Friday, March 20, 2009

ശങ്കുണ്ണിമാമ (അവസാന ഭാഗം)

പുറത്തു മഴ തകര്‍ക്കുകയാണ്. മുറ്റത്ത്‌ ആടിയുലയുന്ന തെച്ചിയും, മന്ദാരവും. ജനലില്‍ക്കൂടി പുറത്തേക്കു നോക്കിയപ്പോള്‍ പെരിണ്ടിരി അമ്പലത്തിലെ വിളക്ക് കാണാം...മണ്ഡപത്തില്‍ ആരോ തെളിയിച്ച ദീപസ്തംഭത്തില്‍. ഈ കാറ്റിലും അത് കെടാതെ കത്തുന്നു! ആലിലകള്‍ വിറച്ചു മാറി നില്‍ക്കുമ്പോള്‍ ഇടയ്ക്കു വിളക്ക് തെളിഞ്ഞു കാണാം...ഇടയ്ക്കു കാണാതാവും. മറ്റൊരാലില വടക്കേ മുറിയില്‍ കിടന്നു വിറയ്ക്കുകയാണ്. കഴിഞ്ഞ കൊല്ലം മഴക്കാലത്ത് ആരോ നാട് കടത്തിയ പൂച്ചക്കുട്ടിക്ക് വാതില്‍ തുറന്നു കൊടുത്തപ്പോള്‍ അതിന്‍റെ മുഖത്ത് കണ്ട അതേ ദൈന്യ ഭാവമാണോ ശങ്കുണ്ണി മാമയുടെ മുഖത്തും ഉമ്മറത്തേക്ക് കയറുമ്പോള്‍ തെളിഞ്ഞു കണ്ടത്? ആ പൂച്ചക്കുട്ടിയും ഒരനാഥനായിരുന്നു..എല്ലാവരും ഉണ്ടായിട്ടും അനാഥനായ ശങ്കുണ്ണി മാമയെപ്പോലെ. 


അമ്മമ്മ ഭസ്മം തൊട്ടു കൊടുത്തു; പിന്നെ ചൂട് കട്ടന്‍ കാപ്പിയും. കിടന്നു വിറയ്ക്കുകയാണ്. തുള്ളപ്പനി. 


"എന്താ പണിക്കരെ പറ്റീത്?", മുത്തച്ഛന്‍ അകത്തു കയറാതെ വാതില്‍ക്കല്‍ നിന്ന് ചോദിച്ചു. ശങ്കുണ്ണി മാമ ഒന്നും പറഞ്ഞില്ല. മറുപടിയായി ചുടുകണ്ണീര്‍ ഉന്തിയ കവിളെല്ലുകളിലൂടെ ഉരുണ്ട്‌ വീണു. 'ആരോരുമില്ലാത്ത ഞാന്‍...നന്ദിയുണ്ട്..' എന്ന് മന്ത്രിക്കയാണോ ആവോ? 


"കാലിന്‍റെ മുട്ടില്‍ റാന്തലിന്റെ കുപ്പിയാണ് തറച്ചിട്ടുള്ളത്; കാലിനടിയില്‍ മുള്ളും", അമ്മ പറഞ്ഞു. 


ഒരു വിറയലോടെ ശങ്കുണ്ണി മാമ പറഞ്ഞു, "ഓ...ഓ...പ്ലേ ന്‍റെ പണസ്സഞ്ചി". ഞങ്ങള്‍ നനഞ്ഞു കുതിര്‍ന്ന ഭാണ്ഡം പരിശോധിച്ചു. സഞ്ചിയുണ്ട്; കളഞ്ഞു പോയിട്ടില്ല. നൂറിന്‍റെ നാല് നോട്ടും കുറെ ചില്ലറയും. നോട്ട് നന്നായി നനഞ്ഞിട്ടുണ്ട്; അത് അമ്മ പാത്യമ്പുറത്ത് ഉണങ്ങാനിട്ടു. കഞ്ഞി കുടിച്ച് കഷായവും കഴിച്ച് ആള്‍ മയക്കത്തിലായി. പിന്നെ ഉറക്കത്തില്‍ പിച്ചും പേയും പറയുന്നത് കേട്ടു.


കാക്കകള്‍ അലസമായി കരയുന്നു. മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു. കൊമ്മ, തലയില്‍ മുണ്ടിട്ട്, ഒടഞ്ഞിയും പിടിച്ച് കയറി വരുന്നു. മുറ്റമടിക്കാനുള്ള പുറപ്പാടിലാണ്. അപ്പോഴാണ്‌ എനിക്ക് തലേ ദിവസത്തെ സംഭവം ഓര്‍മ്മ വന്നത്. ഞാന്‍ വടക്കേ അകത്തേക്കോടി; ശങ്കുണ്ണി മാമയില്ല! അമ്മയോട് ചോദിക്കാന്‍ വേണ്ടി അടുക്കളയിലേക്ക് നടന്നപ്പോള്‍, അഞ്ചാം പുരയിലിരുന്ന് ദോശ കഴിക്കുകയാണ് ശങ്കുണ്ണി മാമ. ഞാന്‍ ചോദിച്ചു, "ഈ പനിക്കണ ആളെന്തിനാ ദോശ കഴിക്കണത്, പൊട്യരിക്കഞ്ഞി കുടിച്ചാല്‍ പോരെ?".


അമ്മ പറഞ്ഞു, "പറഞ്ഞാല്‍ കേള്‍ക്കണ്ടെ. ഒക്കെ മാറീത്രേ! കൊടുക്കാതിരുന്നാ നമ്മക്കിഷ്ടല്യാണ്ട്യാന്നാ പറയാ. കഴിച്ചോട്ടെ".  


"എന്താ, പന്യൊക്കെ മാറ്യ്വൊ?", ഞാന്‍ ചോദിച്ചു. "പ...പ...ന്യൊന്നൂല്യ കുട്ട്യേ, മഴ കൊണ്ടതിന്റെ വിറയലാര്‍ന്നു." ശങ്കുണ്ണി മാമ തൊണ്ണ് കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാന്‍ അവസാനമായി ശങ്കുണ്ണി മാമയെ കണ്ടത് അന്നായിരിക്കണം.

XXXXXXXXXXXXXXXXXXXXX

ഞാന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അച്ഛന്‍റെ ജോലി സ്ഥലത്ത് എത്തി. അവിടെ പ്രൊഫഷണല്‍ കോഴ്സിനു ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങി.  


ഒരു ദിവസം നാട്ടില്‍ നിന്നും കത്ത് വന്നത് ശങ്കുണ്ണി മാമയുടെ മരണ വിവരം അറിയിച്ചായിരുന്നു. ഞാനോര്‍ത്തു - ആരും കരഞ്ഞിട്ടുണ്ടാവില്ല, അമ്മമ്മയും അമ്മയും ഒഴികെ. എനിക്കാകെ വിഷമമായി. 


വിശദമായി പിന്നീടറിഞ്ഞു ആ അനാഥ ജീവിതത്തിന്‍റെ അവസാന നാളുകള്‍:  
ഒരു ദിവസം രണ്ടു മൂന്നു പേര്‍ ശങ്കുണ്ണി മാമയെ താങ്ങിക്കൊണ്ട് വന്നു വീട്ടില്‍ കിടത്തി. ചന്തയില്‍ പപ്പടക്കാരന്റെ പീടികക്കോലായില്‍ പനിച്ചു വിറച്ചു ബോധമില്ലാതെ കിടക്കുന്നത് കണ്ട്‌, വേണ്ടപ്പെട്ടവരായി ഞങ്ങളുണ്ടെന്നു ആരൊക്കെയോ പറഞ്ഞു കൊടുത്തതനുസരിച്ചു കൊണ്ട് വന്നതാണ്. അമ്മ ആകെ പരിഭ്രാന്തിയിലായി. അമ്മമ്മ നിലവിളിയും കൂക്കുവിളിയുമായി. മുത്തച്ഛന്‍ ക്ഷോഭം ലേശവുമില്ലാതെ നോക്കി നിന്നു, എന്ത് ചെയ്യണമെന്നറിയാതെ. കാരണവരായ മൂത്ത അമ്മാവന്‍റെ അനുമതി തേടാതെ നിവൃത്തിയില്ല; കാരണം ശങ്കുണ്ണി മാമയുടെ കിടപ്പ് കണ്ടിട്ട് അത്ര പന്തിയല്ല എന്ന് തോന്നി. ഒരനാഥ ജീവന്‍ - എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ പോലീസും കോടതിയും.


ഒരനാഥ ജീവന് വിലയുണ്ടോ ഇല്ലയോ എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങള്‍...  


അമ്മമ്മ കൊണ്ടുവന്നവരോട് ആജ്ഞാപിച്ചു, "അതേയ്‌, എടുത്തു കൊണ്ടോവാ ഇവടുന്ന്! ഓന്‍റെ അച്ഛന്‍റെ വീട്ടില്‍‌ - മനയ്ക്കല് - കൊണ്ട് പോയി കിടത്തിക്കോ. ഇവടെ കേസിനും കൂട്ടത്തിനൊന്നും നടക്കാന്‍ ആളില്യ".  


അമ്മമ്മയുടെ ആജ്ഞാശക്തിക്ക് മുന്‍പില്‍ വഴിയൊന്നുമില്ലാതെ അവര്‍ ശങ്കുണ്ണി മാമയെ "അച്ഛന്‍റെ" വീട്ടിലേക്കെടുത്തു. (എനിക്ക് ചെറുപ്പം മുതല്‍ക്കു പിടി കിട്ടാത്ത ഒരു വലിയ ചോദ്യത്തിനുത്തരം കിട്ടി: അപ്പോള്‍ മനയ്ക്കലെ ഒരു നൊസ്സന്‍ നമ്പൂതിരിയുടെ നേരമ്പോക്കാണ് ശങ്കുണ്ണി മാമ!).  


പിന്നെ എല്ലാം കഴിഞ്ഞു. അയിത്തവും ശുദ്ധവും നോക്കി നടന്നിരുന്ന ഒരു തറവാടിന്റെ സന്തതി ഏതോ വഴിപോക്കരുടെ കയ്യില്‍ നിന്നും വെള്ളം മേടിച്ചിറക്കി 'അച്ഛന്‍റെ' വീട്ടിലെത്താതെ പകുതി വഴിയില്‍ വെച്ച് പരലോകം പൂകി. പിന്നെ ഞാന്‍ കത്ത് വായിച്ചില്ല.  


എന്‍റെ ശരീരം വിറയ്ക്കുകയായിരുന്നു. മനയ്ക്കലെ കുട്ടികള്‍ എന്‍റെ കൂട്ടുകാരായിരുന്നു. അന്നീ കഥയറിഞ്ഞിരുന്നെങ്കില്‍...? എങ്കില്‍? ഒരു കൌമാര പ്രായക്കാരനായ ഞാന്‍ എന്ത് ചെയ്യുമായിരുന്നു? അറിയില്ല ശങ്കുണ്ണി മാമേ. ആര്‍ക്കും വേണ്ടാതെ, ഒരു നാടോടിയായി അലഞ്ഞു തിരിഞ്ഞു അവസാനം വഴിയില്‍ വെച്ച് ജീവിതം തീര്‍ന്ന അങ്ങേയ്ക്ക് വേണ്ടി നിയമപരമായി എന്തെങ്കിലും ചെയ്യാന്‍ 'ചിത്തഭ്രമം' സംഭവിക്കാത്ത ഞങ്ങള്‍ക്കാര്‍ക്കും ഒന്നും കഴിഞ്ഞില്ല!  


ശങ്കുണ്ണി മാമേ, തൊണ്ണ് കാട്ടി ചിരിച്ച്‌, തോളില്‍ ഭാണ്ടവും പേറി, അറിയാത്ത, കേള്‍ക്കാത്ത നാട്ടിലെ വര്‍ത്തമാനങ്ങളുമായി എന്നിനി വരും? ഒരു ചിത്രം ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു - എന്‍റെ കൌമാര-യൌവനാരംഭത്തിലെ സ്മൃതികള്‍ അയവിറക്കാനായി......


സുരേഷ് (20.3.09)

Wednesday, March 18, 2009

ശങ്കുണ്ണിമാമ (ഭാഗം അഞ്ച്)

ലൈഫ് ബോയ് സോപ്പ്, കായ ഉപ്പേരി, പിന്നെ അമ്മമ്മക്ക് ഏകാദാശിക്കുള്ള ഗോതമ്പരി, ഇങ്ങനെ പലതും അമ്മാവന്‍ കൊണ്ട് വരും. ഇതെല്ലാം എല്ലാവര്‍ക്കും കൂടിയുള്ളതാണെങ്കിലും, അമ്മമ്മയുടെ കയ്യിലാണ് കൊടുക്കുക; ഒപ്പം അമ്പതു ഉറുപ്പികയും. (ഞങ്ങള്‍ - കുട്ടികള്‍ക്ക് - ഒന്നിന്‍റെ ഒരു അലക്കിയ നോട്ട് കിട്ടും. അത് കിട്ടിയാല്‍ ഞങ്ങള്‍ മണപ്പിച്ചു നോക്കും; സ്കൂള്‍ തുറക്കുമ്പോള്‍ മേടിക്കുന്ന പുതിയ പുസ്തകത്തിന്‍റെ ഏട് തുറന്നാലത്തെ ഒരു വാസനയായിരിക്കും). ആ അമ്പതു രൂപയില്‍ നിന്നാണ് അമ്മമ്മ, ശങ്കുണ്ണി മാമക്ക്‌ വേണ്ടി ചിലവായത് നഷ്ട പരിഹാരമായി തരാമെന്നു പറയുന്നത്. പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞു വെച്ചിരിക്കുന്ന പൊടിച്ച അടക്കയെടുത്തു വായിലിടുന്നതിനിടയില്‍ മുത്തച്ഛന്‍ ചോദിക്കും, "രാമകൃഷ്ണന്‍ എന്നേ തന്‍റെ മകന്‍ മാത്രായത്?". അമ്മമ്മ, ചുറ്റും കണ്ണോടിച്ച്‌ വേറെ ആരുമില്ല എന്നുറപ്പ് വരുത്തി മെല്ലെ പറയും, "തന്താര്‍ക്കെ, മക്കളെങ്ങനെണ്ടാക്കി ഇടാനെ അറിയൂ. തള്ളാര് വേണം നോക്കിണ്ടാക്കാനും, ചികില്‍സിക്കാന്‍ കൊണ്ടോടാനും". പിന്നെ സ്വരം മാറ്റി ചോദിക്കും, " അവ്നാന്‍ ഒരു നേരം ഈ മക്കളെ കുളിപ്പിച്ചിട്ടുണ്ടോ? എട്ടു പെറ്റോളാ ഞാന്‍, ദൈവം നാലെണ്ണ്ത്തിനെ ആയുസ്സിട്ട്‌ തന്നുള്ളൂ".

പണ്ട്, കൃഷിസ്ഥലത്ത്‌ നിന്ന് നാലോ-അഞ്ചോ മാസം കൂടുമ്പോള്‍ മാത്രം വന്നിരുന്ന മുത്തച്ഛനെ കുറ്റപ്പെടുത്തിയാണ് പറയുന്നത്‌. ശണ്ഠയും ശുണ്ഠിയും ഒന്നും ഇല്ലാത്ത നേരത്ത് അമ്മമ്മ പറയുന്നത്‌ കേള്‍ക്കാം: "കണ്ട പാടത്തും പറമ്പിലും കെടന്നധ്വാനിച്ചിട്ട് എന്തെ കാര്യണ്ടായെ? ഭാഗം വെച്ചപ്പോ ഏട്ടന് ഒന്നൂല്യ". മുത്തച്ഛന്‍റെ തറവാട്ടില്‍ നോക്കി നടത്തിയിരുന്ന കൃഷിയെപ്പറ്റിയാണ്. ഭാഗം വെച്ചപ്പോ എല്ലാം മുത്തച്ഛ ന്‍റെ പെങ്ങള്‍ക്ക് കിട്ടിയത്രേ. മുത്തച്ഛന്‍റെ കഴിവില്ലായ്മ കൊണ്ടാണ് അത് സംഭവിച്ചതെന്നായിരുന്നു അമ്മമ്മയുടെ വാദം. പിന്നെ, ഒരു പക്ഷെ മുത്തച്ഛനെ ആശ്വസിപ്പിക്കാനും കൂടി എന്ന വണ്ണം പറയും, "എന്താപ്പോ, മക്കള് നന്നായപ്പോ അതൊന്നും വേണ്ടാന്നിച്ചതാവും, നിയ്ക്കറീല്യ". അമ്മമ്മയുടെ മക്കളെല്ലാം നല്ല നിലയില്‍ എത്തിയതിനെപ്പറ്റിയാണ്. "അല്ല, ഇവടെപ്പോ അതൊന്നും കിട്ടീട്ടു വേണ്ടാ കഴിയാന്‍ന്നിക്ക്യ!".

അമ്മാവന്‍ മാസാദ്യത്തില്‍ വരുന്ന വിവരം അറിഞ്ഞാല്‍ ശങ്കുണ്ണി മാമ മെല്ലെ എവിടെയ്ക്കേങ്കിലും - മിക്കവാറും നാട്ടിലെ മറ്റു നായര്‍ തറവാടുകളിലേക്ക് - പോകും. കാരണം, ഇങ്ങനെ തെണ്ടിത്തിരിഞ്ഞു നടക്കുന്നത് കണ്ടാല്‍ നല്ല ചീത്ത പറയും. ഒരു പക്ഷെ, അമ്മാവനോടും, ഞങ്ങളുടെ കുടുംബത്തിനോടും ശങ്കുണ്ണി മാമയുടെ ഏട്ടനും കുടുംബവും കാണിച്ച കൊള്ളരുതായ്മകള്‍ക്ക് ഇന്ന് മറുപടി പറയുന്നതായിരിക്കും. (എന്‍റെ നിഗമനം തെറ്റായിരിക്കാം). അമ്മാവന്റെ മുന്നില്‍ വെച്ച് അമ്മമ്മ ഒരക്ഷരം എതിര്‍ത്ത് പറയുകയില്ല - ചിലപ്പോള്‍ വഴി തെറ്റി ശങ്കുണ്ണി മാമ പ്രത്യക്ഷപ്പെട്ടാല്‍. അമ്മാവന്റെ കൂടെ കൂടി അമ്മമ്മയും നല്ല ചീത്ത പറയും.

മിക്കവാറും ഞങ്ങളുടെ അടുത്തുള്ള തപാലാപ്പീസില്‍ പെന്‍ഷന്‍ എത്തുമ്പോഴേക്കും ശങ്കുണ്ണി മാമ വന്നിരിക്കും. കാരണം, പെന്‍ഷന്‍ എത്തിക്കഴിഞ്ഞാല്‍ തപാലധികൃതര്‍ക്ക് അത് സമയപരിധിയ്ക്കപ്പുറം വെച്ചിരിക്കാന്‍ അധികാരമില്ല. പെന്‍ഷന്‍ വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ, പാലപ്പെട്ടി, അയിരൂര്‍, ചെറായി, മനയ്ക്കല്‍ എന്നിവിടങ്ങളിലേക്ക് ഒരു സര്‍ക്കീട്ടുണ്ട്. മനയ്ക്കല്‍ (നമ്പൂരി ഇല്ലം) ശങ്കുണ്ണി മാമയുടെ വേണ്ടപ്പെട്ട ഇടമാണ് എന്നാണു അമ്മമ്മ പറയാറുള്ളത്. അതിന്റെ പൊരുള്‍ എനിക്ക് തീരെ മനസ്സിലായില്ല. എന്തായാലും, മനയ്ക്കല്‍ ഇത്തിരി നൊസ്സുള്ള ഒരു തമ്പ്രാന്‍ ഉണ്ടായിരുന്നത്രേ. കഥ ഏകദേശം കൂട്ടിമുട്ടിക്കാന്‍ ഞാന്‍ നോക്കി: അപ്പോള്‍ ശങ്കുണ്ണി മാമ, ആ തമ്പ്രാന്റെ....? അറിയില്ല. "ങ്ങനെ ഒരു പൊട്ടനായതോണ്ടല്ലേ, അല്ലെങ്കി അവടെ ഭാഗം വെക്കുമ്പോ ഓനും കിട്ടീര്‍ന്നു ഒരോഹരി", അമ്മമ്മ പറയാറുള്ളത് ഓര്‍ത്തു.

മുറ്റത്തെ ഒളോര്‍ മാവില്‍നിന്നും 'ധീം' 'ധീം' എന്നിങ്ങനെ ചക്ക വീഴുന്ന പോലെ മാങ്ങ വീഴുന്നുണ്ട്‌. നല്ല വലിപ്പമുള്ള മാങ്ങയാണ്‌ ഒളോര്‍ മാവിന്‍റെത്. നല്ല കാറ്റും, മഴയുമുണ്ട്. നേരം സന്ധ്യ മയങ്ങുന്നേയുള്ളൂ, പക്ഷെ പതിവിലും നേരത്തെ ഇരുട്ട് പടര്‍ന്നു. ഞാന്‍ ജനലഴികളിലൂടെ പുറത്തേക്കു കയ്യിട്ട് മേല്‍പ്പുരയില്‍ നിന്നും ഇറ്റു വീഴുന്ന മഴ വെള്ളം തെറിപ്പിച്ച് നില്‍ക്കയായിരുന്നു. ദൂരെ, ചായപ്പീടികയുടെ മൂലയില്‍ നിന്നും ഒരു വെള്ള നിറം മെല്ലെ നീങ്ങി വരുന്നുണ്ട്. ആരാണീ നേരത്ത് കുളിച്ചു വരുന്നത്? 'മന്ത്' ഗോപാലനായിരിക്കും. അവനാണ് നട്ടുച്ചക്കും, നട്ടപ്പാതിരക്കും, അസമയത്തും മറ്റും കുളി പതിവ്. കള്ള് മേടിച്ചു കൊടുത്താല്‍ ആരെ വേണമെങ്കിലും ചീത്ത വിളിക്കും; അവരുടെ വീടിന്‍റെ പടിക്കല്‍ നേരം വെളുക്കുന്നത്‌ വരെ ഇരുന്നു കൂക്കി വിളിക്കും. പാവം ഭാര്യയേയും മക്കളെയും ആലോചിച്ചിട്ടാണ് ആരും അവന്‍റെ മേല് കയ്യ് വെക്കാത്തത്. ആ രൂപം ഇങ്ങോട്ടാണല്ലോ പടി കേറി വരുന്നത്. ഈശ്വരാ! ശങ്കുണ്ണി മാമ! കാലിന്‍റെ മുട്ടില്‍ വലിയ ഒരു കെട്ടുണ്ട്. തലയില്‍ മഴ കൊള്ളാതിരിക്കാനായി കെട്ടിയ തോര്‍ത്ത്‌ മുണ്ട് നനഞ്ഞു കുളിച്ചിരിക്കുന്നു. വേച്ച്-വേച്ചാണ് നടപ്പ്. പുറത്തു ഭാണ്ഡം മുഴുവന്‍ നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. ഞാനുറക്കെ വിളിച്ചു പറഞ്ഞു, "അമ്മമ്മേ ഇതാ ശങ്കുണ്ണി മാമ ഈ കാറ്റത്തും മഴയത്തും കേറി വരുണൂ". അത് പറഞ്ഞു തീരലും ഒരു വലിയ ഇടി മിന്നി വെട്ടി. എന്‍റെ കണ്ണ് മഞ്ഞളിച്ചു പോയി. "ന്‍റെ കുട്ട്യേ", എന്ന് നിലവിളിച്ച്‌ അമ്മമ്മ ഉമ്മറത്തെക്കോടിയെത്തി. ശങ്കുണ്ണി മാമയുടെ കാലില്‍ നിന്നും ചോര നന്നായൊഴുകുന്നുണ്ട്. അപ്പോഴേക്കും മുറ്റത്ത്‌ ചോര തളം കെട്ടി, മഴവെള്ളത്തില്‍ ചേരുന്നു. അമ്മമ്മ കണ്ടാല്‍ ആകെ പ്രശ്നമാവും. ഉമ്മറത്തേക്ക് കയറിയ ശങ്കുണ്ണി മാമ പന്താവൂരിലെ വെളിച്ചപ്പാടിനെപ്പോലെ വിറയ്ക്കുന്നുണ്ട്.

അമ്മ അടുക്കളയില്‍ നിന്നും ഓടിയെത്തി, "എന്തെ ശങ്കുണ്ണി മാമേ, ഈ നേരത്ത്?". ഒന്നും പറയുന്നില്ല; മിണ്ടുന്നില്ല. അമ്മ നെറ്റിയില്‍ തൊട്ട കൈ വലിച്ചെടുത്തു. "എന്റീശ്വരാ, പൊള്ള്ണ്ണ്ടല്ലോ". അപ്പോഴേക്കും ഉമ്മറം മുഴുവന്‍ ചോരയായി. "വ...വ...വരുമ്പോ കോരത്തെ വീടിന്‍റെ മു...മു... മുക്കില് വെച്ച് നായ്ക്കള് മണ്ട്യെത്തി...ക...കണ്ണ് കാണാനൂല്യ. ഓ...ഓ.. ട്യപ്പോ മൊളങ്കൂട്ടില്‍ക്ക് ചളി വഴ്ക്കി വീണു. അപ്പ്...അപ്പടി കു...കുപ്പിച്ചില്ലെര്‍ന്നു. കയ്യിന്‍റെ മുട്ടിലും കേറീട്ടുണ്ട്", ശങ്കുണ്ണി മാമ ഒരു വിധത്തില്‍ വിറച്ചു കൊണ്ട് പറഞ്ഞു തീര്‍ത്തു. "നാരായണ...നാരായണ..." അമ്മമ്മ ഉറക്കെ കരയുകയായിരുന്നു. ഞങ്ങള്‍ ആകെ പരിഭ്രമിച്ചു. "നീയിങ്ങട് വാ", അമ്മമ്മ, അമ്മയെ വിളിക്കയാണ്. "ഇത്തിരി ചൂട് വെള്ളം ഉണ്ടാക്ക് വേഗം. ഓനൊന്നു മേല് കഴുകട്ടെ". ശങ്കുണ്ണി മാമയെ, അമ്മ കുളിമുറിയിലേക്ക് പിടിച്ചു കൊണ്ട് പോകുമ്പോള്‍ ഞാന്‍ കണ്ടു: ചോരയില്‍ മുങ്ങിയ കോണകം. ഈശ്വരാ, മൂലക്കുരു. ആകെ അറപ്പായിരുന്നു എനിക്ക്. ഞങ്ങളെ മേല് കഴുകിച്ചു തരാറുള്ള പോലെ, അമ്മ, ശങ്കുണ്ണി മാമയെ കഴുകിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. എന്‍റെ മനസ്സ് വായിച്ച പോലെ അമ്മ പറഞ്ഞു, "എന്‍റെ അച്ഛനാണ് ഈ ഗതി വന്നെച്ചാ ഞാന്‍ ചെയ്യണ്ടേ?". പുതയ്ക്കാനായി അമ്മ ഒരു കരിമ്പടം കൊടുത്തു. പൊടിയരിക്കഞ്ഞി കുടിച്ചതിനു ശേഷം ധന്വന്തരം കഷായം തരാമെന്നു പറഞ്ഞു.

സുരേഷ് 19.3.09 (തുടരും) (അടുത്തത് അവസാന ഭാഗം)

 

Sunday, March 15, 2009

ശങ്കുണ്ണി മാമ (ഭാഗം നാല്)

ഒരു മഴക്കാലമാണ്. കുളവും, തോടും, പാടവും, പറമ്പും, നിറഞ്ഞൊഴുകുകയാണ്. പാലാഞ്ചി റ തോട്ടില്‍ - അച്ഛന്‍ മമ്മിത്തോട്‌ എന്നാണു പേരിട്ടിരിക്കുന്നത് - മഴക്കാലത്ത്, ഞങ്ങള്‍ കുട്ടികള്‍ കടലാസ്സ് വഞ്ചിയുണ്ടാക്കി ഒഴുക്കി കളിക്കുന്നത് ഒരു പതിവായിരുന്നു. മഴ തോര്‍ന്ന സമയത്ത് വഞ്ചിയുമായി പോയ അനിയത്തിയുടെ കൂടെ ഞാനും ചെന്നു. കോളേജിലായി ഞാനെന്നാലും, ഒരു കൊച്ചു കുട്ടിയായി വഞ്ചിയൊഴുക്കാന്‍ ഞാനും ആഗ്രഹിച്ചു. തോട്ടിനരികത്തുണ്ട് ശങ്കുണ്ണി മാമ മുണ്ട്‌ ഒലുമ്പിക്കൊണ്ട് നില്‍ക്കുന്നു. മൂലക്കുരുവിന്റെ അസുഖമുള്ള ശങ്കുണ്ണി മാമയുടെ മുണ്ടുകള്‍ അമ്മമ്മയല്ലാതെ മറ്റാരും തൊടുന്നത് ഞാന്‍ കണ്ടിട്ടില്ല. ചിലപ്പോള്‍, ചുറ്റിയ മുണ്ട്‌ അലക്കാനായി 'ഓപ്പോള്‍ കൊടുക്കണം' എന്ന് പറഞ്ഞു വീട്ടില്‍ ഇട്ടു പോയാല്‍, മുത്തച്ഛന്‍ ഇടനാഴികയില്‍ നിന്നും വിളിച്ചു പറയുന്നത് കേള്‍ക്കാം, "അതേയ്, ഇതൊക്കെ തന്‍റെ മുറീലന്നെ അങ്ങട് വെച്ചാ മതി, അതാ നല്ലദ്! മനുഷ്യന്മാര്‍ക്ക് പെരുമാറാനുള്ള സ്ഥലത്തല്ല ഇതൊക്കെ ഇട്വാ". അമ്മമ്മക്ക് അടിച്ചു കയറാന്‍ വഴി വെച്ച് കൊടുക്കുകയാണ് മുത്തച്ഛന്‍. "എന്താന്നേ, ഇവടെ വല്ലോര്‍ക്കും മാറാ വ്യാധിണ്ടോ?". മുത്തച്ഛന്‍ ഒരു മൂലയിലെക്കൊതുങ്ങും. പേടി കൊണ്ടായിരിക്കില്ല, ഈ തീപ്പൊരി ഒരഗ്നിജ്ജ്വാലയായി മാറാതിരിക്കാന്‍.

ഞങ്ങള്‍, കുട്ടികളോട്, ശങ്കുണ്ണി മാമ അധികം സംസാരിച്ചിരുന്നില്ല. അമ്മമ്മ മാത്രമാണ് തന്‍റെ വേണ്ടപ്പെട്ട ആള്‍ എന്ന തോന്നലുണ്ടായിരിക്കണം. മുണ്ട്‌ ഒലുമ്പുന്ന ശങ്കുണ്ണി മാമയോടു ഞാന്‍ ചോദിച്ചു, "എന്തിനാ ഈ സന്ധ്യാവുമ്പോ ഈ തൊട്ടും കരേല് നിക്കണത്? മുണ്ടൊക്കെ അവിടെ ആരെങ്കിലും ഒലുമ്പിത്തരില്യെ? ഇല്യെങ്കില്‍, ആ കൊമ്മ്യോടു പറഞ്ഞാല്‍ പോരെ?" തൊണ്ണ് കാട്ടി ചിരിച്ചു ഒരു നിസ്സംഗതയോടെ എന്നോട് പറഞ്ഞു, "ന്‍റെ മു...മു... മുണ്ടൊന്നും അങ്ങനെ ആരും തൊ...തൊ... തൊടില്യന്റെ കുട്ട്യേ, എനിക്കെ .... ആ സൂക്കടുണ്ട്". ഞാന്‍ തരിച്ചു നിന്ന് പോയി! ഇത്ര കാര്യ ഗൌരവത്തില്‍ സംസാരിക്കുന്ന ഈ ആളെയല്ലേ ഞങ്ങള്‍ കേള്‍ക്കിച്ചലെയും, അല്ലാതേയും കളിയാക്കി ഓരോന്ന് പറയുന്നത്. പാവം തോന്നി. പൊട്ടനെപ്പോലെ അഭിനയിക്കയാണോ? എന്നാലും ആ മുണ്ട്‌ ഒലുമ്പി ത്തരാം എന്ന് പറയാന്‍ എനിക്കായില്ല. ഒരു പക്ഷെ, ഞാന്‍ ചോദിച്ചാലും ശങ്കുണ്ണി മാമ തരികയുമില്ലായിരിക്കും.

ഒരു വിധത്തില്‍ കഴിച്ചു കൂട്ടലായിരുന്നു ഞങ്ങള്‍ക്ക് സന്ധ്യാ സമയത്തെ നാമ ജപം. എന്നിട്ട്, ഞങ്ങള്‍ പഠിക്കാനിരിക്കും. ആ സമയത്ത് ഉമ്മറത്ത്‌ ഒരു മൂലയില്‍ ശങ്കുണ്ണി മാമ നാമം ജപിക്കാനിരിക്കുന്നുണ്ടാവും. 

ചൊല്ലുന്നത് ഒന്നും പുറത്തേക്കു കേള്‍ക്കില്ല. കൌതുകം കൊണ്ട് - എഴുതാനും, വായിക്കാനും അറിയാത്ത ഈ ആള്‍ എന്ത് ചൊല്ലുന്നു എന്നറിയാന്‍ - ഞങ്ങള്‍ പല തവണ ചോദിച്ചു നോക്കിയിട്ടുണ്ട് എന്താണ് ജപിക്കുന്നതെന്ന്. എന്നാല്‍, ഒരു വാശി പോലെ, ഒരിക്കല്‍ പോലും പറയില്ല. വളരെയധികം നിര്‍ബന്ധിച്ചാല്‍, ശുണഠിയോടെ പറയും, "നാമം , അല്ലാതെന്താ?". ഞങ്ങള്‍ക്ക് ഒരു തരം നീരസം തോന്നും. ഞാനും, അനിയത്തിയും പറയും, "ഓ, ഞങ്ങളൊന്നും ശങ്കുണ്ണി മാമടെ ആര്വല്ലല്ലോ, അല്ലെ?".

ഇടനാഴികയിലിരുന്നു, മച്ചിലെയ്ക്കു (പൂജാമുറി) നോക്കിയിരുന്നു, അമ്മമ്മ നാമം ചൊല്ലുകയായിരിക്കും. ഇങ്ങനെ ചൊല്ലുന്നതിനിടയിലാണ് അമ്മയോട്, "കുട്ട്യെ, നീ കോഴിക്കൂട് അടച്ച്വോ? പടിഞ്ഞാറെ വാതില് കുറ്റിട്ട്വോ? അടുപ്പത്ത് വെള്ളം വെച്ച്വോ?", എന്നിങ്ങനെ ചോദിക്കുക. മുത്തച്ഛന്‍ ചോദിക്കും, "അല്ലാ, താന്‍ ഈശ്വര നാമം ചൊല്വാ, അതോ കാര്യന്വേഷിക്കെ?". അമ്മമ്മ, ഒന്ന് മൂക്ക് ചീറ്റി, (ദേഷ്യം വന്നാലും, സങ്കടം വന്നാലും അങ്ങിനെയാണ്), എല്ലാവരും കേള്‍ക്കാനായി പറയും: "ഞാനേ, കഴിഞ്ഞ നാല്‍പ്പതു കൊല്ലായി മൊടങ്ങാതെ ഗുരുവായൂരില്‍ മാസം തൊഴുന്നതാണ്. എനിക്കിതൊക്കെ അന്വേഷിക്കാം...ഒരു ദൈവ ദോഷോം വരില്യ".  

അതെപ്പോഴും അങ്ങിനെയാണ്. അമ്മമ്മ മച്ച് അടിച്ചു തുടയ്ക്കുന്നതിനാലും, വിളക്കില്‍ രണ്ടു നേരം തിരിയിട്ടു മച്ചിലും, തുളസിത്തറയിലും, കൂവ്വളച്ചോട്ടിലും കാണിക്കുന്നത് കൊണ്ടുമാണ് വീട്ടില്‍ സകല ഐശ്വര്യങ്ങളും ഉള്ളത് എന്നാണു പറയുക. ഭക്തി ഒരു നിഷ്ഠ തന്നെയായിരുന്നു അമ്മമ്മയ്ക്ക്; ഞങ്ങള്‍ക്ക് വെറും കാട്ടിക്കൂട്ടലും - പ്രത്യേകിച്ച് പരീക്ഷാ സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ഭക്തിയായിരുന്നു ഞങ്ങളുടേത്!

ഇങ്ങനെ നാമം ജപിക്കുന്നതിനിടയില്‍ അമ്മമ്മ, ശങ്കുണ്ണി മാമയോടു ചോദിക്കും. "നെനക്ക് 'നാമോ'ക്കെ ഓര്‍മ്മണ്ടോ?".  

"ണ്ടോ പ്ലേ".  

"ഏതാപ്പോ നീ ചൊല്ലണ്"

"ഞാ...ഞാ... ഞാനേ 'കൃ...കൃഷ്ണാ ഹരേ ജയ..' ". ഞാനും അനിയത്തിയും അന്യോന്യം നോക്കി അതിശയം കൂറും. 'കൃഷ്ണാ ഹരേ ജയ' ഞങ്ങള്‍ അമ്മമ്മയോടൊപ്പം നല്ല ഈണത്തില്‍ നീട്ടി ചൊല്ലുന്നതാണ്. എന്നാല്‍, ബുദ്ധിമുട്ടുള്ള 'ശംഖചക്ര ഗദാസരോരുഹ...' ചൊല്ലാറാവുമ്പഴേക്കും, അത് ചൊല്ലാതെ 'കാല്‍ത്താരോര്‍ത്തു ഭജിപ്പവര്‍ക്ക്..' ചൊല്ലി വേഗം നാമം നിര്‍ത്തും. അമ്മമ്മ നാമ ജപം പിന്നെയും തുടരും.

"ഹ് ഉം, വീട്ടില്‍ മൂന്നു നാല് ദിവസം മൂക്ക് മുട്ടെ തിന്നു പോകുമ്പോള്‍, ഒരഞ്ചുറുപ്യടെ കാശ്, 'ഇതാ ഓപ്ലെ, ഇത് വെച്ചോളോന്ന് പറയാ', മ് ഉം! ഓന് പറയാന്‍ തോന്ന്യോ?" ശങ്കുണ്ണി മാമ ആനക്കരക്ക് പോകയാണെന്നു പറഞ്ഞു പടിയിറങ്ങിയാല്‍ അമ്മമ്മ പറയുന്നത് കേള്‍ക്കാം. "ഓന്, പൊകലല്യാതെ, വാസനച്ചുണ്ണാമ്പില്യാതെ, വെറ്റ്ല മുറുക്കാന്‍ പറ്റില്യ! അതും ഇവ്ട്‌ന്നു എഴുന്നള്ളിക്കണം! എന്നാ, ഒരരക്കെട്ടു വെറ്റില..മ് ഉം.. അതൂല്യ! ഇതെന്താ സത്രാന്നാ വിചാരം!" ഇങ്ങനെ എണ്ണിപ്പെറുക്കി ഓരോന്ന് പറയുമ്പോള്‍, മുത്തച്ഛന്‍ അരയും തലയും മുറുക്കി കിട്ടിയ അവസരം മുതലാക്കി പറയും, "താന്‍ ഇനീം മടീലങ്ങട് പിടിച്ചിരുത്ത്വാ പുന്നാര അനിയനെ! ഒരു നാലണയ്ക്ക് മീന്‍ മേടിച്ച്‌ വന്നൂടെ? അയാള്‍ക്ക്‌ ഒരു പൊട്ടത്തരൂല്യ...സൂത്രാണ്...ഒക്കെ സൂത്രം".

അമ്മമ്മ ചുവടു മാറ്റും, "ഞാന്‍ പറഞ്ഞത് കേട്ട് ആരുംപ്പോ അങ്ങനെ ഏറ്റു പിടിക്കാന്‍ വരണ്ട. ഓന് വേണ്ടി എന്താ ചെലവായത് ന്ന് ച്ചാ, അത് ഞാന്‍ രാമകൃഷ്ണന്‍ വന്നാല്‍ അങ്ങട് തരാം, ന്തേ?".

മൂത്ത അമ്മാവന്‍, ജോലിസ്ഥലത്ത് നിന്നും മാസത്തിലൊരിക്കല്‍ - ആദ്യത്തെ ഞായറാഴ്ച - വീട്ടില്‍ വരും. അതാണ്‌ അമ്മമ്മ സൂചിപ്പിക്കുന്നത്.

സുരേഷ് (17.3.09)  

(തുടരും)