Sunday, August 22, 2010

                                                               






            ഏവര്‍ക്കും  ഓണാശംസകള്‍!







Friday, June 18, 2010

'കല്ലാറി'ല്‍

പൊന്മുടിയിലെയ്ക്കുള്ള യാത്രാമധ്യേ കല്ലാറില്‍ ഒരു സന്ദര്‍ശനം. പ്രകൃതി തൊട്ടനുഗ്രഹിച്ച കാനന ഭംഗി. ഏതൊരാളെയും  ഉന്മേഷഭരിതനാക്കുന്ന - മനസ്സില്‍ കുളിര് കോരിയിടുന്ന - കാഴ്ചകള്‍. പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഈ സ്ഥലം  ലളിതമായി സൂചിപ്പിക്കുന്നു. വരൂ...ഭൂമി ദേവിയെ സംരക്ഷിക്കാമെന്ന ദൃഡ പ്രതിജ്ഞ എടുക്കാം. 

ഒരു സുന്ദരി തന്നെ കല്ലാര്‍, അല്ലെ?












ഒന്ന് ശ്രദ്ധിച്ചു വായിക്കൂ!













പതിനാറു വൃക്ഷങ്ങള്‍ ചേര്‍ന്നുല്‍പ്പാദിപ്പിക്കുന്ന ഓക്സിജന്‍ മതി, ഒരു മനുഷ്യന്‍റെ ആയുസ്സു മുഴുവന്‍ ശ്വസിക്കാന്‍ (മനുഷ്യന്‍ അറിയുന്നുണ്ടോ ഇത്?)







നിങ്ങള്‍ക്കറിയാമോ? ഇവയൊക്കെ ദ്രവിച്ചു മണ്ണാകാന്‍ വേണ്ട സമയം (ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ - മനുഷ്യാ നീയെന്തറിയുന്നു? ഇന്നിന്‍റെ സുഖത്തിനായി എല്ലാം മറക്കുന്നു നമ്മള്‍ - അല്ലെങ്കില്‍ മറന്നു എന്ന് ഭാവിക്കുന്നു)






'കല്ലാറി'ലെ ചിത്രശലഭങ്ങള്‍ 

കല്ലാര്‍ വനങ്ങളില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട ചിത്രശലഭങ്ങള്‍: വനദേവത, പുള്ളിവാലന്‍, സുവര്‍ണ്ണ ശലഭം, മരോട്ടി ശലഭം, ബുദ്ധമയൂരി, വെള്ളി വാലന്‍, നീലരാജന്‍, നീര്‍മാതള ശലഭം, ഗരുഡ ശലഭം (ചിലതിനെയൊക്കെ ഞങ്ങള്‍ കണ്ടു - അവിടെയാകെ പാറിപ്പറക്കുന്നു - ഏതൊക്കെയോ വര്‍ണ്ണ പുഷ്പങ്ങളില്‍ നിന്നും അറ്റ് പോയ ഇതളുകളെ പോലെ!)

ആറിനു നടുവിലെ പാറക്കെട്ട്! ഒന്നെത്തിപ്പെടെണം അവിടെ!











നല്ല വഴുക്കലും, കുത്തൊഴുക്കും! എന്നാലും എത്തി ഇവിടെ. ഇനി?











ആ പാറക്കെട്ടിന്റെ മാറില്‍ മലര്‍ന്നു കിടന്നു ക്യാമറ നേരെ മുകളിലേയ്ക്ക്...അനന്ത വിഹായസ്സിലെയ്ക്ക്...ചുറ്റും തെളിനീരും പച്ചപ്പും കളകളാരവവും...മേലെ നീലിമ..വര്‍ണ്ണനാതീതം ഈ അനുഭൂതി ...






ഈ സൌന്ദര്യം ആസ്വദിച്ചതിനു എന്തുണ്ട് എന്‍റെ കയ്യില്‍ തിരിച്ചേകാനായി? മണ്ണിന്‍റെ ഗന്ധവും, പൂക്കളുടെ സുഗന്ധവും, കുളിരലകള്‍ തലോടിയ അനുഭൂതിയും, കാടിന്റെ പച്ചപ്പും, ഒട്ടും ചോരാതെ നിങ്ങള്‍ക്കു പകര്‍ന്നു തരാനായി എങ്കില്‍ ...നിങ്ങളും ഇവിടം സന്ദര്‍ശിക്കും എങ്കില്‍...എങ്കില്‍ കല്ലാറിന് എന്തെങ്കിലും തിരിച്ചേകാനായി എന്ന ചാരിതാര്‍ത്ഥ്യം...





സുരേഷ്

Monday, June 7, 2010

എന്‍റെ ഗ്രാമം - 2

"ഉണ്ണ്യേ..." - മാസത്തിലെ ആദ്യത്തെ ശനിയാഴ്ച ഉച്ചയോടെ ഒരു ദയനീയമായ വിളി പടിക്കല്‍ നിന്നും കേള്‍ക്കാം. ചുണ്ടത്തും, കൈവിരലുകളിലും പാണ്ടുള്ള ഒരു ഭിക്ഷക്കാരന്‍. കാവി വസ്ത്രവും, വലിയ മണികളുള്ള രുദ്രാക്ഷ മാലയും. ഒരു പങ്കപ്പാടോടെ, ഭയ-ഭക്തി-ബഹുമാന പുരസ്സരം വലതു കൈ വായ്ക്കു മുകളില്‍ പൊത്തി പടിക്കല്‍ തന്നെ നില്‍ക്കും. സാധാരണ വരുന്ന ഭിക്ഷക്കാരില്‍ നിന്നും എന്തോ ഒരു പ്രത്യേകത അയാളില്‍ കാണാം.

അമ്മ, ആ വിളി കേട്ടാല്‍, അടുക്കളയില്‍ നിന്നും ഓടി വരും. "വന്നോളൂ, ഒക്കെ കാലായിരിക്കുണൂ".

എന്നോട് പറമ്പില്‍ നിന്നും നല്ലൊരു നാക്കില വെട്ടിക്കൊണ്ടു വരാന്‍ പറയും. അയാള്‍ക്ക്‌ കൈ കഴുകാനായി അമ്മ കിണ്ടിയില്‍ വെള്ളം എടുത്തു വെയ്ക്കും. പിന്നെയും അയാള്‍ മടിച്ചു നില്‍ക്കും.

അമ്മ ഒന്നുകൂടി പറയും, "വന്നോളൂ, ഒക്കെ കാലായിരിക്കുണൂ".

ഊണ് കഴിയ്ക്കുന്നതിന് മുന്‍പ് ചില കര്‍മ്മങ്ങള്‍ കാണാം ഇനി:

ആദ്യം, നാക്കില വെള്ളമൊഴിച്ച് അയാള്‍ തന്നെ കഴുകും - നമ്മള്‍ കഴുകി കൊടുത്തതാണെങ്കിലും - പിന്നെ വിളമ്പിക്കൊടുത്ത ഭക്ഷണം - ചോറ്, സാമ്പാര്‍, ഉപ്പേരി, പപ്പടം - ഇവയില്‍ നിന്നെല്ലാം ഓരോ നുള്ള് നുള്ളി, കിണ്ടിയില്‍ നിന്നും വെള്ളമെടുത്ത് ഇലയ്ക്ക് ചുറ്റും മൂന്നു വട്ടം ചുഴറ്റി, നാക്കിലയുടെ മൂലയ്ക്ക് നിലത്തു വെയ്ക്കും. "ഭൂമി ദേവിയ്ക്കാണെന്ന് സങ്കല്പം" - വീണ്ടും ആ ദയനീയ സ്വരം.

പിന്നെ, ഇലയില്‍ നോക്കി വിഷണ്ണനായി ഇരിയ്ക്കും. അമ്മ പറയും, "ന്നാ കഴിക്കാന്‍ തൊടങ്ങിക്കോളൂ", പക്ഷെ അയാള്‍ അങ്ങിനെ തന്നെ ഇരിയ്ക്കും.

"ങ്ങട്ട് പോരെ, നീയവ്ടുന്നു", അമ്മ എന്നെ വിളിക്കും. ഇടയ്ക്ക് എന്തെങ്കിലും വേണോ എന്ന് ചോദിയ്ക്കാന്‍ അമ്മ ചെന്നാല്‍ പറയും, "ഒന്നും വേണ്ട ഉണ്ണ്യേ, ഇതന്നെ ധാരാളല്ലേ".

പിന്നെ ഇല ചുരുട്ടി, ദൂരെ കളഞ്ഞു, പറമ്പിന്റെ ഒരു മൂലയ്ക്ക് പോയി കൈ കഴുകി കിണ്ടി കമഴ്ത്തി വെയ്ക്കും.

ഒരു പതിനഞ്ചു മിനിട്ട് വിശ്രമം. പിന്നെ ഭാണ്ഡവും, വടിയും എടുത്ത്, "ഉണ്ണ്യേ..." എന്ന നീട്ടി വിളി. അമ്മ അഞ്ചിന്റെ ഒരു നോട്ടുമായി ചെല്ലും.

"ദൈവങ്ങളെ, ഈ വീടിനും, വീട്ടുകാര്‍ക്കും, കാലാകാലങ്ങളില്‍ വേണ്ടതെല്ലാം കൊടുത്തോളണെ...." എന്നിങ്ങനെ ഒരു നീട്ടിവിളിയോടെ പടിയിറങ്ങും.

അമ്മയുടെ കണ്ണുകള്‍ നിറയും. "നല്ല നിലയില്‍ ജീവിച്ച ആരോ ആയിരിന്നിരിക്കണം. മക്കളും, കുട്ട്യോളൊക്കെ ഉണ്ടോ ആവ്വോ".

ഞങ്ങളുടെ ഗ്രാമത്തില്‍ അയാള്‍ മറ്റു വീടുകള്‍ കയറി ഭിക്ഷ യാചിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല.

ഞാന്‍ കോളേജ് അവസാന വര്‍ഷം പഠിക്കുന്ന കാലത്തൊന്നും അയാള്‍ വന്നതായി ഓര്‍മ്മയില്ല. എന്നാലും മാസത്തിലെ ആദ്യ ശനിയാഴ്ചകളില്‍ അമ്മ ചെറിയ ഒരു തെയ്യാറെടുപ്പോടെ ഭക്ഷണം വെച്ചിരുന്നോ എന്നത് എന്‍റെ ഒരു തോന്നലായിരുന്നോ? പിന്നെപ്പിനെ അത് മറന്ന ഒരു കഥാ പാത്രമായി മാറി. എന്നാലും, പേരറിയാത്ത, ഏത് നാട്ടില്‍ നിന്നും വരുന്നു എന്നറിയാതെ, ആരാണെന്നറിയാതെ, വീട്ടില്‍ നിറഞ്ഞു നിന്നിരുന്ന ഒരു അംഗമായിരുന്നു അയാള്‍.

**********

"പച്ചക്കറി-പച്ചമുളക്-വേപ്പില-കിഴങ്ങ്-വെണ്ടയ്ക്ക-വഴുതിനങ്ങ..."

ഒരീണത്തില്‍ അങ്ങിനെ ഇടവഴിയിലൂടെ വിളിച്ചുപറഞ്ഞു പോകുന്നത് മറ്റാരുമല്ല - വെളിയങ്കോട് കടപ്പുറത്ത് നിന്നു വന്നിരുന്ന അവുതളക്കുട്ടി മാപ്പിള. അയാള്‍ വെറും ഒരു പച്ചക്കറി വില്‍പ്പനക്കാരനായിരുന്നില്ല, മുത്തച്ഛന്റെ ഒരു നല്ല സുഹൃത്തും ആയിരുന്നു.

"പണിക്കരേ", എന്ന വിളി പടിക്കല്‍ നിന്നു കേട്ടാല്‍ അമ്മമ്മ പറയും, "ആ..ചങ്ങാതി വരണുണ്ട്. പച്ചക്കറിയൊക്കെത്തിരി സഹായ വിലയ്ക്ക് തരാന്‍ പറയോണ്ട്".

മുത്തച്ഛന്‍ പറയും, "ചങ്ങാത്യോട് എനിയ്ക്ക് അതൊന്നും പറയാന്‍ പറ്റില്യ, പാവം, ആ കടപ്പൊറത്തുന്നു ഏറ്റിക്കൊണ്ടരണതാണ്‌".

നീണ്ടു മെലിഞ്ഞ ദേഹം. നരച്ച പൊടി മീശ. വിയര്‍പ്പൊഴുകി കുതിര്‍ന്ന ബനിയന്‍. "കുട്ട്യേ, ഈ കൊട്ട്യോന്നു പിടിക്കീന്‍".

എന്‍റെ സഹായത്താല്‍ ആ കുട്ട ഇറക്കി വെക്കും. "ചെക്കാ, പെരടി വേലങ്ങണ്ടട", അമ്മമ്മ പറയും. "അമ്മെ, ങ്ങള് ബിചാരിക്കണ പോലെ അത്ര കനോന്നൂല്യ".

"എന്താപ്പോ ചൂട്? കടപ്പൊറത്ത് ഇതൊന്നുല്ല ചൂട്ന്‍റെ കുട്ട്യേ. ത്തിരി ബെള്ളം എടുക്കിന്‍".

അമ്മ നല്ല ചായയും കഴിക്കാന്‍ എന്തെങ്കിലും ആയി ഇത്തിരി കഴിഞ്ഞാല്‍ എത്തും.

"ഈ കുട്ടിടെ കൈപ്പുണ്ണ്യം - അതാണ്‌ ങ്ങടെ ബീടിന്റെ ഐശ്വര്യം, കേട്ടാ പണിക്കരേ". അമ്മയെ ചൂണ്ടി മാപ്പിള പറയും. "ഇമ്മാതിരി ചായ ഇബുടുന്നന്നെ കിട്ടൂ".

"മോളെട് ത്തോളിന്‍ എന്താ ബേണ്ടത്‌ച്ചാ, ബെല്യോന്നും നോക്കണ്ട".

ചായ കുടിക്കലും, പിന്നെ മുത്തച്ഛന്റെ വെറ്റില മുറുക്ക് സല്‍ക്കാരവും കഴിഞ്ഞാല്‍ മാപ്പിള മെല്ലെ പറയും:

"എത്ര കാലാ ഈ കൊട്ടേം ചൊമന്നു നടക്കാന്നൊരു പിടുത്തല്യ - പടശ്ശോന്‍ കനിയണ ബരെ, ല്ലേ?"

ആ കുട്ടയും ഏറ്റി അതിന്റെ ഭാരം താങ്ങാനാവാതെ വേച്ചു വേച്ചു പോകുന്ന ആ രൂപം എന്‍റെ സ്മൃതി മണ്ഡപത്തില്‍ മായാതെ കിടക്കുന്നു.

***************

ഉച്ച സമയങ്ങളില്‍ ഊണൊക്കെ കഴിഞ്ഞു ഉമ്മറത്തിരുന്നു മുതിര്‍ന്നവര്‍ വെടിവട്ടം പറയുന്നൊരു ഏര്‍പ്പാടുണ്ട്‌. ഞങ്ങള്‍, കുട്ടികള്‍, തായം കളിയിലോ, പുള്ളി വെച്ച് കളിയിലോ മറ്റോ മുഴുകിയിരിക്കുകയായിരിക്കും. ചില ദിവസങ്ങളില്‍ തൊട്ടടുത്ത വീടുകളില്‍ നിന്നും അമ്മമാരോ, അമ്മമ്മമാരോ ഈ വെടിവട്ടത്തില്‍ പങ്കു ചേരും.

അത്തരം സന്ദര്‍ഭങ്ങളില്‍ സ്ഥിരമായി ഉണ്ണിമായിമ്മ വന്നു ചേരും. കഞ്ഞി പിഴിഞ്ഞ് നീലം മുക്കിയ മുണ്ടും, വെളുത്ത ബ്ലൌസും.

"കുട്ട്യോളെ, കടലാസ്സില് എന്താ വര്‍ത്തമാനം?".

പത്രക്കടലാസ്സിലെ വിശേഷങ്ങള്‍ ആണ് ചോദിക്കുന്നത്. കളിയിലെ വിരസത തീര്‍ക്കാന്‍ ഇടയ്ക്ക് ഞങ്ങള്‍ ഈ 'വയസ്സന്‍ ക്ലബ്ബി'ല്‍ കൂടും. അങ്ങിനെ ഒരു തമാശക്കായി പത്രത്തിലെ ചില വാര്‍ത്തകള്‍ക്ക് പൊടിപ്പും തൊങ്ങലും, മെമ്പൊടികളുമൊക്കെ ചേര്‍ത്ത് വായിക്കാന്‍ തുടങ്ങും:

"ഹോ, ഇത് കണ്ടോ?", എന്ന് ആശ്ചര്യ ഭാവത്തോടെ ഉറക്കെ പറയുമ്പോള്‍, പാവം ഉണ്ണിമായിമ്മ,"അയ്യോയ്യോ , എന്തെ പറ്റീത്?"എന്ന് ചോദിക്കും.

"ഇത് കണ്ട്വോ ഉണ്ണിമയമ്മേ, കോഴിക്കോട്ട് കമ്പോളത്തില്‍ മൊളകിന്‍റെ വില കുത്തനെ ഇടിഞ്ഞു മൂന്നു പേര്‍ക്ക് പരിക്ക്!"

"ഹെന്തിനെപ്പോ ഈ പഹയര് അതിന്റെ ചോട്ടില് പോയി നിന്നത്, ഇടിഞ്ഞു വീഴണടത്തൊക്കെ?" ഉണ്ണിമായമ്മ ഒരല്‍പം നീരസത്തോടെ പരിക്ക് പറ്റി എന്ന് പറയുന്നവരെ കുറ്റം ചാര്‍ത്തും.

ഞങ്ങള്‍ അതിന്റെ ഒരു ലഹരിയില്‍, "ഇത് കണ്ടോ?", "അയ്യോ അതെന്തേ?" എന്നവര്‍ ദയനീയമായി ചോദിക്കും.

"ഇത് നമ്മുടെ അടുത്താണ്, പൊന്നാനിയില്‍! കൊപ്രയുടെ വിലയിടിഞ്ഞ് അഞ്ചു പേരെ കാണാതായി!"

"അയ്യോ, തെരയുന്നുണ്ടോ ആ കാണാതായോരെ? ആര്‍ക്കു പോയി, അവരുടെ കുടുമ്മത്തിനു പോയി, അല്ലാതെന്താ? ഇതൊന്നും കേട്ടിട്ട് ഒരു സമാധാനം കിട്ട്‌ണില്യാ മക്കളെ, ഞാന്‍ പോട്ടെ".

അവര്‍ എന്തോ ഇടിയുന്നതും, പരിക്ക്, എന്നൊക്കെയോ കേള്‍ക്കുന്നുള്ളൂ. ഞങ്ങളും അപ്പോഴത്തെ ഒരു തമാശയ്ക്ക് വേണ്ടി മാത്രം പറയുന്നതാണ്.

"ഉണ്ണിമയമ്മ പൂവ്വല്ലേ, ശരിയ്ക്കു കേള്‍ക്കു, ഞങ്ങള്‍ എന്താ വായിച്ചതെന്ന്" - ഞങ്ങള്‍ വായിച്ച വിവരം വീണ്ടും സാവധാനത്തില്‍ പറയും. അപ്പോഴാണ്‌ അവര്‍ക്ക് അമളി മനസ്സിലാവുക. ആ തൊണ്ണ്‍ കാട്ടി ഒരു ചിരി ചിരിയ്ക്കും, എന്നിട്ട്, "ഹ ഹ അതെപ്പോ നന്നായത്,കുട്ട്യോള് എന്നെ കള്യാക്കീതാണല്ലേ" എന്നൊരു കമന്റും പാസ്സാക്കും.

സുരേഷ് (12Jun10)
http://shaivyam.blogspot.com

Sunday, June 6, 2010

എന്‍റെ ഗ്രാമം

എന്‍റെ ഗ്രാമം

ഉമ്മറത്തിരുന്നു നോക്കിയാല്‍ തൊട്ടു മുന്നില്‍ കിടക്കുന്നത് പാടമാണ് - നോക്കെത്താ ദൂരത്തോളം!

അങ്ങകലെ പാടം മുറിച്ചു പോകുന്ന വെളുത്ത രൂപം മനയ്ക്കലെ നമ്പൂരിയായിരിക്കണം. നാട്ടിലെ ഒട്ടുമിക്ക അമ്പലങ്ങളിലും പൂജ കഴിഞ്ഞു പോകുന്നതാണ്. ഗ്രാമത്തിലെ ശിവക്ഷേത്രം, പെരിണ്ടിരി അയ്യപ്പന്‍റെ അമ്പലം, വേട്ടെയ്ക്കൊരുമകന്‍ ക്ഷേത്രം, പിന്നെ ദൂരെ കണ്ണേലെ അമ്പലം - അതിരാവിലെ പൂജ തുടങ്ങി ഒരു പതിനൊന്നു മണിയോടെ തരിച്ചു പോകുന്നത് കാണാറുണ്ട്‌.

ഈ പാടശേഖരത്തിന്‍റെ മാറില്‍ ഞങ്ങള്‍ - കുട്ടികള്‍ - കളിയ്ക്കാത്ത കളികളൊന്നുമില്ല. കുറ്റിയും കോലും കളി, സൂര്യപ്പന്തു കളി (ഓലപ്പന്ത്‌ എറിഞ്ഞു മേല്‍ കൊള്ളിക്കുന്ന കളി - ചില വിരുതന്മാര്‍ നല്ല കനമുള്ള കല്ലും ഉള്ളില്‍ പൊതിഞ്ഞു വെച്ചിട്ടുണ്ടാവും), കബഡി കളി, ചെറിയ മെച്ചിങ്ങയുടെ നടുവില്‍ നല്ല നീളമുള്ള പച്ച ഈര്‍ക്കില കുത്തി ഉയരത്തില്‍ ആകാശത്തേക്ക് വിടുക - അതങ്ങനെ ഒരു റോക്കറ്റ് പോലെ പറന്നു ദൂരെ..ദൂരെ.. - മാനവും, ഭൂമിയും കളി, കൊച്ചം കുത്തിക്കളി, കണ്ണ് കെട്ടിക്കളി, തൂപ്പ് വെച്ച് കളി, ഇങ്ങനെ ഇങ്ങനെ അനേകം കളികള്‍.

മഴക്കാലത്ത് പാടത്തിന്റെ പ്രകൃതി മാറും - പരസഹസ്രം ചീവിടുകളുടെയും, മണ്ണട്ടകളുടെയും, പോക്കാച്ചിത്തവളകളുടെയും സംഗീത നിശ, അവയ്ക്ക് മിന്നാമിന്നിക്കൂട്ടങ്ങളുടെ നൃത്തച്ചുവടുകള്‍ അകമ്പടിയായിട്ടുണ്ടാവും. ഏറ്റുമീന്‍ കയറുന്നത് പിടിക്കാന്‍ ടോര്‍ച്ചും പെട്രോമാക്സുമായി കുട്ടികളുടെയും വലിയവരുടെയും തിക്കും തിരക്കും....ഹാ! ആ പുതുമഴയുടെ ഗന്ധം എന്‍റെ നാസാരന്ധ്രങ്ങളില്‍ പുളയ്ക്കുന്നു. പുതുമഴയ്ക്ക് പൊങ്ങുന്ന പൊടിയുടെ ഗന്ധം അറിഞ്ഞു നാഗങ്ങള്‍ മാളം വിട്ടു പുറത്ത് വരുമത്രേ...അതിനാല്‍ ആ ഗന്ധം പൊങ്ങുമ്പോള്‍ മുറ്റത്തിറങ്ങി നടക്കരുതെന്നു അമ്മമ്മ പറയാറുണ്ട്‌.

പാടത്തെ ഒരു പ്രധാന സംഭവം കൂടിയുണ്ട്: ചുമലില്‍ കാലിച്ചാക്കും, തലയില്‍ പെട്രോമാക്സും ഏന്തി ഒരാള്‍ മുന്നില്‍. പിന്നിലുള്ളയാള്‍, ആ വെളിച്ചം കണ്ടു അന്തിച്ചു നില്‍ക്കുന്ന തവളകളെ ഒന്നൊന്നായി പിടിച്ചു ചാക്കിലിടും. "എല്ലാത്തിനേം പിടിച്ചു കൊണ്ടോവട്ടെ, വെറുതെയല്ല കൊതൂന്റെ ശല്യം കൂടിക്കൂടി വരണത്" - അമ്മമ്മ പറയുന്നത് കേള്‍ക്കാം. തവളകളുടെ കാല്‌ സായിപ്പന്മാര്‍ക്ക് വേണ്ടി വിദേശത്തെയ്ക്ക് കയറ്റി അയക്കാനാണത്രെ! ഞാന്‍, ആ കാലിച്ചാക്കിനുള്ളില്‍ കിടന്നു പിടയുന്ന തവളകളുടെ വെപ്രാളം ആലോചിച്ചു വെമ്പല്‍ കൊള്ളും. "കലി കാലം", മുറുക്കാന്‍ ഒന്ന് നീട്ടിത്തുപ്പി കിണ്ടിയില്‍ നിന്നും വെള്ളമെടുത്തു കുല്‍ക്കുഴിഞ്ഞു അമ്മമ്മ വടക്കേ മുറിയിലേക്ക് കിടക്കാന്‍ പോകും.

എല്ലാവരും കിടന്നു കഴിഞ്ഞാല്‍ ഞാനങ്ങിനെ ജനലഴികളും പിടിച്ചു പാടത്തേയ്ക്ക് നോക്കി നില്‍ക്കും. ഒരു വല്ലാത്ത അനുഭവമാണത് - പകല്‍ മുഴുവനും ആളുകള്‍ നിറഞ്ഞ ആ പ്രദേശം, ഇപ്പോള്‍ ഒരു വല്ലാത്ത മയക്കത്തിലായിരിക്കും. വേനല്‍ക്കാലത്ത് നിലാവുള്ള രാത്രികളില്‍ നിഴലുകള്‍ ആള്‍മാറാട്ടം നടത്തിക്കളിക്കും...ആരൊക്കെയോ അവിടെ വന്നു ഒരു നാടക രംഗത്തെ അനുസ്മരിപ്പിക്കും വിധം അഭിനയിച്ചു പോകും. പാലപ്പൂവിന്റെ ഗന്ധം അലസമായി ഒഴുകി വരും. അത് നമ്മെ ഒരു മാസ്മരലോകത്തെയ്ക്ക് പിടിച്ചുയര്‍ത്തും. "...ആരിലുമാരിലുമവയുടെ സൌരഭം ആളിപ്പടരുമൊരുന്മാദം..." വയലാര്‍ പാടിയിട്ടുണ്ട്.

പെട്ടെന്നായിരിക്കും തിമര്‍ത്തു പെയ്യുന്ന ഒരു മഴയുടെ വരവ്. മുറ്റത്തെ ഒളോര്‍ മാവില്‍നിന്നും 'ധിം' 'ധിം' എന്നിങ്ങനെ മാങ്ങയുടെ വീഴ്ച ഏതോ ഒരു താളത്തെ ഓര്‍മ്മിപ്പിക്കും. ഉണങ്ങി നില്‍ക്കുന്ന തെങ്ങോലകളും, മടലുകളും, ഒരു സീല്‍ക്കാരത്തോടെ നിലം പതിക്കും. "അപ്പൊത്തന്നെ പുറത്തിറങ്ങി മാങ്ങ പെറുക്ക്യെടുത്തില്യെങ്കില്‍ ഒരെണ്ണം കിട്ടില്യട്ടോ ന്‍റെ കുട്ടീ" - അമ്മ, പിറ്റേന്ന് ഒരു മാങ്ങാ പോലും കിട്ടാതെ നിരാശനായി വരുന്ന എന്നോട് പറയും.

"മനയ്ക്കലെ മിറ്റടിക്കാന്‍ പോണ കാളി മടീലിട്ടു കൊണ്ടോയീട്ട്ണ്ടാവും" - അമ്മമ്മ പിന്താങ്ങും.

നമ്മള്‍ കാലത്ത് നേരത്തെ എണീറ്റില്ലെങ്കില്‍ തലേ ദിവസം രാത്രിയില്‍ വീണ മാങ്ങകള്‍ ഒന്നും തന്നെ കാണില്ല - എല്ലാം ആരെങ്കിലും കൊണ്ടു
പോയിട്ടുണ്ടാവും.

(തുടരും) സുരേഷ് (6Jun10) http://shaivyam.blogspot.com

Thursday, June 3, 2010

തട്ടകമൊഴിഞ്ഞ കോവിലന് പ്രണാമം



തട്ടകമൊഴിഞ്ഞ കോവിലന് പ്രണാമം

Wednesday, April 14, 2010

Friday, March 5, 2010

വിചിത്രക്കാഴ്ചകള്‍ - 2

വിചിത്രക്കാഴ്ചകള്‍ - 2


ഒരു മിലിട്ടറി പരേഡിനെ അനുസ്മരിപ്പിക്കും വിധം അവ ചിട്ടയോടെ നടന്നു നീങ്ങി. അകലെയുള്ള ഒരു കൊച്ചു കുന്നും കടന്നു അവ അപ്രത്യക്ഷമായി. എന്‍റെ ശ്വാസം നേരെ വീണു എന്ന് തോന്നുമ്പോഴാണ് ആ ഭയാനകമായ അലര്‍ച്ച കേട്ടത്. എന്താണതെന്നു നോക്കുന്നതിനു മുന്‍പ് ഞാന്‍ ശ്രമിച്ചത് ഞങ്ങള്‍ പുറത്തേക്കു കടന്ന ചില്ല് വാതിലിനടുത്തെത്താനാണ്; പക്ഷെ വൈകിപ്പോയി. തിരിച്ച് അതെ മരച്ചുവട്ടില്‍ തന്നെ അഭയം തേടി. പിന്നെ ഞാന്‍ കണ്ട ദൃശ്യങ്ങള്‍ സിരകളെ മരവിപ്പിക്കുന്നതായിരുന്നു.

പത്തു പതിനഞ്ചു സിംഹങ്ങള്‍ - കുഞ്ചി രോമത്തോടെ കഴുത്തില്‍ നിന്നും ഇറങ്ങി ശരീരം മുഴുവനും തൂങ്ങിക്കിടക്കുന്ന നീളന്‍ രോമങ്ങള്‍. സാധാരണ സിംഹത്തിന്‍റെ ഒരു മൂന്നു മടങ്ങ്‌ വലുപ്പം. ഒരു കുട്ടിയാന പോലെ. നാം കണ്ടു പരിചയിച്ച ചെമ്പന്‍ രോമങ്ങള്‍ക്ക് പകരം കരിഞ്ഞ നിറമുള്ള രോമങ്ങള്‍. അവ, ഞാന്‍ നില്‍ക്കുന്ന മരത്തിനു മുന്നിലൂടെ നടന്നു നേരത്തെ സൂചിപ്പിച്ച പ്രതിമയുടെ അടുത്തെത്തി. ഏതോ ആജ്ഞ കേട്ട കണക്കെ അവ നിശ്ശബ്ദരായി. ഞാന്‍ ഞെട്ടിത്തരിച്ചു നില്‍ക്കയാണ്‌. എന്‍റെ ലക്‌ഷ്യം ഇപ്പോഴും ആ ചില്ല് വാതില്‍ തന്നെ. എങ്ങിനെയെങ്കിലും ഓടി അകത്തു കയറുക. എന്‍റെ സംഘത്തിലെ മറ്റു പേര്‍? ഇതാ, വാളും പരിചയുമേന്തിയ പ്രതിമയായിരുന്ന ആ യുവാവ് മന്ദം മന്ദം ചലിക്കുന്നു. അയാള്‍ അനങ്ങിത്തുടങ്ങിയ നിമിഷം മുതല്‍ ആ സിംഹങ്ങള്‍ ഒരു തരം ദീനരോദനം പുറപ്പെടുവിച്ചു. ഇപ്പോള്‍ ഓടിക്കയറാന്‍ ഒരു പഴുതുണ്ടാവുമോ? ആ സിംഹങ്ങള്‍ ആക്രമിക്കില്ല എന്നോ, ആ യുവാവ് എന്‍റെ രക്ഷകനോ ശിക്ഷകനോ ആവാമെന്നോ എന്‍റെ മനസ്സ് പറഞ്ഞു. അപ്പോഴും എന്‍റെ ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിഞ്ഞില്ല. ഞാന്‍ ഇനി എന്ത് ചെയ്യും? എന്‍റെ കൂടെ വന്നവര്‍ എവിടെ? ഇത് വരെ ജലപാനം കഴിച്ചിട്ടില്ല. എന്തോ ഒട്ടും വിശപ്പനുഭവപ്പെട്ടുമില്ല.

സന്ധ്യ മയങ്ങി, ഇരുട്ട് വ്യാപിച്ചു തുടങ്ങി. ആകാശത്ത് നക്ഷത്രങ്ങള്‍ക്ക് എന്തെന്നില്ലാത്ത ശോഭ. ചന്ദ്രിക ഉയര്‍ന്നു വരുന്നു. ഒരു പത്തു മടങ്ങ്‌ വലിപ്പമെങ്കിലും കാണും ഉയര്‍ന്നു വരുന്ന ചന്ദ്രബിംബത്തിന്. അയാള്‍ അടിവെച്ചടിവെച്ച് നടക്കുകയാണ്; ഒപ്പം ആ ഹിംസ്ര ജന്തുക്കളും. അവര്‍ വിപരീത ദിശയില്‍ നടക്കാന്‍ തുടങ്ങി. നടന്നു നടന്നു അപ്രത്യക്ഷരായി എന്ന് ഉറപ്പു വന്നപ്പോള്‍ ഞാന്‍ ഓടി. ലക്‌ഷ്യം ആ വാതില്‍ തന്നെ. പെട്ടെന്ന് ശക്തിയായി കാറ്റ് വീശാന്‍ തുടങ്ങി. അല്ല, നേരത്തെ പോയ ആ ചിറകു വെച്ച ജീവികള്‍ എല്ലാം കാക്കക്കൂട്ടങ്ങളെ പ്പോലെ ഞാന്‍ ലക്‌ഷ്യം വെച്ച വാതിലിനു മുന്നിലായി പറന്നിറങ്ങിയതായിരുന്നു. ദൈവമേ, എന്‍റെ ദുര്‍വ്വിധി! ഇനി അഭയം തേടാന്‍ ഇരുട്ട് മൂടിയ ഈ കുറ്റിക്കാട് മാത്രം. ഞാന്‍ അതിനുള്ളില്‍ കയറി. ഇതിനിടെ നല്ല നിലാവ് പരന്നു. പരസഹസ്രം ചീവിടുകളും മണ്ണട്ടകളും ശബ്ദിക്കുന്നു. അവിടമാകെ പൂക്കളുടെ ഗന്ധം. മറ്റൊരവസരത്തില്‍ ആയിരുന്നു എങ്കില്‍ ഇതെല്ലം ആസ്വദിക്കാന്‍ എത്ര സായം സന്ധ്യകളും രാപ്പകലുകളും ചിലവഴിക്കാന്‍ ഞാന്‍ വെമ്പല്‍ കൊള്ളുമായിരുന്നിരിക്കും! ഇന്ന്, ജീവന്‍ തന്നെ അപകടത്തില്‍പ്പെട്ടിരിക്കുമ്പോള്‍ ആര്‍ക്കാണ് ഈ സുന്ദര സായന്തനത്തെയും, മന്ദമാരുതന്‍റെ തലോടലിനെയും, സുഗന്ധപൂരിതമായ അന്തരീക്ഷത്തെയും നുകര്‍ന്നിരിക്കാന്‍ കഴിയുക?

ഇതിനിടെ ഞാന്‍ എപ്പോള്‍ അലറി പുറത്തേയ്ക്ക് ചാടി എന്നെനിക്കോര്‍മ്മയില്ല. ഒട്ടും പ്രതീക്ഷിക്കാത്തതിനാലോ, എന്തോ ആ ജീവികള്‍ ചിറകടിച്ചു പൊങ്ങി. അവ പൊങ്ങിയപ്പോള്‍ ബാക്കി നാല് പേരും ആ ജീവികളുടെ ചിറകുകള്‍ക്കിടയില്‍ എന്നെത്തന്നെ തുറിച്ചു നോക്കി നിസ്സഹായരായി കിടക്കുന്നു! ഞാന്‍ വീണ്ടും ആവുന്നത്ര ഉച്ചത്തില്‍ അലറി.

ആ അലര്‍ച്ചയോടെ ഞാന്‍ കട്ടിലില്‍ നിന്നും താഴെ വീണു... വിചിത്രാനുഭവങ്ങള്‍ കാഴ്ച വെച്ച ഒരു സ്വപ്നം!

സുരേഷ് (05Mar2010)

http://shaivyam.blogspot.com

Friday, February 26, 2010

വിചിത്രക്കാഴ്ചകള്‍

വിചിത്രക്കാഴ്ചകള്‍


യാത്രയ്ക്ക് പുറപ്പെടും മുന്‍പ് സംഘത്തലവന്‍ ഒരു വട്ടം കൂടി ചോദിച്ചു: "എല്ലാവരും ഒരുക്കമല്ലേ? ആര്‍ക്കെങ്കിലും പിന്‍വാങ്ങണമെന്ന് തോന്നുകയാണെങ്കില്‍ ഇപ്പോള്‍ പറയാം". ആരും ഒന്നും പറഞ്ഞില്ല. എന്‍റെ മനസ്സ് സ്വസ്ഥമായിരുന്നില്ല, എന്തോ!

"വരുവിന്‍", ഒന്നാമന്‍ - ഞങ്ങളുടെ സംഘത്തലവന്‍ - വിളിച്ചു. ഇത് വരെ കടന്നു വന്ന വഴിയും മറ്റും മാറുന്നു. അപ്രതീക്ഷിതമായി പേമാരിയോ, കൊടുങ്കാറ്റോ, കാട്ടു തീയോ, വന്യ മൃഗങ്ങളുടെ ആക്രമണമോ ഉണ്ടായേക്കാം! ഒന്നാമന്‍ ഒന്ന് കൂടി അടിവരയിട്ടു പറഞ്ഞു. ഇതെല്ലം യാത്രയ്ക്ക് മുന്‍പ് പലവുരു കേട്ട് പഴകിയതാണ്. പക്ഷെ ഇപ്പോള്‍ കേള്‍ക്കുമ്പോള്‍...ഇല്ല പോകുക തന്നെ.

കൂട്ടത്തില്‍ പ്രായം ചെന്ന രണ്ടാമന്‍ സ്വകാര്യത്തില്‍ പറഞ്ഞു, "മനോവീര്യം കെടുത്താനാണോ, അതോ കൂടുതല്‍ പകര്‍ന്നു തരാ നാണൊ ഈ വാക്കുകള്‍ ഉപകരിക്കുക?"

"പറയുമ്പോള്‍ അതിന്‍റെ ഏറ്റവും കാഠിന്യത്തില്‍ പറയുക എന്നതത്രേ പ്രമാണം!" - മൂന്നാമന്‍ പറഞ്ഞു.

ഞങ്ങള്‍ ഇറക്കം ഇറങ്ങാന്‍ തുടങ്ങി.....ആ മലയുടെ പള്ള തുരന്ന് വന്ന ആ ഗുഹാമുഖത്തെയ്ക്ക് എത്താനായി രണ്ടു മണിക്കൂറില്‍ കൂടുതല്‍ എടുത്തിരിക്കണം.. പറഞ്ഞ പോലെ ഒന്നും സംഭവിച്ചില്ല; ഇടയ്ക്ക് ചെറിയ വന്യജീവികളെ കണ്ടതൊഴിച്ചാല്‍. അഞ്ചാമനായ ഈ ഞാന്‍ തിരിഞ്ഞു നോക്കി. അതൊരു നന്ദി പ്രകാശനമായിരുന്നോ?

അഞ്ച് ദിവസം മുന്‍പ് പട്ടണത്തില്‍ നിന്നും പുലര്‍ച്ചെ പുറപ്പെട്ട ഞങ്ങള്‍, ജീപ്പ് മാത്രം പോകുന്ന കുണ്ടും കുഴിയും നിറഞ്ഞ, അഗാധ ഗര്‍ത്തങ്ങള്‍ വഴി പാര്‍ക്കുന്ന ഹെയര്‍പിന്‍ വളവുകളും തിരിവുകളും നിറഞ്ഞ വഴി താണ്ടി സൂര്യാസ്തമനത്തിനു ശേഷമായിരിക്കണം അങ്ങേമലയുടെ താഴ്വാരത്തിലെത്തിയത്. വാച്ചും, സെല്‍ ഫോണും, വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചു. നല്ല ഒരു ടോര്‍ച്ചും, വടക്കുനോക്കി യന്ത്രവും ഞാന്‍ കരുതി വെച്ചിരുന്നു. ഇത്തരം യാത്രയ്ക്കിടയിലും ഇവ ഒഴിവാക്കപ്പെടെണ്ടതല്ല.പതിനഞ്ചു ദിവസത്തെ ഹോളിഡേയില്‍ ആയിരിക്കും ("untraceable") എന്ന് CEO യ്ക്ക് SMS മാത്രം അയച്ചു. വിശദീകരിക്കപ്പെടെണ്ടതല്ല ഇത്തരം കാര്യങ്ങള്‍.

അന്ന് - അഞ്ച് ദിവസം മുന്‍പ് - യാത്രക്ക് പുറപ്പെടുന്നതിനു മുന്‍പായി പ്രത്യേകിച്ച് ഒരുക്കങ്ങളൊന്നും ഇല്ലായിരുന്നു. ഏതോ പുരാതനമായ ഒരു ഗുഹ താണ്ടി ഒരു വലിയ മലയുടെ പള്ളയിലൂടെയുള്ള യാത്ര എന്ന് മാത്രമേ കരുതിയിരുന്നുള്ളൂ. ആ ഗുഹയില്‍ പ്രവേശിക്കുന്നതിന് മുന്‍പായി ഞാന്‍ പ്രതീക്ഷിച്ചതെന്തായിരുന്നു? കുനിഞ്ഞും നിരങ്ങിയും നൂഴുന്ന ഒരു യാത്ര? പുനര്‍ജ്ജനി നൂഴുന്ന വാര്‍ത്തകള്‍ ഉപബോധ മനസ്സില്‍ അത്തരം ഒരു ചിത്രം തീര്‍ത്തിരിക്കണം. എന്‍റെ സങ്കല്‍പ്പങ്ങളെല്ലാം വെറുതെ...

അകത്തു കടന്ന ഉടനെ ഇത്തിരി നേരം അന്ധകാരം തന്നെയായിരുന്നു. മിഴികള്‍ അടച്ചു തുറന്നു രണ്ടു മൂന്നു നിമിഷങ്ങള്‍ക്കകം മുന്‍പില്‍ കുത്തനെ ഇറങ്ങാനുള്ള വെണ്ണക്കല്‍ പടവുകള്‍. ഒന്നും ആലോചിക്കാനും ചോദിക്കാനും നേരമില്ല. മുന്‍പേ പോയവന്റെ പിറകെ നടക്കുക - അതായിരുന്നു നിയമം. ഒന്നാമന്‍ ബഹു ദൂരം എത്തിയിരിക്കണം. എന്‍റെ പ്രായക്കാരനും സിറ്റിയില്‍ ഒരു പ്രമുഖ ബാങ്കിന്റെ സീനിയര്‍ മേനെജരുമായ നാലാമന്‍ പറഞ്ഞു: നമുക്കിത്തിരി നേരം ഇരിക്കാം. കാറിലും ലിഫ്ടിലും മാത്രം സഞ്ചരിക്കുന്ന നമുക്ക് ഇത്തിരി നേരം പടികള്‍ ഇറങ്ങാനോ കയറാനോ വയ്യാതായിരിക്കുന്നു. കാടുകളും മേടുകളും താണ്ടി പാടവും പറമ്പും കയറിയിറങ്ങി കുളം കലക്കി കൂത്താടി നടന്നിരുന്ന ഒരു ബാല്യം...കൌമാരം...ഞാന്‍ കരച്ചിലിന്റെ വക്കത്തെത്തി. ഈ നേരം ഒന്നും ഓര്‍മ്മിപ്പിക്കല്ലേ..മനസ്സ് തളരാന്‍ പാടില്ല..തളര്‍ച്ചയല്ലെടോ, കരുത്തു പകരും ആ ഓര്‍മ്മകള്‍...

ആ ഗുഹാന്തരീക്ഷത്തെപ്പറ്റി.... പടവുകള്‍ ഇറങ്ങിയതിനു ശേഷം വൃത്താകൃതിയില്‍ മിനുസമുള്ള കല്ലുകള്‍ പാകിയ ഒരു മണ്ഡപം. അവിടെത്തന്നെ ഇരുന്നു. കിടന്നു എന്ന് പറയുകയാവും ശരി. ഇറങ്ങി വന്ന പടവുകള്‍..എണ്ണാന്‍ കഴിയുന്നില്ല..ഗുഹ എന്നൊക്കെ പറഞ്ഞപ്പോള്‍ എന്‍റെ ഒരു സങ്കല്പം ...അത് പാടെ തകര്‍ന്നു. ഇതേതോ ഭൂമിക്കടിയിലെ കൊട്ടാരം തന്നെ. മണ്ഡപം ഭംഗിയായി ഒരുക്കി വച്ചിരിക്കുന്നു. പ്രഭയേറിയ ദീപങ്ങള്‍... സ്വര്‍ണ്ണവും കാവിയും കലര്‍ന്ന ഒരു തരം വെളിച്ചം. ഇവിടെ ഇങ്ങനെ എത്ര നേരം?

എപ്പോഴോ വീണ്ടും നടക്കാന്‍ തുടങ്ങി, യാന്ത്രികമായി. നടത്തം തുടര്‍ന്ന് ഒരു പൊയ്കയ്ക്ക് മുന്നിലൂടെ കടന്നു പോകയാണ്. കുട്ടിക്കാലത്ത് അമ്പലക്കുളത്തിന് അരികില്‍ കൂടി പോകുമ്പോള്‍ കുളക്കടവിലേക്ക് - പ്രത്യേകിച്ചും സ്ത്രീകളുടെ കടവിലേക്ക് - നോക്കരുതെന്ന ഒരു അലിഖിത നിയമം ഉണ്ടായിരുന്നു. ഇന്ന് ഈ പൊയ്കയിലേക്ക് കണ്ണുകള്‍ അറിയാതെ ചെല്ലുമ്പോള്‍.. അപ്സരസ്സുകള്‍ ആണോ? വേണ്ട - നാലാമന്‍ പറഞ്ഞു, പ്രായം കഴിഞ്ഞു പോയിരിക്കുന്നു. എടൊ, ജോണ്‍ കീട്സ് (John Keats) പറഞ്ഞതെന്താണ് - A thing of beauty is a joy for ever. സ്ത്രീകള്‍ മാത്രമേ ഉള്ളൂ. ബീച്ചുകളിലെ കുളി പോലെ ബിക്കിനിയും മറ്റുമല്ല - ഒരു പടി കൂടി മുന്നോട്ടു - നഗ്നരായിത്തന്നെ, നനഞ്ഞ ഒറ്റ മുണ്ടില്‍ പൊതിഞ്ഞ അരയ്ക്കു കീഴ്ഭാഗം! എന്നാല്‍ അവര്‍ ഒട്ടും ബോധവതികള്ളല്ല തങ്ങളുടെ ചുറ്റു പാടുകളെപ്പറ്റി എന്ന് തീര്‍ത്തും ഞങ്ങള്‍ക്ക് ബോധ്യമായി.

നാം മാത്രമായിരുന്നു ഈ യാത്രയില്‍ എങ്കില്‍, ഇവിടെ ഒരു ആശ്രമമോ, പര്‍ണ്ണശാലയോ പണിതു....മതി...നിര്‍ത്തൂ ഞാന്‍ പറഞ്ഞു. നമുക്കൊരു ലക്‌ഷ്യം: അത് ഈ ഗുഹയ്ക്ക് അപ്പുറമെത്തുക. നടത്തം തുടര്‍ന്ന് ഞങ്ങള്‍ ഒരു തളത്തിലെത്തി. സ്വര്‍ണ്ണവും കാവിയും കലര്‍ന്ന വെളിച്ചം നിറഞ്ഞ ഒരു വലിയ മുറി. ഒരു താലത്തില്‍ പാനീയങ്ങളും പഴവര്‍ഗ്ഗങ്ങളും. നാല് മൂലയിലും ജീവനുണ്ടെന്നു തോന്നുന്ന പീലി വിടര്‍ത്തി നില്‍ക്കുന്ന മയിലുകള്‍. ചുമരുകളില്‍ മഹാ കാവ്യങ്ങള്‍ ഉറങ്ങുന്ന ചിത്രങ്ങള്‍..അവ ഒരു വലിയ കഥ പറയുകയാണ്‌. എന്നാല്‍ അതിലെ കഥാപാത്രങ്ങള്‍ക്കൊക്കെ -മനുഷ്യരൂപങ്ങള്‍ക്ക് പ്രത്യേകിച്ച് - ദിവ്യത്വം ചാര്‍ത്തിക്കൊടുത്ത പോലെ. പൊയ്കയില്‍ കണ്ടവര്‍ ഒരു ദൂരക്കാഴ്ചയായിരുന്നു. യാത്രയ്ക്കിടയില്‍, ഞങ്ങളുടെ മുന്‍പേ പോയ മൂന്നു പേരും, ഞങ്ങള്‍ രണ്ടു പേരും ഒഴിച്ചാല്‍ ഇത് വരെയും ഒരു ജീവനുള്ള വസ്തുവിനെ കണ്ടിട്ടില്ല തൊട്ടു മുന്‍പില്‍. പൊയ്കയിലെ കാഴ്ച ഒരു മായയായിരുന്നോ? ആള്‍പ്പെരുമാറ്റം ഉള്ളതായി തോന്നുന്നില്ല. എന്നാല്‍ ആര് കൊണ്ട് വെച്ചു ഇതെല്ലം? നോക്കൂ, ആ മയിലിന്റെ കണ്ണുകള്‍ അനങ്ങിയത് കണ്ടോ? ഇല്ല - ഞാന്‍ നാലാമാനോട് പറഞ്ഞു. തനിക്കു തോന്നിയതാകും എന്ന് പറയാന്‍ തുടങ്ങിയ ഞാനും കണ്ടു ആ കണ്ണുകള്‍ ഇളകി മിന്നിയത്!

പക്ഷെ, ഞാനിപ്പോള്‍ നാല് മയിലുകലെയല്ല കാണുന്നത്! നാല് തരുണീ രത്നങ്ങളെ! ബ്രഹ്മാവ്‌ തീര്‍ത്ത നാല് വെണ്ണക്കല്‍ പ്രതിമകള്‍! അല്ല, ജീവനുള്ള നാല് അതി സുന്ദരികളായ പെണ്‍കിടാങ്ങള്‍!! ഞാനൊരു കവിയായിരുന്നെങ്കില്‍ വര്‍ണ്ണിക്കാമായിരുന്നു ഈ കാഴ്ച്ചയെ! നാലാമന്‍ എഴുന്നേറ്റു നില്‍ക്കയാണ്‌! അയാള്‍ അര്‍ദ്ധബോധാവസ്ഥയിലാണെന്ന് എനിക്ക് തോന്നി. ഞാന്‍ പിടിച്ചു നിര്‍ത്തിയില്ലായിരുന്നെങ്കില്‍ അയാള്‍, ആ കന്യകമാരില്‍ - സൌന്ദര്യത്തിന്റെ കാര്യത്തില്‍ തമ്മില്‍ താരതമ്യം ചെയ്യാന്‍ അസാധ്യമാണെന്നിരിക്കിലും - ഏറ്റവും സൌന്ദര്യമുള്ള വലതു വശത്ത് നില്‍ക്കുന്നവളെ പുണര്‍ന്നേനെ! എന്നാല്‍ അവര്‍ പ്രതിമകള്‍ തന്നെയാണോ എന്ന് വീണ്ടും തോന്നിപ്പോയി - ഒരു അനക്കമോ ഇമ വെട്ടലോ പോലും കാണായ്കയാല്‍. ഞങ്ങള്‍ രണ്ടു പേര്‍ മുന്നിലുണ്ടെന്നത് തന്നെ അവര്‍ അറിയുന്നതില്ല, പ്രതിമകള്‍ തന്നെ എന്ന് തീര്‍ച്ചപ്പെടുത്തുകയായിരുന്നു ...അപ്പോഴാണ്‌ അവളുടെ തന്നെ - ആ വലതു വശത്ത് നില്‍ക്കുന്ന കന്യകയുടെ - മാറിലെ പട്ടുചേല താഴെക്കൂര്‍ന്നു വീണത്‌! ദേവ, ദേവ! ഭൂമിയില്‍ ഇങ്ങനെയൊരു സൌന്ദര്യമോ! ഇത് ഭൂലോകമല്ല തന്നെ എന്ന് പറയേണ്ടിയിരിക്കുന്നു. പരിമിതമായ അലങ്കാര പ്രയോഗങ്ങള്‍ക്കിവിടെ സ്ഥാനമില്ല. ആ പട്ടുചേല എടുക്കാനായി അവള്‍ ഇപ്പോള്‍ കുനിയുമല്ലോ എന്നത് വെറുതെ ഒരു ആഗ്രഹം മാത്രമായി! അപ്പോള്‍ ജീവനുണ്ടോ ഇല്ലയോ? ആ മിഴികള്‍ അനങ്ങുന്നില്ല! ഞങ്ങള്‍ക്ക് നിന്നിടത്തു നിന്ന് അനങ്ങാന്‍ കഴിയാത്ത ഒരവസ്ഥ - അതനുഭവിച്ചറിയുക തന്നെ വേണം. പിന്നെ ഞങ്ങള്‍ പ്രതിമകളായി. ഞങ്ങളെ അവര്‍ നാല് പേര്‍ തൊട്ടു നോക്കുന്നതും, ഏതോ ഒരു പരിശോധന വസ്തു എന്ന പോലെ തുറിച്ചു നോക്കുന്നതും കണ്ടു. അവരുടെ ആ നോട്ടം, മുന്‍പ് കണ്ട തരുണീ മണികളുടെ കണ്ണുകളില്‍ നിന്നും വ്യത്യസ്തമായി ചോരയൂറ്റിക്കുടിക്കുന്ന യക്ഷികളുടെ കണ്ണുകളില്‍ നിന്നും വരുന്നതാണെന്ന ഒരു തോന്നല്‍ ഭീതി പടര്‍ത്തി. എത്ര നേരം ആ നിന്ന നില്‍പ്പില്‍ ഞങ്ങള്‍ നിന്നു എന്നറിയില്ല.

ഒന്നാമന്‍ വന്നു ഞങ്ങളെ കുലുക്കി ഉണര്‍ത്തുമ്പോള്‍ ഞങ്ങള്‍ ആ ഒറ്റ നില്‍പ്പില്‍ത്തന്നെയായിരുന്നു എന്ന തിരിച്ചറിവും ഉണ്ടായി. അവിടെ മയിലുകളോ, തരുണീമണികളോ, ദീപ പ്രഭയോ, ഒന്നും കണ്ടില്ല. ഞങ്ങളുടെ അമ്പരപ്പ് ഒന്നാമന്‍ കണ്ടില്ലെന്ന മട്ടില്‍ വേഗം നടക്കാന്‍ പറഞ്ഞു.

നടക്കുന്നതിനിടയില്‍ ഇടതു വശത്തായി ഒരു വലിയ കതകിന്‍റെ അത്രയും പോന്ന പ്രകൃതി ഭംഗി ചാലിച്ചെടുത്ത ഒരു ചിത്രം കണ്ടു. പച്ചപ്പ്‌ മാത്രം ..കൊച്ചു കുന്നുകളും മേടുകളും...നോക്കെത്താത്ത അത്രയും ദൂരം...കണ്ടാസ്വദിക്കുന്ന നേരം ഏതോ ഒരു ജീവി അകലെക്കൂടി കടന്നു പോയപ്പോഴാണ് അത് ചിത്രമല്ലെന്നും ചില്ല് വെച്ച ഒരു വാതിലാണെന്നും തിരിച്ചറിഞ്ഞത്. നമ്മുടെ വിശ്രമം ഇന്നവിടെയാകട്ടെ, ഒന്നാമന്‍ പറഞ്ഞു; ഒപ്പം ആ കതകു തുറക്കലും കഴിഞ്ഞു. ആഹാ! പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭൂതി. ശുദ്ധ വായു..ഒരായിരം പനിനീര്‍ പൂക്കള്‍ അവിടമാകെ ചാലിച്ച് കുടഞ്ഞ പോലെ...തണുത്ത അന്തരീക്ഷം...ഞാന്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ കുന്നുകളും മേടുകളും താണ്ടി ഓടി നടന്നു. ഞങ്ങള്‍ പുറത്തു കടന്ന കതകിനു ഒരു നൂറു വാര അകലെയായി കറുത്ത ഒരു പ്രതിമ കണ്ടു. ഗംഭീരനായ ഒരു യോദ്ധാവിന്റെ. വാളും പരിചയും ഏന്തി, തികഞ്ഞ പ്രൌഡിയോടെ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പ്രതിമ. ജീവനുള്ള മനുഷ്യനെ ഏതോ മഹര്‍ഷിമാര്‍ അപ്പോള്‍ ശപിച്ചു പ്രതിമയാക്കിയതാണെന്ന നിഗമനമായിരുന്നു എന്‍റെയുള്ളില്‍.

സന്ധ്യയാകാന്‍ ഇനി അധിക നേരമില്ല. രാത്രി വിശ്രമിക്കാനായി താവളങ്ങളൊന്നും അവിടെ കണ്ടില്ല. ആകാശത്ത് കുംകുമ നിറം. തണുപ്പ് കൂടി വരുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു തരം നിര്‍വൃതി. അകലെ, വളരെയകലെ വെള്ളം മാത്രം; നോക്കെത്താത്ത ദൂരത്തോളം കണ്ണാടിത്തിളക്കം. ആകാശവും ആ തിളക്കവും കൂടിച്ചേര്‍ന്നു നില്‍ക്കുന്നു. ഞാന്‍ ഒരു കൊച്ചു കുന്നിന്‍റെ മുകളില്‍ നിന്നാ കാഴ്ച എന്‍റെ ഹൃദയത്തില്‍ കോരി നിറയ്ക്കുകയായിരുന്നു...അപ്പോഴാണ്‌ ഭൂമിക്കടിയില്‍ നിന്നും പാറ്റകള്‍ പൊടിഞ്ഞു വരുന്ന പോലെ കുറച്ചകലെയായി വരിവരിയായി കുന്നുകയറി വരുന്ന ആ വിചിത്ര ജീവികളെ കണ്ടത്. എന്‍റെ കൂട്ടത്തിലെ ആരെയും കാണാനില്ല. നിലവിളിക്കാനായി ശബ്ദം പൊങ്ങുന്നില്ല. ഉടനടി ഒളിക്കണം. തൊട്ടടുത്ത ഒരു പേരറിയാ മരത്തിന്‍റെ പിറകില്‍ നിന്നു. ഈശ്വര! കാഴ്ചയില്‍ കുട്ടിക്കുതിരകളെപ്പോലെ....പക്ഷെ മുതുകില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന രണ്ടു ചിറകുകള്‍ പോലെയുള്ളവ നടത്തത്തില്‍ രണ്ടു വശത്തേക്കും ചലിപ്പിക്കുന്നുണ്ടവ.

(തുടരും)

സുരേഷ് (26Feb2010)

http://shaivyam.blogspot.com

Friday, February 12, 2010

പാഴ്ച്ചിന്തകള്‍ - 2


പാഴ്ച്ചിന്തകള്‍ - 2

പറഞ്ഞു നിര്‍ത്തിയിടത്തു നിന്ന് തുടങ്ങാനായി ഒരു സംഭവം കൂടി ഉണ്ടായി.

എന്‍റെ ഒരു കസിന്‍ സിസ്റ്റര്‍ കുറച്ചു ദിവസത്തെ അവധിക്കായി വന്നിരുന്നു. ഒരു കുഞ്ഞു വാവയുണ്ടവള്‍ക്ക്. ഒരു മിടുക്കി. രണ്ടോ മൂന്നോ കൊല്ലം മുന്‍പ് കണ്ടതാണ്. എനിക്ക് ഏറെ ഇഷ്ടമുള്ള എന്‍റെ കസിന്‍ സിസ്റ്റര്‍. അവളുടെ മോള്‍...കണ്ടിട്ട് കുറച്ചു കാലമായി. മൂത്തവരെ കാണാന്‍ വരുമെന്ന എന്‍റെ പ്രതീക്ഷ ചെറിയ നാമ്പെടുത്തു വളര്‍ന്നിരിന്നു. എനിക്ക് പോയി കാണാം. കാണണം. മനസ്സില്‍ ഉറച്ചിരുന്നു. അവള്‍ക്കു എന്‍റെ മക്കളെയും കാണാന്‍ ആഗ്രഹമുണ്ടാകില്ലെന്നില്ലല്ലോ! അതിനാല്‍ പ്രതീക്ഷിക്കാം.

പെട്ടെന്ന് അവള്‍ പോകയാണെന്ന വിവരം അറിഞ്ഞപ്പോള്‍ ഞാനാകെ വിഷമത്തിലായി. ഫോണ്‍ ചെയ്തു ഞാന്‍ പറഞ്ഞു, നിന്‍റെ മോളെയൊന്നു കാണണമെന്നുണ്ടായിരുന്നു; ഇപ്പോള്‍ വരാന്‍ ഒക്കുകയുമില്ല. എന്ത് ചെയ്യും. അതൊന്നും സാരമില്ലെന്നേ, എന്ന ഒരു മറുപടി. അപ്പോള്‍ ഞാന്‍ കാണാന്‍ കഴിയാത്തതിലുള്ള എന്‍റെ വിഷമം അവള്‍ക്കൊരു വിഷയമല്ല എന്നത് പോകട്ടെ, എന്‍റെ മക്കളെ അവള്‍ക്കു കാണാന്‍ കഴിഞ്ഞില്ല എന്ന വിഷമം ഒട്ടും സംസാരത്തില്‍ വന്നത് പോലുമില്ല. അവരെ കുറ്റം പറയാന്‍ കഴിയില്ല. സ്നേഹവും അതില്‍ നിന്നുടലെടുക്കുന്ന ബന്ധവും ഒട്ടും കാണാത്ത സമൂഹത്തിലെ കുട്ടികളാണവര്‍. കഴിയുമെങ്കില്‍ അച്ഛനമ്മമാര്‍ ഓര്‍മ്മിപ്പിച്ചു കൊടുത്താല്‍ ....

അവള്‍ ഇന്നും എനിക്ക് കുട്ടിയാണ്. ഒട്ടും പരിഭവമില്ല. മാമൂലുകള്‍ തെറ്റിക്കണം. ഞാന്‍ പോയിക്കണ്ടു ആ കുരുന്നിനെ! വേണം, എനിക്ക് എന്‍റെ പ്രിയപ്പെട്ടവരെ ഓരോരുത്തരെയും ഓര്‍ക്കണം, കാണണം. അവര്‍ക്ക് വേണ്ടെങ്കിലും എനിക്ക് ഏവരെയും വേണം. സമയവും സന്ദര്‍ഭവും നാം ഒരുക്കണം. അതിനായി വഴി കണ്ടെ ത്തെണം. ഈ ഒരു കൊച്ചു മനുഷ്യ ജന്മത്തില്‍ എന്തിനു വീറും വാശിയും?

(തുടരും)

സുരേഷ് (12.Feb.10)

http://shaivyam.blogspot.com

Thursday, February 11, 2010

പാഴ്ച്ചിന്തകള്‍

പാഴ്ച്ചിന്തകള്‍


"എന്തന്ന്യായാലും ഓനൊരു കത്ത് എഴുതിട്ടാ എന്താ നഷ്ടം? വാശീം വൈരാഗ്യോം ആയിക്കോട്ടെ, അത് മനുഷ്യ ജന്മത്തില് പറഞ്ഞിട്ടുള്ളതാ. എന്ന് വെച്ച് ജീവിതകാലം മുഴ്വോനും അത് വെച്ച് നടക്കണോ? ഓനൂല്യെ കുട്ട്യോളും, മക്കളും, കുടുംബോം? എന്തൊക്കെ പറഞ്ഞാലും ഞാന്‍ ഓന്റെ മൂത്തതല്ലേ?".

പണ്ട് അമ്മമ്മ ഇങ്ങനെ ചെറിയ ചെറിയ പരിഭവങ്ങളും പരാതികളും ഉമ്മറത്തിരുന്നു നാലും കൂട്ടി മുറുക്കുന്ന നേരത്ത് പറയുന്നത് കേള്‍ക്കാം. കുടുംബ ബന്ധങ്ങള്‍ തകരുന്നതും, എല്ലാവരും ചെറിയ ചെറിയ കുടുംബങ്ങളായി തറവാട്ടില്‍ നിന്നും അറ്റ് പോകുന്നതും ആയിരുന്നു വിഷയം. ഇന്ന് ഞാന്‍ ഏറെ ആലോചിച്ച ഒരു വിഷയമായിരുന്നു ഇത്. അമ്മമ്മയുടെ തണലില്‍ ഏറെ കഴിഞ്ഞ എനിക്ക് ഒട്ടു മിക്ക അന്ധവിശ്വാസങ്ങളും, മാമൂലുകളും അറിയാമായിരുന്നു എന്നതത് നാളേറെക്കഴിഞ്ഞാണ് എനിയ്ക്ക് തന്നെ ബോധ്യപ്പെട്ടത്. ചെറുപ്പത്തില്‍ അത്തരം വിശ്വാസങ്ങളും മറ്റും അടിച്ചേല്‍പ്പിച്ചതല്ല എങ്കിലും, എന്‍റെ ഉപബോധമനസ്സ് അതെല്ലാം ഒപ്പിയെടുത്തിരിക്കണം.

'വറ്റാ'യ കൈ കൊണ്ട് ഉപ്പു പാത്രം തൊടരുത് (കാരണം ഉപ്പ് മരിക ഒന്നേയുള്ളൂ - അത് ഏകാദശി ദിവസവും അമ്മമ്മയ്ക്ക് വേണ്ടതാണ്), ഊണ് കഴിഞ്ഞ സ്ഥലത്ത് തളിക്കാതെ ചവിട്ടരുത്, പലകയിട്ട് മാത്രമേ നിലത്തിരിക്കാവൂ, നിറഞ്ഞ സന്ധ്യക്ക്‌ ആഹാരം കഴിക്കരുത്, രാത്രി മോര് കൂട്ടരുത്, മൂത്തവരുടെ മുന്‍പില്‍ കാലിന്മേല്‍ കാലു കയറ്റി വെച്ച് ഇരിക്കരുത്, ഗുരുക്കന്മാരേയും, മൂത്തവരെയും കണ്ടാല്‍ മുണ്ട് മടിക്കുത്ത് കുത്തി നില്‍ക്കരുത്, കാലു കഴുകുമ്പോള്‍ മടമ്പ് മുഴുവനും കഴുകാന്‍ ശ്രദ്ധ വെക്കണം (കാരണം മുഴുവന്‍ കഴുകാതിരുന്നാല്‍, അതിലൂടെയാണത്രെ 'കലി' ശരീരത്തില്‍ പ്രവേശിക്കുന്നത്), ചൊവ്വയും ശനിയും മുടി വെട്ടിക്കരുത്, ത്രിസന്ധ്യക്ക്‌ ഇറങ്ങി നടക്കരുത്, ഇങ്ങനെ പോകുന്നു സ്നേഹത്തോടെയുള്ള ആ ഉപദേശങ്ങളും, ജാഗ്രതാ നിര്‍ദ്ദേശങ്ങളും....

ഇതിപ്പോ പറയാന്‍ എന്താണ് കാരണം? ഉണ്ട്. എനിക്കിന്ന് തോന്നി എന്‍റെ തുടര്‍ച്ചയായി വരുന്ന തലമുറ അമ്മമ്മ പറഞ്ഞ ഈ കാര്യങ്ങളൊക്കെ അറിഞ്ഞിട്ടുണ്ടോ? ഈ generation gap എന്നും ഒരു സംസാര വിഷയം തന്നെയാണല്ലോ. എന്നിരുന്നാലും ഞാന്‍ പരമാവധി സ്നേഹവും, ബഹുമാനവും എന്‍റെ കുടുംബത്തിലെയും,
അല്ലാതെയുമുള്ള വര്‍ക്കും കൊടുത്തു എന്നാണെന്‍റെ വിശ്വാസം - ആ വിശ്വാസം ശരിയാണെന്ന് തന്നെ തോന്നുന്നു.

പക്ഷെ എന്‍റെ വയസ്സിനിളപ്പമുള്ള ഒറ്റയാളും ഇത്തരം ഒരു പരിഗണനയ്ക്ക് എന്നെ പാത്രമാക്കിയിട്ടുണ്ടോ എന്ന ബലമായ ഒരു സംശയമാണ് ഇന്നെഴുതുവാന്‍ പ്രേരിപ്പിച്ചത്.

"വയസ്സിനു മൂത്തത് ഞാനല്ലേ, ഓനൊരു കത്തെഴുതിയാല്‍ എന്താ ചേതം?" അമ്മമ്മ വീണ്ടും ഓര്‍മ്മയില്‍ വരുന്നു.

അപ്പോള്‍, മൂത്തവരെ വയസ്സിനിളപ്പമുള്ളവര്‍ ഒന്ന് പരിഗണിച്ചാല്‍ വല്യേ കുഴപ്പമൊന്നുമില്ല. അതല്ലേ? ഇനി ഞാന്‍ ഇത്തരം വിശ്വാസങ്ങള്‍ മുറുകെ പിടിച്ചു എന്‍റെ കാരണവന്മാരെയും വയസ്സിനു മൂത്തവരെയും മാത്രമേ ബഹുമാനിക്കുന്നുള്ളൂ, ഇടയ്ക്കൊക്കെ എഴുത്തെഴുതുകയും ഫോണ്‍ ചെയ്യുകയും ചെയ്യുന്നുള്ളൂ എന്നാണോ? അല്ല, ഒരു പരിധി വരെ ഞാനെല്ലാവരെയും വിളിക്കുകയും, കത്തെഴുതുകയും പതിവായിരുന്നു. പിന്നെ, ഒരു തരം മരവിപ്പ് അനുഭവപ്പെട്ടു തുടങ്ങി. എല്ലാം ഒരു one way traffic ട്രാഫിക്‌ ആയി മാറിയ പോലെ. ആര്‍ക്കും സമയമില്ല. ഇന്ന് ഒട്ടും effort എടുക്കാതെ, അധിക സമയം പാഴാക്കാതെ ആശയ വിനിമയം നടത്താന്‍ ഇ-മെയില്‍ നമുക്കുണ്ടല്ലോ. കീ ബോര്‍ഡില്‍ how are you എന്ന് type ചെയ്യാന്‍ പോലും സമയമില്ല എങ്കില്‍, എന്‍റെ വ്യാകുലതകള്‍ ഞാന്‍ എവിടെ കൊണ്ട് വെയ്ക്കും? മിക്കവര്‍ക്കും മൊബൈല്‍ ഫോണ്‍ ഉണ്ട്. വിളിച്ചാല്‍ എടുക്കില്ല, രണ്ടാമതും വിളിച്ചാല്‍ ബുദ്ധിമുട്ടി എടുത്തിട്ട് പറയും, ബിസി ആണ് തിരിച്ചു വിളിയ്ക്കാം. പക്ഷെ എന്ന് വിളിക്കും എന്ന് പറയാത്തതിനാല്‍ കാത്തിരിക്കുക തന്നെ!

Cousin brothers, cousin sisters എന്നും മറ്റും നാം പറയാറുണ്ടല്ലോ. എനിയ്ക്ക് ഇന്ന് എന്‍റെ ഓഫീസ് സംബന്ധപരമായി അടുപ്പമുള്ള വിദേശികള്‍ - ഏകദേശം 40 രാജ്യങ്ങളിലുള്ളവര്‍ - കൂടുതല്‍ അടുത്ത brothers/sisters ഉം ആയി മാറിയിരിക്കുന്നു. ഞാന്‍ എടുത്തു കളിപ്പിച്ച, കൂടെ കളിച്ചു നടന്ന എന്‍റെ തന്നെ അനിയന്മാരും, അനിയത്തിമാരും - അവര്‍ക്ക് ഞാന്‍ അന്യനായിരിക്കുന്നു.

എവിടെയായാലും, സന്തോഷത്തോടും സമാധാനത്തോടും കൂടെ കഴിയുക. എല്ലാവര്‍ക്കും നന്മകള്‍ മാത്രം നേരുന്നു.

(തുടരും)

സുരേഷ് (11.Feb.10)

http://shaivyam.blogspot.com

Thursday, January 14, 2010

പാറുട്ട്യേമ

പാറുട്ട്യേമ

(കഥകള്‍ പറഞ്ഞു തന്ന്‌, പറഞ്ഞു തന്ന്‌, എന്നെ കഥ പറയാന്‍ പഠിപ്പിച്ച
അച്ഛനു മുന്നില്‍ സമര്‍പ്പിക്കുന്നു)

(കഥ നടക്കുന്ന കാലം ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ച്)


"ഷഡാനനം ചന്ദന ലേപിതാന്ഗം
മഹോരസം ദിവ്യ മയൂര വാഹനം
രുദ്രസ്സ്യ സൂനും സുരലോകനാഥം
ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ ...."

"ഈയ്യമ്മക്ക് പാതിരാത്രിക്കും ഒറക്കല്യെ?" പരീക്ഷക്ക്‌ ഉറക്കമിളച്ചിരുന്നു
പഠിക്കുന്ന ഞാന്‍ കേട്ടു.

അമ്മമ്മയാണ്. വടക്കേ മുറിയില്‍ ഇന്നു അമ്മമ്മയ്ക്ക് ഒരതിഥിയുണ്ട്:
കൊല്ലത്തിലൊരിക്കല്‍ അതിഥിയായെത്തുന്ന പാറുട്ട്യേമ!
അവര്‍ സുബ്രഹ്മണ്യ പഞ്ചരത്നം ചൊല്ലുകയാണ്.

"ഗോകര്‍ണത്ത്‌ന്നു വരണ വരവാ", അല്ലെങ്കില്‍, "പഴനീന്ന് വരണ വരവാ",
ഇങ്ങനെ ഒരു ആമുഖത്തോടെ കൊല്ലത്തിലൊരിക്കല്‍ വീട്ടിലെത്തുന്ന അതിഥിയാണ്
പാറുട്ട്യേമ.

"നടന്നു നടന്നു കാലിന്ടടിയൊക്കെ തേഞ്ഞു ന്‍റെ ഉണ്ണിമയ്മ്മേ, സുബ്രഹ്മണ്യ സ്വാമീ
ശരണം..."പഴനിയിലെ ഭസ്മവും മറ്റു പ്രസാദങ്ങളും അമ്മമ്മക്ക് കൊടുക്കും.

"മുരുകാ, പഴനിയാണ്ടവാ..." എന്നിങ്ങനെ അമ്മമ്മ വിളിക്കുമ്പോള്‍
മുത്തച്ഛന്‍ കളിയാക്കി ചോദിക്കും.

"ഈ നാട്ടിലുള്ള ദൈവൊക്കെ കഴിഞ്ഞു ഇപ്പൊ പാണ്ടി നാട്ടില്ക്കെത്ത്യോ?"

അമ്മമ്മ ഒന്നു രൂക്ഷമായി നോക്കും. "പഴനിയാണ്ടവന്റെ പ്രസാദാണ് കയ്യില്,
ഞാനൊന്നും പറയിണില്യപ്പൊ മറുപടിയായിട്ട്‌".

അഞ്ചടി പൊക്കം കാണില്ല പാറുട്ട്യേമയ്ക്ക് .. തല മുണ്ഡനം ചെയ്തു
ചന്ദനം പൂശിയിരിക്കും.
കഴുത്തില്‍ രുദ്രാക്ഷ മാലകള്‍, ഭസ്മം, ചന്ദനം, കുംകുമക്കുറി, ഇങ്ങനെ
ശരീരം കാണാത്ത വിധം
കുറികള്‍. കാവി വസ്ത്രം. കയ്യില്‍ ഒരു ചെറിയ ഭാണ്ഡം. ഒരു വടി.
കഴിഞ്ഞു , വേറെയൊന്നുമില്ല അവര്‍ക്ക്‌ ഈ ഭൂലോകത്തില്‍. അവര്‍
പറയും,
"എനിക്കെന്താ, പാദഹരം പാപഹരം."

രണ്ടു മൂന്നു ദിവസം - ഏറിയാല്‍ ഒരാഴ്ച - അവര്‍ വീട്ടില്‍ താമസിക്കും.
"അടുത്ത കൊല്ലം ഈ കാലത്തു കണ്ടില്ലെങ്കില്‍ എവിട്യെങ്കിലും വീണു
കഥ കഴിഞ്ഞൂന്ന് കരുത്യാ മതീട്ടോ!"
പടിയിറങ്ങുമ്പോള്‍ അവര്‍ പറയുന്നതു കേള്‍ക്കാം.

സ്കൂളില്‍ നിന്നു വരുമ്പോള്‍ മുറ്റത്ത് അയയില്‍ കാവി വസ്ത്രം
കണ്ടാല്‍ ഉറപ്പായി
പാറുട്ട്യേമ എത്തിയിട്ടുണ്ടെന്ന്. ശനിയും ഞായറും
ദിവസങ്ങളില്‍ ആയമ്മ ഉണ്ടാവണേ എന്ന് ഞങ്ങള്‍ - കുട്ടികള്‍ - പ്രാര്‍ത്ഥിക്കും.
കാരണം, നല്ല കഥകള്‍, യാത്രാ വിവരണങ്ങള്‍,
നമ്മള്‍ കാണാത്ത കേള്‍ക്കാത്ത വിശേഷങ്ങള്‍ - എല്ലാം അറിയാം.

"എന്നിട്ട്...എന്തുണ്ടായി?", ഉമ്മറപ്പടിയുടെ അടുത്ത് ചിമ്മിനിവിളക്കിന്റെ
ഇത്തിരി വെട്ടത്തില്‍ ഇരുന്ന് ഞാനും അനിയത്തിയും ചോദിക്കും.

"എന്നിട്ടെന്‍റെ കുട്ട്യോളെ... തിരുനാവായക്കടവില് മുങ്ങിയപ്പോ ഒരോളത്തിന്‌
അങ്ങട് പടീലെ പിടി വിട്ടു. ഞാനങ്ങട് ഒഴുകി...
നീന്താനൊട്ടറിയൂല്യ ...അല്ല അറിഞ്ഞിട്ടു ഒട്ടു കാര്യൂല്യ...
മഴക്കാലത്ത് നല്ല ഒഴുക്കല്ലേ. ഒരു സ്വാമ്യാര് നീളത്തില്‍ ഒരു വേഷ്ടി
ഇട്ടു തന്നു. ദൈവാധീനം കൊണ്ട് അതുമ്മല് പിട്‌ത്തം കിട്ടി. അയാള്
വലിച്ച് കരയ്ക്കടുപ്പിച്ചു. വെള്ളത്ത്‌ന്നു കേറാന്‍ കഴിയോ?".

"അതെന്തേ?" ഞങ്ങള്‍ കുട്ടികള്‍ ഉദ്വേഗപൂര്‍വ്വം ചോദിക്കും.

"എന്താ മക്കളേ...പറയ്യാ...ന്‍റെ മേല് തുണിയൊന്നുല്യ...അതന്നെ."

ഇനിയെന്ത് ചോദിക്കും എന്ന് ഞങ്ങള്‍ വിഷമിച്ചിരിക്കുമ്പോള്‍ അവര്‍ തുടരും:

"ഗോപികമാരുടെ ചേല മോഷണം പോയപ്പോ അവരെന്താ ചെയ്ത്? അറിയില്യെ...
രണ്ടു കയ്യും കൂപ്പി കൃഷ്ണനെ വണങ്ങി.
അവര്ക്ക് ചെറുപ്പെര്‍ന്നു. ഞാനൊരു മുതുക്കി. ന്നാലും ഉടുതുണില്യാതെ
ഇക്കണ്ട ആള്‍ക്കാരൊക്കെ നിക്കണ സ്ഥലത്ത് കരയ്ക്ക്‌
കേറാന്‍ കഴിയോ? കാര്യം ഊഹിച്ച
സ്വാമ്യാര് ആ വേഷ്ടി എടുത്തോളാന്‍ പറഞ്ഞു. വേഷ്ട്യുടുത്തു കരയ്ക്ക്‌
കേറിയപ്പോ മൂപ്പരില്യ! അത് സാക്ഷാല്‍ മുരുകന്‍
തന്ന്യെര്‍ന്നൂന്നാണ് നിയ്ക്ക് പറയാനുള്ളത്. അങ്ങനെ ഒരാളെ അവടെ ആരും
കണ്ട്ട്ടൂല്യ കേട്ടിട്ടൂല്യ!"

ഞങ്ങള്‍ കുട്ടികള്‍ക്ക് പാതിരയോടടുക്കുന്ന നേരത്ത് കേള്‍ക്കുന്ന ഇത്തരം
കഥകളിലെ പൊരുള്‍ അറിയാറായിട്ടില്ല എന്ന് തോന്നും. എന്തായാലും
സാക്ഷാല്‍ മുരുകനെ നേരിട്ടു കണ്ട ആളല്ലേ ഈ ഇരിക്കണത്‌!

"ഇനി വേറൊരു കഥ പറയൂ", ഞങ്ങള്‍ പറയും.

"കാശി വിശ്വനാഥ ക്ഷേത്രത്തില് പോയതു പറയട്ടെ?"

"കാശീലും പോയിട്ടുണ്ടോ?"

"ഈ പാറുട്ട്യേമ പൂവ്വാത്ത അമ്പലങ്ങള്‍ ഒന്നൂല്യ ന്‍റെ മക്കളേ. നൂറ്റെട്ട്
ശിവക്ഷേത്രങ്ങളും കണ്ടിരിക്കുണൂ. എങ്ങന്യാ ന്‍റെ കാലിന്റടി
ഇങ്ങനെ തേഞ്ഞതു?"

എന്നിട്ട് ആ കൊച്ചു കാലടികള്‍ കാണിച്ചു തരും. ശരിയാണ്..കടല് കാണാന്‍ പോയി
തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ ശേഖരിച്ചു കൊണ്ട്
വരാറുള്ള 'കടല്‍ നാക്ക്' പോലെ പരന്നിരിക്കുന്നു!

മുത്തച്ഛന്റെ ആശ്രിതനായ തുപ്പന്‍ ചില ദിവസങ്ങളില്‍ സന്ധ്യ കഴിഞ്ഞാല്‍
മുറ്റത്ത്‌ വന്നിരിക്കും. പാറുട്ട്യേമ കൂടി ഉള്ള
ദിവസങ്ങളാണെങ്കില് അതിരസകരമായിരിക്കും. അയമ്മടെ
കഥകളെ തോല്‍പ്പിക്കും വിധം തുപ്പന്‍ കഥകള്‍ അവതരിപ്പിക്കും.
കേള്‍വിക്കാരായി ഞങ്ങള്‍ കുട്ടികളും, വലിയവരും മറ്റും ചെവി
കൂര്‍പ്പിച്ചിരിക്കും. അങ്ങനെ അരങ്ങേറുന്ന ചില കഥകള്‍
ചില നേരങ്ങളില്‍ വാഗ്വാദങ്ങളില്‍ ചെന്നെത്തും -
പാറുട്ട്യെമയും തുപ്പനും തമ്മില്‍.

തുപ്പന്‍ കഥ പറഞ്ഞു കേറുകയാണ്. "മരോട്ടി മരത്തിന്‍റെ ചോട്ടുക്കൂടെ
അട്യേന്‍ അങ്ങട് കടന്നതും, തടിച്ച ഒരു വള്ളി മുന്നില്‍
തടസ്സമായി വീണു. എത്ര തട്ടി മാറ്റിയിട്ടും സാധനനങ്ങില്യ! ഇതെന്തു
മറിമായാന്നിച്ചിട്ട് മേപ്പട്ടു നോക്ക്യപ്പോ, എന്താ?".

"എന്താ?" പാറുട്ട്യേമ ചോദിച്ചു.

തുപ്പന്‍ ചിറി ഒരല്‍പ്പം കോട്ടി ചെറുതായൊന്നു ചിരിച്ചു; എന്നിട്ട് പറഞ്ഞു,
"ആരാ, മൂപ്പരന്നെ! ഹനുമാര്."

"ഹനുമാനോ?", ഞങ്ങള്‍ ഏറെ അതിശയത്തോടെ ചോദിക്കും.

"ആ കുട്ട്യോളെ, അമ്പലത്തിന്‍റെ നട അടച്ച് നമ്പൂരി പോയാപ്പിന്നെ "മൂപ്പര്"
കൊറേ നേരം മരോട്ടി മരത്തിന്‍റെ മോളിലുണ്ടാവും. പിന്നെ
ചാടലും, മറയലും, ആകെ തിക്കും തെരക്കന്നെ. ന്നെ പ്പോ എന്തിനാ തടഞ്ഞു
നിര്‍ത്ത്യെന്നു എത്ര ആലോചിച്ചിട്ടും പിടി കിട്ടണില്യ.
" തുപ്പന്‍ വിശാലമായ ആ അമ്പല പറമ്പിന്റെ ഒരു കോണില്‍ ഒരു കൊച്ചു
കൂരയിലാണ്‌ താമസം. ആ പറമ്പും വേണമെങ്കില്‍ ആ
അമ്പലവും തുപ്പന്റെയാണ്ന്നാണ് വിചാരം.

"അതിപ്പോ ശ്രീ ഹനുമാനാണെന്ന് എന്താപ്പോ ഒറപ്പ്?" - പാറുട്ട്യേമയ്ക്ക്
സഹിക്കിണില്യ.

"തമ്രാട്ട്യേമേ, ഇത്ങ്ങടെ പളനി മുരുകനല്ല, ഹനുമാരോട് കളിക്കല്ലേ".
തുപ്പന്‍ വിട്ടു കൊടുക്കില്ല.
"ഹനുമാര്‍ക്ക് ഇളനീര് നേദിക്കാം ന്നു നേര്‍ന്ന തെങ്ങേററക്കാരന്‍ കുഞ്ഞന്‍
അത് മറന്നു. പിറ്റേ ദിവസം ഓന്റെ തലേമ്മല് "ധിം" ന്നു
ഒരു കരിക്കല്ലേ വീണത്‌? കളിക്കല്ലേ തമ്രാട്ട്യേമേ!"

"ദൈവങ്ങളെ തമ്മില്‍ തല്ലൂടിക്കണ്ട" അമ്മമ്മ ഇടപെടും.

ഇങ്ങനെ കഥകള്‍ പലതും പറയുന്ന നേരത്തായിരിക്കും ചില ദിവസങ്ങളില്‍
തെങ്ങ് കയറ്റക്കാരന്‍ വേലായി വരിക - സിരകളെ
ത്രസിപ്പിക്കുന്ന കഥകളുമായി.

"അതേയ്, രാത്രി പന്ത്രണ്ടു കഴിഞ്ഞാ പിന്നെ ആരും ആ തോട്ടിന്‍റെ
വക്കത്തും, വരമ്പത്തും പോയിക്കല്ലേ. സഞ്ചാരംള്ള നേരാണ്.

"സഞ്ചാരോ?" ഞങ്ങള്‍ ചോദിക്കും.

"അതേയ്, പെരിണ്ടിരി അമ്പലത്തിന്റവ്ടുന്നു റാന്തലും പിടിച്ചു, ചോന്ന
പട്ടും ചുറ്റി ഗന്ധര്‍വന്‍റെ സഞ്ചാരംള്ള നേരാണ്.
ആലുമ്മിന്നു ഏറങ്ങി വരണത് ന്‍റെ കണ്ണോണ്ട് കണ്‍ടിട്ടള്ളതാ ഞാന്‍ - ഒരു
സുമുഖന്‍. ഇതാ ആ വരമ്പത്തൂടെ നേരെ അങ്ങട്
ചേന്നാത്തെ കൊളത്തിന്റെ കരയ്ക്കലെ പാല മരത്തിലിയ്ക്കാ പോയത്.
യക്ഷിപ്പാലയല്ലേ, അവടെ. മൂപ്പരവ്ടുന്നു പിന്നെ
ഒരു മൂന്നു-മൂന്നരയാവും തിരിച്ചു വരുമ്പോ. പിന്നെ, നേരെ ആലിമ്മേ കേറി,
അങ്ങട് കാണാത്യാവും!"

വേലായി കണ്ട ദൃശ്യങ്ങള്‍ ഞങ്ങള്‍ ഭാവനയില്‍ കാണാന്‍ ശ്രമിയ്ക്കും.
അപ്പോഴായിരിക്കും വേലായിടെ അടുത്ത കഥ:

"കഴിഞ്ഞാഴ്ച നാല്-നാലര മണിക്ക് കുളിക്കാന്‍ പോയീതാ; ഗുരുവായൂര്‍ക്ക്
തൊഴാന്‍ പോണം. കുളക്കടവില്‍ സോപ്പും തോര്‍ത്തും
വെച്ചിട്ട് ആരാപ്പോ ഈ നേരത്ത്? ആരെയും കാണാല്യാ! ചൂട്ട് ഒന്നു കൂടി
വീശി നോക്കി, ആരൂല്യ. ഇതെന്തു പുതുമ ന്ന് വിചാരിച്ചു
നോക്കുമ്പോ ഒരാളുണ്ട് വെള്ളത്തിന്നു മെല്ലെ പൊങ്ങി വരണു! ഞാന്‍
അന്തിച്ചു നോക്കാണ്‌ - കണ്ട പരിചയണ്ട്; ന്നാ ഒട്ടു
മനസ്സിലാവണില്ല. ആരാന്നു ചോയ്ക്കാന്‍ വിചാരിച്ചപ്ലേയ്ക്കും ആ
ആള് ഈറനോടെ സോപ്പും തോര്‍ത്തും എടുത്ത് കേറിപ്പോയി! ആ
നടത്തം കണ്ടപ്പോ നല്ല പരിചയം. പിടി കിട്ടി. കണ്ടപ്പന്‍ - കൊളത്തില്
മുങ്ങി മരിച്ച കണ്ടപ്പന്‍...സംശല്യ. പടവ് കേറി
നോക്ക്യപ്പഴെക്കും ആളടെ പൊടില്യാ! ന്‍റെ ശരീരത്തിന് ഒരു വെറ വന്നു.
ഒരാഴ്ച പനിച്ചു കെടന്നു ന്‍റെ മക്കളെ."

ശ്രദ്ധ മുഴുവന്‍ വേലായി നേടി. പാറുട്ട്യേമ ആ കഥയെ കടത്തി വെട്ടാനായി
ഒരുങ്ങി:

"ഉണ്ണിമയ്മ്മേ, കേക്കണോ ഒരു പുതുമ? ഗുരുവായൂര് അമ്പലക്കൊളത്തില്
ഒന്നു മുങ്ങണം; നിര്‍മ്മാല്യം തൊഴണം. നേരം പുലര്‍ച്ചെ
രണ്ടു-രണ്ടര മണി. നല്ല കുളിരുണ്ട്. പടവ്മ്മല് നല്ല വഴ്ക്കല്ണ്ട്;
എറങ്ങാന്‍ നല്ല പേടീണ്ട്‌. എന്തായാലും മുങ്ങിക്കേറ്ണം...
"എന്താ മുത്തശ്ശീ, കുളിരുണ്ടോ?" ഒരു ചെറു ബാല്യക്കാരന്‍.
പത്തു-പന്ത്രണ്ടു...ഇവടത്തെ കുട്ടിടെ പ്രായം. "മുത്തശ്ശി പേടിയ്ക്കണ്ട,
ഞാനുണ്ടല്ലോ കൂടെ." പിന്നെ, കുളീം കഴിഞ്ഞു, കയ്യ് പിടിച്ചു കൊണ്ടോയിന്നെ
ഉള്ളില്ക്ക്. ശ്രീകോവിലിനുള്ളില്‍ ചൈതന്യ സ്വരൂപം കണ്ടു കൈതോഴാന്‍
നേരം നോക്കുമ്പോ ആ കുട്ടില്യ!
അവടെ അങ്ങനെ ഒരാളെല്യ! ആരെര്‍ന്നു?"

"ആരെര്‍ന്നു?" ഞങ്ങള്‍ കൂട്ടത്തോടെ ചോദിക്കും.

"ഭഗവാന്‍ ശ്രീ കൃഷ്ണന്‍ തന്നെ, അല്ലാതാരാ?"

"നേരം ശ്ശി വൈകി, ഇനി കെടക്കാം", അമ്മമ്മ പറയും.

അങ്ങിനെ ആ കഥയരങ്ങ്‌ അവിടെ അവസാനിക്കും.

മുത്തച്ഛന്‍ ചില ദിവസങ്ങളില്‍ രാത്രി ഉറക്കത്തില്‍ ദു:സ്വപ്നം കണ്ടു പേടിച്ചു
നിലവിളിക്കും. ഞങ്ങളുടെയൊക്കെ ധൈര്യം മുത്തച്ഛന്‍
വീട്ടിലുണ്ടല്ലോ എന്നതാണ്. ഭൂത-പ്രേത-പിശാചുക്കളെയും, കള്ളന്മാരെയും,
പേടിക്കാനില്ല. എന്നാല്‍ ഇത്തരം സ്വപ്‌നങ്ങള്‍
കണ്ടു മുത്തച്ഛന്‍ നിലവിളിക്കുന്ന രാത്രികളില്‍ ഞങ്ങള്‍ ആകെ പരിഭ്രമിയ്ക്കും.

അമ്മമ്മ വടക്കേ അകത്തു നിന്നു വന്ന്, തെക്കേ അകത്തു കിടക്കുന്ന മുത്തച്ഛനെ
രണ്ടു കയ്യകലത്ത് നിന്നു ഉറക്കെ വിളിച്ചു ചോദിക്കും,
"ദ് നോക്കൂന്നേ..., അതേയ്..., എന്തെ..." പക്ഷെ അത് കൊണ്ടൊന്നും മുത്തച്ഛന്‍
ഉണരില്ല.

ആണ്‍കുട്ടിയായ ഞാനായിരിക്കും മിക്കവാറും ഉറക്കെ വിളിച്ചുണര്‍ത്തുക.
ആരും തൊട്ടടുത്ത്‌ നില്‍ക്കില്ല - മുത്തച്ഛന്‍ സ്വബോധത്തില്‍
വരുന്നതു വരെ. അതിന് ഒരു കാരണവുമുണ്ട് - വഴിയേ പറയാം.

പാറുട്ട്യേമ, രാത്രികാലങ്ങളില്‍ മൂത്രമൊഴിക്കാന്‍ വാതില്‍ തുറന്നു മുറ്റത്തിറങ്ങും.
പലപ്പോഴും അമ്മമ്മ പറയും, "ഈയമ്മ
വന്നാല്‍ രാത്രി വല്ല കള്ളന്മാരും അകത്തു കേറിക്കൂട്‌ാവോ?
ഓവില് മൂത്രോഴിച്ചാ പോരെ, അത് ചെയ്യില്യ."

(പിന്നെ - പിടി കിട്ടാത്ത രഹസ്യം - അല്‍പ്പം പറയാന്‍ കൊള്ളാത്തതാണെങ്കിലും -
മനസ്സിലായി: പാറുട്ട്യേമ നിന്നിട്ടെ മൂത്രോഴിക്കൂത്രേ!
മുത്തച്ഛന്‍ പറയുന്നതു കേള്‍ക്കാം: "അശ്രീകരം, മുറ്റം മുഴുവനും മൂത്രം നാറുന്നു.")

ഇങ്ങനെ മുറ്റത്തിറങ്ങി മൂത്രോഴിച്ച്ചു തിരിച്ചു വരുന്ന നേരത്താണ് മുത്തച്ഛന്‍
സ്വപ്നം കണ്ടു പേടിച്ചു കരയുന്നത് പാറുട്ട്യേമ
കേള്‍ക്കുന്നത്. എന്താണ് സംഭവിച്ചത് എന്നറിയാതെ അവര്‍ പാവം ഓടിച്ചെന്നു,
"പണിയ്ക്കരെ...പണിയ്ക്കരെ...എന്താ.."
തൊട്ടു വിളിച്ചു തീര്‍ന്നില്ല -

"ട്ടെ" - എന്നൊരു ശബ്ദവും, പാറുട്ട്യേമ ഒരലര്‍ച്ചയോടെ "അയ്യോ" എന്ന്
നിലത്തു വീണതും ഒരുമിച്ചായിരുന്നു.

മുത്തച്ഛന്‍ ഒരു കുഴപ്പം കാണിക്കും - ഇങ്ങനെ പേടിച്ചു കരയുന്ന നേരത്ത്
ആര് തൊട്ടു വിളിച്ചാലും ഊക്കന്‍ അടി വീഴും.
ഇതറിയുന്ന ഞങ്ങള്‍ സൂക്ഷിച്ചു ഒരു കയ്യകലത്ത് നിന്നെ ഉറക്കെ വിളിയ്ക്കൂ.
ഇതറിയാത്ത പാവം പാറുട്ട്യേമയ്ക്ക് ജീവിതത്തില്‍
ആദ്യമായി ഒരടി കിട്ടി. പിറ്റേ ദിവസം അവര്‍ പോവുകയുമായി.

മുത്തച്ഛന്‍ "അയ്യത്തട" എന്നായി. സ്വപ്നേപി വിചാരിച്ച കാര്യമല്ല.
ക്ഷമാപണം നടത്തി. അറിയാതെ ചെയ്ത കാര്യത്തിന് ക്ഷമ
ചോദിക്കേണ്ട എന്ന് പാറുട്ട്യേമയും വളരെ ഭവ്യതയോടെ പറഞ്ഞു.

അവര്‍ പോകാനൊരുങ്ങുകയാണ്. തലേ ദിവസം രാത്രിയിലെ സംഭവ
വികാസങ്ങള്‍...അമ്മമ്മയ്ക്ക് പാവം തോന്നി. രണ്ടു ദിവസം
കഴിഞ്ഞു പോകാമെന്ന് പറഞ്ഞു നോക്കി.

"ഇല്യ, ശരിയാവില്യ, പോണം ഉണ്ണിമയ്മ്മേ. ഗുരുവായൂര്, മമ്മിയൂര്,
തൃപ്രയാര്‍, കൂടല്‍മാണിക്യം, ചോറ്റാനിക്കര, ഏറ്റുമാനൂര്‍....
ഇങ്ങനെ കൊറേ പോവാനുണ്ട്...ഇനീം വന്നൂടെ? അപ്പൊ നാലൂസം അധികം പാര്‍ക്കാട്ടോ..."

ദൂരെ അവര്‍ ഒരു പൊട്ടായി മാറി...പിറ്റേ വര്‍ഷവും, അതിനടുത്ത വര്‍ഷവും...
പിന്നീടൊരിക്കലും... അവര്‍ വന്നില്ല...അവര്‍
പറയാറുള്ളത് പോലെ എവിടെ വീണു കഥ കഴിഞ്ഞൂന്ന് ആര്‍ക്കറിയാം?

(സുരേഷ്) 14.01.09