Thursday, February 19, 2009

ഒരു സ്വര്‍ണ്ണമാലയും ഗുരുവായൂരപ്പനും

നാലും കൂട്ടി മുറുക്കുന്ന അമ്മമ്മ നെറ്റിയില്‍ വലതു കൈ കണ്ണിനു ഒരു മറ പോലെ വെച്ച് ദൂരേക്ക്‌ നോക്കി ചോദിച്ചു, "ആ വരണത് കുഞ്ഞുകുട്ട്യല്ലേ?".  

"എവടെ നോക്കീട്ടാ അമ്മ പറയണത്?" അമ്മ ചോദിച്ചു.  

"നീ അങ്ങട്ട് നോക്ക്, ആ ആലിന്‍ ചോട്ടിലിക്ക്".  

"അമ്മടെ കാഴ്ചയ്ക്ക് ഒരു തകരാറൂം ഇല്യല്ലോ , എപ്പോ നോക്ക്യാലും ദൂരത്തയ്ക്ക് കാഴ്ച്ചല്യാന്നെ അമ്മ പറയൂ."  

"നെന്നോട് ഞാന്‍ എന്‍റെ കാഴ്ച്ചടെ കാര്യല്ലല്ലോ ചോയ്ച്ചത്‌. ആ വരണതാരാന്നല്ലേ?".  

അമ്മമ്മയുടെ രസച്ചരട് പൊട്ടി. എന്‍റെ അമ്മയും അമ്മമ്മയും തമ്മിലുള്ള സംഭാഷണങ്ങള്‍ ഇങ്ങനെ ചിലപ്പോള്‍ സംവാദങ്ങളില്‍ ചെന്നവസാനിക്കും. ഇന്നിപ്പോ, കുഞ്ഞുകുട്ട്യോപ്പോള്‍ എത്തിയതിനാല്‍ ആ സംവാദം കൂടുതല്‍ പുരോഗതി പ്രാപിച്ചില്ല.  

കുഞ്ഞുകുട്ട്യോപ്പോള്‍ കോയമ്പത്തൂരില്‍ നിന്നും വരുന്ന വഴിയാണ്. ഞങ്ങളുടെ നാട്ടിലേയ്ക്ക് വരുമ്പോള്‍ ഗുരുവായൂരില്‍ തൊഴുതിട്ട് വരിക പതിവാണ്. കൂടെ മകളുടെ മോനും ഉണ്ട്.  

"ഇവന്‍ സ്കൂളില്‍ പോണില്ലേ, എന്താ പ്പോ ഇവന് കുടിക്കാന്‍ കൊടുക്കുക?" അമ്മമ്മ, അമ്മയോട് സംഭാരം എടുക്കാന്‍ പറഞ്ഞു. അമ്മയുടെ പിറകെ കുഞ്ഞുകുട്ട്യോപ്പോള്‍ തിടുക്കത്തില്‍ നടന്നു.  

"എന്താപ്പോ ഇവള് ഇരിക്കൂം കൂടി ചെയ്യാതെ തെരക്കിട്ടു പോണത്?", അമ്മമ്മയ്ക്ക് ഓപ്പോളുടെ ആ പോക്ക് അത്ര രസിച്ചില്ല എന്ന് തോന്നുന്നു.  

"കുട്ടി ഇവടെ ഇരുന്നോളൂ, സംഭാരം ഇപ്പൊ കൊണ്ടു വരും. നെന്‍റെ പേരു ഞാന്‍ മറന്നു."  

കുട്ടി പേരൊന്നും പറയാതെ മുറ്റത്തിറങ്ങി. അകത്തു പോയ അമ്മ സംഭാരവും കൊണ്ടു വന്നു.  

"അമ്മേ, കുഞ്ഞുകുട്ട്യോപ്പോള്‍ ഗുരുവായൂര്‍ന്നു നിധീം കൊണ്ടാത്രേ വന്നിട്ടുള്ളത്!"  

"നിധ്യോ? എന്ത് നിധ്യെ അവള്‍ക്കു കിട്ട്യേത്‌?"  

ഓപ്പോള്‍ രംഗത്തെത്തി. "കുട്ട്യേട്ത്ത്യെ , നിധ്യോന്നൂല്യ, പറയുമ്പോ ന്‍റെ തടി വെറയ്ക്കണു".  

സാധാരണ ജലദോഷം ഉള്ള ഒരാള്‍ ഒരു ചെമ്പ് പാത്രത്തിനുള്ളില്‍ തലയിട്ടു സംസാരിക്കുമ്പോഴുള്ള മുഴക്കം പോലെയാണ് അവരുടെ ശബ്ദം. ഒരിയ്ക്കല്‍ കേട്ടവര്‍ പിന്നെ ആ ശബ്ദം മറക്കില്ല എന്ന് തോന്നും.  

"നീയ്യ്‌ കാര്യം പറയ്" അമ്മമ്മ പറഞ്ഞു.  

"ഞാനും, ഉണ്ണീം കൂടി തൊഴുതു ഗുരുവായൂര്‍ കെഴക്കെ നട കടന്നു പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ക്ക് പോവേര്‍ന്നു. മഞ്ജുളാല്‍ കഴിഞ്ഞ തിരിവില്‍ എത്ത്യപ്പോ താഴെ മണ്ണില്‍ ഒരു തിളക്കം. ഉടനെ കുട്ട്യോട് കൊട താഴത്തിടാന്‍ പറഞ്ഞു." 

"അതെന്തേ, കൊട ഇടാന്‍ പറഞ്ഞത്?" അമ്മമ്മ അക്ഷമയായി.  

"കുട്ട്യേട്ത്ത്യെ നെലത്ത് ഒരു തെളക്കം ന്ന് പറഞ്ഞില്യേ?"  

കുട്ടി മുറ്റത്ത്‌ നിന്നും കയറി വന്നു പറഞ്ഞു, " ഈ അമ്മമ്മ, ന്‍റെ കയ്യിന്നു കൊട നിലത്തു വീണാല്‍, ' അത് നീ കേടു വരുത്തും' ന്ന് പറഞ്ഞു തല്ലും. ഇന്നു കൊട നിലത്തിടാത്തതിനു തല്ലി."  

ഞങ്ങള്‍ എല്ലാവരും പൊട്ടിച്ചിരിച്ചു, അമ്മമ്മയൊഴികെ.  

"നീയ്യ്‌ കൊട ഇടാന്‍ പറഞ്ഞതെന്തെന്ന് പറയ്യ്" അമ്മമ്മ വീണ്ടും.  

"കുട്ട്യേട്ത്ത്യെ, ഒന്നങ്ങട് കൊടുത്തപ്പോ അവന്‍ കൊട താഴെട്ടു. കൊട വീണത്‌ എടുക്കാനാണെന്ന ഭാവത്തില്‍ ഞാനാ സാധനം മണ്ണില്‍ നിന്നെടുത്തു."  

അവര്‍ ചെറിയ മണി പേഴ്സ് തുറന്ന് ഒരു കടലാസ്സു പൊതിയെടുത്തു. ഞങ്ങള്‍ എല്ലാവരും ചുറ്റും കൂടി.  

"ഇതു സ്വര്‍ണ്ണം തന്ന്യല്ലേ?" അവര്‍ അമ്മയോട് ചോദിച്ചു.  

നനഞ്ഞ മണ്ണ് പറ്റിപ്പിടിച്ച ഒരു സ്വര്‍ണ്ണനിറമുള്ള മാല! 

അമ്മ മാല പരിശോധിച്ചു. "ഇതു സ്വര്‍ണ്ണം തന്ന്യാ. ഒരു രണ്ടു-രണ്ടര പവന്‍ ണ്ടാവും."  

അമ്മമ്മ പറഞ്ഞു, "ന്നാലും ന്‍റെ കുഞ്ഞുകുട്ട്യേ നീയീ കടുപ്പം കാണി ച്ചൂലോ! അതിന്‍റെ ഒടമസ്സന് തിരിച്ചു കൊടുക്കാര്‍ന്നില്യെ?" 

"ഇതെപ്പോ നന്നായത്. ഞാനാര്‍ക്കാന്നിച്ചിട്ട ഇതു കൊടുക്കാ?"  

"ദേവസ്വത്തില് ഏല്‍പ്പിച്ചാ മതി. അവര് അത് വേണ്ട രീതീല് കൈകാര്യം ചെയ്തോളും." അമ്മ പറഞ്ഞു. "പോയോര്‍ക്ക് എത്ര വിഷമണ്ടാവും. അവടെ ഏല്‍പ്പിക്കണ്ടതായിരുന്നു."  

കുഞ്ഞുകുട്ട്യോപ്പോള്ടെ മുഖം വിവര്‍ണ്ണമായി. അവര്‍ ഒരു പക്ഷെ അമ്മമ്മയും, അമ്മയും, ഇങ്ങനെ പ്രതികരിയ്ക്കും എന്ന് കരുതിയില്ല എന്ന് തോന്നുന്നു. അവര്‍ ഒരു വഴി കണ്ടെത്തിയ പോലെ പറഞ്ഞു:  

"ഇതെനിയ്ക്ക് ഗുരുവായൂരപ്പന്‍ തന്നതാ. അതോണ്ടല്ലേ എനിയ്ക്ക് കാണിച്ചു തന്നത്. നൂറു കണക്കിന് ആളുകള് വഴി നടക്കണ സ്ഥലല്ലേ? എന്തെ എനിയ്ക്ക് കിട്ട്യേത്‌? കുണഠിതം തോന്നണ്ട കാര്യല്യ." അവര്‍ പറഞ്ഞു നിര്‍ത്തി.  

"നെനക്ക് ഇതു കിട്ടീട്ടു വേണോ കഴിയാന്‍?" അമ്മമ്മ ചോദിച്ചു.  

(അമ്മമ്മയുടെ അമ്മയുടെ (മുത്തശ്ശിയുടെ) അനിയത്തിയുടെ മകളാണ് കുഞ്ഞുകുട്ട്യോപ്പോള്‍. പണ്ട് വളരെ കഷ്ടപ്പെട്ട് കഴിഞ്ഞിരുന്നവരാണ്. കുഞ്ഞുകുട്ട്യോപ്പോള്ടെ മകള്‍ സാവിത്രി ചേച്ചീടെ കല്യാണം കഴിഞ്ഞതോടെ അവരുടെ കുടുംബം ഒരു കര കയറി. കോയമ്പത്തൂരിലെ ഒരു വല്യേ ബസ്സ് മുതലാളിയാണ് കല്യാണം കഴിച്ചത്. ആള്‍ മലയാളി ആണെങ്കിലും ജനിച്ചതും വളര്‍ന്നതുമൊക്കെ കോയമ്പത്തൂരിലാണ്. കല്യാണം കഴിഞ്ഞതോടെ നാട്ടിലെ സ്ഥലമൊക്കെ വിറ്റ് അവര്‍ കോയമ്പത്തൂരില്‍ സ്ഥിര താമസമാക്കി. സാവിത്രി ചേച്ചീടെ അനിയന്‍ രാഘവേട്ടന്‍ അവിടത്തെ ഒരു ബസ്സിലെ കണ്ടക്ടര്‍ ആണ്. ഇപ്പൊ സ്ഥിതി മെച്ചപ്പെട്ടതിനാലാണ് അമ്മമ്മ അങ്ങിനെ ചോദിച്ചത് എന്ന് തോന്നുന്നു. മുന്‍പ് ധനസ്ഥിതി മോശമായ കാലത്തായിരുന്നെങ്കില്‍ ന്യായീകരിക്കാമായിരുന്നൂ എന്നാണോ? അറിയില്ല. ഉപ്പില്ല, മുളകില്ല, വെളിച്ചെണ്ണല്യ, എന്നൊക്കെ പറഞ്ഞു സാവിത്രി ചേച്ചിയെ സന്ധ്യാ നേരത്ത് ഞങ്ങളുടെ വീട്ടിലേയ്ക്ക്‌ പറഞ്ഞയക്കുമായിരുന്നത്രേ ഓപ്പോള്‍ പണ്ട് - കഷ്ടപ്പാടിന്റെ കാലത്ത്.)

ദൂരെ വഴിക്ക് നിന്നു വരുന്നതിനാല്‍ സാധാരണ രണ്ടു-നാല് ദിവസം പാര്‍ത്തിട്ടെ അവര്‍ തിരിച്ചു പോകാറുള്ളൂ. ഇത്തവണ നീരസം കൊണ്ടോ എന്തോ, പിറ്റേ ദിവസം തന്നെ പോകയാണെന്നു പറഞ്ഞു കോയമ്പത്തൂരിലെയ്ക്ക് പോയി. പിന്നെ കുറേക്കാലത്തേക്ക് കത്തും വിവരവുമൊന്നുമില്ലായിരുന്നു - പിന്നീട് നാലോ-അഞ്ചോ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ കണ്ടു മുട്ടുന്നത് വരെ.

സ്കൂളില്‍ പഠിക്കയായിരുന്ന ഞാന്‍ കോളേജിലെത്തി. കൂട്ടുകാരുടെയൊപ്പം ഗുരുവായൂര്‍ ഏകാദശി ദിവസം അമ്പല പരിസരത്ത് കാഴ്ചകള്‍ കണ്ടു നടക്കുകയായിരുന്നു. തിരക്കിനിടയില്‍ ആ മുഴങ്ങുന്ന ശബ്ദം ഞാന്‍ കേട്ടു - കുഞ്ഞുകുട്ട്യോപ്പോള്‍!

അവര്‍ ആരോടെന്നില്ലാതെ, "ഈ കുട്ടി എവടെ പോയി? ഇപ്പൊ ഉണ്ടായിരുന്നതാണല്ലോ ഇവടെ? ഇതു വല്യേ അതിശയം തന്നെ" എന്നൊക്കെ പറയുന്നതു കേട്ടു. 

കുളിച്ച് ഈറന്‍ വേഷമാണ്. വല്ലാതെ വയസ്സായ പോലെ. ഈറന്‍ വേഷത്തില്‍ അമ്പലത്തില്‍ തൊഴാന്‍ പോകയാണെന്നും മനസ്സിലായി. കോളേജിലെ കൂട്ടുകാരോട് ഇതെന്‍റെ ബന്ധുവാണെന്നോ, അമ്മയുടെ ഓപ്പോള്‍ ആണെന്നോ പറയാന്‍ ഒരു വിഷമം തോന്നി. 

പെട്ടെന്നാണ് ഓര്‍ത്തത്‌. അവര്‍ സാവിത്രി ചേച്ചീടെ മകനെ തിരക്കില്‍ കൈ വിട്ടു പോയതിനാല്‍ തിരയുകയായിരിക്കുമോ? എനിക്ക് വല്ലാത്ത കുറ്റ ബോധം തോന്നി. ഛെ, എന്ത് പറ്റി എന്ന് ചോദിയ്ക്കണ്ടതായിരുന്നു. ഒരു പക്ഷെ കണ്ടാല്‍ എന്നെ തിരിച്ചറിയുമോ? എന്നാലും പറഞ്ഞാല്‍ അറിയാതിരിയ്ക്കുമോ? എന്‍റെ മനസ്സാക്ഷി എന്നെ കുറ്റപ്പെടുത്തി.

പെട്ടെന്ന് തന്നെ ഞാന്‍ കൂട്ടുകാരോട് അവര്‍ ആരായിരുന്നെന്നും, എന്തോ ആപത്തില്‍ പെട്ടിരിയ്ക്കയാണെന്നു തോന്നുന്നു എന്നും പറഞ്ഞു. ഞങ്ങള്‍ അവിടെ, ആ തിരക്കില്‍, കുറെയേറെ നേരം തിരഞ്ഞു. വല്ലാത്ത വിഷമത്തോടെ ഹോസ്റ്റലിലെയ്ക്ക് തിരിച്ചു.

പിറ്റേന്ന് ശനിയാഴ്ച. വൈകുന്നേരത്തോടെ വീടെത്തി. ഞാന്‍ ഒരു തരം മന:സ്സാക്ഷിക്കുത്തനുഭവിക്കുന്നുണ്ടായിരുന്നു. വല്ലാത്ത ഒരു തെറ്റാണ് ഞാന്‍ ചെയ്തത്. ഒരു ചെറിയ സഹായം ഞാന്‍ ചെയ്തിരുന്നെങ്കില്‍ അവര്‍ ആ തിരക്കില്‍... എന്‍റെ കണ്ണുകള്‍ നിറഞ്ഞു.

"എന്താടാ നെനക്ക് പനിയ്ക്കുന്നു ണ്ടോ? എന്താ ഇങ്ങനെ കൂനിപ്പിടിച്ചിരിക്കുന്നത്?" അമ്മമ്മ വന്നു നെറ്റിയിലും കഴുത്തിലും കൈ വെച്ച് നോക്കി.  

വിവരം പറയണം; അമ്മമ്മയോടു തെറ്റ് ഏറ്റു പറയാം. ഞാന്‍ "അമ്മമ്മേ" എന്ന് വിളിയ്ക്കലും, ഒപ്പം തന്നെ പടിയ്ക്കല്‍ നിന്നു "കുട്ട്യേട്ത്ത്യെ" എന്ന വിളിയും കേട്ടു. 

ഇതാ കുഞ്ഞുകുട്ട്യോപ്പോള്‍ കയറി വരുന്നു! ഒറ്റയ്ക്കാണ്. 

ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. ഒപ്പം മനസ്സു പറഞ്ഞു: നീ എന്ത് കുറ്റം ചെയ്തു? വീണ്ടും ദുഷ്ചിന്തകള്‍ തലയ്ക്കുള്ളില്‍ മൂളിപ്പറന്നു നടക്കുന്നു. നീ അവരെ ആപത്തു സമയത്തു സഹായിച്ചില്ല. ഒരു സാധാരണ മാനുഷിക ധര്‍മ്മം അനുഷ്ഠിച്ചില്ല.

"എത്ര കാലായി നീയീ വഴിയ്ക്കൊക്കെ വന്നിട്ട്? ഞങ്ങളെയൊക്കെ മറന്ന്വോ നീയ്യ്‌?" 
അമ്മമ്മ ചോദിച്ചു. "എന്തെ കൂടെ കുട്ടി വന്നില്യെ? അവന്‍പ്പോ നല്ലോണം വലുതായീണ്ടാവൂലോ?". 

എന്‍റെ തലയ്ക്കു പെരുപ്പ് കയറി. ഈശ്വര! എന്താണ് ഇനി കേള്‍ക്കാന്‍ പോകുന്നത്? കുട്ടിയെ ഏകാദശി തിരക്കില്‍ കാണാതെ പോയെന്നോ? അവിടെ മുഴുവന്‍ തിരഞ്ഞു നടന്നെന്നോ? ഞാന്‍ ഇതു വരെ വീട്ടില്‍ ഒന്നും മിണ്ടിയിട്ടില്ല. എന്നെ ചെറുപ്പം മുതല്‍ ഈശ്വര കഥകകളും, നല്ല മാര്‍ഗ്ഗത്തില്‍ ചരിക്കണമെന്നൊക്കെ പറഞ്ഞു പഠിപ്പിച്ചത് ഇങ്ങനെ ആപത്തു കാലത്തു ഒരാളെ - അതും ഇവിടെ, സ്വന്തം ചോരയില്‍ പെട്ട ഒരാളെ - കണ്ടിട്ടും, കാണാതെ, അറിയാത്ത ഭാവത്തില്‍ നില്‍ക്കാനായിരുന്നോ?

"ഇല്യ, അവന്‍ വന്നില്യ." ഓപ്പോള്‍ പറഞ്ഞു. ഞാന്‍ അതൊരുവട്ടം കൂടി കേള്‍ക്കാന്‍ ആഗ്രഹിച്ചു?

"അപ്പൊ ഇന്നലെ തിരഞ്ഞു നടന്നിരുന്നതോ?" ആ ചോദ്യം തൊണ്ടയില്‍ കുരുങ്ങി.  

"അവന് പരീക്ഷയാണ്‌".  

ഞാന്‍ വീണ്ടും തെയ്യാറെടുത്തു. പക്ഷെ ചോദിയ്ക്കേണ്ടി വന്നില്ല.  

"നീയെന്താ വല്ലാതെ?" അമ്മമ്മ ചോദിച്ചു.  

"ഒന്നും പറയണ്ട എന്‍റെ കുട്ട്യേട്ത്ത്യെ. ഒക്കെ പോയി".  

"എന്താ ഓപ്പോളേ? എന്ത് പറ്റി?" അമ്മ ചോദിച്ചു.  

ഞാന്‍ മെല്ലെ അവിടെ നിന്നും എണീറ്റു. അപ്പോള്‍ ആ കുട്ടി വന്നില്ല എന്ന് വെറുതെ പറഞ്ഞതാണ്. സംഭവം അത് തന്നെ.
 
"ഞാന്‍ മിനിഞ്ഞാന്ന് ഗുരുവായൂരിലെത്തി. കുളിച്ച് തൊഴാന്‍ കൊറേ കാലായി ഒരാഗ്രഹം. ചൊവ്വല്ലൂരടുത്തുള്ള ഒരു തള്ളേം പേരക്കുട്ടീം കൂട്ടിനുണ്ടായിരുന്നു. അവരും കോയമ്പത്തൂര്‍ന്ന് കൂടെണ്ടായിര്‍ന്നു ബസ്സില്‍. ഞാനൊറ്റയ്ക്കല്ലേ. നല്ലൊരു കൂട്ടായി.

"പണ്ടത്തെ പോല്യല്ല, നടക്കാനൊന്നും വയ്യ. കുളിക്കണ കടവിലൊക്കെ നല്ല വഴുക്കല്‍. ഒരു വിധം ആ കുട്ടിടെ കയ്യ് പിടിച്ചാ വെള്ളത്തില്‍ ഇറങ്ങീത്‌. മുങ്ങുമ്പോ ഊരിപ്പോയാലോ എന്ന് കരുതി മാല ഊരി ആ കുട്ടിടെ കയ്യില്‍ കൊടുത്തു.
 
"കുളിച്ച് ഈറനോടെ തൊഴാം ന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടായിരുന്നു. കുളക്കടവുന്നു ഒരു വിധം കേറി. നല്ല തെരക്കാവുന്നതിനു മുന്നേ തൊഴുതു കടക്കണം. ഭഗവതി അമ്പലത്തിന്‍റെ തിരിവില് വെച്ച് എനിക്ക് കൂട്ടം തെറ്റി. ഇത്തിരി അങ്ങട് നടന്നപ്പഴാണ് മാല ഞാന്‍ ആ കുട്ടിടെ കയ്യിന്ന്‌ തിരിച്ചു മേടിച്ചില്യാന്നു ഓര്‍ത്തത്‌. ആ ചുറ്റുവട്ടം മുഴോനും ഞാന്‍ അരിച്ചു പെറുക്കി നടന്നു".

എന്‍റെ ശ്വാസം നേരെ വീണു. ഈശ്വര!  

അവര്‍ തുടര്‍ന്നു, "ദേവസ്വം ഓഫീസില്‍ പോയി മൈക്കിലൂടെ വിളിച്ചു പറയിച്ചു. കാര്യണ്ടായീല്യ കുട്ട്യേട്ത്ത്യെ. മാല പോയി. കഴിഞ്ഞ കൊല്ലം സാവിത്രിടെ ഭര്‍ത്താവ് പഴേത് മാറ്റി പുതുക്കി പണിതതേര്‍ ന്നു. കഷ്ടി അഞ്ച് പവന്‍ ണ്ടാര്‍ന്നു. പറഞ്ഞിട്ടെന്താ കാര്യം".
അമ്മമ്മ പെട്ടെന്ന് പൊട്ടിച്ചിരിച്ചു. ഞങ്ങള്‍ എന്താണെന്ന് ചോദിയ്ക്കുന്നതിനു മുന്‍‌പേ അമ്മമ്മ ഇത്തിരി പരിഹാസത്തോടെ പറഞ്ഞു.  

"ഇതിന് മുന്‍പ് നീയ്യ്‌ ഒരു മാല ഗുരുവായൂരപ്പന്‍ തന്നതാണെന്ന് പറഞ്ഞു ഇവടെ വന്നതോര്‍മ്മല്യെ? ഇന്നിപ്പോ ഒട്ടും കുണഠിതം തോന്നണ്ട കാര്യല്യ. അത് ഗുരുവായൂരപ്പന്‍ അങ്ങട് പലിശ സഹിതം തിരിച്ചെടുത്തൂന്ന് കരുത്യാ മതി."  

കുഞ്ഞുകുട്ട്യോപ്പോള്‍ കണ്ണീര്‍ വാര്‍ക്കുന്നുണ്ടായിരുന്നു. "ശര്യാ, എനിക്ക് കിട്ട്യേ ശിക്ഷയാ".  

"കുഞ്ഞുകുട്ട്യെ, ആരാന്‍റെ മൊതല് നമ്മള് ആഗ്രഹിക്കാന്‍ പാടില്യ. അത് കളഞ്ഞു കിട്ടീതായാലും നമ്മള് കയ്യില് വെക്കരുത്. അതൊരു വല്യേ ശിക്ഷ്യന്ന്യ".  

അമ്മയോട് സന്ധ്യാ ദീപം കൊളുത്താന്‍ പറഞ്ഞു അമ്മമ്മ കാലും മുഖവും കഴുകാനായി എണീറ്റു പോയി. 

കുഞ്ഞുകുട്ട്യോപ്പോള്‍ ദൂരേയ്ക്ക് കണ്ണും നട്ടിരിയ്ക്കുന്നത് കണ്ടു.  
 
സുരേഷ് (20.02.09)