Wednesday, March 18, 2009

ശങ്കുണ്ണിമാമ (ഭാഗം അഞ്ച്)

ലൈഫ് ബോയ് സോപ്പ്, കായ ഉപ്പേരി, പിന്നെ അമ്മമ്മക്ക് ഏകാദാശിക്കുള്ള ഗോതമ്പരി, ഇങ്ങനെ പലതും അമ്മാവന്‍ കൊണ്ട് വരും. ഇതെല്ലാം എല്ലാവര്‍ക്കും കൂടിയുള്ളതാണെങ്കിലും, അമ്മമ്മയുടെ കയ്യിലാണ് കൊടുക്കുക; ഒപ്പം അമ്പതു ഉറുപ്പികയും. (ഞങ്ങള്‍ - കുട്ടികള്‍ക്ക് - ഒന്നിന്‍റെ ഒരു അലക്കിയ നോട്ട് കിട്ടും. അത് കിട്ടിയാല്‍ ഞങ്ങള്‍ മണപ്പിച്ചു നോക്കും; സ്കൂള്‍ തുറക്കുമ്പോള്‍ മേടിക്കുന്ന പുതിയ പുസ്തകത്തിന്‍റെ ഏട് തുറന്നാലത്തെ ഒരു വാസനയായിരിക്കും). ആ അമ്പതു രൂപയില്‍ നിന്നാണ് അമ്മമ്മ, ശങ്കുണ്ണി മാമക്ക്‌ വേണ്ടി ചിലവായത് നഷ്ട പരിഹാരമായി തരാമെന്നു പറയുന്നത്. പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞു വെച്ചിരിക്കുന്ന പൊടിച്ച അടക്കയെടുത്തു വായിലിടുന്നതിനിടയില്‍ മുത്തച്ഛന്‍ ചോദിക്കും, "രാമകൃഷ്ണന്‍ എന്നേ തന്‍റെ മകന്‍ മാത്രായത്?". അമ്മമ്മ, ചുറ്റും കണ്ണോടിച്ച്‌ വേറെ ആരുമില്ല എന്നുറപ്പ് വരുത്തി മെല്ലെ പറയും, "തന്താര്‍ക്കെ, മക്കളെങ്ങനെണ്ടാക്കി ഇടാനെ അറിയൂ. തള്ളാര് വേണം നോക്കിണ്ടാക്കാനും, ചികില്‍സിക്കാന്‍ കൊണ്ടോടാനും". പിന്നെ സ്വരം മാറ്റി ചോദിക്കും, " അവ്നാന്‍ ഒരു നേരം ഈ മക്കളെ കുളിപ്പിച്ചിട്ടുണ്ടോ? എട്ടു പെറ്റോളാ ഞാന്‍, ദൈവം നാലെണ്ണ്ത്തിനെ ആയുസ്സിട്ട്‌ തന്നുള്ളൂ".

പണ്ട്, കൃഷിസ്ഥലത്ത്‌ നിന്ന് നാലോ-അഞ്ചോ മാസം കൂടുമ്പോള്‍ മാത്രം വന്നിരുന്ന മുത്തച്ഛനെ കുറ്റപ്പെടുത്തിയാണ് പറയുന്നത്‌. ശണ്ഠയും ശുണ്ഠിയും ഒന്നും ഇല്ലാത്ത നേരത്ത് അമ്മമ്മ പറയുന്നത്‌ കേള്‍ക്കാം: "കണ്ട പാടത്തും പറമ്പിലും കെടന്നധ്വാനിച്ചിട്ട് എന്തെ കാര്യണ്ടായെ? ഭാഗം വെച്ചപ്പോ ഏട്ടന് ഒന്നൂല്യ". മുത്തച്ഛന്‍റെ തറവാട്ടില്‍ നോക്കി നടത്തിയിരുന്ന കൃഷിയെപ്പറ്റിയാണ്. ഭാഗം വെച്ചപ്പോ എല്ലാം മുത്തച്ഛ ന്‍റെ പെങ്ങള്‍ക്ക് കിട്ടിയത്രേ. മുത്തച്ഛന്‍റെ കഴിവില്ലായ്മ കൊണ്ടാണ് അത് സംഭവിച്ചതെന്നായിരുന്നു അമ്മമ്മയുടെ വാദം. പിന്നെ, ഒരു പക്ഷെ മുത്തച്ഛനെ ആശ്വസിപ്പിക്കാനും കൂടി എന്ന വണ്ണം പറയും, "എന്താപ്പോ, മക്കള് നന്നായപ്പോ അതൊന്നും വേണ്ടാന്നിച്ചതാവും, നിയ്ക്കറീല്യ". അമ്മമ്മയുടെ മക്കളെല്ലാം നല്ല നിലയില്‍ എത്തിയതിനെപ്പറ്റിയാണ്. "അല്ല, ഇവടെപ്പോ അതൊന്നും കിട്ടീട്ടു വേണ്ടാ കഴിയാന്‍ന്നിക്ക്യ!".

അമ്മാവന്‍ മാസാദ്യത്തില്‍ വരുന്ന വിവരം അറിഞ്ഞാല്‍ ശങ്കുണ്ണി മാമ മെല്ലെ എവിടെയ്ക്കേങ്കിലും - മിക്കവാറും നാട്ടിലെ മറ്റു നായര്‍ തറവാടുകളിലേക്ക് - പോകും. കാരണം, ഇങ്ങനെ തെണ്ടിത്തിരിഞ്ഞു നടക്കുന്നത് കണ്ടാല്‍ നല്ല ചീത്ത പറയും. ഒരു പക്ഷെ, അമ്മാവനോടും, ഞങ്ങളുടെ കുടുംബത്തിനോടും ശങ്കുണ്ണി മാമയുടെ ഏട്ടനും കുടുംബവും കാണിച്ച കൊള്ളരുതായ്മകള്‍ക്ക് ഇന്ന് മറുപടി പറയുന്നതായിരിക്കും. (എന്‍റെ നിഗമനം തെറ്റായിരിക്കാം). അമ്മാവന്റെ മുന്നില്‍ വെച്ച് അമ്മമ്മ ഒരക്ഷരം എതിര്‍ത്ത് പറയുകയില്ല - ചിലപ്പോള്‍ വഴി തെറ്റി ശങ്കുണ്ണി മാമ പ്രത്യക്ഷപ്പെട്ടാല്‍. അമ്മാവന്റെ കൂടെ കൂടി അമ്മമ്മയും നല്ല ചീത്ത പറയും.

മിക്കവാറും ഞങ്ങളുടെ അടുത്തുള്ള തപാലാപ്പീസില്‍ പെന്‍ഷന്‍ എത്തുമ്പോഴേക്കും ശങ്കുണ്ണി മാമ വന്നിരിക്കും. കാരണം, പെന്‍ഷന്‍ എത്തിക്കഴിഞ്ഞാല്‍ തപാലധികൃതര്‍ക്ക് അത് സമയപരിധിയ്ക്കപ്പുറം വെച്ചിരിക്കാന്‍ അധികാരമില്ല. പെന്‍ഷന്‍ വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ, പാലപ്പെട്ടി, അയിരൂര്‍, ചെറായി, മനയ്ക്കല്‍ എന്നിവിടങ്ങളിലേക്ക് ഒരു സര്‍ക്കീട്ടുണ്ട്. മനയ്ക്കല്‍ (നമ്പൂരി ഇല്ലം) ശങ്കുണ്ണി മാമയുടെ വേണ്ടപ്പെട്ട ഇടമാണ് എന്നാണു അമ്മമ്മ പറയാറുള്ളത്. അതിന്റെ പൊരുള്‍ എനിക്ക് തീരെ മനസ്സിലായില്ല. എന്തായാലും, മനയ്ക്കല്‍ ഇത്തിരി നൊസ്സുള്ള ഒരു തമ്പ്രാന്‍ ഉണ്ടായിരുന്നത്രേ. കഥ ഏകദേശം കൂട്ടിമുട്ടിക്കാന്‍ ഞാന്‍ നോക്കി: അപ്പോള്‍ ശങ്കുണ്ണി മാമ, ആ തമ്പ്രാന്റെ....? അറിയില്ല. "ങ്ങനെ ഒരു പൊട്ടനായതോണ്ടല്ലേ, അല്ലെങ്കി അവടെ ഭാഗം വെക്കുമ്പോ ഓനും കിട്ടീര്‍ന്നു ഒരോഹരി", അമ്മമ്മ പറയാറുള്ളത് ഓര്‍ത്തു.

മുറ്റത്തെ ഒളോര്‍ മാവില്‍നിന്നും 'ധീം' 'ധീം' എന്നിങ്ങനെ ചക്ക വീഴുന്ന പോലെ മാങ്ങ വീഴുന്നുണ്ട്‌. നല്ല വലിപ്പമുള്ള മാങ്ങയാണ്‌ ഒളോര്‍ മാവിന്‍റെത്. നല്ല കാറ്റും, മഴയുമുണ്ട്. നേരം സന്ധ്യ മയങ്ങുന്നേയുള്ളൂ, പക്ഷെ പതിവിലും നേരത്തെ ഇരുട്ട് പടര്‍ന്നു. ഞാന്‍ ജനലഴികളിലൂടെ പുറത്തേക്കു കയ്യിട്ട് മേല്‍പ്പുരയില്‍ നിന്നും ഇറ്റു വീഴുന്ന മഴ വെള്ളം തെറിപ്പിച്ച് നില്‍ക്കയായിരുന്നു. ദൂരെ, ചായപ്പീടികയുടെ മൂലയില്‍ നിന്നും ഒരു വെള്ള നിറം മെല്ലെ നീങ്ങി വരുന്നുണ്ട്. ആരാണീ നേരത്ത് കുളിച്ചു വരുന്നത്? 'മന്ത്' ഗോപാലനായിരിക്കും. അവനാണ് നട്ടുച്ചക്കും, നട്ടപ്പാതിരക്കും, അസമയത്തും മറ്റും കുളി പതിവ്. കള്ള് മേടിച്ചു കൊടുത്താല്‍ ആരെ വേണമെങ്കിലും ചീത്ത വിളിക്കും; അവരുടെ വീടിന്‍റെ പടിക്കല്‍ നേരം വെളുക്കുന്നത്‌ വരെ ഇരുന്നു കൂക്കി വിളിക്കും. പാവം ഭാര്യയേയും മക്കളെയും ആലോചിച്ചിട്ടാണ് ആരും അവന്‍റെ മേല് കയ്യ് വെക്കാത്തത്. ആ രൂപം ഇങ്ങോട്ടാണല്ലോ പടി കേറി വരുന്നത്. ഈശ്വരാ! ശങ്കുണ്ണി മാമ! കാലിന്‍റെ മുട്ടില്‍ വലിയ ഒരു കെട്ടുണ്ട്. തലയില്‍ മഴ കൊള്ളാതിരിക്കാനായി കെട്ടിയ തോര്‍ത്ത്‌ മുണ്ട് നനഞ്ഞു കുളിച്ചിരിക്കുന്നു. വേച്ച്-വേച്ചാണ് നടപ്പ്. പുറത്തു ഭാണ്ഡം മുഴുവന്‍ നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. ഞാനുറക്കെ വിളിച്ചു പറഞ്ഞു, "അമ്മമ്മേ ഇതാ ശങ്കുണ്ണി മാമ ഈ കാറ്റത്തും മഴയത്തും കേറി വരുണൂ". അത് പറഞ്ഞു തീരലും ഒരു വലിയ ഇടി മിന്നി വെട്ടി. എന്‍റെ കണ്ണ് മഞ്ഞളിച്ചു പോയി. "ന്‍റെ കുട്ട്യേ", എന്ന് നിലവിളിച്ച്‌ അമ്മമ്മ ഉമ്മറത്തെക്കോടിയെത്തി. ശങ്കുണ്ണി മാമയുടെ കാലില്‍ നിന്നും ചോര നന്നായൊഴുകുന്നുണ്ട്. അപ്പോഴേക്കും മുറ്റത്ത്‌ ചോര തളം കെട്ടി, മഴവെള്ളത്തില്‍ ചേരുന്നു. അമ്മമ്മ കണ്ടാല്‍ ആകെ പ്രശ്നമാവും. ഉമ്മറത്തേക്ക് കയറിയ ശങ്കുണ്ണി മാമ പന്താവൂരിലെ വെളിച്ചപ്പാടിനെപ്പോലെ വിറയ്ക്കുന്നുണ്ട്.

അമ്മ അടുക്കളയില്‍ നിന്നും ഓടിയെത്തി, "എന്തെ ശങ്കുണ്ണി മാമേ, ഈ നേരത്ത്?". ഒന്നും പറയുന്നില്ല; മിണ്ടുന്നില്ല. അമ്മ നെറ്റിയില്‍ തൊട്ട കൈ വലിച്ചെടുത്തു. "എന്റീശ്വരാ, പൊള്ള്ണ്ണ്ടല്ലോ". അപ്പോഴേക്കും ഉമ്മറം മുഴുവന്‍ ചോരയായി. "വ...വ...വരുമ്പോ കോരത്തെ വീടിന്‍റെ മു...മു... മുക്കില് വെച്ച് നായ്ക്കള് മണ്ട്യെത്തി...ക...കണ്ണ് കാണാനൂല്യ. ഓ...ഓ.. ട്യപ്പോ മൊളങ്കൂട്ടില്‍ക്ക് ചളി വഴ്ക്കി വീണു. അപ്പ്...അപ്പടി കു...കുപ്പിച്ചില്ലെര്‍ന്നു. കയ്യിന്‍റെ മുട്ടിലും കേറീട്ടുണ്ട്", ശങ്കുണ്ണി മാമ ഒരു വിധത്തില്‍ വിറച്ചു കൊണ്ട് പറഞ്ഞു തീര്‍ത്തു. "നാരായണ...നാരായണ..." അമ്മമ്മ ഉറക്കെ കരയുകയായിരുന്നു. ഞങ്ങള്‍ ആകെ പരിഭ്രമിച്ചു. "നീയിങ്ങട് വാ", അമ്മമ്മ, അമ്മയെ വിളിക്കയാണ്. "ഇത്തിരി ചൂട് വെള്ളം ഉണ്ടാക്ക് വേഗം. ഓനൊന്നു മേല് കഴുകട്ടെ". ശങ്കുണ്ണി മാമയെ, അമ്മ കുളിമുറിയിലേക്ക് പിടിച്ചു കൊണ്ട് പോകുമ്പോള്‍ ഞാന്‍ കണ്ടു: ചോരയില്‍ മുങ്ങിയ കോണകം. ഈശ്വരാ, മൂലക്കുരു. ആകെ അറപ്പായിരുന്നു എനിക്ക്. ഞങ്ങളെ മേല് കഴുകിച്ചു തരാറുള്ള പോലെ, അമ്മ, ശങ്കുണ്ണി മാമയെ കഴുകിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. എന്‍റെ മനസ്സ് വായിച്ച പോലെ അമ്മ പറഞ്ഞു, "എന്‍റെ അച്ഛനാണ് ഈ ഗതി വന്നെച്ചാ ഞാന്‍ ചെയ്യണ്ടേ?". പുതയ്ക്കാനായി അമ്മ ഒരു കരിമ്പടം കൊടുത്തു. പൊടിയരിക്കഞ്ഞി കുടിച്ചതിനു ശേഷം ധന്വന്തരം കഷായം തരാമെന്നു പറഞ്ഞു.

സുരേഷ് 19.3.09 (തുടരും) (അടുത്തത് അവസാന ഭാഗം)

 

No comments:

Post a Comment