Sunday, March 15, 2009

ശങ്കുണ്ണി മാമ (ഭാഗം നാല്)

ഒരു മഴക്കാലമാണ്. കുളവും, തോടും, പാടവും, പറമ്പും, നിറഞ്ഞൊഴുകുകയാണ്. പാലാഞ്ചി റ തോട്ടില്‍ - അച്ഛന്‍ മമ്മിത്തോട്‌ എന്നാണു പേരിട്ടിരിക്കുന്നത് - മഴക്കാലത്ത്, ഞങ്ങള്‍ കുട്ടികള്‍ കടലാസ്സ് വഞ്ചിയുണ്ടാക്കി ഒഴുക്കി കളിക്കുന്നത് ഒരു പതിവായിരുന്നു. മഴ തോര്‍ന്ന സമയത്ത് വഞ്ചിയുമായി പോയ അനിയത്തിയുടെ കൂടെ ഞാനും ചെന്നു. കോളേജിലായി ഞാനെന്നാലും, ഒരു കൊച്ചു കുട്ടിയായി വഞ്ചിയൊഴുക്കാന്‍ ഞാനും ആഗ്രഹിച്ചു. തോട്ടിനരികത്തുണ്ട് ശങ്കുണ്ണി മാമ മുണ്ട്‌ ഒലുമ്പിക്കൊണ്ട് നില്‍ക്കുന്നു. മൂലക്കുരുവിന്റെ അസുഖമുള്ള ശങ്കുണ്ണി മാമയുടെ മുണ്ടുകള്‍ അമ്മമ്മയല്ലാതെ മറ്റാരും തൊടുന്നത് ഞാന്‍ കണ്ടിട്ടില്ല. ചിലപ്പോള്‍, ചുറ്റിയ മുണ്ട്‌ അലക്കാനായി 'ഓപ്പോള്‍ കൊടുക്കണം' എന്ന് പറഞ്ഞു വീട്ടില്‍ ഇട്ടു പോയാല്‍, മുത്തച്ഛന്‍ ഇടനാഴികയില്‍ നിന്നും വിളിച്ചു പറയുന്നത് കേള്‍ക്കാം, "അതേയ്, ഇതൊക്കെ തന്‍റെ മുറീലന്നെ അങ്ങട് വെച്ചാ മതി, അതാ നല്ലദ്! മനുഷ്യന്മാര്‍ക്ക് പെരുമാറാനുള്ള സ്ഥലത്തല്ല ഇതൊക്കെ ഇട്വാ". അമ്മമ്മക്ക് അടിച്ചു കയറാന്‍ വഴി വെച്ച് കൊടുക്കുകയാണ് മുത്തച്ഛന്‍. "എന്താന്നേ, ഇവടെ വല്ലോര്‍ക്കും മാറാ വ്യാധിണ്ടോ?". മുത്തച്ഛന്‍ ഒരു മൂലയിലെക്കൊതുങ്ങും. പേടി കൊണ്ടായിരിക്കില്ല, ഈ തീപ്പൊരി ഒരഗ്നിജ്ജ്വാലയായി മാറാതിരിക്കാന്‍.

ഞങ്ങള്‍, കുട്ടികളോട്, ശങ്കുണ്ണി മാമ അധികം സംസാരിച്ചിരുന്നില്ല. അമ്മമ്മ മാത്രമാണ് തന്‍റെ വേണ്ടപ്പെട്ട ആള്‍ എന്ന തോന്നലുണ്ടായിരിക്കണം. മുണ്ട്‌ ഒലുമ്പുന്ന ശങ്കുണ്ണി മാമയോടു ഞാന്‍ ചോദിച്ചു, "എന്തിനാ ഈ സന്ധ്യാവുമ്പോ ഈ തൊട്ടും കരേല് നിക്കണത്? മുണ്ടൊക്കെ അവിടെ ആരെങ്കിലും ഒലുമ്പിത്തരില്യെ? ഇല്യെങ്കില്‍, ആ കൊമ്മ്യോടു പറഞ്ഞാല്‍ പോരെ?" തൊണ്ണ് കാട്ടി ചിരിച്ചു ഒരു നിസ്സംഗതയോടെ എന്നോട് പറഞ്ഞു, "ന്‍റെ മു...മു... മുണ്ടൊന്നും അങ്ങനെ ആരും തൊ...തൊ... തൊടില്യന്റെ കുട്ട്യേ, എനിക്കെ .... ആ സൂക്കടുണ്ട്". ഞാന്‍ തരിച്ചു നിന്ന് പോയി! ഇത്ര കാര്യ ഗൌരവത്തില്‍ സംസാരിക്കുന്ന ഈ ആളെയല്ലേ ഞങ്ങള്‍ കേള്‍ക്കിച്ചലെയും, അല്ലാതേയും കളിയാക്കി ഓരോന്ന് പറയുന്നത്. പാവം തോന്നി. പൊട്ടനെപ്പോലെ അഭിനയിക്കയാണോ? എന്നാലും ആ മുണ്ട്‌ ഒലുമ്പി ത്തരാം എന്ന് പറയാന്‍ എനിക്കായില്ല. ഒരു പക്ഷെ, ഞാന്‍ ചോദിച്ചാലും ശങ്കുണ്ണി മാമ തരികയുമില്ലായിരിക്കും.

ഒരു വിധത്തില്‍ കഴിച്ചു കൂട്ടലായിരുന്നു ഞങ്ങള്‍ക്ക് സന്ധ്യാ സമയത്തെ നാമ ജപം. എന്നിട്ട്, ഞങ്ങള്‍ പഠിക്കാനിരിക്കും. ആ സമയത്ത് ഉമ്മറത്ത്‌ ഒരു മൂലയില്‍ ശങ്കുണ്ണി മാമ നാമം ജപിക്കാനിരിക്കുന്നുണ്ടാവും. 

ചൊല്ലുന്നത് ഒന്നും പുറത്തേക്കു കേള്‍ക്കില്ല. കൌതുകം കൊണ്ട് - എഴുതാനും, വായിക്കാനും അറിയാത്ത ഈ ആള്‍ എന്ത് ചൊല്ലുന്നു എന്നറിയാന്‍ - ഞങ്ങള്‍ പല തവണ ചോദിച്ചു നോക്കിയിട്ടുണ്ട് എന്താണ് ജപിക്കുന്നതെന്ന്. എന്നാല്‍, ഒരു വാശി പോലെ, ഒരിക്കല്‍ പോലും പറയില്ല. വളരെയധികം നിര്‍ബന്ധിച്ചാല്‍, ശുണഠിയോടെ പറയും, "നാമം , അല്ലാതെന്താ?". ഞങ്ങള്‍ക്ക് ഒരു തരം നീരസം തോന്നും. ഞാനും, അനിയത്തിയും പറയും, "ഓ, ഞങ്ങളൊന്നും ശങ്കുണ്ണി മാമടെ ആര്വല്ലല്ലോ, അല്ലെ?".

ഇടനാഴികയിലിരുന്നു, മച്ചിലെയ്ക്കു (പൂജാമുറി) നോക്കിയിരുന്നു, അമ്മമ്മ നാമം ചൊല്ലുകയായിരിക്കും. ഇങ്ങനെ ചൊല്ലുന്നതിനിടയിലാണ് അമ്മയോട്, "കുട്ട്യെ, നീ കോഴിക്കൂട് അടച്ച്വോ? പടിഞ്ഞാറെ വാതില് കുറ്റിട്ട്വോ? അടുപ്പത്ത് വെള്ളം വെച്ച്വോ?", എന്നിങ്ങനെ ചോദിക്കുക. മുത്തച്ഛന്‍ ചോദിക്കും, "അല്ലാ, താന്‍ ഈശ്വര നാമം ചൊല്വാ, അതോ കാര്യന്വേഷിക്കെ?". അമ്മമ്മ, ഒന്ന് മൂക്ക് ചീറ്റി, (ദേഷ്യം വന്നാലും, സങ്കടം വന്നാലും അങ്ങിനെയാണ്), എല്ലാവരും കേള്‍ക്കാനായി പറയും: "ഞാനേ, കഴിഞ്ഞ നാല്‍പ്പതു കൊല്ലായി മൊടങ്ങാതെ ഗുരുവായൂരില്‍ മാസം തൊഴുന്നതാണ്. എനിക്കിതൊക്കെ അന്വേഷിക്കാം...ഒരു ദൈവ ദോഷോം വരില്യ".  

അതെപ്പോഴും അങ്ങിനെയാണ്. അമ്മമ്മ മച്ച് അടിച്ചു തുടയ്ക്കുന്നതിനാലും, വിളക്കില്‍ രണ്ടു നേരം തിരിയിട്ടു മച്ചിലും, തുളസിത്തറയിലും, കൂവ്വളച്ചോട്ടിലും കാണിക്കുന്നത് കൊണ്ടുമാണ് വീട്ടില്‍ സകല ഐശ്വര്യങ്ങളും ഉള്ളത് എന്നാണു പറയുക. ഭക്തി ഒരു നിഷ്ഠ തന്നെയായിരുന്നു അമ്മമ്മയ്ക്ക്; ഞങ്ങള്‍ക്ക് വെറും കാട്ടിക്കൂട്ടലും - പ്രത്യേകിച്ച് പരീക്ഷാ സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ഭക്തിയായിരുന്നു ഞങ്ങളുടേത്!

ഇങ്ങനെ നാമം ജപിക്കുന്നതിനിടയില്‍ അമ്മമ്മ, ശങ്കുണ്ണി മാമയോടു ചോദിക്കും. "നെനക്ക് 'നാമോ'ക്കെ ഓര്‍മ്മണ്ടോ?".  

"ണ്ടോ പ്ലേ".  

"ഏതാപ്പോ നീ ചൊല്ലണ്"

"ഞാ...ഞാ... ഞാനേ 'കൃ...കൃഷ്ണാ ഹരേ ജയ..' ". ഞാനും അനിയത്തിയും അന്യോന്യം നോക്കി അതിശയം കൂറും. 'കൃഷ്ണാ ഹരേ ജയ' ഞങ്ങള്‍ അമ്മമ്മയോടൊപ്പം നല്ല ഈണത്തില്‍ നീട്ടി ചൊല്ലുന്നതാണ്. എന്നാല്‍, ബുദ്ധിമുട്ടുള്ള 'ശംഖചക്ര ഗദാസരോരുഹ...' ചൊല്ലാറാവുമ്പഴേക്കും, അത് ചൊല്ലാതെ 'കാല്‍ത്താരോര്‍ത്തു ഭജിപ്പവര്‍ക്ക്..' ചൊല്ലി വേഗം നാമം നിര്‍ത്തും. അമ്മമ്മ നാമ ജപം പിന്നെയും തുടരും.

"ഹ് ഉം, വീട്ടില്‍ മൂന്നു നാല് ദിവസം മൂക്ക് മുട്ടെ തിന്നു പോകുമ്പോള്‍, ഒരഞ്ചുറുപ്യടെ കാശ്, 'ഇതാ ഓപ്ലെ, ഇത് വെച്ചോളോന്ന് പറയാ', മ് ഉം! ഓന് പറയാന്‍ തോന്ന്യോ?" ശങ്കുണ്ണി മാമ ആനക്കരക്ക് പോകയാണെന്നു പറഞ്ഞു പടിയിറങ്ങിയാല്‍ അമ്മമ്മ പറയുന്നത് കേള്‍ക്കാം. "ഓന്, പൊകലല്യാതെ, വാസനച്ചുണ്ണാമ്പില്യാതെ, വെറ്റ്ല മുറുക്കാന്‍ പറ്റില്യ! അതും ഇവ്ട്‌ന്നു എഴുന്നള്ളിക്കണം! എന്നാ, ഒരരക്കെട്ടു വെറ്റില..മ് ഉം.. അതൂല്യ! ഇതെന്താ സത്രാന്നാ വിചാരം!" ഇങ്ങനെ എണ്ണിപ്പെറുക്കി ഓരോന്ന് പറയുമ്പോള്‍, മുത്തച്ഛന്‍ അരയും തലയും മുറുക്കി കിട്ടിയ അവസരം മുതലാക്കി പറയും, "താന്‍ ഇനീം മടീലങ്ങട് പിടിച്ചിരുത്ത്വാ പുന്നാര അനിയനെ! ഒരു നാലണയ്ക്ക് മീന്‍ മേടിച്ച്‌ വന്നൂടെ? അയാള്‍ക്ക്‌ ഒരു പൊട്ടത്തരൂല്യ...സൂത്രാണ്...ഒക്കെ സൂത്രം".

അമ്മമ്മ ചുവടു മാറ്റും, "ഞാന്‍ പറഞ്ഞത് കേട്ട് ആരുംപ്പോ അങ്ങനെ ഏറ്റു പിടിക്കാന്‍ വരണ്ട. ഓന് വേണ്ടി എന്താ ചെലവായത് ന്ന് ച്ചാ, അത് ഞാന്‍ രാമകൃഷ്ണന്‍ വന്നാല്‍ അങ്ങട് തരാം, ന്തേ?".

മൂത്ത അമ്മാവന്‍, ജോലിസ്ഥലത്ത് നിന്നും മാസത്തിലൊരിക്കല്‍ - ആദ്യത്തെ ഞായറാഴ്ച - വീട്ടില്‍ വരും. അതാണ്‌ അമ്മമ്മ സൂചിപ്പിക്കുന്നത്.

സുരേഷ് (17.3.09)  

(തുടരും)

1 comment:

  1. ഓര്‍മ്മകള്‍ വീണ്ടും തുടരുന്നൂ...

    ReplyDelete