Friday, January 16, 2009

വലിയകുളം

(ഈ കഥ കുട്ടികള്‍ക്ക് വേണ്ടി)


"ഞാനൊക്കെ ഒരു ദിവസം പന്ത്രണ്ടു മൈലില്‍ക്കൂടുതല്‍ നടന്നിട്ടാണ് സ്കൂളില്‍ പോയി വന്നിരുന്നത്", അച്ഛന്‍ ഇടയ്ക്ക് പറയാറുണ്ട്. ഇങ്ങനെ വെറുതെ തുടങ്ങുന്ന സംഭാഷണങ്ങള്‍ വലിയ ചില കഥകളില്‍ ചെന്നവസാനിക്കുക പതിവാണ്. അതില്‍ നിന്നും ഒന്നു പറയട്ടെ:

അച്ഛന്‍ ഹൈസ്കൂളില്‍ പഠിക്കാന്‍ പോയിരുന്ന കാലം. രാവിലെ അര വയര്‍ കഞ്ഞിയും കുടിച്ചു, ബാക്കി തൂക്കുപാത്രത്തിലാക്കി നടത്തം തുടങ്ങും. ആറ് മൈല്‍ അങ്ങോട്ടും ആറ് മൈല്‍ ഇങ്ങോട്ടും. സ്കൂളിലേയ്ക്കുള്ള നടത്തം രാവിലെയായതിനാല്‍ ഉഷാറാണ്. എന്നാല്‍ വൈകുന്നേരങ്ങളില്‍ വിശന്നു തളര്‍ന്നു നടക്കാന്‍ വയ്യാതെ ഒരു വിധമാണ് വീടെത്തുക. സന്ധ്യയാവും മഴക്കാലത്തൊക്കെ വഞ്ചി കിട്ടാന്‍. രണ്ടു സ്ഥലത്ത് വഞ്ചിക്ക് വേണ്ടി കാത്തു നില്‍ക്കണം: വലിയ കടവും കടന്നു, പിന്നെ കനോലി കനാലും കടന്നു ഞങ്ങളുടെ ഗ്രാമത്തിലെയ്ക്ക്...

ഇങ്ങനെ നടന്നു കടവും കടന്നു വരുന്ന വഴിയിലെ ഒരു സ്ഥലമാണ് വലിയകുളം. ഒരു വലിയ കഥയുറങ്ങുന്ന സ്ഥലം.

ഇതു വഴി ഗുരുവായൂര്‍ ദേശക്കാരനായ ഒരു നമ്പൂതിരി, വടക്ക് ഒരു യാഗം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയാണ്.
നേരം വളരെ വൈകിയതിനാല്‍ ഇനി യാത്ര തുടരണോ എന്ന് ശങ്കിച്ച് നടക്കുമ്പോഴാണ് പെട്ടെന്നു മുന്നില്‍ വഴിവാണിഭവും, ചന്തയും, വ്യാപാരവും മറ്റും കെങ്കേമമായി നടക്കുന്നത് കാണുന്നത്.

വിശ്രമിക്കുമ്പോള്‍ കയ്യിലുള്ള ദക്ഷിണയും, മറ്റു ഉരുപ്പടികളും എങ്ങിനെ സൂക്ഷിച്ചു വെയ്ക്കും - അഥവാ ഉറങ്ങിപ്പോയാല്‍? - എന്ന് കരുതി അദ്ദേഹം തകൃതിയായി കച്ചവടം നടക്കുന്ന ഒരു ചായക്കടയിലെത്തി കടക്കാരനോട് പറഞ്ഞു:

"നോം ശ്ശി വടക്കുന്ന് വര്വ... നേരം അത്ര പന്ത്യല്ല...ഇന്യോട്ടു നടക്കാനും വയ്യ. ദൊക്കെത്തിരി പണോം ഉരുപ്പടികളും ആണ്. ഒന്നു സൂക്ഷിക്ക്യ. രാവിലെ നേരത്തെ എണീറ്റ്‌ പൂവണ്ടതാ. അപ്പൊ മേടിക്കാം."

കടക്കാരന്‍ നല്ല വട്ടത്താടിയുള്ള ഒരു വയസ്സന്‍.

"അയിനെന്താ നമ്പൂരിശ്ശ... ദാ ങ്ങട് വെച്ചോളിന്‍" എന്ന് പറഞ്ഞ്‌ മേശയുടെ വലിപ്പ് തുറന്നു കൊടുത്തു. തിരുമേനി ഭദ്രമായി കിഴി വെച്ച്, പുറത്തു മണലില്‍ തോര്‍ത്ത്‌ വിരിച്ച് കിടപ്പായി. അദ്ദേഹം നിരവധി തവണ അത് വഴി കടന്നു പോയിട്ടുണ്ടെന്കിലും ഇങ്ങനെ ഒരു വിശേഷം കണ്ടിട്ടില്ല. പക്ഷെ അന്നൊക്കെ പകലായിരുന്നു യാത്ര.

രാവിലെ ഉണര്‍ന്നെണീറ്റ നമ്പൂരി, താന്‍ ഒരു കുളത്തിന്‍റെ കരയില്‍ കിടക്കുന്നതാണ് കണ്ടത്. പെട്ടെന്ന് കടയും, കടക്കാരനും, തലേ ദിവസം കണ്ട വാണിഭവും, കിഴിയേല്പ്പിച്ചതും മറ്റും ഓര്‍ത്തു. എന്നാല്‍ വിജനമായ ഒരു സ്ഥലത്തു താന്‍ കിടക്കുകയാണെന്നതൊഴിച്ചാല്‍, ആ ഭാഗത്ത് വേറെയൊന്നും ദൃശ്യമായിരുന്നില്ല.

തലേ ദിവസം ഇത്രയധികം ആളുകള്‍ അവിടെയുണ്ടായിരുന്നതായോ, ഒരു വാണിഭം നടന്ന ലക്ഷണമോ, പൊട്ടും പൊടിയുമോ അവിടെ കാണാനില്ലായിരുന്നു. കിഴി നഷ്ട്ടപ്പെട്ടതിലുള്ള കുണ്ഠിതത്തെക്കാളേറെ താന്‍ എന്ത് മറിമായമാണ് കാണുന്നതെന്നോര്‍ത്ത് അതിശയപ്പെടുകയായിരുന്നു. ഒരെത്തും പിടിയും കിട്ടുന്നില്ല.

'സുബഹി' ബാങ്ക് വിളി കേട്ട് നമ്പൂരി ആ വഴിക്ക് വെച്ചു പിടിച്ചു. വഴിയില്‍ കണ്ടവരോട് താന്‍ കണ്ട സംഭവം പറഞ്ഞു ഫലിപ്പിക്കാന്‍ നോക്കിയെങ്കിലും ആര്‍ക്കും അദ്ദേഹത്തെ മനസ്സിലാക്കാനോ സഹായിക്കാനോ ആയില്ല. ഏറെ പ്രായം ചെന്ന ഒരു ഹാജിയാര്‍, നമ്പൂരിയെ ആ നാട്ടിലെ പ്രമുഖനായ ഒരു മതപണ്ഡ്ടിതന്‍ കൂടിയായ 'തങ്ങളു'ടെ വീട്ടിലേയ്ക്ക്‌ കൂട്ടികൊണ്ട് പോയി.

നമ്പൂരിയെ ആദരിച്ചിരുത്തി വിവരമാരാഞ്ഞ തങ്ങള്‍, കഥ കേട്ട് ഒട്ടൊന്നു ചിരിച്ച് അദ്ദേഹത്തോട് പറഞ്ഞു.

"ങ്ങള് ആളൊരു ദിവ്യനാണെന്നു ഞമ്മക്ക്‌ മനസ്സിലായി."

അടുത്ത കൊല്ലം ഇതേ ദിവസം വരണമെന്നും, തന്‍റെ വീട്ടില്‍ നേരത്തെ സന്ധ്യക്ക്‌ മുന്‍പ് തന്നെ എത്തണമെന്നും ചട്ടം കെട്ടി.

തിരുമേനി, തങ്ങള്‍ പറഞ്ഞതനുസരിച്ച്, അടുത്ത വര്‍ഷം കൃത്യ ദിവസം തന്നെ എത്തി. രാത്രി ഏറെ വൈകിയതോടെ തങ്ങള്‍, നമ്പൂരിയെയും കൂട്ടി നടന്നു. താന്‍ കിടന്നിരുന്ന കുളക്കരയില്‍ നില്‍ക്കുന്നതായും, മുന്നില്‍ ഇന്നലെയെന്ന പോലെ വാണിഭവും, തിരക്കും, കച്ചവടവും നടക്കുന്നതായും കണ്ടു. നമ്പൂരിക്ക് അതിശയം മറയ്ക്കാനാവുന്നില്ല. അതേ ദൃശ്യം; അണുവിട വ്യത്യാസമില്ല.

"ങ്ങള് കിഴി കൊടുത്ത ചായക്കടക്കാരന്‍ അവടെണ്ടോ?" തങ്ങള്‍ ചോദിച്ചു.

അവര്‍ കുറച്ചു കൂടി അടുത്തെത്തി. അതേ കടക്കാരന്‍; തിരക്കും ബഹളവുമുള്ള അതേ കട.

"ഇനി ങ്ങള് പോയി ഇന്നലത്തെ ആ കിഴിങ്ങട് തരാന്‍ പറയിന്‍."

നമ്പൂരി ശങ്കിച്ചു നിന്നു.

"ങ്ങള് ഞാന്‍ പറയണ പോലെ ചെയ്യിന്‍; മറിമായൊക്കെ ഞാന്‍ ങ്ങടെ കിഴി കിട്ടീട്ട് പറഞ്ഞരാം."

നമ്പൂരി ധൈര്യമവലംബിച്ചു കടക്കാരന്റെയടുത്തെത്തി പറഞ്ഞു, "നോം ന്നലെ ഒരു കിഴി തന്നേര്‍ന്നു; അതിങ്ങട് കിട്ട്യാല്‍ വല്യേ ഉപകാരം".

കടക്കാരന്‍ മേശവലിപ്പ് തുറന്ന് കിഴി എടുത്ത് ചോദിച്ചു, "ദ്ന്ന്യല്ലെ ദാ കൊണ്ടോയ്ക്കൊളിന്‍. ഒക്കല്യെന്നു ഒന്നു തൊറന്ന് നോക്കിക്കോളിന്‍."

ജീവന്‍ കിട്ടിയാല്‍ മതി എന്ന് കരുതി കിഴി മേടിച്ച് നമ്പൂരി ഓടി തങ്ങളുടെയടുത്തെത്തി.

തങ്ങള്‍ കാര്യം പറഞ്ഞു കൊടുത്തു: ജിന്നുകളാണ് അവിടെ വാണിഭം നടത്തിയിരുന്നത്. അവരുടെ ഒരു ദിവസം ഒരു മനുഷ്യ വര്‍ഷമാണ്‌. അതിനാലാണ് തലേ ദിവസം തന്ന കിഴി തരാനായി ആവശ്യപ്പെടാന്‍ പറഞ്ഞത്.

സാധാരണ ജനങ്ങള്‍ക്ക് ഗോചരമല്ലാത്ത കാഴ്ച, നമ്പൂരി ഒരു ദിവ്യനായതിനാലാണ് കണ്ടത്. തങ്ങളും ഒരു ദിവ്യനായിരുന്നു. ഇവിടെ കൊല്ലത്തില്‍ രാത്രി ഏറെ വൈകി മാത്രം നടക്കുന്ന ഈ വാണിഭത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നു. മനുഷ്യ സഞ്ചാരം നടത്തി അവരെ ശല്യപ്പെടുത്തേണ്ട എന്ന് കരുതി അദ്ദേഹം ഈ വഴി യാത്ര കഴിവതും ഒഴിവാക്കുകയാണ് പതിവ്.

"ങ്ങളോട് ആദ്യം തന്നെ സത്യം പറഞ്ഞാല്‍ പേടിക്കണ്ട എന്ന് ബിചാരിച്ചാണ്, കിഴി കിട്ടീട്ട് കാര്യം പറയാന്ന് പറഞ്ഞത്."
തങ്ങള്‍ പറഞ്ഞു.

നേരം പുലരുന്നു...

നമ്പൂരി സന്തോഷവാനായി യാത്ര ചോദിച്ചു. ഓര്‍മ്മക്കായി ഒരു മോതിരം തങ്ങള്‍ക്ക് സമ്മാനിച്ചു; പക്ഷെ ഇനിയൊരിക്കലാവാം എന്ന് പറഞ്ഞു അദ്ദേഹം അത് സ്നേഹപൂര്‍വ്വം നിരസിച്ചു.

ഈ വഴി സ്കൂളില്‍ നിന്നും വരുമ്പോള്‍ പലപ്പോഴും അച്ഛന്‍ ആ കുളം നോക്കി നിന്നിട്ടുണ്ടത്രേ - എന്തൊക്കെയോ അത്ഭുത കഥകളുറങ്ങുന്ന പ്രദേശം!

സുരേഷ് (17.01.09)

7 comments:

  1. Good story.keep it up.

    Baiju.

    ReplyDelete
  2. ഐതിഹ്യമാലയിലെ കഥകള്‍ വായിച്ചിരുന്ന ഓര്‍മ്മകള്‍.
    സുരേഷ് ഇനിയും.:)

    ReplyDelete
  3. ഗ്രിഹാതുരത്യം ഉണർത്തുന്ന ശൈലി, പഴം പാട്ടുകളുടെ കഥാകാരൻ മനോഹരം

    ReplyDelete
  4. ഇത്തരം അഭിപ്രായങ്ങളില്‍ നിന്നും ഒരു പുതിയ ഉണര്‍വ്വ് പകര്‍ന്നു കിട്ടുന്നു. നന്ദിയുണ്ട്; ഒരു പാടൊരുപാട് നന്ദി.

    ReplyDelete
  5. നല്ല കുളിരുണ്ട്

    ReplyDelete