Thursday, August 27, 2009

കൊച്ചു വാരിയര്‍

1994-ല്‍ ദുബായില്‍ സാമാന്യം തരക്കേടില്ലാത്ത ഒരു ടു ബെഡ് റൂം അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കാലം. ഞാനും, എന്നെക്കാള്‍ പത്തു വയസ്സ് മൂപ്പുള്ള രാമന്‍ മാഷും ഒരു മുറിയില്‍. മറ്റേ മുറിയില്‍ വാരിയര്‍ മാഷ് ഒറ്റയ്ക്കും.

വാരിയര്‍ ഞങ്ങളുടെ കൂടെ മെസ്സിലൊന്നും കൂടില്ല. എല്ലാം ഒറ്റയ്ക്കാണ്, എന്നാല്‍ സൌഹൃദത്തിനു ഒരു കുറവുമില്ല. രാമന്‍ മാഷേക്കള്‍ മൂത്തതായതിനാല്‍, പയ്യനായ ഞാന്‍ കൂടുതല്‍ ബഹുമാനവും വാരിയര്‍ക്കു കൊടുത്തിരുന്നു. തമാശകളും, കളിചിരിയും - week endല്‍ മറ്റു ബഹളങ്ങള്‍ക്കൊന്നും - ഒരതിര്‍ത്തി വിട്ടു വാരിയര്‍ ഞങ്ങളുടെ കൂടെ കൂടില്ല.

ഒരു ദിവസം പതിവിനു വിപരീതമായി എന്നോട് കുശലം പറഞ്ഞതിന് ശേഷം, "നാളെ എന്‍റെ അനിയന്‍ വരുന്നുണ്ട് നാട്ടില്‍ നിന്നും. വിസിറ്റ് വിസയിലാണ്. എവിടെയെങ്കിലും ഓപ്പണിംഗ് ഉണ്ടെങ്കില്‍ അറിയിക്കണം."

കൊച്ചു വാരിയര്‍ വന്നു. വലിയ വാരിയരും, കൊച്ചു വാരിയരും - അവര്‍ തമ്മില്‍ 14 വയസ്സിന്റെ വ്യത്യാസം ഉണ്ട്. അതിനാല്‍ തന്നെ സ്വതവേ ഗൌരവ സ്വഭാവക്കാരനായ വലിയ വാരിയരോട് ഭയങ്കര ബഹുമാനവും ഒരു ചെറിയ ഭയവും കാണിച്ചിരുന്നു കൊച്ചു. അതെ - അങ്ങനെ ഞങ്ങള്‍ കൊച്ചു-എന്നൊരു പേരും കൊടുത്തു.

കൊച്ചു എന്ത് തമാശയ്ക്കും കൂടും - വൈകുന്നേരം വാരിയര്‍ ജോലി കഴിഞ്ഞു വന്നു വീട്ടിലെത്തിയാല്‍, കൊച്ചു ഞങ്ങളെയൊന്നും കണ്ട പരിചയം ഭാവിക്കില്ല. പിന്നീട് അത്തരം പെരുമാറ്റം ഞങ്ങള്‍ക്ക് പരിചയവുമായി.


വാരിയരുടെ സിഗരറ്റ് പാക്കില്‍ നിന്നും ഒരെണ്ണം 'ഇസ്ക്കുക', വീക്ക്‌ എന്‍ഡില്‍ ഒരു പെഗ് കഴിക്കുക, എന്നതൊക്കെ ഒളിഞ്ഞും പാത്തും തുടര്‍ന്നു. വലിയ വാരിയര്‍ കൊച്ചുവിനെ ഞങ്ങളെ ഏല്‍പ്പിച്ച്‌ വെക്കേഷന് പോയ കാലമായിരുന്നു കൊച്ചുവിന്‍റെ സുവര്‍ണ്ണ കാലം.
ഒരു week endല്‍ കൊച്ചു മനസ്സ് തുറന്നു. വലിയ വാരിയരില്‍ നിന്ന് ഞങ്ങള്‍ അവരുടെ കുടുംബ പശ്ചാത്തലത്തിനെപ്പറ്റി ഒന്നും ഇത് വരെ അറിഞ്ഞിട്ടില്ല.


നാട്ടില്‍ പ്രശസ്തനായ ഒരു ജോത്സ്യനാണ്‌ ഈ വാരിയര്‍മാരുടെ അമ്മാവന്‍ വാരിയര്‍. കെങ്കേമന്‍. രാവിലെ മുതല്‍ വൈകും വരെ നിറയെ ജനങ്ങള്‍. പണം, പ്രശസ്തി - എല്ലാം വേണ്ടുവോളം. നാട്ടില്‍ നില്‍ക്കുന്ന കുടുംബത്തിലെ ഒരേയൊരു കണ്ണി കൊച്ചുവായിരുന്നു. അത് കൊണ്ട് തന്നെ കൊച്ചുവിനു, സ്കൂള്‍ പഠനത്തിന്‌ ശേഷം ഒരു വഴിയാവട്ടെ, തനിക്കൊരു പ്രശസ്തനായ പിന്‍ഗാമി ഉണ്ടാവട്ടെ എന്ന് കരുതി അമ്മാവന്‍ വാരിയര്‍ കൂടെ ഇരുത്തി പഠിപ്പിക്കാന്‍ തുടങ്ങി. പഠനം എവിടെയുമെത്താതെ കൊച്ചു, ദുബായില്‍ എത്തി. കൊച്ചുവിനെസ്സംബന്ധിച്ചിടത്തോളം അതൊക്കെ ഒരു പഴയ ഏര്‍പ്പാടാണ്.


ഒരു week endല്‍ ഒത്തു കൂടിയ ഞങ്ങള്‍ - സുഹൃത്തുക്കള്‍ - ഒന്നടങ്കം പറഞ്ഞു. ഇന്നത്തെ കാലത്ത് ഉപജീവനത്തിനായി നാട്ടില്‍ ഇതിലും നല്ല ഒരു തൊഴിലുണ്ടോ? വെറുതെ ഇവിടെ വന്നു കഷ്ടപ്പെടുന്നതെന്തിനു? കൊച്ചു അതൊന്നും ചെവിക്കൊണ്ടില്ല. നിങ്ങള്‍ പറ്റുമെങ്കില്‍ ഒരു ജോലി സംഘടിപ്പിച്ചു തരൂ എന്നായി.


ഞങ്ങള്‍ എല്ലാവരും ഉത്സാഹിച്ചു. കൊച്ചുവിനു ജോലിയും കിട്ടി. വെറും പത്താം ക്ലാസ്സുകാരന് കിട്ടാവുന്നതില്‍ വെച്ചേറ്റവും നല്ല ഒരു ജോലിയൊന്നുമല്ലായിരുന്നു. അതിരാവിലെ നാല് മണിക്ക് എണീറ്റ്‌ പോകണം എല്ലാ ദിവസവും. പണി സ്ഥലത്തെ പൊടിയും, അതിരാവിലത്തെ യാത്രയും, മറ്റും ആ സാധുവിന്‌ തീരെ പറ്റാതായി.
ശമ്പളം വളരെ കുറവ്. കഷ്ടപ്പാടോ അതി കഠിനം. അലര്‍ജി കാരണം തുമ്മലും ചീറ്റലും ആണ് എന്നും. എന്തായാലും എത്തിപ്പെട്ടില്ലേ, നോക്കാം എന്നായിരുന്നു കൊച്ചുവി ന്‍റെ നിലപാട്.



ഒരു ദിവസം ഫോണില്‍ ഒരല്‍പം കടുപ്പിച്ചു ആരോടോ വര്‍ത്തമാനം പറയുന്ന കൊച്ചു വല്ലാതെ വിഷണ്ണനായി കാണപ്പെട്ടു. ആരും ഇല്ലാത്ത സമയത്ത് എന്നോട് പറഞ്ഞു. നാട്ടിലടുത്തുള്ള ഒരു സ്ത്രീ, ഇവിടെ ഒരു നേഴ്സായി ജോലി നോക്കുന്നു. അമ്മാവന്‍ വാരിയരുടെ പ്രശസ്തി അറിയുന്ന അവര്‍ കൊച്ചുവിനെ ഒരു പ്രശ്ന പരിഹാരത്തിനായി വിളിക്കയാണ്. കാര്യം ഒന്ന് വിസ്തരിക്കാനായി അവര്‍ കൊച്ചുവിനെ അവരുടെ വീട്ടിലേയ്ക്ക്‌ ക്ഷണിക്കയാണ്. കൊച്ചുവിനു പോകാന്‍ മടിയായിട്ടൊന്നുമല്ല, പക്ഷെ ഏട്ടന്‍ വാരിയര്‍ അറിഞ്ഞാല്‍ സംഗതി പൊല്ലാപ്പാകും.


പ്രതീക്ഷിച്ച പോലെ തന്നെ സംഭവിക്കുകയും ചെയ്തു - ഒരു ദിവസം കൊച്ചുവിനെ വിളിച്ച ഫോണ്‍ വലിയ വാരിയരുടെ കയ്യിലാണ് കിട്ടിയത്. എന്തിനാണ് നിന്നെ ഒരു സ്ത്രീ വിളിക്കുന്നതെന്നും, എന്താണ് സംഭവമെന്നൊക്കെ ചോദിച്ചു അന്ന് ഞങ്ങളുടെ റൂമില്‍ വലിയ വാരിയര്‍ പരസ്യമായി തന്നെ കൊച്ചുവിനോട് ചൂടായി. ഞങ്ങളെ ചൂണ്ടി കൊച്ചുവിനോട് പറയുകയും ചെയ്തു. ഇവരൊക്കെ മാനം മര്യാദയായി താമസിക്കുന്നവരാണ്, നീ വേണ്ടാത്തതൊന്നും ക്ഷണിച്ചു വരുത്തേണ്ട എന്ന്.

ആ സ്ത്രീ വീണ്ടും വിളിച്ചു. കൊച്ചു പരിഭ്രമിച്ചു. എന്തായാലും കാര്യം അന്വേഷിക്കാന്‍ ഞാന്‍ പറഞ്ഞു. അപ്പോള്‍ സംഭവം ഇതാണ് - ആ നേഴ്സി ന്‍റെ ഭര്‍ത്താവ് കഴിഞ്ഞ ഒരു മാസമായി വീടുവിട്ടു പോയിരിക്കുന്നു. വേറെ എവിടെയോ എന്തോ ബന്ധമുള്ളത് പോലെ തോന്നുന്നു. കൊച്ചു വാരിയര്‍ എന്തെങ്കിലും ഒന്ന് ജപിച്ചു തരികയോ മറ്റോ ചെയ്തു ഒരു നിവൃത്തി ഉണ്ടാക്കി തരണം. ഒടുവില്‍ കൊച്ചു പുറപ്പെട്ടു വലിയ വാരിയര്‍ അറിയാതെ.

വലിയ വാരിയര്‍ ജോലിക്ക് പോകുന്നതിനു മുന്‍പ് ഒരു കെട്ട് ചന്ദനത്തിരി കത്തിക്കും - ഇഷ്ട ദൈവങ്ങള്‍ക്ക് മുന്‍പില്‍. കൊച്ചു, അതില്‍ നിന്നും ഒരു പിടി ചാരം വാരി, ന്യൂസ്‌ പേപ്പറില്‍ പൊതിഞ്ഞു യാത്രയായി. വൈകുന്നേരം, കൃത്യ സമയത്ത് തിരിച്ചെത്തുകയും ചെയ്തു.


നൂറു ദിര്‍ഹമിന്‍റെ രണ്ടു നോട്ടുകള്‍ കാണിച്ചു അതീവ സന്തോഷത്തോടെ കാര്യങ്ങള്‍ പറഞ്ഞു. അവിടെ ചെന്ന് 'ഭസ്മം' ജപിച്ചൂതി, ഭര്‍ത്താവിനെ മനസ്സില്‍ നല്ല വണ്ണം ധ്യാനിക്കാന്‍ പറഞ്ഞു ആ സ്ത്രീയുടെ കയ്യില്‍ കൊടുത്തു. ദക്ഷിണയായി ഇരുനൂറു ദിര്‍ഹവും കിട്ടി.
പല പ്രശസ്ത ജോത്സ്യര്‍ക്കും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ സ്ഥിരം മുറിയുണ്ട്. അവര്‍ അവിടെ വരുന്ന ദിവസങ്ങള്‍ പത്രങ്ങളില്‍ അറിയിക്കും. നല്ല ബുക്കിംഗ് ആണ്. ഞാന്‍ കൊച്ചുവിനോട് കാര്യങ്ങള്‍ പറഞ്ഞു. അതൊന്നും നമുക്ക് പറ്റില്ല എന്നായിരുന്നു കൊച്ചുവിന്‍റെ മറുപടി. അടുത്ത ആഴ്ച വിസ മാറാന്‍ പോകണം. നാട്ടില്‍ പോയാല്‍ തിരിച്ചു വരാന്‍ തോന്നില്ല.

പോകുന്നയന്നു വൈകീട്ട് ആ സ്ത്രീയുടെ കാള്‍ വന്നു - ഭസ്മം ജപിച്ചൂതി കൊടുത്തതിന്‍റെ മൂന്നാം ദിവസം ഭര്‍ത്താവ് തിരിച്ചു വന്നു. വാര്യര്യുടെ സിദ്ധി അപാരം തന്നെ. അവര്‍ പല സുഹൃത്തുക്കളോടും കൊച്ചു വാരിയരെപ്പറ്റി പറഞ്ഞിട്ടുണ്ട്. പലര്‍ക്കും പല വിധം ആവലാതികള്‍ ഉണ്ട്. തീര്‍ത്തു കൊടുക്കണം.

കൊച്ചു എയര്‍പോര്‍ട്ടില്‍ വെച്ച് എന്നോട് പറഞ്ഞു - ഞാന്‍ വരുന്നില്ല. എനിക്കിത്ര ശക്തിയുണ്ടെന്ന് ഞാനറിഞ്ഞില്ല - അയാള്‍ ത്രില്ലടിച്ചു നില്‍ക്കുകയായിരുന്നു.
പറഞ്ഞ പോലെ കൊച്ചു വന്നില്ല...
******************

വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ കണ്ടു - തടിച്ചു കുട്ടപ്പനായി, കട്ടി സ്വര്‍ണ്ണ ചങ്ങലയും, കൈ ചെയ്നും, കസവ് മുണ്ടും പുതച്ചു, ഒരു നീണ്ട നിര ജനങ്ങള്‍ക്ക്‌ ആശ്വാസത്തിന്‍റെ തണലായി നില്‍ക്കുന്ന കൊച്ചുവിനെ! സ്വന്തം കഴിവില്‍ വിശ്വസിച്ചു ജീവിതം കെട്ടിപ്പടുത്ത ആ മനുഷ്യനോടു എനിക്ക് വല്ലാത്ത ബഹുമാനം തോന്നി - ഒപ്പം ആ ഒരു പിടി ചന്ദനത്തിരി ചാരത്തിനോടും!


സുരേഷ് (27.Aug.09) http://shaivyam.blogspot.com