Friday, February 12, 2010

പാഴ്ച്ചിന്തകള്‍ - 2


പാഴ്ച്ചിന്തകള്‍ - 2

പറഞ്ഞു നിര്‍ത്തിയിടത്തു നിന്ന് തുടങ്ങാനായി ഒരു സംഭവം കൂടി ഉണ്ടായി.

എന്‍റെ ഒരു കസിന്‍ സിസ്റ്റര്‍ കുറച്ചു ദിവസത്തെ അവധിക്കായി വന്നിരുന്നു. ഒരു കുഞ്ഞു വാവയുണ്ടവള്‍ക്ക്. ഒരു മിടുക്കി. രണ്ടോ മൂന്നോ കൊല്ലം മുന്‍പ് കണ്ടതാണ്. എനിക്ക് ഏറെ ഇഷ്ടമുള്ള എന്‍റെ കസിന്‍ സിസ്റ്റര്‍. അവളുടെ മോള്‍...കണ്ടിട്ട് കുറച്ചു കാലമായി. മൂത്തവരെ കാണാന്‍ വരുമെന്ന എന്‍റെ പ്രതീക്ഷ ചെറിയ നാമ്പെടുത്തു വളര്‍ന്നിരിന്നു. എനിക്ക് പോയി കാണാം. കാണണം. മനസ്സില്‍ ഉറച്ചിരുന്നു. അവള്‍ക്കു എന്‍റെ മക്കളെയും കാണാന്‍ ആഗ്രഹമുണ്ടാകില്ലെന്നില്ലല്ലോ! അതിനാല്‍ പ്രതീക്ഷിക്കാം.

പെട്ടെന്ന് അവള്‍ പോകയാണെന്ന വിവരം അറിഞ്ഞപ്പോള്‍ ഞാനാകെ വിഷമത്തിലായി. ഫോണ്‍ ചെയ്തു ഞാന്‍ പറഞ്ഞു, നിന്‍റെ മോളെയൊന്നു കാണണമെന്നുണ്ടായിരുന്നു; ഇപ്പോള്‍ വരാന്‍ ഒക്കുകയുമില്ല. എന്ത് ചെയ്യും. അതൊന്നും സാരമില്ലെന്നേ, എന്ന ഒരു മറുപടി. അപ്പോള്‍ ഞാന്‍ കാണാന്‍ കഴിയാത്തതിലുള്ള എന്‍റെ വിഷമം അവള്‍ക്കൊരു വിഷയമല്ല എന്നത് പോകട്ടെ, എന്‍റെ മക്കളെ അവള്‍ക്കു കാണാന്‍ കഴിഞ്ഞില്ല എന്ന വിഷമം ഒട്ടും സംസാരത്തില്‍ വന്നത് പോലുമില്ല. അവരെ കുറ്റം പറയാന്‍ കഴിയില്ല. സ്നേഹവും അതില്‍ നിന്നുടലെടുക്കുന്ന ബന്ധവും ഒട്ടും കാണാത്ത സമൂഹത്തിലെ കുട്ടികളാണവര്‍. കഴിയുമെങ്കില്‍ അച്ഛനമ്മമാര്‍ ഓര്‍മ്മിപ്പിച്ചു കൊടുത്താല്‍ ....

അവള്‍ ഇന്നും എനിക്ക് കുട്ടിയാണ്. ഒട്ടും പരിഭവമില്ല. മാമൂലുകള്‍ തെറ്റിക്കണം. ഞാന്‍ പോയിക്കണ്ടു ആ കുരുന്നിനെ! വേണം, എനിക്ക് എന്‍റെ പ്രിയപ്പെട്ടവരെ ഓരോരുത്തരെയും ഓര്‍ക്കണം, കാണണം. അവര്‍ക്ക് വേണ്ടെങ്കിലും എനിക്ക് ഏവരെയും വേണം. സമയവും സന്ദര്‍ഭവും നാം ഒരുക്കണം. അതിനായി വഴി കണ്ടെ ത്തെണം. ഈ ഒരു കൊച്ചു മനുഷ്യ ജന്മത്തില്‍ എന്തിനു വീറും വാശിയും?

(തുടരും)

സുരേഷ് (12.Feb.10)

http://shaivyam.blogspot.com

Thursday, February 11, 2010

പാഴ്ച്ചിന്തകള്‍

പാഴ്ച്ചിന്തകള്‍


"എന്തന്ന്യായാലും ഓനൊരു കത്ത് എഴുതിട്ടാ എന്താ നഷ്ടം? വാശീം വൈരാഗ്യോം ആയിക്കോട്ടെ, അത് മനുഷ്യ ജന്മത്തില് പറഞ്ഞിട്ടുള്ളതാ. എന്ന് വെച്ച് ജീവിതകാലം മുഴ്വോനും അത് വെച്ച് നടക്കണോ? ഓനൂല്യെ കുട്ട്യോളും, മക്കളും, കുടുംബോം? എന്തൊക്കെ പറഞ്ഞാലും ഞാന്‍ ഓന്റെ മൂത്തതല്ലേ?".

പണ്ട് അമ്മമ്മ ഇങ്ങനെ ചെറിയ ചെറിയ പരിഭവങ്ങളും പരാതികളും ഉമ്മറത്തിരുന്നു നാലും കൂട്ടി മുറുക്കുന്ന നേരത്ത് പറയുന്നത് കേള്‍ക്കാം. കുടുംബ ബന്ധങ്ങള്‍ തകരുന്നതും, എല്ലാവരും ചെറിയ ചെറിയ കുടുംബങ്ങളായി തറവാട്ടില്‍ നിന്നും അറ്റ് പോകുന്നതും ആയിരുന്നു വിഷയം. ഇന്ന് ഞാന്‍ ഏറെ ആലോചിച്ച ഒരു വിഷയമായിരുന്നു ഇത്. അമ്മമ്മയുടെ തണലില്‍ ഏറെ കഴിഞ്ഞ എനിക്ക് ഒട്ടു മിക്ക അന്ധവിശ്വാസങ്ങളും, മാമൂലുകളും അറിയാമായിരുന്നു എന്നതത് നാളേറെക്കഴിഞ്ഞാണ് എനിയ്ക്ക് തന്നെ ബോധ്യപ്പെട്ടത്. ചെറുപ്പത്തില്‍ അത്തരം വിശ്വാസങ്ങളും മറ്റും അടിച്ചേല്‍പ്പിച്ചതല്ല എങ്കിലും, എന്‍റെ ഉപബോധമനസ്സ് അതെല്ലാം ഒപ്പിയെടുത്തിരിക്കണം.

'വറ്റാ'യ കൈ കൊണ്ട് ഉപ്പു പാത്രം തൊടരുത് (കാരണം ഉപ്പ് മരിക ഒന്നേയുള്ളൂ - അത് ഏകാദശി ദിവസവും അമ്മമ്മയ്ക്ക് വേണ്ടതാണ്), ഊണ് കഴിഞ്ഞ സ്ഥലത്ത് തളിക്കാതെ ചവിട്ടരുത്, പലകയിട്ട് മാത്രമേ നിലത്തിരിക്കാവൂ, നിറഞ്ഞ സന്ധ്യക്ക്‌ ആഹാരം കഴിക്കരുത്, രാത്രി മോര് കൂട്ടരുത്, മൂത്തവരുടെ മുന്‍പില്‍ കാലിന്മേല്‍ കാലു കയറ്റി വെച്ച് ഇരിക്കരുത്, ഗുരുക്കന്മാരേയും, മൂത്തവരെയും കണ്ടാല്‍ മുണ്ട് മടിക്കുത്ത് കുത്തി നില്‍ക്കരുത്, കാലു കഴുകുമ്പോള്‍ മടമ്പ് മുഴുവനും കഴുകാന്‍ ശ്രദ്ധ വെക്കണം (കാരണം മുഴുവന്‍ കഴുകാതിരുന്നാല്‍, അതിലൂടെയാണത്രെ 'കലി' ശരീരത്തില്‍ പ്രവേശിക്കുന്നത്), ചൊവ്വയും ശനിയും മുടി വെട്ടിക്കരുത്, ത്രിസന്ധ്യക്ക്‌ ഇറങ്ങി നടക്കരുത്, ഇങ്ങനെ പോകുന്നു സ്നേഹത്തോടെയുള്ള ആ ഉപദേശങ്ങളും, ജാഗ്രതാ നിര്‍ദ്ദേശങ്ങളും....

ഇതിപ്പോ പറയാന്‍ എന്താണ് കാരണം? ഉണ്ട്. എനിക്കിന്ന് തോന്നി എന്‍റെ തുടര്‍ച്ചയായി വരുന്ന തലമുറ അമ്മമ്മ പറഞ്ഞ ഈ കാര്യങ്ങളൊക്കെ അറിഞ്ഞിട്ടുണ്ടോ? ഈ generation gap എന്നും ഒരു സംസാര വിഷയം തന്നെയാണല്ലോ. എന്നിരുന്നാലും ഞാന്‍ പരമാവധി സ്നേഹവും, ബഹുമാനവും എന്‍റെ കുടുംബത്തിലെയും,
അല്ലാതെയുമുള്ള വര്‍ക്കും കൊടുത്തു എന്നാണെന്‍റെ വിശ്വാസം - ആ വിശ്വാസം ശരിയാണെന്ന് തന്നെ തോന്നുന്നു.

പക്ഷെ എന്‍റെ വയസ്സിനിളപ്പമുള്ള ഒറ്റയാളും ഇത്തരം ഒരു പരിഗണനയ്ക്ക് എന്നെ പാത്രമാക്കിയിട്ടുണ്ടോ എന്ന ബലമായ ഒരു സംശയമാണ് ഇന്നെഴുതുവാന്‍ പ്രേരിപ്പിച്ചത്.

"വയസ്സിനു മൂത്തത് ഞാനല്ലേ, ഓനൊരു കത്തെഴുതിയാല്‍ എന്താ ചേതം?" അമ്മമ്മ വീണ്ടും ഓര്‍മ്മയില്‍ വരുന്നു.

അപ്പോള്‍, മൂത്തവരെ വയസ്സിനിളപ്പമുള്ളവര്‍ ഒന്ന് പരിഗണിച്ചാല്‍ വല്യേ കുഴപ്പമൊന്നുമില്ല. അതല്ലേ? ഇനി ഞാന്‍ ഇത്തരം വിശ്വാസങ്ങള്‍ മുറുകെ പിടിച്ചു എന്‍റെ കാരണവന്മാരെയും വയസ്സിനു മൂത്തവരെയും മാത്രമേ ബഹുമാനിക്കുന്നുള്ളൂ, ഇടയ്ക്കൊക്കെ എഴുത്തെഴുതുകയും ഫോണ്‍ ചെയ്യുകയും ചെയ്യുന്നുള്ളൂ എന്നാണോ? അല്ല, ഒരു പരിധി വരെ ഞാനെല്ലാവരെയും വിളിക്കുകയും, കത്തെഴുതുകയും പതിവായിരുന്നു. പിന്നെ, ഒരു തരം മരവിപ്പ് അനുഭവപ്പെട്ടു തുടങ്ങി. എല്ലാം ഒരു one way traffic ട്രാഫിക്‌ ആയി മാറിയ പോലെ. ആര്‍ക്കും സമയമില്ല. ഇന്ന് ഒട്ടും effort എടുക്കാതെ, അധിക സമയം പാഴാക്കാതെ ആശയ വിനിമയം നടത്താന്‍ ഇ-മെയില്‍ നമുക്കുണ്ടല്ലോ. കീ ബോര്‍ഡില്‍ how are you എന്ന് type ചെയ്യാന്‍ പോലും സമയമില്ല എങ്കില്‍, എന്‍റെ വ്യാകുലതകള്‍ ഞാന്‍ എവിടെ കൊണ്ട് വെയ്ക്കും? മിക്കവര്‍ക്കും മൊബൈല്‍ ഫോണ്‍ ഉണ്ട്. വിളിച്ചാല്‍ എടുക്കില്ല, രണ്ടാമതും വിളിച്ചാല്‍ ബുദ്ധിമുട്ടി എടുത്തിട്ട് പറയും, ബിസി ആണ് തിരിച്ചു വിളിയ്ക്കാം. പക്ഷെ എന്ന് വിളിക്കും എന്ന് പറയാത്തതിനാല്‍ കാത്തിരിക്കുക തന്നെ!

Cousin brothers, cousin sisters എന്നും മറ്റും നാം പറയാറുണ്ടല്ലോ. എനിയ്ക്ക് ഇന്ന് എന്‍റെ ഓഫീസ് സംബന്ധപരമായി അടുപ്പമുള്ള വിദേശികള്‍ - ഏകദേശം 40 രാജ്യങ്ങളിലുള്ളവര്‍ - കൂടുതല്‍ അടുത്ത brothers/sisters ഉം ആയി മാറിയിരിക്കുന്നു. ഞാന്‍ എടുത്തു കളിപ്പിച്ച, കൂടെ കളിച്ചു നടന്ന എന്‍റെ തന്നെ അനിയന്മാരും, അനിയത്തിമാരും - അവര്‍ക്ക് ഞാന്‍ അന്യനായിരിക്കുന്നു.

എവിടെയായാലും, സന്തോഷത്തോടും സമാധാനത്തോടും കൂടെ കഴിയുക. എല്ലാവര്‍ക്കും നന്മകള്‍ മാത്രം നേരുന്നു.

(തുടരും)

സുരേഷ് (11.Feb.10)

http://shaivyam.blogspot.com