Friday, February 6, 2009

അച്ഛന്‍റെ മുത്തച്ഛന്‍ (ഭാഗം രണ്ട്)

(അച്ഛന്‍റെ മുത്തച്ഛന്‍ ഒന്നാം ഭാഗം വായിക്കുക)

സന്ധ്യയായാല്‍ പെണ്‍ കിടാങ്ങള്‍ക്കു വിളക്ക് കൊളുത്തി പുറത്തു കാണിക്കാന്‍ വയ്യാതായിരിക്കുന്നു. മേല്‍കഴുകി വന്ന് ഭസ്മവും തൊട്ട് അവര്‍ - കന്യകമാര്‍ - സന്ധ്യാ ദീപവുമായി മുറ്റത്തും തുളസിത്തറയിലും കൂവ്വളചോട്ടിലും വിളക്ക് വെക്കാനിറങ്ങിയാല്‍ അദൃശ്യ ഗന്ധര്‍വ്വന്‍റെ സാന്നിദ്ധ്യം! ഗന്ധര്‍വ്വ സംഗീതത്തില്‍ അവര്‍ ആകൃഷ്ടരായി, അവരറിയാതെ കരിങ്കൂവ്വളച്ചോട്ടിലും സര്‍പ്പക്കാവുകളിലും അടുത്തുള്ള ആലിന്‍ ചോട്ടിലും ബോധരഹിതരായി വീണു കിടന്നു. ചുണ്ടത്തും കവിളുകളിലും മാറിടങ്ങളിലും ഗന്ധര്‍വ്വ മുദ്ര പതിഞ്ഞു കിടക്കുന്നു. 

തറവാട്ടില്‍ പിറന്ന കന്യകമാര്‍ക്ക് സന്ധ്യാ സമയങ്ങളില്‍ അമ്പലത്തില്‍ പോകാന്‍ കഴിയാതെ വന്നിരിക്കുന്നു. ത്രിസന്ധ്യാ നേരങ്ങളില്‍ പേരറിയാത്ത പൂക്കളുടെ പരിമളം പരന്നു നടന്നു. പെണ്‍ കിടാങ്ങള്‍ - സുന്ദരികള്‍ - ഗന്ധര്‍വ്വന്‍റെ പാട്ടുകള്‍ കേള്‍ക്കാറുണ്ടത്രെ. അവര്‍ ലഹരികയറിയ കണ്ണുകളാല്‍ മന്ദസ്മിതം തൂകി; പ്രേമപരവശരായി. അന്തരീക്ഷത്തില്‍ മാദകഗന്ധം തങ്ങി നിന്നു. മുടിയിഴകളില്‍ സുഗന്ധ പുഷ്പങ്ങള്‍. ഗന്ധര്‍വ്വ സ്പര്‍ശമേറ്റ തരുണികള്‍ അഭൌമ സൌന്ദര്യത്തിനുടമകളായി. നാള്‍ക്കു നാള്‍ അവര്‍ തേജോമയികളായി. അവരുടെ ജ്വലിക്കുന്ന സൌന്ദര്യം വല്ലാത്ത ഒരു കാന്തിക വലയം സൃഷ്ടിച്ചു. എവിടെയ്ക്കോ ആകൃഷ്ടരായി അവര്‍ സന്ധ്യാ നേരങ്ങളില്‍ വീടിറങ്ങി നടക്കാന്‍ തുടങ്ങി. അവര്‍ ഇടയ്ക്ക് ആണുങ്ങളുടെ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങി. തറവാട്ടില്‍ കാരണവന്മാരുടെയും മുത്തശ്ശി മാരുടെയും നേര്‍ക്ക്‌ കയര്‍ത്തു സംസാരിക്കാന്‍ തുടങ്ങി.

കൂടാതെ ഗര്‍ഭിണികള്‍ക്ക് ഗന്ധര്‍വ്വ പീഡ! ഗന്ധര്‍വ്വ പ്രീതിക്കായി വണ്ണാന്‍മാരെ വരുത്തി ഗന്ധര്‍വ്വന്‍ പാട്ടു കഴിപ്പിച്ചു.

എല്ലാവര്‍ക്കും ആധിയായി. ഗന്ധര്‍വ്വന്‍ കൂടിയവരെ പിന്നെ കല്യാണം കഴിച്ചയക്കാന്‍ ബുദ്ധിമുട്ടാണ്. കുടുംബത്തിനു ഭാരമായി അവര്‍ ജീവിതാവസാനം വരെ കഴിയേണ്ടി വരും. ഉടനടി പരിഹാരം കണ്ടെത്തണം. എല്ലാവരും മുത്തച്ഛന്‍ തന്നെ ശരണം എന്ന് പറഞ്ഞെത്തി.  

ഗന്ധര്‍വ്വന്‍റെ സഞ്ചാര മാര്‍ഗ്ഗങ്ങള്‍ മുത്തച്ഛന്‍ അന്വേഷിക്കാന്‍ തുടങ്ങി. മുക്കൂട്ടയ്ക്കല്‍ - മൂന്നും കൂടിയ വഴിയില്‍ - മുളങ്കാടിന്റെ ചൂളം വിളിയില്‍ ഗന്ധര്‍വ്വ ഗാനത്തിന്‍റെ ശ്രുതി ചേരുന്നു.  സന്ധ്യാ നേരങ്ങളില്‍ വീണയും വേണുവും മൃദംഗവും മുഴങ്ങുന്നു. 

ഒരു നാള്‍ രാത്രി മുളംകാടിനടുത്തു വൃത്തം വരച്ച്, നടുക്കില്‍ കത്തി കുത്തി നിര്‍ത്തി ഗന്ധര്‍വ്വനെ തളച്ചു. പിറ്റേന്ന് വിശേഷാല്‍ പൂജയും, ആവാഹിക്കുന്ന ചടങ്ങുകളും നടന്നു. മണ്ണില്‍ നിന്നും കത്തിയെടുത്തപ്പോള്‍, കത്തി കുത്തി നിന്ന ഭാഗത്ത് ചോര പൊടിഞ്ഞു. കത്തിയില്‍ തറച്ചു നിര്‍ത്തിയ നേരം തൊട്ട് പുലരുന്നത്‌ വരെ ഗന്ധര്‍വ്വന്‍റെ തേങ്ങല്‍ മുത്തച്ഛന്‍ കേട്ടിരുന്നുവത്രേ. മരപ്പാവയില്‍ ആണിയടിച്ച് ഗന്ധര്‍വ്വനെ ദൂരെയെവിടെയോ കുടിയിരുത്തി.

(കേട്ടറിഞ്ഞ കഥയാണ്‌. തെറ്റ്-കുറ്റങ്ങള്‍ പൊറുക്കുമല്ലോ)
സുരേഷ് (7.2.09)

അച്ഛന്‍റെ മുത്തച്ഛന്‍

(അച്ഛന്‍ പണ്ടു പറഞ്ഞു തന്ന ഒരു കഥയാണ്‌)

അച്ഛന്‍റെ മുത്തച്ഛന്‍ ഒരു നല്ല മന്ത്രവാദിയായിരുന്നു; ഒപ്പം ഒരു ചെറു വൈദ്യനും. അത്യാവശ്യത്തിനു ചില ഒറ്റമൂലികളും മരുന്നുകളും കുറിച്ചു കൊടുക്കാന്‍ അറിയുമായിരുന്നു.

വെള്ളിയാഴ്ച്ച ദിവസം ഒരു ബാധയോഴിപ്പിക്കാലോ, കരിങ്കുട്ടി പൂജയോ, ഭദ്രകാളി പൂജയോ കാണും. അങ്ങിനെ ഒരു ദിവസം കുറച്ചു ദൂരെ പെരുമ്പടപ്പില്‍ ഒരു പൂജ കഴിഞ്ഞു വീട്ടിലേയ്ക്ക്‌ മടങ്ങുവാനൊരുക്കമായി. പരികര്‍മ്മി നന്നായി "പ്രസാദം" (കള്ള്) കഴിച്ചതിനാല്‍ നടക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു. കൂടെ വരേണ്ട, അവിടെത്തന്നെ കിടന്നുറങ്ങി പിറ്റേന്ന് വന്നാല്‍ മതി എന്ന് പറഞ്ഞു മുത്തച്ഛന്‍ പുറപ്പെടാനൊരുങ്ങി. പൂജയ്ക്കായി അറുത്ത കോഴിയുടെ കറിയും ഭക്ഷണവും കഴിക്കാന്‍ നിന്നില്ല; എന്നാല്‍ പൊതിഞ്ഞു കെട്ടിത്തരാന്‍ ആ വീട്ടുകാരോട് പറഞ്ഞു. തന്‍റെ വരവും കാത്തു വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക്‌ വേണ്ടിയാണ്. ഒരു കയ്യില്‍ ചൂട്ടും, മറുകയ്യില്‍ ഒരു ചൂരലും, തോളത്തു പൊക്കണത്തില്‍ ഭക്ഷണം, മറ്റു പൂജാ സാമഗ്രികള്‍ എന്നിവയുമായി അദ്ദേഹം പുറപ്പെട്ടു.

ആ വീട്ടുകാര്‍ ഒന്നടങ്കം പറഞ്ഞു, "അവിടുന്ന് ഇന്നിനി ഈ പാതിരാത്രിയ്ക്കു പോണ്ടാ; പോരാത്തതിന് വെള്ളിയാഴ്ചയും".

"ഹേയ്യ്, എനിക്ക് പോണം കുട്ട്യോള് കാത്തിരിക്കും".

അകത്തു ചെന്ന കള്ളിന്‍റെ ലഹരിയില്‍, ചുണ്ടില്‍ നിന്നുതിര്‍ന്നു വീഴുന്ന ശ്ലോകങ്ങളുടെ അര്‍ത്ഥം ഗ്രഹിച്ച്, ഏകാന്തതയുടെ കൂട്ടും പിടിച്ചു അദ്ദേഹമങ്ങിനെ നടക്കുകയാണ്.

(1940 കളിലെ സംഭവമാണ് ഞാന്‍ വിവരിക്കുന്നത്. ആ കാലഘട്ടം നാം മനസ്സില്‍ ഓര്‍ക്കണം).

കുണ്ടനിടവഴികളും, ആള്‍പ്പാര്‍പ്പില്ലാത്ത നീണ്ട വയല്‍നിരകളും, പൊന്തക്കാടുകളും, പൊട്ടക്കുളങ്ങളും, ഒടുവില്‍ കുട്ടിച്ചാത്തന്റെ ഇടിഞ്ഞു പൊളിഞ്ഞ അമ്പലവും കടന്ന് വേണം ഈ അര്‍ദ്ധരാതിക്ക് ഒരു ചൂട്ടിന്‍റെ സഹായത്താല്‍ വീടെത്താന്‍. ഒരു ചൂട്ട് കത്തിക്കഴിയാറാവുമ്പോള്‍ മാറ്റിക്കത്തിക്കാന്‍ വേറെയൊന്നെടുത്തിട്ടുമില്ല.നടക്കാന്‍ തുടങ്ങിയിട്ട് ഏകദേശം ഒന്നൊന്നര മണിക്കൂറായി. ചൂട്ട് എപ്പോഴോ കെട്ടിരിക്കുന്നു. കറുത്ത വാവാണെങ്കിലും, നടന്നു പരിചയമുള്ള വഴികളും, നാട്ടു വെളിച്ചവും ബുദ്ധിമുട്ടില്ലാതെ നടക്കാന്‍ സഹായിച്ചു.

മൂങ്ങകളുടെ മൂളലും, കാലന്‍ കോഴികളുടെ "ഹൂ വാ.." വിളികളും, കുറുക്കന്മാരുടെയും, നായ്ക്കളുടെയും ഓരിയിടലും രാത്രിക്ക് ഗാംഭീര്യം കൂട്ടി. പാട വരമ്പുകളില്‍ ചീവീടുകളും, മണ്ണട്ടകളും സംഗീതം പൊഴിച്ചു. പാമ്പുകളുടെ വായില്‍പ്പെട്ട തവളകളുടെ ദയനീയ രോദനം ഒറ്റപ്പെട്ട തേങ്ങലുകളായി.

ഒരു മനുഷ്യന്‍ നടന്നു താണ്ടിയ ഈ വഴിക്കിടയില്‍ ഒരാളെ പോലും കണ്ടു മുട്ടിയിട്ടില്ല. അല്ലെങ്കില്‍ തന്നെ ഈ നേരത്ത് ആര് വഴി നടക്കാന്‍? വീട്ടില്‍ കാത്തിരിക്കുന്ന കുട്ടികള്‍ക്ക്‌ പ്രത്യേക വിഭവം അപ്പോള്‍ തന്നെ കൊടുക്കണം എന്നതാണോ ഈ വഴിയായ വഴിയൊക്കെ ഒറ്റയ്ക്ക് നടക്കാന്‍ പ്രേരിപ്പിച്ചത്?

കുട്ടിച്ചാത്തന്റെ അമ്പലം കഴിഞ്ഞാല്‍ പിന്നെ ഒരു നാഴിക കൂടിയേയുള്ളൂ വീടെത്താന്‍. ഇനി ഒരു നീണ്ട ഇടവഴിയാണ്. രണ്ടു വശവും മാട്ടം മാടി നിര്‍ത്തിയിട്ടുള്ള ഇടവഴിയിലൂടെ രണ്ടു പേര്‍ക്ക് കഷ്ടിച്ച് അങ്ങോട്ടുമിങ്ങോട്ടും കടന്ന് പോകാം. മാട്ടത്തിനു പത്തുമുപ്പത്‌ അടി ഉയരമുണ്ട്. വഴിയില്‍ ആരോ നില്‍ക്കുന്നതായി തോന്നി. അകത്തു ചെന്ന കള്ളിന്‍റെ ലഹരിയില്‍ തോന്നിയതാണോ? അല്ല! ആ രൂപം വളരുകയാണ്. വളര്‍ന്നു വലുതായി. മാട്ടത്തിന്റെ മുകള്‍ അറ്റത്ത്‌ തല...കാലുകള്‍ നിലത്തു തൊടുന്നുവോ ഇല്ലയോ എന്ന് സംശയം. വഴി മുടക്കി നില്‍ക്കുക തന്നെയാണ്. അറിയാവുന്ന ശ്ലോകങ്ങളും മന്ത്രങ്ങളും വിറയലായി പുറത്തു വന്നു. ഇതാദ്യമായാണ് ഒരാള്‍ വഴി മുടക്കുന്നത്. തന്നോടു കളിക്കുന്നത് ചില്ലറക്കാരനല്ലെന്നു മുത്തച്ഛന്‍ മനസ്സിലാക്കി. വഴി മാറാന്‍ ഭാവവുമില്ല. മനസ്സു മന്ത്രിച്ചു: മനസ്സിലായില്ലേ ആകാശ ഗന്ധര്‍വ്വനാണ്. സംഗതി കുഴപ്പമാണ്. തന്നെ തൊടാതെ, ഉപദ്രവിക്കാനായി അടുത്ത് വരാത്തത് കയ്യിലിരിക്കുന്ന 'ഇറച്ചി' കാരണമാണെന്നും മനസ്സിലായി. മുന്നോട്ട് പോവുക അസാദ്ധ്യം. തിരിച്ചു നടക്കാം, ജീവന്‍ രക്ഷിക്കണം. ഏതെങ്കിലും നിമിഷം ഇറച്ചിപ്പൊതി ഭാണ്ഡം കയ്യില്‍ നിന്നും വീണാല്‍ ഗന്ധര്‍വ്വന്‍ തന്‍റെ കഥ കഴിക്കും.

തിരിഞ്ഞു നടക്കാന്‍ തീരുമാനിച്ചു. അതാ, പിന്നില്‍ നിന്നും ഒരു മെതിയടി ശബ്ദം! അടുത്ത് വരികയാണ്. അസാദ്ധ്യ ഉയരം. ഒരൊത്ത മനുഷ്യന്‍. വെള്ള മുണ്ടും, വെള്ള തലേക്കെട്ടും, കയ്യില്‍ ഒരു ചൂരലും പിടിച്ചു വേഗത്തിലാണ് നടത്തം. തനിക്ക് മുന്നോട്ടും പിന്നോട്ടും നടക്കാന്‍ വയ്യാത്ത അവസ്ഥ. പിന്നില്‍ നിന്നു വരുന്നയാളും സാധാരണക്കാരനല്ല. തന്‍റെ വഴി മുന്നോട്ടു തന്നെ.

"നടന്നോളിന്‍, ഞമ്മക്ക്‌ തെരക്കുണ്ട്. പിന്നില് ഞമ്മളുണ്ട്". ആ രൂപം പറഞ്ഞു.

മുന്നില്‍ നില്‍ക്കുന്ന ആകാശഗന്ധര്‍വ്വനെപ്പറ്റി പറഞ്ഞു കൊടുക്കാനുള്ള നേരമില്ല. ചൂരല്‍ വീശലിന്റെയും, മെതിയടിയൊച്ചയുടെയും അകമ്പടിയോടെ മുത്തച്ഛന്‍ നടന്നു - അല്ല - ഓടി. സമീപത്തെത്തിയപ്പോഴേക്കും ഇരു മാട്ടങ്ങളിലുമായി കാലൂന്നി നില്‍ക്കുകയാണ്‌ ഗന്ധര്‍വ്വന്‍. ആ കാലുകള്‍ക്കിടയിലൂടെ തന്നെ ഓടി....പിന്നില്‍ ചൂരല്‍ വീശലും, മെതിയടി ശബ്ദവും....വീട്ടു പടിക്കല്‍ നിന്നിട്ടാണ്‌ ശ്വാസം നേരെ വീണത്‌. പിന്നില്‍ ചൂരല്‍ വീശലില്ല, മെതിയടി ശബ്ദമില്ല! തിരിഞ്ഞു നോക്കി. ആരുമില്ല. എല്ലാം ഒരു മായയോ?

ഏതൊരു ശക്തിയുടെ മുന്നിലും നാം മടിച്ചു നിന്നാല്‍ അവര്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്നു. ധൈര്യസമേതം മുന്നേറിയാല്‍ നാം അവരെ നിഷ്പ്രഭരാക്കുന്നു. മുത്തച്ഛന്റെ ഉപബോധമനസ്സ് സൃഷ്‌ടിച്ച ഒരു രൂപമായിരുന്നു ആ വെള്ള രൂപവും, ചൂരല്‍ വീശലും, മെതിയടി ശബ്ദവും. അത് ഗന്ധര്‍വ്വനെ മറി കടന്ന് മുന്നോട്ടു പോകാന്‍ സഹായിച്ചു. അല്ല, മുത്തച്ഛന്റെ ഏതോ മണ്‍മറഞ്ഞ ഒരു സുഹൃത്ത് തന്‍റെ രക്ഷയ്ക്കെത്തിയെന്നും പറയപ്പെടുന്നു.

സുരേഷ് (6.2.09)

Sunday, February 1, 2009

എങ്ങോ കളഞ്ഞു പോയ കൌമാരത്തിന്റെ മടിത്തട്ടില്‍

എങ്ങോ കളഞ്ഞു പോയ കൌമാരത്തിന്റെ മടിത്തട്ടില്‍ വീണ്ടും ഒരിക്കല്‍ കൂടി.

കണ്ണുകള്‍ പരതുകയാണ്‌: എവിടെ ആ നെല്ലിമരം? ആ വെളുത്ത മൂവാണ്ടന്‍ മാവ്? ആ അരിനെല്ലി? അണ്ടി ഉടമസ്ഥന് കൊടുത്ത് മാങ്ങ പെറുക്കി തിന്നിരുന്ന ആ കശുമാവിന്‍ ചോടെവിടെ? തിരുവാതിരയ്ക്ക് അയല്‍വീട്ടിലെ പാവാടക്കാരികള്‍ ആടാന്‍ വന്നിരുന്ന ഊഞ്ഞാല് കെട്ടിയിരുന്ന ആ ഒളോര്‍ മാവെവിടെ? ഞങ്ങള്‍ കുത്തി മറിച്ച് കലക്കിയിരുന്ന അമ്പലക്കുളമെവിടെ? അയ്യപ്പന്‍ വിളക്കിന്‍ ദിവസം എഴുന്നെള്ളിക്കാന്‍ പാലക്കൊമ്പ് തന്നിരുന്ന ആ പാല മരമെവിടെ? പുതുമഴയത്ത് ഏറ്റുമീന്‍ പിടിക്കാന്‍ തുരുത്തി വെച്ചിരുന്ന ആ കുഞ്ഞു തോടെവിടെ?

ഗ്രാമത്തിന്‍റെ ഭാഗമായിരുന്ന ഭ്രാന്തന്‍ കണാരനെവിടെ? കാലില്‍ മന്തുള്ള ആ ആര്യവൈദ്യന്‍ എവിടെ? ആഴ്ചയില്‍ മുറ തെറ്റാതെ അലക്കാന്‍ മേടിക്കാന്‍ വന്നിരുന്ന മണ്ണാത്തി ലക്ഷ്മി എവിടെ ? പുള്ളുവനും, പാണനും, വിഷു ഫലക്കാരനും എവിടെ? വിഷുപ്പക്ഷി എവിടെ? ഓണക്കിളികള്‍ എവിടെ? പൂ പറിക്കാന്‍ പൂവട്ടിയുമായി 'പൂവേ വിളി' പാടി നടന്നിരുന്ന കുട്ടികളെവിടെ? മുറവും കൊമ്പ് മുറവുമായി, വട്ടിയും കുട്ടയുമായി വന്നിരുന്ന കുടുമ കെട്ടിയ ആ വയസ്സന്‍ പറയന്‍ കുഞ്ചു എവിടെ?

ഉണക്ക മീനുമായി മുക്കാടിയില്‍ നിന്നും വന്നിരുന്ന ബീവാത്തുമ്മ എവിടെ? "പച്ചക്കറി പച്ചമുളക് വേപ്പില നാരങ്ങ ..." വിളിച്ചു പറഞ്ഞു വന്നിരുന്ന അവുതളക്കുട്ടി മാപ്പിള എവിടെ?

പാലപ്പെട്ടിയിലും, വട്ടെക്കാട്ടും, കണ്ണേലും അമ്പലങ്ങളില്‍ താലമെടുക്കാന്‍ വന്നിരുന്ന പെണ്‍കിടാങ്ങള്‍ എവിടെ?

പാടം പൂട്ടാന്‍ വന്നിരുന്ന പൂട്ടുകാരന്‍ അറുമുഖന്‍? പോത്തുകള്‍? ഞാറു നടുമ്പോള്‍ പാടിയിരുന്ന "ലപ്പോ പറഞ്ഞല്ലോ കുഞ്ഞു ഉണ്ണൂലി..." എന്ന വടക്കന്‍ പാട്ടുകള്‍? ആരാണ് തമ്മില്‍ കേമികള്‍ എന്ന് മത്സരിച്ചു പാടിയിരുന്ന കാളി, കൊമ്മ, അയ്യ - എവിടെ എല്ലാവരും?

ഒന്നും കണ്ടില്ല!

വെള്ളിലക്കാടുകളും പുല്ലാനിപ്പടര്‍പ്പും കാട്ടുകൈതക്കൂട്ടങ്ങളും കണ്ടില്ല. കാക്കപ്പൂവും, തുമ്പപ്പൂവും മഷിയിട്ടു നോക്കിയാല്‍ പോലും കാണാനില്ല.

ഇടവഴികളും, ഇടവഴികളിലൂടെ ഒഴുകിയെത്തിയിരുന്ന കൊച്ചു നീര്‍ച്ചാലുകളും, അവയ്ക്കരികത്തായി ഭൂമിക്കടിയില്‍നിന്നും തിളച്ചുവരുന്ന കുഞ്ഞു നീരുറവകളും കണ്ടില്ല.

മാവിന്‍ ചുവട്ടിലും, കശുമാവിന്‍ ചുവട്ടിലുമൊന്നും കുട്ടികളില്ല. ഒരു കൊച്ചു കാറ്റടിച്ചാല്‍ വീഴുന്ന മാമ്പഴം പെറുക്കാന്‍ ആരെയും കണ്ടില്ല.

പൂക്കളങ്ങളില്‍ പ്ലാസ്റ്റിക് പൂവും, ചായക്കൂട്ടുകളും നിറഞ്ഞിരിക്കുന്നു. ചെമ്മണ്ണ് കുഴച്ച് ഭംഗിയില്‍ ഉണ്ടാക്കി അരിമാവും തുളസിപ്പൂവും ചൂടി നില്ക്കുന്ന മണ്ണിന്റെ മാവേലിയെ കണ്ടില്ല; പകരം മരം കൊണ്ടുണ്ടാക്കിയ മാവേലിയെ കണ്ടു.

ഊര് തെണ്ടലും ആണ്ടിയൂട്ടും കണ്ടില്ല.

പക്ഷെ കണ്ടു: മൊബൈല്‍ ഫോണില്‍ എസ്സെമ്മെസ്സും എമ്മെമ്മേസ്സും അയച്ചു കളിക്കുന്ന കുട്ടികളെ. ടിവിയില്‍ കണ്ണും നട്ടു കൂനിക്കൂടി ക്രിക്കറ്റ് മാച്ച് കാണുന്ന കുട്ടികളെ...ഒരു പുതു തലമുറ വളരുകയാണ്.

പണ്ടാരോ നട്ട ഒരു കുഞ്ഞു തൈ വളര്‍ന്ന് വലുതായി ഇന്നു നാമതിന്റെ തണലില്‍ ഇരിക്കുന്നു. നന്മയുടെ വിത്തുകള്‍ വിതയ്ക്കൂ വരും തലമുറയ്ക്കായി! അവര്‍ക്കായി നടൂ ഒരു കുഞ്ഞു തൈ! അവര്‍ക്കും തണലില്‍ ഇരിക്കേണ്ടേ?

സുരേഷ് (3.2.09)

ഒരു 'ചെറുതി'ന്‍റെ കഥ

"അമ്മേ, ഏട്ടനും ഏടത്യമ്മിം മോനും ഓണത്തിനു വരുണൂ ന്ന്", അമ്മാവന്‍റെ കത്ത് വായിച്ച്‌ അമ്മ ഉറക്കെ അമ്മമ്മയോടു പറയുകയാണ്‌.

മോളില്‍ (മുകളില്‍) നീറ്റടയ്ക്ക എടുക്കുകയായിരുന്ന അമ്മമ്മ പെട്ടെന്ന് താഴെയെത്തി.

"അപ്പൊ, അത്തം, ചിത്ര, ചോതി, .....ഇന്ന് തൃക്കേട്ട. ശനിയാഴ്ച രാവിലത്തെ ബസ്സിനുണ്ടാവും.
നീയാ നെന്ത്രക്കൊല്യൊക്കെ ഒന്നുകൂടി നോക്ക് പഴുക്കില്യെന്നു."

"നാശം, ഈ ഓണത്തിന്റെ എടെലൊരു പരീക്ഷ", അപ്പു പിറു പിറുത്തു.

അവന്‍ പരീക്ഷയ്ക്ക് പഠിയ്ക്കയാണ്.അമ്മാവനും അമ്മായിയും മണിക്കുട്ടനും ഓണത്തിനു വരുന്നു! (കഴിഞ്ഞ ഓണത്തിന് കണ്ടതാണ്). അവന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവര്‍ വരുമ്പോള്‍ കൊണ്ടുവരുന്ന തീറ്റ സാധനങ്ങള്‍ ഓര്‍ത്താല്‍ വായില്‍ കപ്പലോടിയ്ക്കാം; അതിലുമുപരിയായി, മണിക്കുട്ടനോടൊപ്പം കളിക്കാം. വെളുത്തു തുടുത്ത അവന്‍റെ മേനിയില്‍ ആ പുലിനഖ മാല കൂടിയാവുമ്പോള്‍ ഒരു അസ്സല്‍ സുന്ദരക്കുട്ടപ്പനായി. പട്ടണത്തില്‍ വളരുന്നവരേ തടിച്ചു കൊഴുത്തു വെളുത്തിരിയ്ക്കൂ? അറിയില്ല. എന്തായാലും അപ്പുവിനെ നോക്കി അമ്മമ്മ എല്ലാവരോടും, "ഓന്‍ പരോശാണ്, ഓന്റെ ശരീര പ്രകൃതി അങ്ങന്യാന്നാ തോന്നണത്", എന്ന് പറയുന്നതു പലപ്പോഴും അവന്‍ കേട്ടിരിയ്ക്കുന്നു.

(പലപ്പോഴും വിരുന്നുകാരുടെ വരവോ, ബന്ധുക്കളുടെ വരവോ അവന് സന്തോഷം പ്രദാനം ചെയ്തിരുന്നു എങ്കിലും, അവസാനം എല്ലാ വിഷയവും അവന്‍റെ വലിപ്പമില്ലായ്മയിലാണ് ചെന്നെത്തുക... ഉള്ളിന്റെയുള്ളില്‍ ഒരു ഭീതിയാണ്. ആര്‍ക്കും, എപ്പോഴും എടുത്തിടാവുന്ന ഒരു വിഷയം. അമ്മമ്മ പറയാറുള്ള പോലെ, "ചാഞ്ഞ മരത്തില്‍ ഓടിക്കേറാന്‍ എളുപ്പമാണല്ലോ".)

അപ്പുവിനെക്കാള്‍ നാല് വയസ്സിനു താഴെയാണ് മണിക്കുട്ടന്‍. പക്ഷെ, അവന്‍റെ വികൃതിക്ക് മുന്നിലും, അടിയുടെ മുന്നിലും ശരീര പ്രകൃതിയ്ക്ക് മുന്നിലും അപ്പു എന്നും തോറ്റിട്ടെയുള്ളൂ! എന്നാലും, അപ്പുവിന് അവനോട് ഒട്ടും ദേഷ്യമോ പകയോ ഇല്ലായിരുന്നു.

അവന്‍റെ വരവിനായി അപ്പു തയ്യാറെടുക്കും. തെങ്ങ് കേറാന്‍ വരുന്ന വേലായിടെയും ചക്കന്റെയും മക്കളോട് ആദ്യമേ തന്നെ പറഞ്ഞു വെയ്ക്കും:

"എടാ, മണിക്കുട്ടന്‍ വരുന്നുണ്ട് ഓണത്തിന്ന്. തെങ്ങ് കയറ്റത്തിനു വെട്ട്യേ ഓലെന്നു നല്ല മടല് വെട്ടി പറമ്പില്‍ 'വീട്' ഉണ്ടാക്കി കളിക്കണം. പിന്നെ, നല്ല മുട്ടിക്കുടിക്കുന്ന മാങ്ങന്ടെങ്ങില്‍ പറക്കി കൊണ്ടരണം. കപ്പലണ്ടീം ശര്‍ക്കരേം കൊണ്ട് മുട്ടായിണ്ടാക്കണം. മണ്ണില്‍ 'തത്തക്കൂട്' ഉണ്ടാക്കണം....." ഇങ്ങനെ പോകും അപ്പുവിന്‍റെ നിര്‍ദ്ദേശങ്ങള്‍.

ഓണത്തിന് മണിക്കുട്ടന്‍ ഉണ്ടാവുന്ന നാലഞ്ച് ദിവസങ്ങള്‍ ആഘോഷിക്കണം. പിന്നെ തന്‍റെയും കൂട്ടുകാരുടെയും നീന്തല്‍ അഭ്യാസങ്ങള്‍... മണിക്കുട്ടനെ കുളത്തില്‍ കൊണ്ട് പോകേണം. അവനെ കരയ്ക്കിരുത്താനെ പറ്റൂ.

മണിക്കുട്ടന്റെ പിന്നാലെ തന്‍റെ കളിക്കൂട്ടുകാര്‍ മുഴുവനും കൂടും; രാജനും, നാരായണനും, ഗോപിയും, മറ്റും. "എടൊ ദ് സ്വര്‍ണ്ണ മാല്യാടോ?", "ശരിക്കുള്ള പുലി നഖാ, പ്ലാസ്റ്റിക്കാ?", അവര്‍ ചോദ്യം തുടങ്ങും.

അപ്പു ഗമയില്‍ പറയും, "പ്ലാസ്റ്റിക് നെന്‍റെ കഴുത്തിലിട്ടോ, മണിക്കുട്ടന്റെ കഴുത്തിലെ ശരിക്കുള്ള പുലിനഖം തന്ന്യാ".

പാടത്തും, പറമ്പിലും അലഞ്ഞു നടന്ന് തന്‍റെയും കൂട്ടുകാരുടെയും കൂടെ പൂ പറിയ്ക്കാന്‍ വരാന്‍ അവന് വലിയ ആഗ്രഹമാണ്. എന്നാല്‍, അവന്‍റെ കാലില്‍ മുള്ള് കുത്താതെ, ഉറുമ്പ് കടിയേല്‍ക്കാതെ, പാടത്ത് വരമ്പില്‍ വീഴാതെ, ചളിയില്‍ ചവിട്ടാതെ, നോക്കി നടത്തേണ്ടത്‌ അപ്പുവിന്‍റെ ഉത്തരവാദിത്തമാണ്.

അങ്ങനെ അവനെയും കൊണ്ട് പുറത്തിറങ്ങുമ്പോള്‍ അമ്മായിയ്ക്ക്‌ ഭയങ്കര ആവലാതിയാണ്‌, "മോനേ നല്ലോണം നോക്കണം, ശ്രദ്ധിക്കണം, ചളിയില്‍ വീഴാതെ നോക്കണം....."

അമ്മാവന് അതൊന്നും ഒരു വിഷയമല്ല, "നീ പോയി വാടാ", മണിക്കുട്ടനോട് പറയും.

പിന്നെ അപ്പുവിനോടായി പറയും, "നീ അവള്‍ പറയുന്നതൊന്നും നോക്കണ്ട! കുട്ട്യോളായാല്‍ ചെലപ്പോ വീണൂന്നും, മുറി പറ്റീ ന്നൊക്കെ വരും. നന്നായി മുറി പറ്റീ ച്ചാ ഡോക്ടര്‍ടെ അടുത്ത് കൊണ്ടോവണം, അത്ര ന്നെ".

കളിയൊക്കെ കഴിഞ്ഞു വന്ന് വൈകുന്നേരങ്ങളില്‍ കിണറ്റിന്‍ കരയില്‍ മേല്‍ കഴുകുമ്പോള്‍ ചില ദിവസങ്ങളില്‍ സംസാര വിഷയം തന്നെക്കുറിച്ചായിരിക്കും.

"ഹൈസ്കൂള്‍ ക്ലാസ്സിലായി, ഓനിപ്പോഴും കളിച്ചു നടക്കണം ന്നേള്ളൂ. എന്നും ചെക്കമ്മാരോടൊപ്പം തെണ്ടിത്തിരിഞ്ഞു നടക്കാനേ എടള്ളൂ", അമ്മയാണ്.

ഇനിയാണ് അവനിഷ്ടമില്ലാത്ത വിഷയം വരിക.

അമ്മായി പറയും, "ഇവനെക്കണ്ടാല്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുകയാണെന്നെ തോന്നൂ. ഹൈസ്കൂള്‍ ക്ലാസ്സിലാണെന്നു പറയാന്‍ പ്രയാസം".

അമ്മ തുടങ്ങുകയായി. "ഒരു ഗ്ലാസ് പാല് കുടിക്കില്ല; കൂട്ടാന്‍ കൂട്ടുമ്പോ വെള്ളരിക്ക, മാങ്ങ, മത്തങ്ങ, കുമ്പളങ്ങ...ഇതിന്റ്യൊക്കെ കഷ്ണം മാറ്റി വെയ്ക്കും; തൊട്ടു നോക്കില്യ. എന്നുപ്പോ ഉരുളക്കിഴങ്ങും ഉള്ളീം കൊണ്ട് സാമ്പാറു ണ്ടാക്കാന്‍ കഴ്യോ? ഒരു പഴുത്ത മാങ്ങ തിന്നില്യ; ചക്കടെ വാസന കേട്ടൂട!".

അപ്പു രാത്രിയില്‍ അരണ്ട വെളിച്ചത്തില്‍ നിലക്കണ്ണാടിക്കു മുന്നില്‍ നിന്നു നോക്കും. കഴുത്തിലെ എല്ലുകള്‍ പൊങ്ങി നില്‍ക്കുന്നു; വാരിയെല്ലുകള്‍ എഴുന്നു നില്ക്കുന്നത് കാണാം; കാല് വിറകിന്‍ കൊള്ളി പോലെ. മണിക്കുട്ടന്റെ തോളും കഴുത്തും ഉരുണ്ട് മാംസം നിറഞ്ഞതാണ്‌. കണന്കാലുകള്‍ക്ക് നല്ല ഭംഗി. ട്രൌസര്‍ അവന്‍റെ കാലില്‍ ഇറുകി കിടക്കും. തന്‍റെ ട്രൌസറിന്റെ കാലുകള്‍ക്കിടയില്‍ കൂടി രണ്ടാളെക്കൂടി കേറ്റാം! താനെന്താണിങ്ങനെ? ഗ്രാമത്തിലെ കുട്ടികള്‍ കറുത്ത് കരിങ്കോള്ളി പോലെയായിരിക്കുമോ?

ചില അവധിക്കാലത്ത് അവനെ മണിക്കുട്ടന്‍ പട്ടണത്തിലേക്ക് ക്ഷണിക്കും. അപ്പുവിന് ആവേശം കയറും. വലിയ തിരക്കേറിയ വീഥികള്‍ കാണാം, കാഴ്ച ബംഗ്ലാവില്‍ പോകാം, വലിയ തിയറ്ററില്‍ സിനിമ കാണാം, തീവണ്ടി കാണാം....

എന്നാലും ഉള്ളിന്റെയുള്ളില്‍ ഒരു ജാള്യതയാണ്. അവിടെ എല്ലാ കുട്ടികളും തടിച്ചു കൊഴുത്തു വെളുത്തിരിക്കുന്നു. ഇതെന്താണിങ്ങനെ? ഇവര്‍ സ്ഥിരമായി, പാലും, പഴവും, ബിസ്കറ്റും, മറ്റും കഴിച്ചതിനാലാണോ ഇങ്ങനെ?
ഗ്രാമത്തിലെ കുട്ടികളെ ദൈവം ശിക്ഷിച്ചിരിക്കയാണോ?

മണിക്കുട്ടന്റെ അയല്‍ക്കാരായ കുട്ടികളോടൊപ്പം കളിക്കുന്ന നേരത്തായിരിക്കും അവരുടെ അമ്മമാര്‍ അവനോട് ചോദിക്കുക,

"ഇതാരാണ്?"

അവന്‍ പ്രസന്നതയോടെ പറയും, "ഏട്ടന്‍, നാട്ടില്‍ നിന്നു വെക്കേഷന് വന്നതാ".

"കുട്ടി ഏത് ക്ലാസ്സിലാ പഠിക്കുന്നത്; അഞ്ചിലോ, ആറിലോ?" .

അപ്പുവിന്‍റെ മുഖത്ത് വിഷാദഛായ പരക്കും. ദൈവമേ, ഇതിനൊരു മോചനമില്ലേ?

വൈകുന്നേരം തൊട്ടടുത്ത വീടുകളിലെ കുട്ടികളും മുതിര്‍ന്നവരും കൂടി സിനിമക്കു പോകുമ്പോഴായിരിക്കും ബാക്കി വിസ്താരണ. അമ്മായിയോടവര്‍ പറയും, "ഈ കുട്ടിയെ കണ്ടാല്‍ എന്താ ഇങ്ങനെ ചെറുതായിട്ടിരിക്കുന്നത്? ഹൈസ്കൂള്‍ ക്ലാസ്സിലാണെന്നു തോന്നില്ല."

അപ്പുവിന്‍റെ കണ്ണുകള്‍ നിറയും; മനം വേദന കൊണ്ട് വിങ്ങും. സിനിമ കണ്ടു എന്ന് വരുത്തും. വേഗം നാട്ടിലെത്തിയാല്‍ മതിയായിരുന്നു. തന്‍റെ കൂട്ടുകാരുടെയിടയില്‍ താന്‍ രാജാവാണ്‌. തന്‍റെ കൊച്ചു ഗ്രാമം എത്ര നല്ലതാണ്.

(ഗ്രാമത്തിന്റെ നിഷ്കളങ്കതയും, സൌകുമാര്യതയും തിരിച്ചറിയാന്‍ അവന്‍ വീണ്ടും വലുതാവേണ്ടാതായി വന്നു. പട്ടണത്തിന്റെ മോടിയും ഭംഗിയും താത്കാലികമാണെന്നും അത് മനസ്സിന് ഗ്രാമജീവിതത്തിന്റെ നൈര്‍മ്മല്യം തരുന്നില്ലെന്നും മനസ്സിലാക്കാന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടതായി വന്നു.)

പക്ഷെ കൌമാരജീവിതം ഗ്രാമത്തിലും അവന് ഏറെ മാനസിക പ്രശ്നങ്ങള്‍ നല്‍കിയോ?

വാരികകളില്‍ 'ജീവന്‍ ടോണി'ന്റെ പരസ്യം കാണുമ്പോള്‍ അവന്‍ ആശയോടെ നോക്കാന്‍ തുടങ്ങി. എന്തിനാണെല്ലാവരും തന്‍റെ ശരീരത്തെ കരുവാക്കുന്നത്? തന്‍റെ ഒരു ഗുണവും അവര്‍ കാണുന്നില്ലേ? സാമാന്യം നന്നായി കവിത ചൊല്ലും; പാട്ടു പാടും. ചെറുതായി എഴുത്ത് കുത്തുകള്‍ ഉണ്ട്. നന്നായി പഠിക്കുന്നുണ്ട്. ക്ലാസ്സില്‍ ഫസ്റ്റ് ആണെന്നതും ചിലപ്പോള്‍ തന്‍റെ ആകൃതിയെ പറ്റി പറയാന്‍ ഒരവസരം ഒരുക്കുകയായിരിക്കും.

ഉത്തരം കിട്ടാത്ത വലിയ കുട്ടികളെ ബഞ്ചില്‍ കയറ്റി നിര്‍ത്തിയിട്ട്‌ ടീച്ചര്‍മാര്‍ പറയും, "നോക്കട, ആ ചെറിയ കുട്ടിയെ കണ്ടു പഠിയ്ക്ക്".

അപ്പുവിന് അതൊരിക്കലും അഭിനന്ദനമായി തോന്നിയിട്ടില്ല; മറിച്ച് തികച്ചും അരോചകമായ ഒരു അഭിപ്രായ പ്രകടനം മാത്രം.

പീടികയില്‍ സാമാനം മേടിക്കാന്‍ ചെന്നാലും അവനൊരു മോചനമില്ല.

"എന്താ മോനേ വേണ്ടത്?".

കടക്കാരന്‍ അവനോട് ചോദിക്കും. അവന്‍ ദേഷ്യം കടിച്ചമര്‍ത്തും. മനസ്സില്‍ ശപിക്കും, "മോന്‍...!!"

ഗുരുവായൂരില്‍ തൊഴാനായി നാലഞ്ച് മാസം കൂടുമ്പോള്‍ അവനും പോകും. അമ്മമ്മ തിങ്കള്‍ ഭജനം തുടങ്ങിയിട്ട് കാലമേറെയായി. ബസ്സില്‍ 'പുരുഷന്മാര്'ടെ സീറ്റില്‍ അവന്‍ ഗമയില്‍ ഇരിക്കുമ്പോഴായിരിക്കും, "മോനേ, ഒന്നു നീങ്ങിയിരിക്കൂ. ഒരാള്‍ക്ക്‌ കൂടി സുഖമായിട്ടിരിക്കാമല്ലോ". രണ്ടാളുടെ സീറ്റില്‍ ഒരാള്‍ കൂടി തിക്കിത്തെരക്കി ഇരിക്കും.
കണ്ടക്ടര്‍ വന്നു 'ഹാഫ്' ടിക്കറ്റ് എന്ന് പറയുമ്പോള്‍ അവന്‍റെ മുഖം വല്ലാതെയാകും. ദൈവമേ, ഈ ശാപം എന്നാണ് വിട്ടൊഴിയുക?

"ദൈവമേ", ഗുരുവായൂരില്‍ മനസ്സുരുകി പ്രാര്‍ത്ഥിക്കും.
"എനിയ്ക്ക് നല്ല തടീം വണ്ണോം തരണേ; കളിയാക്കുന്നവരുടെ ശരീരം വിറകിന്‍ കൊള്ളി പോലെയാക്കണേ".

ആരും കാണാതെ അവന്‍ ഭണ്ടാരത്തില്‍ ഉദ്ദിഷ്ടകാര്യ സാധ്യത്തിനായി പൈസയിടും.

ആ കുഞ്ഞു മനസ്സിനെ പാകപ്പെടുത്തിയെടുക്കാന്‍ ആരും സഹായിച്ചില്ല. കളിയാക്കപ്പെട്ട ആ മനസ്സു ദുഃഖം മാത്രം പേറി നടന്നു. വെല്ലുവിളികളെ സ്വീകരിക്കാന്‍ പഠിക്കണമെന്ന് ആരും അവനുപദേശിച്ചു കൊടുത്തില്ല.

കുമ്പളങ്ങ, മത്തങ്ങ, വെള്ളരിക്ക, മാങ്ങ, ചക്ക....എല്ലാം അവന്‍ കഴിക്കാന്‍ തുടങ്ങി. എല്ലാ ദിവസവും ഒരു ഗ്ലാസ് പാലും. എന്നിട്ടും, അവന് പ്രകൃതിയും കാലവും കല്‍പ്പിച്ചു നല്കിയ ഉയരവും, വണ്ണവും, മാത്രമെ കൈ വന്നുള്ളൂ.

അവന്‍ ചിരിക്കാതെയായി. ആലോചന..ആലോചന..പ്രാര്‍ത്ഥന...വെളിപാടുണ്ടായോ?

വെളുത്തവരുടെ കറുത്ത മനസ്സവന്‍ തിരിച്ചറിഞ്ഞു. ഭംഗിയും സൌന്ദര്യവും വേണ്ടത് മനസ്സിനാണെന്നും, പ്രായമേറെ ചെല്ലുമ്പോള്‍ ജരാ-നരകള്‍ ബാധിക്കുന്നത് ശരീരത്തിനെയാണെന്നും, നല്ല മനസ്സ് എന്നും ജരാ-നരകള്‍ക്കതീതമാണെന്നും അവന്‍ മനസ്സിലാക്കി.

ഹൃദയത്തിന് സ്നേഹത്തിന്റെ ഭാഷ മനസ്സിലാക്കാനുള്ള വിശാലത മതിയെന്നും, അവിടെയാണ് സൌന്ദര്യം കുടി കൊള്ളുന്നതെന്നും അവന്‍ അറിഞ്ഞു.

വെല്ലുവിളിയുയര്‍ത്തിയവരെ അവന്‍ മനസ്സാ നമിച്ചു;തിരിച്ചറിവിലെയ്ക്കുള്ള വാതായനങ്ങള്‍ അവരാണ് തുറന്നു തന്നത്.

'ചെറുതാ'യി തന്നെ അവന്‍ വലുതായി...

സുരേഷ് (1.2.09)