാനം പറഞ്ഞ വാചകം അയാളെ ഉച്ച വരെ വീട്ടില്‍ നിര്‍ത്താനുള്ള ഒരു സൂത്രമാണ്.

രാവിലെ അമ്മമ്മ നേരത്തെ എണീറ്റ്‌ മച്ചില്‍ വിളക്ക് കാണിച്ചതിന് ശേഷം മുറ്റത്തിറങ്ങി കിഴക്ക് അമ്പല നടയിലേയ്ക്കും, പിന്നെ വൃക്ഷലതാദികള്‍ക്കും, പക്ഷിമൃഗാദികള്‍ക്കും ദീപം കാണിക്കും. കാലത്തെ തന്നെ അമ്മമ്മയ്ക്ക് ശുണഠി വന്നു, "ഇയാളെയൊക്കെ വല്ലതും പറഞ്ഞേല്‍പ്പിച്ചാല്‍.....ഞാന്‍ തന്നെ ചെയ്യണം അല്ലാണ്ടെന്താ." കൂവ്വ പറിക്കാന്‍ അമ്മമ്മ തലേ ദിവസം ഏല്‍പ്പിച്ചതാണ്; പക്ഷെ അയാള്‍ സ്ഥലം കാലിയാക്കിയിരിക്കുന്നു. "ആ മനയ്ക്കലോ, കോലോത്തോ....അല്ലെങ്കില്‍, ഇപ്പൊ ശബരിമലക്കാലല്ലേ...എവിട്യെങ്കിലും ഭിക്ഷ തരായിട്ടുണ്ടാവും. ആ...പോയിട്ട് വരട്ടെ." അമ്മമ്മ സ്വയം സമാധാനിച്ചു.  

പിന്നെ, ഒരാഴ്ചയോളം കഴിഞ്ഞു സംഭവ ബഹുലമായ ഒരു കഥയിലൂടെയാണ് രാവുണ്ണിയാര്‍ നാട്ടില്‍ പ്രത്യക്ഷനാവുന്നത്. കഥയുടെ രത്നച്ചുരുക്കം ഇതാണ്:  

പടിഞ്ഞാറ് ഒരു മനയിലെ ആളുകളെല്ലാവരും ദൂരെ വേളിയ്ക്ക് പോകയാണ്. പിറ്റേ ദിവസമേ മടങ്ങി വരൂ. കാവല്‍ കിടക്കാന്‍ രാവുണ്ണിയാരെ ഏര്‍പ്പാടാക്കി. രാത്രി പ്രധാന വാതിലിനു കുറുകെ ഒരു മരക്കട്ടിലിട്ട് അയാള്‍ കാവല്‍ കിടക്കയാണ്. രാത്രി പാതിരയ്ക്ക് മൂന്നു-നാല് മുഖം മൂടിയണിഞ്ഞവര്‍ രാവുണ്ണിയാരെ മെല്ലെ തട്ടിയുണര്‍ത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി, മിണ്ടിപ്പോയാല്‍ കുടല്‍ മാല പുറത്തെടുക്കുമെന്ന്. അനങ്ങാതെ 'സുഖ'മായി ഉറങ്ങാന്‍ ആജ്ഞാപിച്ചു അവര്‍ അയാളെ കട്ടിലോടെ പൊക്കി തൊട്ടടുത്ത മാവിന്‍ ചോട്ടില്‍ കൊണ്ട് കിടത്തി. മോഷണം കഴിഞ്ഞു കള്ളന്മാര്‍ പോകുന്നത് വരെ അയാള്‍ ഉറക്കം നടിച്ചു കിടന്നു; അഥവാ കൂക്കി വിളിക്കാനോ ബഹളം കൂട്ടാനോ നിന്നില്ല.  

ഉരുളി, കിണ്ടി, തമല, വിളക്കുകള്‍, എന്നിങ്ങനെ കിട്ടിയതെല്ലാം കള്ളന്മാര്‍ കൊണ്ട് പോയി എന്ന് നമ്പൂരിമാരും, അന്തര്‍ജ്ജനങ്ങളും കണക്കു കൂട്ടി പറഞ്ഞു. 

രാവുണ്ണിയാര്‍ക്ക് വല്ലാത്ത ഒരു കളങ്കമാണ് ഈ സംഭവം ഉണ്ടാക്കി വെച്ചത്. നാട്ടുകാര്‍ എതിര്‍ത്തും, അനുകൂലിച്ചും സംസാരിച്ചു. സ്വന്തം ജീവനില്‍ കൊതിയില്ലാത്തോര്‍ ഉണ്ടാവുമോ എന്ന് ഒരു കൂട്ടം വാദിക്കുമ്പോള്‍, കാവല്‍ കിടക്കുന്നയാള്‍ക്ക് ഇത്തിരി കൂടി ഉത്തരവാദിത്തം കാണിക്കാമായിരുന്നു എന്ന് മറുകൂട്ടര്‍.

ആരോരുമില്ലാത്തവരെ കളിയാക്കി സംസാരിക്കാനും അവരുടെ ജീവിതമിട്ടു അമ്മാനമാടാനും നാട്ടുകാര്‍ക്ക് രസമാണല്ലോ. രാവുണ്ണിയാരുടെ ജീവിതത്തെ മുകളില്‍ പറഞ്ഞ സംഭവം കീഴ്മേല്‍ മറിച്ചൊന്നുമില്ല. നാട്ടുകാരുടെ കുത്തിനോവിക്കല്‍ ഒട്ട് ഏശിയതുമില്ല. അല്ലെങ്കില്‍ തന്നെ മേലെ ആകാശവും താഴെ ഭൂമിയും മാത്രം അവകാശപ്പെടാനുള്ള അയാള്‍ എന്തിന്‌ ഇത്തരം വര്‍ത്തമാനങ്ങള്‍ക്ക്‌ ചെവി കൊടുക്കണം.

ജീവിതം പിന്നെയും മുന്നോട്ടു നീങ്ങി. അയാള്‍ കിളച്ചും, വിറകു കീറിയും, സാധന-സാമഗ്രികള്‍ കടയില്‍ നിന്നും ചുമടായി വീടുകളില്‍ കൊണ്ട് കൊടുത്തും, കാവല്‍ കിടന്നും, വയറിനുള്ള വഹ കണ്ടെത്തി.

കാലം കുറെ ചെന്നു. രാവുണ്ണിയാരെയും വാര്‍ദ്ധക്യം അതിന്‍റെ പ്രാരാബ്ധം ഏല്‍പ്പിച്ചു. പണ്ടത്തെ പോലെ പണിയെടുക്കാന്‍ വയ്യ. വയറു കഴിയുകയും വേണം. അതിനും വേണ്ടേ ഒരു വഴി? കാലം അയാള്‍ക്കും ഒരു വഴി തുറന്നു കൊടുത്തു, പതിയെ. 

ഒരു തറവാടിന്‍റെ സംരക്ഷണത്തിലായിരുന്ന ദേശത്തെ അമ്പലം, നാട്ടുകാര്‍ ഏറ്റെടുത്തു. അമ്പലം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം. ക്ഷേത്ര സംരക്ഷണ സമിതി ഒട്ടേറെ പരിഷ്കാരങ്ങളുമായി ഭരണം തുടങ്ങി. ഒടുവില്‍, അമ്പലം കാവലിനായി ഒരാളെ തിരഞ്ഞെടുക്കേണ്ട ഘട്ടം എത്തി. പല നീക്കുപോക്കുകള്‍ക്കും ശേഷം രാവുണ്ണിയാര്‍ അമ്പലം കാവല്‍ക്കാരനായി നിയോഗിക്കപ്പെട്ടു.

അഭിപ്രായം ഏകകണ്ഠമായിരുന്നെങ്കിലും പലരുടെയും നെറ്റി ചുളിഞ്ഞു! ഒരിക്കല്‍ കള്ളന്മാര്‍ക്ക്‌ കൂട്ട് നിന്നവനാണ്.

ക്ഷേത്രത്തിലെ വരായ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു. മുന്‍പ് കൊല്ലത്തിലൊരിക്കല്‍ മാത്രം തുറന്നു എണ്ണി നോക്കിയിരുന്ന ക്ഷേത്ര ഭണ്ഡാരം, മാസത്തിലൊരിക്കല്‍ തുറന്ന്‌ പണം എണ്ണി തിട്ടപ്പെടുത്തി അമ്പലം വക ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കാന്‍ മാത്രം നിറയാന്‍ തുടങ്ങി. . രാവുണ്ണിയാര്‍ക്കും ഐശ്വര്യവും മുഖപ്രസാദവും വര്‍ദ്ധിച്ചു. എല്ലാം 'ദേവന്‍റെ കൃപ' എന്നയാള്‍ ആത്മാര്‍ഥമായി വിശ്വസിച്ചു. ജീവിതം അല്ലലില്ലാതെ - ആരുടെയെങ്കിലും ഉമ്മറക്കോലായിലോ, പീടികത്തിണ്ണയിലോ കഴിച്ചു കൂട്ടേണ്ട ഗതികേടില്ലാതെ - അവിഘ്നം മുന്നോട്ടൊഴുകി.

മുന്നോട്ടൊഴുകുന്ന ജീവിതത്തെ പലപ്പോഴും വിധി കടന്നാക്രമിക്കാറുണ്ട്; ഒരു ക്രൂര വിനോദമെന്ന പോലെ. രാവുണ്ണിയാരുടെ കഥയിലും അത് തന്നെ സംഭവിച്ചു; എല്ലാം പെട്ടെന്ന്.  

രാത്രി കാലങ്ങളില്‍ ആരൊക്കെയോ പാത്തും പതുങ്ങിയും അമ്പലപരിസരത്ത് സഞ്ചരിക്കുന്നുണ്ടെന്ന് അയാള്‍ ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു. പണ്ട് ആരും തിരിഞ്ഞു നോക്കാതെ കിടന്നിരുന്ന അമ്പലം പുഷ്ടിപ്പെട്ടെന്ന ഖ്യാതി മോഷ്ടാക്കളുടെ ചെവിയിലും എത്തിയിരിക്കും. അല്ലെങ്കില്‍ തന്നെ, ഈ മോഷ്ടാക്കള്‍ നാട്ടുകാരില്‍ ചിലരല്ലെന്നു ആര് കണ്ടു?  

പണ്ടൊരിക്കല്‍ മോഷ്ടാക്കള്‍ കട്ടിലോടെ എടുത്തു കിടത്തിയ സംഭവം മനസ്സിനുള്ളില്‍ തങ്ങി നിന്നത് കൊണ്ടോ, ഭഗവാന്‍റെ സ്വത്തുക്കള്‍ താന്‍ കാവലാളായുള്ളപ്പോള്‍ മോഷ്ടിക്കപ്പെടരുതെന്നു നിശ്ചയിച്ചുറച്ചതു കൊണ്ടോ, അയാള്‍ സധീരം മോഷ്ടാക്കളുമായി മല്ലിട്ട് കാണണം. അമ്പല മുതല്‍ രക്ഷിക്കപ്പെട്ടു. കാലത്ത് നട തുറക്കാന്‍ എത്തിയ പൂജാരി ദീപസ്തംഭത്തിനടിയില്‍ കരിങ്കല്ലില്‍ തലയിടിച്ചു ചോരയില്‍ മുങ്ങി കിടക്കുന്ന രാവുണ്ണിയാരെയാണ് കണ്ടത്.

x x x x x x x x x x x x x x x x

പിന്നെ, രാവുണ്ണിയാര്‍ ഞങ്ങളുടെ നാടിന്‍റെ മുഴുവന്‍ കാവല്‍ക്കാരനായി. രാത്രികാലങ്ങളില്‍ അയാള്‍ മുക്കൂട്ടയിലും, പാടത്തും, പറമ്പിലും, വെള്ളരിക്കണ്ടത്തിലും, ആല്‍ത്തറയിലും, അമ്പല പരിസരത്തും, കാവല്‍ നിന്നു. ഒരേ സമയം അയാള്‍ ഇല്ലങ്ങള്‍ക്കും, കോവിലകങ്ങള്‍ക്കും, കാവല്‍ക്കാരനായി ഞങ്ങളുടെ നാട് നീളെ രാത്രി കാലങ്ങളില്‍ പ്രത്യക്ഷപ്പെട്ടു! മോഷണം ഞങ്ങളുടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായി - നാട്ടുകാര്‍ നന്നായത് കൊണ്ടോ, കള്ളന്മാര്‍ ഇല്ലാതെ പോയത് കൊണ്ടോ അല്ല!

(സുരേഷ് 28.Apr.09) http://shaivyam.blogspot.com


12 comments:

  1. ആരോരുമില്ലാത്ത ഒരാളായിരുന്നു രാവുണ്ണിയാര്‍. ഞാന്‍ നാട്ടില്‍ ചെല്ലുമ്പോള്‍ ചായപ്പീടികയിലോ, അമ്പല പരിസരത്തോ, മറ്റോ ഇരിക്കുന്നുണ്ടെന്നു തോന്നാറുണ്ട്.

    ReplyDelete
  2. ആരോരുമില്ലാത്തവരെ കളിയാക്കി സംസാരിക്കാനും അവരുടെ ജീവിതമിട്ടു അമ്മനമാടാനും നാട്ടുകാര്‍ക്ക് ഒരു രസമാണല്ലോ....
    വളരെ സത്യസന്ധമായ എഴുത്ത്.....പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി....എല്ലാം നേരിട്ട് കണ്ടത്‌ പോലെ.....എല്ലാ ഭാവുകങ്ങളും......

    ReplyDelete
  3. രാവുണ്ണിയാരുടെ കഥ ഇഷ്ടപ്പെട്ടു... എഴുത്ത് വളരെ നന്നായിരിയ്ക്കുന്നു

    ReplyDelete
  4. വളരെ നന്നായിരിയ്ക്കുന്നു

    ReplyDelete
  5. നല്ല കഥ... വായിക്കാന്‍ ഇഷ്ടം തോന്നണേ ലാംഗ്വേജ് ആണുട്ടോ

    ReplyDelete
  6. നല്ല രചന....*
    തുടരുക.....

    എല്ലാ ആശംസകളും...*

    സസ്നേഹം...*

    ReplyDelete
  7. Ramaniga,വളരെ സന്തോഷം. ഇനിയും കാണണം. നന്ദി.

    ReplyDelete
  8. കണ്ണനുണ്ണി, ആദ്യമായിട്ടാണല്ലോ! വായനയ്ക്കും, അഭിപ്രായത്തിനും നന്ദി.

    ReplyDelete
  9. ശ്രീ ഇടമണ്‍, വളരെ സന്തോഷം. നന്ദി.

    ReplyDelete
  10. നല്ല തൂലികയില്‍ രാവുണ്ണിയാരെ അവതരിപ്പിച്ചിരിക്കുന്നു. ആശംസകള്‍...

    ReplyDelete
  11. വേണുജി, അഭിപ്രായത്തിന് നന്ദി. കുറച്ചു തിരക്കിലായിരുന്നു.

    ReplyDelete