Thursday, January 14, 2010

പാറുട്ട്യേമ

പാറുട്ട്യേമ

(കഥകള്‍ പറഞ്ഞു തന്ന്‌, പറഞ്ഞു തന്ന്‌, എന്നെ കഥ പറയാന്‍ പഠിപ്പിച്ച
അച്ഛനു മുന്നില്‍ സമര്‍പ്പിക്കുന്നു)

(കഥ നടക്കുന്ന കാലം ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ച്)


"ഷഡാനനം ചന്ദന ലേപിതാന്ഗം
മഹോരസം ദിവ്യ മയൂര വാഹനം
രുദ്രസ്സ്യ സൂനും സുരലോകനാഥം
ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ ...."

"ഈയ്യമ്മക്ക് പാതിരാത്രിക്കും ഒറക്കല്യെ?" പരീക്ഷക്ക്‌ ഉറക്കമിളച്ചിരുന്നു
പഠിക്കുന്ന ഞാന്‍ കേട്ടു.

അമ്മമ്മയാണ്. വടക്കേ മുറിയില്‍ ഇന്നു അമ്മമ്മയ്ക്ക് ഒരതിഥിയുണ്ട്:
കൊല്ലത്തിലൊരിക്കല്‍ അതിഥിയായെത്തുന്ന പാറുട്ട്യേമ!
അവര്‍ സുബ്രഹ്മണ്യ പഞ്ചരത്നം ചൊല്ലുകയാണ്.

"ഗോകര്‍ണത്ത്‌ന്നു വരണ വരവാ", അല്ലെങ്കില്‍, "പഴനീന്ന് വരണ വരവാ",
ഇങ്ങനെ ഒരു ആമുഖത്തോടെ കൊല്ലത്തിലൊരിക്കല്‍ വീട്ടിലെത്തുന്ന അതിഥിയാണ്
പാറുട്ട്യേമ.

"നടന്നു നടന്നു കാലിന്ടടിയൊക്കെ തേഞ്ഞു ന്‍റെ ഉണ്ണിമയ്മ്മേ, സുബ്രഹ്മണ്യ സ്വാമീ
ശരണം..."പഴനിയിലെ ഭസ്മവും മറ്റു പ്രസാദങ്ങളും അമ്മമ്മക്ക് കൊടുക്കും.

"മുരുകാ, പഴനിയാണ്ടവാ..." എന്നിങ്ങനെ അമ്മമ്മ വിളിക്കുമ്പോള്‍
മുത്തച്ഛന്‍ കളിയാക്കി ചോദിക്കും.

"ഈ നാട്ടിലുള്ള ദൈവൊക്കെ കഴിഞ്ഞു ഇപ്പൊ പാണ്ടി നാട്ടില്ക്കെത്ത്യോ?"

അമ്മമ്മ ഒന്നു രൂക്ഷമായി നോക്കും. "പഴനിയാണ്ടവന്റെ പ്രസാദാണ് കയ്യില്,
ഞാനൊന്നും പറയിണില്യപ്പൊ മറുപടിയായിട്ട്‌".

അഞ്ചടി പൊക്കം കാണില്ല പാറുട്ട്യേമയ്ക്ക് .. തല മുണ്ഡനം ചെയ്തു
ചന്ദനം പൂശിയിരിക്കും.
കഴുത്തില്‍ രുദ്രാക്ഷ മാലകള്‍, ഭസ്മം, ചന്ദനം, കുംകുമക്കുറി, ഇങ്ങനെ
ശരീരം കാണാത്ത വിധം
കുറികള്‍. കാവി വസ്ത്രം. കയ്യില്‍ ഒരു ചെറിയ ഭാണ്ഡം. ഒരു വടി.
കഴിഞ്ഞു , വേറെയൊന്നുമില്ല അവര്‍ക്ക്‌ ഈ ഭൂലോകത്തില്‍. അവര്‍
പറയും,
"എനിക്കെന്താ, പാദഹരം പാപഹരം."

രണ്ടു മൂന്നു ദിവസം - ഏറിയാല്‍ ഒരാഴ്ച - അവര്‍ വീട്ടില്‍ താമസിക്കും.
"അടുത്ത കൊല്ലം ഈ കാലത്തു കണ്ടില്ലെങ്കില്‍ എവിട്യെങ്കിലും വീണു
കഥ കഴിഞ്ഞൂന്ന് കരുത്യാ മതീട്ടോ!"
പടിയിറങ്ങുമ്പോള്‍ അവര്‍ പറയുന്നതു കേള്‍ക്കാം.

സ്കൂളില്‍ നിന്നു വരുമ്പോള്‍ മുറ്റത്ത് അയയില്‍ കാവി വസ്ത്രം
കണ്ടാല്‍ ഉറപ്പായി
പാറുട്ട്യേമ എത്തിയിട്ടുണ്ടെന്ന്. ശനിയും ഞായറും
ദിവസങ്ങളില്‍ ആയമ്മ ഉണ്ടാവണേ എന്ന് ഞങ്ങള്‍ - കുട്ടികള്‍ - പ്രാര്‍ത്ഥിക്കും.
കാരണം, നല്ല കഥകള്‍, യാത്രാ വിവരണങ്ങള്‍,
നമ്മള്‍ കാണാത്ത കേള്‍ക്കാത്ത വിശേഷങ്ങള്‍ - എല്ലാം അറിയാം.

"എന്നിട്ട്...എന്തുണ്ടായി?", ഉമ്മറപ്പടിയുടെ അടുത്ത് ചിമ്മിനിവിളക്കിന്റെ
ഇത്തിരി വെട്ടത്തില്‍ ഇരുന്ന് ഞാനും അനിയത്തിയും ചോദിക്കും.

"എന്നിട്ടെന്‍റെ കുട്ട്യോളെ... തിരുനാവായക്കടവില് മുങ്ങിയപ്പോ ഒരോളത്തിന്‌
അങ്ങട് പടീലെ പിടി വിട്ടു. ഞാനങ്ങട് ഒഴുകി...
നീന്താനൊട്ടറിയൂല്യ ...അല്ല അറിഞ്ഞിട്ടു ഒട്ടു കാര്യൂല്യ...
മഴക്കാലത്ത് നല്ല ഒഴുക്കല്ലേ. ഒരു സ്വാമ്യാര് നീളത്തില്‍ ഒരു വേഷ്ടി
ഇട്ടു തന്നു. ദൈവാധീനം കൊണ്ട് അതുമ്മല് പിട്‌ത്തം കിട്ടി. അയാള്
വലിച്ച് കരയ്ക്കടുപ്പിച്ചു. വെള്ളത്ത്‌ന്നു കേറാന്‍ കഴിയോ?".

"അതെന്തേ?" ഞങ്ങള്‍ കുട്ടികള്‍ ഉദ്വേഗപൂര്‍വ്വം ചോദിക്കും.

"എന്താ മക്കളേ...പറയ്യാ...ന്‍റെ മേല് തുണിയൊന്നുല്യ...അതന്നെ."

ഇനിയെന്ത് ചോദിക്കും എന്ന് ഞങ്ങള്‍ വിഷമിച്ചിരിക്കുമ്പോള്‍ അവര്‍ തുടരും:

"ഗോപികമാരുടെ ചേല മോഷണം പോയപ്പോ അവരെന്താ ചെയ്ത്? അറിയില്യെ...
രണ്ടു കയ്യും കൂപ്പി കൃഷ്ണനെ വണങ്ങി.
അവര്ക്ക് ചെറുപ്പെര്‍ന്നു. ഞാനൊരു മുതുക്കി. ന്നാലും ഉടുതുണില്യാതെ
ഇക്കണ്ട ആള്‍ക്കാരൊക്കെ നിക്കണ സ്ഥലത്ത് കരയ്ക്ക്‌
കേറാന്‍ കഴിയോ? കാര്യം ഊഹിച്ച
സ്വാമ്യാര് ആ വേഷ്ടി എടുത്തോളാന്‍ പറഞ്ഞു. വേഷ്ട്യുടുത്തു കരയ്ക്ക്‌
കേറിയപ്പോ മൂപ്പരില്യ! അത് സാക്ഷാല്‍ മുരുകന്‍
തന്ന്യെര്‍ന്നൂന്നാണ് നിയ്ക്ക് പറയാനുള്ളത്. അങ്ങനെ ഒരാളെ അവടെ ആരും
കണ്ട്ട്ടൂല്യ കേട്ടിട്ടൂല്യ!"

ഞങ്ങള്‍ കുട്ടികള്‍ക്ക് പാതിരയോടടുക്കുന്ന നേരത്ത് കേള്‍ക്കുന്ന ഇത്തരം
കഥകളിലെ പൊരുള്‍ അറിയാറായിട്ടില്ല എന്ന് തോന്നും. എന്തായാലും
സാക്ഷാല്‍ മുരുകനെ നേരിട്ടു കണ്ട ആളല്ലേ ഈ ഇരിക്കണത്‌!

"ഇനി വേറൊരു കഥ പറയൂ", ഞങ്ങള്‍ പറയും.

"കാശി വിശ്വനാഥ ക്ഷേത്രത്തില് പോയതു പറയട്ടെ?"

"കാശീലും പോയിട്ടുണ്ടോ?"

"ഈ പാറുട്ട്യേമ പൂവ്വാത്ത അമ്പലങ്ങള്‍ ഒന്നൂല്യ ന്‍റെ മക്കളേ. നൂറ്റെട്ട്
ശിവക്ഷേത്രങ്ങളും കണ്ടിരിക്കുണൂ. എങ്ങന്യാ ന്‍റെ കാലിന്റടി
ഇങ്ങനെ തേഞ്ഞതു?"

എന്നിട്ട് ആ കൊച്ചു കാലടികള്‍ കാണിച്ചു തരും. ശരിയാണ്..കടല് കാണാന്‍ പോയി
തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ ശേഖരിച്ചു കൊണ്ട്
വരാറുള്ള 'കടല്‍ നാക്ക്' പോലെ പരന്നിരിക്കുന്നു!

മുത്തച്ഛന്റെ ആശ്രിതനായ തുപ്പന്‍ ചില ദിവസങ്ങളില്‍ സന്ധ്യ കഴിഞ്ഞാല്‍
മുറ്റത്ത്‌ വന്നിരിക്കും. പാറുട്ട്യേമ കൂടി ഉള്ള
ദിവസങ്ങളാണെങ്കില് അതിരസകരമായിരിക്കും. അയമ്മടെ
കഥകളെ തോല്‍പ്പിക്കും വിധം തുപ്പന്‍ കഥകള്‍ അവതരിപ്പിക്കും.
കേള്‍വിക്കാരായി ഞങ്ങള്‍ കുട്ടികളും, വലിയവരും മറ്റും ചെവി
കൂര്‍പ്പിച്ചിരിക്കും. അങ്ങനെ അരങ്ങേറുന്ന ചില കഥകള്‍
ചില നേരങ്ങളില്‍ വാഗ്വാദങ്ങളില്‍ ചെന്നെത്തും -
പാറുട്ട്യെമയും തുപ്പനും തമ്മില്‍.

തുപ്പന്‍ കഥ പറഞ്ഞു കേറുകയാണ്. "മരോട്ടി മരത്തിന്‍റെ ചോട്ടുക്കൂടെ
അട്യേന്‍ അങ്ങട് കടന്നതും, തടിച്ച ഒരു വള്ളി മുന്നില്‍
തടസ്സമായി വീണു. എത്ര തട്ടി മാറ്റിയിട്ടും സാധനനങ്ങില്യ! ഇതെന്തു
മറിമായാന്നിച്ചിട്ട് മേപ്പട്ടു നോക്ക്യപ്പോ, എന്താ?".

"എന്താ?" പാറുട്ട്യേമ ചോദിച്ചു.

തുപ്പന്‍ ചിറി ഒരല്‍പ്പം കോട്ടി ചെറുതായൊന്നു ചിരിച്ചു; എന്നിട്ട് പറഞ്ഞു,
"ആരാ, മൂപ്പരന്നെ! ഹനുമാര്."

"ഹനുമാനോ?", ഞങ്ങള്‍ ഏറെ അതിശയത്തോടെ ചോദിക്കും.

"ആ കുട്ട്യോളെ, അമ്പലത്തിന്‍റെ നട അടച്ച് നമ്പൂരി പോയാപ്പിന്നെ "മൂപ്പര്"
കൊറേ നേരം മരോട്ടി മരത്തിന്‍റെ മോളിലുണ്ടാവും. പിന്നെ
ചാടലും, മറയലും, ആകെ തിക്കും തെരക്കന്നെ. ന്നെ പ്പോ എന്തിനാ തടഞ്ഞു
നിര്‍ത്ത്യെന്നു എത്ര ആലോചിച്ചിട്ടും പിടി കിട്ടണില്യ.
" തുപ്പന്‍ വിശാലമായ ആ അമ്പല പറമ്പിന്റെ ഒരു കോണില്‍ ഒരു കൊച്ചു
കൂരയിലാണ്‌ താമസം. ആ പറമ്പും വേണമെങ്കില്‍ ആ
അമ്പലവും തുപ്പന്റെയാണ്ന്നാണ് വിചാരം.

"അതിപ്പോ ശ്രീ ഹനുമാനാണെന്ന് എന്താപ്പോ ഒറപ്പ്?" - പാറുട്ട്യേമയ്ക്ക്
സഹിക്കിണില്യ.

"തമ്രാട്ട്യേമേ, ഇത്ങ്ങടെ പളനി മുരുകനല്ല, ഹനുമാരോട് കളിക്കല്ലേ".
തുപ്പന്‍ വിട്ടു കൊടുക്കില്ല.
"ഹനുമാര്‍ക്ക് ഇളനീര് നേദിക്കാം ന്നു നേര്‍ന്ന തെങ്ങേററക്കാരന്‍ കുഞ്ഞന്‍
അത് മറന്നു. പിറ്റേ ദിവസം ഓന്റെ തലേമ്മല് "ധിം" ന്നു
ഒരു കരിക്കല്ലേ വീണത്‌? കളിക്കല്ലേ തമ്രാട്ട്യേമേ!"

"ദൈവങ്ങളെ തമ്മില്‍ തല്ലൂടിക്കണ്ട" അമ്മമ്മ ഇടപെടും.

ഇങ്ങനെ കഥകള്‍ പലതും പറയുന്ന നേരത്തായിരിക്കും ചില ദിവസങ്ങളില്‍
തെങ്ങ് കയറ്റക്കാരന്‍ വേലായി വരിക - സിരകളെ
ത്രസിപ്പിക്കുന്ന കഥകളുമായി.

"അതേയ്, രാത്രി പന്ത്രണ്ടു കഴിഞ്ഞാ പിന്നെ ആരും ആ തോട്ടിന്‍റെ
വക്കത്തും, വരമ്പത്തും പോയിക്കല്ലേ. സഞ്ചാരംള്ള നേരാണ്.

"സഞ്ചാരോ?" ഞങ്ങള്‍ ചോദിക്കും.

"അതേയ്, പെരിണ്ടിരി അമ്പലത്തിന്റവ്ടുന്നു റാന്തലും പിടിച്ചു, ചോന്ന
പട്ടും ചുറ്റി ഗന്ധര്‍വന്‍റെ സഞ്ചാരംള്ള നേരാണ്.
ആലുമ്മിന്നു ഏറങ്ങി വരണത് ന്‍റെ കണ്ണോണ്ട് കണ്‍ടിട്ടള്ളതാ ഞാന്‍ - ഒരു
സുമുഖന്‍. ഇതാ ആ വരമ്പത്തൂടെ നേരെ അങ്ങട്
ചേന്നാത്തെ കൊളത്തിന്റെ കരയ്ക്കലെ പാല മരത്തിലിയ്ക്കാ പോയത്.
യക്ഷിപ്പാലയല്ലേ, അവടെ. മൂപ്പരവ്ടുന്നു പിന്നെ
ഒരു മൂന്നു-മൂന്നരയാവും തിരിച്ചു വരുമ്പോ. പിന്നെ, നേരെ ആലിമ്മേ കേറി,
അങ്ങട് കാണാത്യാവും!"

വേലായി കണ്ട ദൃശ്യങ്ങള്‍ ഞങ്ങള്‍ ഭാവനയില്‍ കാണാന്‍ ശ്രമിയ്ക്കും.
അപ്പോഴായിരിക്കും വേലായിടെ അടുത്ത കഥ:

"കഴിഞ്ഞാഴ്ച നാല്-നാലര മണിക്ക് കുളിക്കാന്‍ പോയീതാ; ഗുരുവായൂര്‍ക്ക്
തൊഴാന്‍ പോണം. കുളക്കടവില്‍ സോപ്പും തോര്‍ത്തും
വെച്ചിട്ട് ആരാപ്പോ ഈ നേരത്ത്? ആരെയും കാണാല്യാ! ചൂട്ട് ഒന്നു കൂടി
വീശി നോക്കി, ആരൂല്യ. ഇതെന്തു പുതുമ ന്ന് വിചാരിച്ചു
നോക്കുമ്പോ ഒരാളുണ്ട് വെള്ളത്തിന്നു മെല്ലെ പൊങ്ങി വരണു! ഞാന്‍
അന്തിച്ചു നോക്കാണ്‌ - കണ്ട പരിചയണ്ട്; ന്നാ ഒട്ടു
മനസ്സിലാവണില്ല. ആരാന്നു ചോയ്ക്കാന്‍ വിചാരിച്ചപ്ലേയ്ക്കും ആ
ആള് ഈറനോടെ സോപ്പും തോര്‍ത്തും എടുത്ത് കേറിപ്പോയി! ആ
നടത്തം കണ്ടപ്പോ നല്ല പരിചയം. പിടി കിട്ടി. കണ്ടപ്പന്‍ - കൊളത്തില്
മുങ്ങി മരിച്ച കണ്ടപ്പന്‍...സംശല്യ. പടവ് കേറി
നോക്ക്യപ്പഴെക്കും ആളടെ പൊടില്യാ! ന്‍റെ ശരീരത്തിന് ഒരു വെറ വന്നു.
ഒരാഴ്ച പനിച്ചു കെടന്നു ന്‍റെ മക്കളെ."

ശ്രദ്ധ മുഴുവന്‍ വേലായി നേടി. പാറുട്ട്യേമ ആ കഥയെ കടത്തി വെട്ടാനായി
ഒരുങ്ങി:

"ഉണ്ണിമയ്മ്മേ, കേക്കണോ ഒരു പുതുമ? ഗുരുവായൂര് അമ്പലക്കൊളത്തില്
ഒന്നു മുങ്ങണം; നിര്‍മ്മാല്യം തൊഴണം. നേരം പുലര്‍ച്ചെ
രണ്ടു-രണ്ടര മണി. നല്ല കുളിരുണ്ട്. പടവ്മ്മല് നല്ല വഴ്ക്കല്ണ്ട്;
എറങ്ങാന്‍ നല്ല പേടീണ്ട്‌. എന്തായാലും മുങ്ങിക്കേറ്ണം...
"എന്താ മുത്തശ്ശീ, കുളിരുണ്ടോ?" ഒരു ചെറു ബാല്യക്കാരന്‍.
പത്തു-പന്ത്രണ്ടു...ഇവടത്തെ കുട്ടിടെ പ്രായം. "മുത്തശ്ശി പേടിയ്ക്കണ്ട,
ഞാനുണ്ടല്ലോ കൂടെ." പിന്നെ, കുളീം കഴിഞ്ഞു, കയ്യ് പിടിച്ചു കൊണ്ടോയിന്നെ
ഉള്ളില്ക്ക്. ശ്രീകോവിലിനുള്ളില്‍ ചൈതന്യ സ്വരൂപം കണ്ടു കൈതോഴാന്‍
നേരം നോക്കുമ്പോ ആ കുട്ടില്യ!
അവടെ അങ്ങനെ ഒരാളെല്യ! ആരെര്‍ന്നു?"

"ആരെര്‍ന്നു?" ഞങ്ങള്‍ കൂട്ടത്തോടെ ചോദിക്കും.

"ഭഗവാന്‍ ശ്രീ കൃഷ്ണന്‍ തന്നെ, അല്ലാതാരാ?"

"നേരം ശ്ശി വൈകി, ഇനി കെടക്കാം", അമ്മമ്മ പറയും.

അങ്ങിനെ ആ കഥയരങ്ങ്‌ അവിടെ അവസാനിക്കും.

മുത്തച്ഛന്‍ ചില ദിവസങ്ങളില്‍ രാത്രി ഉറക്കത്തില്‍ ദു:സ്വപ്നം കണ്ടു പേടിച്ചു
നിലവിളിക്കും. ഞങ്ങളുടെയൊക്കെ ധൈര്യം മുത്തച്ഛന്‍
വീട്ടിലുണ്ടല്ലോ എന്നതാണ്. ഭൂത-പ്രേത-പിശാചുക്കളെയും, കള്ളന്മാരെയും,
പേടിക്കാനില്ല. എന്നാല്‍ ഇത്തരം സ്വപ്‌നങ്ങള്‍
കണ്ടു മുത്തച്ഛന്‍ നിലവിളിക്കുന്ന രാത്രികളില്‍ ഞങ്ങള്‍ ആകെ പരിഭ്രമിയ്ക്കും.

അമ്മമ്മ വടക്കേ അകത്തു നിന്നു വന്ന്, തെക്കേ അകത്തു കിടക്കുന്ന മുത്തച്ഛനെ
രണ്ടു കയ്യകലത്ത് നിന്നു ഉറക്കെ വിളിച്ചു ചോദിക്കും,
"ദ് നോക്കൂന്നേ..., അതേയ്..., എന്തെ..." പക്ഷെ അത് കൊണ്ടൊന്നും മുത്തച്ഛന്‍
ഉണരില്ല.

ആണ്‍കുട്ടിയായ ഞാനായിരിക്കും മിക്കവാറും ഉറക്കെ വിളിച്ചുണര്‍ത്തുക.
ആരും തൊട്ടടുത്ത്‌ നില്‍ക്കില്ല - മുത്തച്ഛന്‍ സ്വബോധത്തില്‍
വരുന്നതു വരെ. അതിന് ഒരു കാരണവുമുണ്ട് - വഴിയേ പറയാം.

പാറുട്ട്യേമ, രാത്രികാലങ്ങളില്‍ മൂത്രമൊഴിക്കാന്‍ വാതില്‍ തുറന്നു മുറ്റത്തിറങ്ങും.
പലപ്പോഴും അമ്മമ്മ പറയും, "ഈയമ്മ
വന്നാല്‍ രാത്രി വല്ല കള്ളന്മാരും അകത്തു കേറിക്കൂട്‌ാവോ?
ഓവില് മൂത്രോഴിച്ചാ പോരെ, അത് ചെയ്യില്യ."

(പിന്നെ - പിടി കിട്ടാത്ത രഹസ്യം - അല്‍പ്പം പറയാന്‍ കൊള്ളാത്തതാണെങ്കിലും -
മനസ്സിലായി: പാറുട്ട്യേമ നിന്നിട്ടെ മൂത്രോഴിക്കൂത്രേ!
മുത്തച്ഛന്‍ പറയുന്നതു കേള്‍ക്കാം: "അശ്രീകരം, മുറ്റം മുഴുവനും മൂത്രം നാറുന്നു.")

ഇങ്ങനെ മുറ്റത്തിറങ്ങി മൂത്രോഴിച്ച്ചു തിരിച്ചു വരുന്ന നേരത്താണ് മുത്തച്ഛന്‍
സ്വപ്നം കണ്ടു പേടിച്ചു കരയുന്നത് പാറുട്ട്യേമ
കേള്‍ക്കുന്നത്. എന്താണ് സംഭവിച്ചത് എന്നറിയാതെ അവര്‍ പാവം ഓടിച്ചെന്നു,
"പണിയ്ക്കരെ...പണിയ്ക്കരെ...എന്താ.."
തൊട്ടു വിളിച്ചു തീര്‍ന്നില്ല -

"ട്ടെ" - എന്നൊരു ശബ്ദവും, പാറുട്ട്യേമ ഒരലര്‍ച്ചയോടെ "അയ്യോ" എന്ന്
നിലത്തു വീണതും ഒരുമിച്ചായിരുന്നു.

മുത്തച്ഛന്‍ ഒരു കുഴപ്പം കാണിക്കും - ഇങ്ങനെ പേടിച്ചു കരയുന്ന നേരത്ത്
ആര് തൊട്ടു വിളിച്ചാലും ഊക്കന്‍ അടി വീഴും.
ഇതറിയുന്ന ഞങ്ങള്‍ സൂക്ഷിച്ചു ഒരു കയ്യകലത്ത് നിന്നെ ഉറക്കെ വിളിയ്ക്കൂ.
ഇതറിയാത്ത പാവം പാറുട്ട്യേമയ്ക്ക് ജീവിതത്തില്‍
ആദ്യമായി ഒരടി കിട്ടി. പിറ്റേ ദിവസം അവര്‍ പോവുകയുമായി.

മുത്തച്ഛന്‍ "അയ്യത്തട" എന്നായി. സ്വപ്നേപി വിചാരിച്ച കാര്യമല്ല.
ക്ഷമാപണം നടത്തി. അറിയാതെ ചെയ്ത കാര്യത്തിന് ക്ഷമ
ചോദിക്കേണ്ട എന്ന് പാറുട്ട്യേമയും വളരെ ഭവ്യതയോടെ പറഞ്ഞു.

അവര്‍ പോകാനൊരുങ്ങുകയാണ്. തലേ ദിവസം രാത്രിയിലെ സംഭവ
വികാസങ്ങള്‍...അമ്മമ്മയ്ക്ക് പാവം തോന്നി. രണ്ടു ദിവസം
കഴിഞ്ഞു പോകാമെന്ന് പറഞ്ഞു നോക്കി.

"ഇല്യ, ശരിയാവില്യ, പോണം ഉണ്ണിമയ്മ്മേ. ഗുരുവായൂര്, മമ്മിയൂര്,
തൃപ്രയാര്‍, കൂടല്‍മാണിക്യം, ചോറ്റാനിക്കര, ഏറ്റുമാനൂര്‍....
ഇങ്ങനെ കൊറേ പോവാനുണ്ട്...ഇനീം വന്നൂടെ? അപ്പൊ നാലൂസം അധികം പാര്‍ക്കാട്ടോ..."

ദൂരെ അവര്‍ ഒരു പൊട്ടായി മാറി...പിറ്റേ വര്‍ഷവും, അതിനടുത്ത വര്‍ഷവും...
പിന്നീടൊരിക്കലും... അവര്‍ വന്നില്ല...അവര്‍
പറയാറുള്ളത് പോലെ എവിടെ വീണു കഥ കഴിഞ്ഞൂന്ന് ആര്‍ക്കറിയാം?

(സുരേഷ്) 14.01.09