HAPPY ONAM TO ALL OF YOU
Wednesday, September 2, 2009
Thursday, August 27, 2009
കൊച്ചു വാരിയര്‍
1994-ല്‍ ദുബായില്‍ സാമാന്യം തരക്കേടില്ലാത്ത ഒരു ടു ബെഡ് റൂം അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കാലം. ഞാനും, എന്നെക്കാള്‍ പത്തു വയസ്സ് മൂപ്പുള്ള രാമന്‍ മാഷും ഒരു മുറിയില്‍. മറ്റേ മുറിയില്‍ വാരിയര്‍ മാഷ് ഒറ്റയ്ക്കും.
വാരിയര്‍ ഞങ്ങളുടെ കൂടെ മെസ്സിലൊന്നും കൂടില്ല. എല്ലാം ഒറ്റയ്ക്കാണ്, എന്നാല്‍ സൌഹൃദത്തിനു ഒരു കുറവുമില്ല. രാമന്‍ മാഷേക്കള്‍ മൂത്തതായതിനാല്‍, പയ്യനായ ഞാന്‍ കൂടുതല്‍ ബഹുമാനവും വാരിയര്‍ക്കു കൊടുത്തിരുന്നു. തമാശകളും, കളിചിരിയും - week endല്‍ മറ്റു ബഹളങ്ങള്‍ക്കൊന്നും - ഒരതിര്‍ത്തി വിട്ടു വാരിയര്‍ ഞങ്ങളുടെ കൂടെ കൂടില്ല.
ഒരു ദിവസം പതിവിനു വിപരീതമായി എന്നോട് കുശലം പറഞ്ഞതിന് ശേഷം, "നാളെ എന്‍റെ അനിയന്‍ വരുന്നുണ്ട് നാട്ടില്‍ നിന്നും. വിസിറ്റ് വിസയിലാണ്. എവിടെയെങ്കിലും ഓപ്പണിംഗ് ഉണ്ടെങ്കില്‍ അറിയിക്കണം."
കൊച്ചു വാരിയര്‍ വന്നു. വലിയ വാരിയരും, കൊച്ചു വാരിയരും - അവര്‍ തമ്മില്‍ 14 വയസ്സിന്റെ വ്യത്യാസം ഉണ്ട്. അതിനാല്‍ തന്നെ സ്വതവേ ഗൌരവ സ്വഭാവക്കാരനായ വലിയ വാരിയരോട് ഭയങ്കര ബഹുമാനവും ഒരു ചെറിയ ഭയവും കാണിച്ചിരുന്നു കൊച്ചു. അതെ - അങ്ങനെ ഞങ്ങള്‍ കൊച്ചു-എന്നൊരു പേരും കൊടുത്തു.
കൊച്ചു എന്ത് തമാശയ്ക്കും കൂടും - വൈകുന്നേരം വാരിയര്‍ ജോലി കഴിഞ്ഞു വന്നു വീട്ടിലെത്തിയാല്‍, കൊച്ചു ഞങ്ങളെയൊന്നും കണ്ട പരിചയം ഭാവിക്കില്ല. പിന്നീട് അത്തരം പെരുമാറ്റം ഞങ്ങള്‍ക്ക് പരിചയവുമായി.
വാരിയരുടെ സിഗരറ്റ് പാക്കില്‍ നിന്നും ഒരെണ്ണം 'ഇസ്ക്കുക', വീക്ക് എന്‍ഡില്‍ ഒരു പെഗ് കഴിക്കുക, എന്നതൊക്കെ ഒളിഞ്ഞും പാത്തും തുടര്‍ന്നു. വലിയ വാരിയര്‍ കൊച്ചുവിനെ ഞങ്ങളെ ഏല്‍പ്പിച്ച് വെക്കേഷന് പോയ കാലമായിരുന്നു കൊച്ചുവിന്‍റെ സുവര്‍ണ്ണ കാലം.
ഒരു week endല്‍ കൊച്ചു മനസ്സ് തുറന്നു. വലിയ വാരിയരില്‍ നിന്ന് ഞങ്ങള്‍ അവരുടെ കുടുംബ പശ്ചാത്തലത്തിനെപ്പറ്റി ഒന്നും ഇത് വരെ അറിഞ്ഞിട്ടില്ല.
നാട്ടില്‍ പ്രശസ്തനായ ഒരു ജോത്സ്യനാണ് ഈ വാരിയര്‍മാരുടെ അമ്മാവന്‍ വാരിയര്‍. കെങ്കേമന്‍. രാവിലെ മുതല്‍ വൈകും വരെ നിറയെ ജനങ്ങള്‍. പണം, പ്രശസ്തി - എല്ലാം വേണ്ടുവോളം. നാട്ടില്‍ നില്‍ക്കുന്ന കുടുംബത്തിലെ ഒരേയൊരു കണ്ണി കൊച്ചുവായിരുന്നു. അത് കൊണ്ട് തന്നെ കൊച്ചുവിനു, സ്കൂള്‍ പഠനത്തിന് ശേഷം ഒരു വഴിയാവട്ടെ, തനിക്കൊരു പ്രശസ്തനായ പിന്‍ഗാമി ഉണ്ടാവട്ടെ എന്ന് കരുതി അമ്മാവന്‍ വാരിയര്‍ കൂടെ ഇരുത്തി പഠിപ്പിക്കാന്‍ തുടങ്ങി. പഠനം എവിടെയുമെത്താതെ കൊച്ചു, ദുബായില്‍ എത്തി. കൊച്ചുവിനെസ്സംബന്ധിച്ചിടത്തോളം അതൊക്കെ ഒരു പഴയ ഏര്‍പ്പാടാണ്.
ഒരു week endല്‍ ഒത്തു കൂടിയ ഞങ്ങള്‍ - സുഹൃത്തുക്കള്‍ - ഒന്നടങ്കം പറഞ്ഞു. ഇന്നത്തെ കാലത്ത് ഉപജീവനത്തിനായി നാട്ടില്‍ ഇതിലും നല്ല ഒരു തൊഴിലുണ്ടോ? വെറുതെ ഇവിടെ വന്നു കഷ്ടപ്പെടുന്നതെന്തിനു? കൊച്ചു അതൊന്നും ചെവിക്കൊണ്ടില്ല. നിങ്ങള്‍ പറ്റുമെങ്കില്‍ ഒരു ജോലി സംഘടിപ്പിച്ചു തരൂ എന്നായി.
ഞങ്ങള്‍ എല്ലാവരും ഉത്സാഹിച്ചു. കൊച്ചുവിനു ജോലിയും കിട്ടി. വെറും പത്താം ക്ലാസ്സുകാരന് കിട്ടാവുന്നതില്‍ വെച്ചേറ്റവും നല്ല ഒരു ജോലിയൊന്നുമല്ലായിരുന്നു. അതിരാവിലെ നാല് മണിക്ക് എണീറ്റ് പോകണം എല്ലാ ദിവസവും. പണി സ്ഥലത്തെ പൊടിയും, അതിരാവിലത്തെ യാത്രയും, മറ്റും ആ സാധുവിന് തീരെ പറ്റാതായി.
ശമ്പളം വളരെ കുറവ്. കഷ്ടപ്പാടോ അതി കഠിനം. അലര്‍ജി കാരണം തുമ്മലും ചീറ്റലും ആണ് എന്നും. എന്തായാലും എത്തിപ്പെട്ടില്ലേ, നോക്കാം എന്നായിരുന്നു കൊച്ചുവി ന്‍റെ നിലപാട്.
ഒരു ദിവസം ഫോണില്‍ ഒരല്‍പം കടുപ്പിച്ചു ആരോടോ വര്‍ത്തമാനം പറയുന്ന കൊച്ചു വല്ലാതെ വിഷണ്ണനായി കാണപ്പെട്ടു. ആരും ഇല്ലാത്ത സമയത്ത് എന്നോട് പറഞ്ഞു. നാട്ടിലടുത്തുള്ള ഒരു സ്ത്രീ, ഇവിടെ ഒരു നേഴ്സായി ജോലി നോക്കുന്നു. അമ്മാവന്‍ വാരിയരുടെ പ്രശസ്തി അറിയുന്ന അവര്‍ കൊച്ചുവിനെ ഒരു പ്രശ്ന പരിഹാരത്തിനായി വിളിക്കയാണ്. കാര്യം ഒന്ന് വിസ്തരിക്കാനായി അവര്‍ കൊച്ചുവിനെ അവരുടെ വീട്ടിലേയ്ക്ക് ക്ഷണിക്കയാണ്. കൊച്ചുവിനു പോകാന്‍ മടിയായിട്ടൊന്നുമല്ല, പക്ഷെ ഏട്ടന്‍ വാരിയര്‍ അറിഞ്ഞാല്‍ സംഗതി പൊല്ലാപ്പാകും.
പ്രതീക്ഷിച്ച പോലെ തന്നെ സംഭവിക്കുകയും ചെയ്തു - ഒരു ദിവസം കൊച്ചുവിനെ വിളിച്ച ഫോണ്‍ വലിയ വാരിയരുടെ കയ്യിലാണ് കിട്ടിയത്. എന്തിനാണ് നിന്നെ ഒരു സ്ത്രീ വിളിക്കുന്നതെന്നും, എന്താണ് സംഭവമെന്നൊക്കെ ചോദിച്ചു അന്ന് ഞങ്ങളുടെ റൂമില്‍ വലിയ വാരിയര്‍ പരസ്യമായി തന്നെ കൊച്ചുവിനോട് ചൂടായി. ഞങ്ങളെ ചൂണ്ടി കൊച്ചുവിനോട് പറയുകയും ചെയ്തു. ഇവരൊക്കെ മാനം മര്യാദയായി താമസിക്കുന്നവരാണ്, നീ വേണ്ടാത്തതൊന്നും ക്ഷണിച്ചു വരുത്തേണ്ട എന്ന്.
ആ സ്ത്രീ വീണ്ടും വിളിച്ചു. കൊച്ചു പരിഭ്രമിച്ചു. എന്തായാലും കാര്യം അന്വേഷിക്കാന്‍ ഞാന്‍ പറഞ്ഞു. അപ്പോള്‍ സംഭവം ഇതാണ് - ആ നേഴ്സി ന്‍റെ ഭര്‍ത്താവ് കഴിഞ്ഞ ഒരു മാസമായി വീടുവിട്ടു പോയിരിക്കുന്നു. വേറെ എവിടെയോ എന്തോ ബന്ധമുള്ളത് പോലെ തോന്നുന്നു. കൊച്ചു വാരിയര്‍ എന്തെങ്കിലും ഒന്ന് ജപിച്ചു തരികയോ മറ്റോ ചെയ്തു ഒരു നിവൃത്തി ഉണ്ടാക്കി തരണം. ഒടുവില്‍ കൊച്ചു പുറപ്പെട്ടു വലിയ വാരിയര്‍ അറിയാതെ.
വലിയ വാരിയര്‍ ജോലിക്ക് പോകുന്നതിനു മുന്‍പ് ഒരു കെട്ട് ചന്ദനത്തിരി കത്തിക്കും - ഇഷ്ട ദൈവങ്ങള്‍ക്ക് മുന്‍പില്‍. കൊച്ചു, അതില്‍ നിന്നും ഒരു പിടി ചാരം വാരി, ന്യൂസ് പേപ്പറില്‍ പൊതിഞ്ഞു യാത്രയായി. വൈകുന്നേരം, കൃത്യ സമയത്ത് തിരിച്ചെത്തുകയും ചെയ്തു.
നൂറു ദിര്‍ഹമിന്‍റെ രണ്ടു നോട്ടുകള്‍ കാണിച്ചു അതീവ സന്തോഷത്തോടെ കാര്യങ്ങള്‍ പറഞ്ഞു. അവിടെ ചെന്ന് 'ഭസ്മം' ജപിച്ചൂതി, ഭര്‍ത്താവിനെ മനസ്സില്‍ നല്ല വണ്ണം ധ്യാനിക്കാന്‍ പറഞ്ഞു ആ സ്ത്രീയുടെ കയ്യില്‍ കൊടുത്തു. ദക്ഷിണയായി ഇരുനൂറു ദിര്‍ഹവും കിട്ടി.
പല പ്രശസ്ത ജോത്സ്യര്‍ക്കും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ സ്ഥിരം മുറിയുണ്ട്. അവര്‍ അവിടെ വരുന്ന ദിവസങ്ങള്‍ പത്രങ്ങളില്‍ അറിയിക്കും. നല്ല ബുക്കിംഗ് ആണ്. ഞാന്‍ കൊച്ചുവിനോട് കാര്യങ്ങള്‍ പറഞ്ഞു. അതൊന്നും നമുക്ക് പറ്റില്ല എന്നായിരുന്നു കൊച്ചുവിന്‍റെ മറുപടി. അടുത്ത ആഴ്ച വിസ മാറാന്‍ പോകണം. നാട്ടില്‍ പോയാല്‍ തിരിച്ചു വരാന്‍ തോന്നില്ല.
പോകുന്നയന്നു വൈകീട്ട് ആ സ്ത്രീയുടെ കാള്‍ വന്നു - ഭസ്മം ജപിച്ചൂതി കൊടുത്തതിന്‍റെ മൂന്നാം ദിവസം ഭര്‍ത്താവ് തിരിച്ചു വന്നു. വാര്യര്യുടെ സിദ്ധി അപാരം തന്നെ. അവര്‍ പല സുഹൃത്തുക്കളോടും കൊച്ചു വാരിയരെപ്പറ്റി പറഞ്ഞിട്ടുണ്ട്. പലര്‍ക്കും പല വിധം ആവലാതികള്‍ ഉണ്ട്. തീര്‍ത്തു കൊടുക്കണം.
കൊച്ചു എയര്‍പോര്‍ട്ടില്‍ വെച്ച് എന്നോട് പറഞ്ഞു - ഞാന്‍ വരുന്നില്ല. എനിക്കിത്ര ശക്തിയുണ്ടെന്ന് ഞാനറിഞ്ഞില്ല - അയാള്‍ ത്രില്ലടിച്ചു നില്‍ക്കുകയായിരുന്നു.
പറഞ്ഞ പോലെ കൊച്ചു വന്നില്ല...
******************
വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ കണ്ടു - തടിച്ചു കുട്ടപ്പനായി, കട്ടി സ്വര്‍ണ്ണ ചങ്ങലയും, കൈ ചെയ്നും, കസവ് മുണ്ടും പുതച്ചു, ഒരു നീണ്ട നിര ജനങ്ങള്‍ക്ക് ആശ്വാസത്തിന്‍റെ തണലായി നില്‍ക്കുന്ന കൊച്ചുവിനെ! സ്വന്തം കഴിവില്‍ വിശ്വസിച്ചു ജീവിതം കെട്ടിപ്പടുത്ത ആ മനുഷ്യനോടു എനിക്ക് വല്ലാത്ത ബഹുമാനം തോന്നി - ഒപ്പം ആ ഒരു പിടി ചന്ദനത്തിരി ചാരത്തിനോടും!
സുരേഷ് (27.Aug.09) http://shaivyam.blogspot.com
Thursday, June 25, 2009
പൊട്ടന്‍ വേലപ്പുവും ഭ്രാന്തത്തി കാളിയും
പൊട്ടന്‍ വേലപ്പു ശനിയാഴ്ചകള്‍ തോറുമാണ് ഞങ്ങളുടെ നാട്ടില്‍ വരിക. തോളില്‍ ഒരു വലിയ പൊക്കണം - അത് അരയ്ക്കു താഴെ വരെ നീണ്ടു കിടക്കും. മിക്കവാറും ഒരു നീല മുണ്ടായിരിക്കും ഉടുത്തിരിക്കുക - ശബരി മലയ്ക്ക് പോയി വന്നവര്‍ ദാനം ചെയ്തതായിരിക്കും. കുറുമ്പ് വിളിച്ചോതുന്ന കണ്ണുകള്‍. കീഴ്ത്താടി ഒട്ടുമില്ല, അതിനാല്‍ വായ ഏറെ താഴത്താണെന്ന് തോന്നും. കട്ട പിടിച്ചു കിടക്കുന്ന മുടി. നര വീണ താടി. "വേലപ്പൂന് കയിക്കാനെണ്ടെങ്ങിലും" (വേലപ്പൂന് കഴിക്കാനെന്തെങ്കിലും) - ഏതെങ്കിലും വീടിന്‍റെ പടി കയറുന്നതോടെ ഉറക്കെ വിളിച്ചോതും. കാലത്താണെങ്കില്‍ ചായയും പലഹാരവും; ഉച്ചയ്ക്ക് ഊണ്. പൈസയൊന്നും വേണ്ട.
കുട്ടികള്‍ക്ക് ചെറിയ കല്ലെടുത്തെറിഞ്ഞു പരിഹസിക്കാനും, വലിയവര്‍ക്ക് വില കുറഞ്ഞ ഫലിതം പറഞ്ഞു രസിക്കാനും ഉള്ള ഒരു പൊട്ടന്‍ കഥാപാത്രം. വാസ്തവത്തില്‍ എന്തായിരുന്നു വേലപ്പൂന്‍റെ പൊട്ടത്തരം? എനിക്ക് കണ്ടെത്താനായില്ല - ആ ഒരു ഇളിഭ്യന്‍ ചിരിയൊഴികെ! കണ്ണിറുക്കി എന്തോ നുണയുന്ന പോലെ ഒരു ചിരി.
വേലപ്പു പൊട്ടനാണെന്നും മറ്റും സ്ഥാപിച്ചെടുക്കാന്‍ തിടുക്കമുള്ളവര്‍ അവന്‍റെ അഭിമാനത്തെ ചോദ്യം ചെയ്യാന്‍ മിനക്കെട്ടാല്‍ മാത്രം വേലപ്പു സമ്മതിക്കാറില്ല. അത്തരം സന്ദര്‍ഭങ്ങള്‍ അവന്‍ പൊട്ടനല്ല എന്ന് എന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചു.
"എന്താ വേലപ്പ്വോ, നീയ്യ് ഒരു കല്യാണോക്കെ കഴിച്ചിട്ട് വേണം എനിക്കൊരു കുട്ടിണ്ടായിക്കാണാന്‍". ആ വാചകത്തില്‍ പ്രതിധ്വനിക്കുന്ന വ്യംഗ്യം മനസ്സിലാക്കാനുള്ള ബുദ്ധി വേലപ്പൂനുണ്ടായിരുന്നു.
അവന്‍ തിരിച്ചടിച്ചു, ഒരല്‍പം ഈറയോടെ, "അങ്ങനെപ്പോ ങ്ങള് ന്‍റെ മംഗലം കയിഞ്ഞു ഉണ്ണിണ്ടായിക്കാണണ്ട. ങ്ങടെ ഉണ്ണി, ങ്ങടെ കെട്ട്യോളുടെ ബയറ്റി ണ്ടായാ മതി". കളിയാക്കിയ ആളുടെ മുഖമടച്ച് അവന്‍ കൊടുത്തു.
"ഫ, കടന്നു പോ ഇവിടന്നു".
വേലപ്പു പടിയിറങ്ങുമ്പോള്‍ തിരിഞ്ഞു നിന്ന് പറഞ്ഞു, "ങ്ങള് ബെടക്കാ".
മനുഷ്യ മനസ്സിന്‍റെ വികാര-വിചാര ധാരകള്‍ അവനില്‍ ഏറെ ഉണ്ടായിരുന്നിരിക്കണം; പക്ഷെ 'പൊട്ടന്‍' എന്നൊരു മുദ്ര പതിഞ്ഞതിനാല്‍ അവന്‍ ഒരു പൊട്ടനായി തന്നെ കഴിയാന്‍ വിധിക്കപ്പെട്ടു.
ഏറെ കോളിളക്കമുണ്ടാക്കിയായിരുന്നു മറ്റൊരു കഥാപാത്രത്തിന്‍റെ പ്രത്യക്ഷപ്പെടല്‍: പ്രാന്തത്തി കാളി. യൌവനം അതിന്‍റെ എല്ലാ സൌഭാഗ്യങ്ങളും തോട്ടനുഗ്രഹിച്ച ശരീരം. മുപ്പതില്‍ കൂടില്ല പ്രായം. ഇരു നിറം. നല്ല ശ്രീത്ത്വമുള്ള മുഖം. എന്തായിരുന്നു അവളുടെ ഭ്രാന്ത്? ഓരോ തലമുറയിലും ഒരാള്‍ അവിടെ ഭ്രാന്തനോ, ഭ്രാന്തത്തിയോ ആയി പിറക്കുമത്രേ. ഈ തലമുറയില്‍ കാളിക്കാണ് ആ ദുര്യോഗം. സാമാന്യബുദ്ധിയുള്ളവരിലും 'ഭ്രാന്ത്' അടിച്ചേല്‍പ്പിക്കുന്ന സമൂഹത്തിന്‍റെ കളിപ്പാട്ടമായി അവള്‍. വേലപ്പുവിന്റെ കാര്യം പറഞ്ഞ പോലെ, ഇവളിലും എനിക്കൊന്നും കണ്ടെത്താനായില്ല, ഒരു ചെമ്പരത്തിപ്പൂ സദാ ചൂടി നടക്കുന്നതൊഴിച്ചാല്‍! പക്ഷെ മഴക്കാലത്ത് തോട്ടില്‍ അവള്‍ കുളിക്കാനിറങ്ങും. നല്ല ആള്‍ സഞ്ചാരമുള്ള വഴിക്കിടയിലാണ് തോട്. അരുതാത്തത് കാണിച്ച് ഒരു ശരീര പ്രദര്‍ശനം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെറ്റി. അവള്‍ മുഴുവന്‍ വേഷത്തോടെയും കൂടി മാറോളം വെള്ളത്തില്‍ അങ്ങനെ ഇരിക്കും: ആ ഇരിപ്പ് ചിലപ്പോള്‍ അതിരാവിലെ മുതല്‍ ഉച്ച തിരിയുന്നത് വരെ മിക്കവാറും കാണും. ചില മൂളിപ്പാട്ടും പാടി, സ്വയം അങ്ങിനെ രസിച്ചിരിക്കും. വീട്ടില്‍ നിന്നും ആരെങ്കിലും വന്നു അനുനയത്തില്‍ കൂട്ടിക്കൊണ്ടു പോകും, ചില ദിവസങ്ങളില്‍.
തന്‍റെ വീട്ടില്‍ സന്ധ്യ നേരത്ത് ആരോ സ്ഥിരയ്മായി പതിയിരിക്കുന്നു എന്നതായിരുന്നു കോളിളക്കത്തിന്റെ വിഷയം. ഓല കുത്തി മറച്ച കുളിമുറിയില്‍ കുളിക്കാന്‍ പോകുമ്പോള്‍, ആരൊക്കെയോ നോട്ടം വെക്കുന്നു. അവളുടെ തോന്നലാണോ? പരസ്യമായി തോട്ടില്‍ കുളിക്കുന്ന അവള്‍ക്കു, എന്താണിത്ര വിമ്മിഷ്ടം? നാട്ടുകാര്‍ - ചില ഏഷണിക്കാര്‍ - മൂക്കത്ത് വിരല്‍ വെക്കും. "ഞാനേ, ആ പേരങ്ങട് വിളിച്ചു പറയും, അറിയാത്തോരൊന്ന്വല്ല, ഈ നാട്ടിലെ ആള്‍ക്കാരെ ഞാന്‍. പെണ്ണും, പെടക്കോഴീം ആയിട്ട് കഴിയണോരാന്നു ഈ കാളി നോക്കില്യ. ഇനി കാണട്ടെ ഞാന്‍. കയ്യോടെ പിടിക്കും". അവള്‍ കത്തിജ്ജ്വലിക്കയാണ്.
"ഈ പെണ്ണിന് എളക്കം ത്തിരി കൂടുതലാന്ന തോന്നണേ. ഇവളെ നോക്കാന്‍ ആരാപ്പോ ഈ പോണത്?" ആള്‍ക്കൂട്ടത്തില്‍ ആരോ പറഞ്ഞു. അവള്‍ കേട്ടു.
"ആരാദ് പറഞ്ഞത്? ഞാനും ഒരു പെണ്ണാ! ചെല നോട്ടോം, ഭാവോക്കെ എന്നെ ഒറ്റയ്ക്ക് കാണുമ്പോ നിങ്ങളാ ചെലര്... ഞാന്‍ പറയണോ?" പെട്ടെന്ന് പുരുഷാരം ഒഴിഞ്ഞു. അവരില്‍ ആരുടെയെങ്കിലും പേര് അവള്‍ പറഞ്ഞാല്‍? "കണ്ടില്യെ, ഒക്കെ ഓടിപ്പോയത്, പേടിത്തൂറികള്!".
ജനം ഒഴിഞ്ഞു, ഒരാളൊഴികെ - വേലപ്പു!
"ങ്ങ, വേലപ്പ്വേട്ടന്‍ ഇവടെ ണ്ടായിര്ന്ന്വോ?"
"ഇക്കാരേം പേടില്യ". അവന്‍ പറഞ്ഞു.
ഇനി പൊട്ടനെന്നും ഭ്രാന്തിയെന്നും മുദ്ര കുത്തിയവരുടെ ലോകം നാം കാണുന്നു. കാളി പെട്ടെന്ന് ലജ്ജാഭാരത്താല്‍ വിവശയായി. ഒരു നവ കാമുകന്‍റെ പരിവേഷം കൈ വന്നു വേലപ്പൂന്. ഇത്ര നേരം കത്തിജ്ജ്വലിച്ച കാളി നമ്രശിരസ്ക്കയായി. പൊക്കണവും, വടിയും താഴെയിട്ടു വേലപ്പു തെയ്യാറായി നിന്നു; എന്തിനും.
പൊട്ടനും, പ്രാന്തത്തിയും - അവരുടേതായ ഒരു ലോകം. പ്രേമമെന്ന ദിവ്യ വികാരം അവരിലും ഉടലെടുക്കാറില്ലേ? ഒരു പക്ഷെ വഞ്ചനയും ചതിയും കാണിക്കുന്ന സാധാരണ മനുഷ്യരേക്കാള്‍ ഉദാത്തമായിരുന്നിരിക്കണം അവരുടെ സ്നേഹം. കാളിയെ ആരോ ശല്യപ്പെടുത്തുന്നു എന്നത് വേലപ്പുവിനെ ഒരു പക്ഷെ ഉയര്‍ന്നു ചിന്തിയ്ക്കാന്‍ പ്രേരിപ്പിച്ചിരിയ്ക്കണം. സാമാന്യ ബുദ്ധിയുള്ളവര്‍ അവളെ ഇനിയും ശല്യപ്പെടുത്തുകയെ ഉള്ളൂ എന്നത് മനസ്സിലാക്കിക്കാണണം.
അവന്‍, അവളുടെ കൈ പിടിച്ചു. ഒരു മംഗള കര്‍മ്മത്തിന് സാക്ഷികളായി നിന്ന അദൃശ്യ ദേവി-ദേവന്മാര്‍ പുഷ്പ വൃഷ്ടി ചൊരിഞ്ഞിരിക്കണം. അവര്‍ നടന്നു...
ഞങ്ങളുടെ നാട്ടില്‍ നിന്നും രണ്ടു കഥാപാത്രങ്ങള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷരായി...
സുരേഷ് (21.Aug.09) http://shaivyam.blogspot.com
Saturday, June 13, 2009
വെറുതെ ചില മോഹങ്ങള്‍...
മനസ്സില്‍ കൊണ്ട് നടന്നിരുന്ന വിഗ്രഹത്തെ തച്ചുടയ്ക്കാന്‍ നീ പ്രേരിപ്പിച്ചു
പിന്നെ...?
നിന്‍റെ വിഗ്രഹം എന്നാലും എനിയ്ക്ക് പ്രതിഷ് ഠിക്കാന്‍ കഴിയില്ല
ബാണപ്പൂവുകള്‍ തിങ്ങി നിന്നിരുന്ന ആ അമ്പല മുറ്റവും, സന്ധ്യാ ദീപം തൊഴാന്‍ വന്നിരുന്ന പട്ടുപാവാടക്കാരികളും, ഓലപ്പന്തെറിഞ്ഞു കളിച്ച ആ സ്കൂള്‍ പറമ്പും സമ്മാനിച്ച മധുരനൊമ്പര സ്മൃതികള്‍...
പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'ഫൈവ് കോഴ്സ് ഡിന്നറു' കള്‍ പണ്ട് കഴിച്ച പഴഞ്ചോറും കൊണ്ടാട്ടം മുളകും ഉപ്പിലിട്ടതും തന്ന രുചിയേകിയില്ല
ഓടിട്ട ആ പഴയ തറവാടി ന്‍റെ ഉമ്മറത്തിരുന്നു കണ്ട മഴയായിരുന്നില്ല നീ എനിയ്ക്ക് ഇന്ന് പട്ടണത്തിലെ ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയിലിരുന്നു കാട്ടിത്തന്ന മഴ
പരല്‍ മീനുകളും തവളക്കുഞ്ഞുങ്ങളും പുളച്ചിരുന്ന കൈത്തോടിന്‍റെ ഓര്‍മ്മയുടെ ഏഴയലത്ത് വരില്ല ലോകത്തിലെ എല്ലാത്തരം മത്സ്യങ്ങളും ജലജീവികളും തടവനുഭവിക്കുന്ന ഈ 'അക്വോറിയം'
തിറയും പൂതവും ആടിത്തിമിര്‍ത്ത, പഞ്ചവാദ്യവും തായമ്പകയും കോരിച്ചൊരിഞ്ഞ, കുംഭഭരണിയുടെ ഉന്‍മാദം ഈ 'ഷോപ്പിംഗ് ഫെസ്റ്റിവലു'കള്‍ എന്ന് തരും?
മനസ്സിന്‍റെ തിരശ്ശീലയില്‍ മിന്നി മറയുന്ന പഴയ ഓര്‍മ്മകള്‍ക്ക് പകരം എന്തെങ്കിലും ഒന്ന് തരൂ ഇനിയെന്‍റെ നാടെത്തുന്നത് വരെ എനിയ്ക്ക് താലോലിക്കാനായ്...!
(സുരേഷ്) 13.June.09 http://shaivyam.blogspot.com
Wednesday, June 3, 2009
ചെമ്പരത്തി കന്നി പൂവിട്ടു
അങ്ങിനെ ഞങ്ങളുടെ ചെമ്പരത്തി കന്നി പൂവിട്ടു. 45 ഡിഗ്രിയ്ക്ക് മേല്‍ ചൂടില്‍ ബാല്‍ക്കണിയില്‍ ആയിരുന്നു ആദ്യത്തെ പൂ വിരിഞ്ഞത്. കഴിഞ്ഞ ദിവസം ദുബായിക്ക് കിഴക്ക് 130 കിലോ മീറ്റര്‍ അകല ഫുജൈറയില്‍ 50 ഡിഗ്രി ചൂടായിരുന്നുവത്രേ രേഖപ്പെടുത്തിയത്. മെയ് മാസത്തില്‍ ഇത്ര ചൂട് അസാധാരണമത്രെ.
ഈ പൂവില്‍ ഒന്ന് ക്ലിക്ക് ചെയ്തു വലുതാക്കി കണ്ടു നോക്കൂ. എത്ര ഭംഗിയായിട്ടാണതിന്ടെ ഇതളുകള്‍ ചേര്‍ന്നിരിക്കുന്നത് - ഒന്നിന് മുകളില്‍ ഒന്നായി! ഒരു ഇതള്‍ പോലും തൊട്ടു നില്‍ക്കുന്ന മറ്റു രണ്ടിതളുകള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചിട്ടില്ല. ഒരു വശം മാത്രമേ അവ മറ്റു ഇതളുകള്‍ക്ക് മേല്‍ നില്‍ക്കുന്നുള്ളൂ. മനുഷ്യനും ഇങ്ങനെ നല്ല അയല്‍ക്കാരായി ചേര്‍ന്ന് നിന്നിരുന്നെങ്കില്‍?
http://shaivyam.blogspot.com
Subscribe to:
Posts (Atom)